ഇനിയീ വരികളില്ല, മോഹമില്ല; ശുഭയാത്ര പറഞ്ഞ് മലയാളം
Mail This Article
ഏറ്റവും അവസാനത്തെ വാതിലിനു മുന്നിൽ നിന്നായിരുന്നു എന്റെ മനോരാജ്യം. തുറക്കാൻ പാടില്ലെന്നു പറഞ്ഞിരുന്ന ചെമ്പുതകിട് പൊതിഞ്ഞ ആ വാതിൽ തുറന്നു നോക്കിയാലോ? ജിജ്ഞാസ വിവേകത്തിനു കീഴടങ്ങി. ഞാൻ വാതിൽ തുറന്നു. അകത്തുനിന്നു വന്ന രൂക്ഷഗന്ധമേറ്റു ഞാൻ മയങ്ങിപ്പോയി. വാതിൽ താനേ അടയുകയും ചെയ്തു. വീണ്ടുമൊരിക്കൽ, രണ്ടും കൽപിച്ച് വാതിൽ തുറന്നു ഞാൻ അകത്തുകയറി. ഒരു വലിയ ഹാൾ. മെഴുകുതിരികൾ പ്രകാശം ചൊരിയുന്നു. കുന്തിരിക്കവും മറ്റെന്തെക്കൊയോ സുഗന്ധദ്രവ്യങ്ങളും പുകഞ്ഞുകൊണ്ടിരുന്നു...
ആകാംക്ഷയും ഉദ്വേഗവും നിറച്ചു മുന്നേറുന്ന ഈ കഥ വായിക്കാതിരിക്കാനാവുമോ. കൊച്ചു കൊച്ചു വാക്യങ്ങൾ. തട്ടും തടവും ഇല്ല. അനായാസം ഓരോ ചുവടുവച്ച് മുന്നേറുകയാണ്. തലമുറകൾ കൈമാറി ലഭിച്ച അനശ്വര നിധിയിലെ ഒരു താളിലെ ഏതാനും വാക്യങ്ങൾ മാത്രമാണിത്. അതേ, ആയിരത്തൊന്നു രാത്രികളിലെ ഒരു കഥ. വിശ്വസാഹിത്യകാരൻമാരെ വിസ്മയിപ്പിച്ച ആയിരത്തൊന്നു കഥകൾ സമഗ്രമായും ആധികാരികമായും മലയാളത്തിലേക്കു മൊഴിമാറ്റിയത് എം.പി.സദാശിവനാണ്. കേന്ദ്ര സർക്കാരിന്റെ ഓഡിറ്റ് വകുപ്പിൽ സീനിയർ ഓഫിസറായി ജോലി ചെയ്ത കട്ടിക്കണ്ണടക്കാരൻ. മലയാളം എന്നെന്നും ഓർത്തിരിക്കുന്ന ഒട്ടേറെ കൃതികൾ സമ്മാനിച്ചാണ് സദാശിവൻ കടന്നുപോയിരിക്കുന്നത്. നികത്താനാവാത്ത നഷ്ടം എന്നൊക്കെ പലരെയും കുറിച്ചു പറയാറുണ്ട്. എന്നാൽ, ഈ മനുഷ്യന്റെ വിടവ് നികത്താൻ ആർക്കെങ്കിലും കഴിയുമോ?
മാജിക്കും ഹിപ്നോട്ടിസവുമായിരുന്നു സദാശിവന്റെ ഇഷ്ടവിഷയങ്ങൾ. ഒരുപക്ഷേ അതുകൊണ്ടുതന്നെയായിരിക്കാം ഒരു വിദേശ പുസ്തകവും അദ്ദേഹത്തെ പേടിപ്പിക്കാതിരുന്നത്. ആത്മാവ് അറിഞ്ഞ മൊഴിമാറ്റമാണ് അദ്ദേഹം നടത്തിയത്. ഓരോ വാക്കിലും ആ മുദ്രയുണ്ടായിരുന്നു. പദ്യമായാലും ഗദ്യമായാലും. തത്ത്വചിന്തയായാലും ഹാസ്യമായാലും. ആ പേന ഒരിക്കലും ഒരിടത്തും അറച്ചുനിന്നില്ല.
ഈ പാനപാത്രം
മോഹിപ്പിക്കുന്ന മധുചഷകം
ഇതു കണ്ടാൽ കണ്ണിനുത്സവം
തൊട്ടാൽ കരങ്ങൾക്കു രോമാഞ്ചം
ഉൾക്കൊണ്ടാലോ
കരളിനുൻമാദം.
കഥകളുടെ സ്വർഗം തുറന്ന ആയിരത്തൊന്നു രാത്രികൾ മൊഴിമാറ്റിയ അതേ അനായാസതയോടെയാണ് ലോകത്തെ ത്രസിപ്പിച്ച. വെല്ലുവിളിച്ച, പ്രകോപിപ്പിച്ച നോവലുകളും അദ്ദേഹം മലയാളത്തിനു സമ്മാനിച്ചത്. വിവർത്തനം എം.പി.സദാശിവനാണെങ്കിൽ, മൂലകൃതി അന്വേഷിച്ചുപോകേണ്ടെന്ന് പല വായനക്കാരനും പറയുമായിരുന്നു. അത്രമാത്രം വിശ്വാസമായിരുന്നു മലയാളിക്ക് അദ്ദേഹത്തെ. ഒരു ജൻമം ഭാഷയ്ക്കു വേണ്ടി സമർപ്പിച്ച് അദ്ദേഹം കടന്നുപോകുമ്പോൾ ഇങ്ങനെതന്നെയാണോ യാത്ര പറയേണ്ടതെന്ന സംശയം ബാക്കിനിൽക്കുന്നു. ഇതിലും കൂടുതൽ സ്നേഹം, ആദരവ്, ബഹുമാനം അദ്ദേഹം അർഹിച്ചിരുന്നു. എന്നാലോ, അതിനുവേണ്ടി ഒരു ഉപജാപവും നടത്തിയില്ല. സർഗസപര്യ നിശ്ശബ്ദം തുടർന്നു.
മറ്റൊരാളെ കണ്ടെത്താൻ നിനക്ക് കഴിയും.
തീർച്ചയായും എനിക്കു കഴിയും. എനിക്കു ചെറുപ്പമാണ്. സൗന്ദര്യമുണ്ട്. ബുദ്ധിയുണ്ട്. ആരും എന്നെ ഇഷ്ടപ്പെടും. പക്ഷേ, നിങ്ങളിൽ നിന്നുണ്ടായ എല്ലാ അനുഭവങ്ങളും മറ്റൊരിടത്തു നിന്നും എനിക്കു കിട്ടുകയില്ല.
വ്യത്യസ്തങ്ങളായ വികാരങ്ങളായിരിക്കാം നിനക്ക് അനുഭവപ്പെടുക. നീ വിശ്വസിച്ചില്ലെങ്കിലും പറയട്ടെ. നമ്മളൊന്നിച്ചായിരുന്നപ്പോൾ ഞാൻ നിന്നെ സ്നേഹിച്ചിരുന്നു.
അതെനിക്കറിയാം. പക്ഷേ, അതുകൊണ്ട് എന്റെ വേദനയ്ക്ക് കുറവുണ്ടാവില്ല. നാളെ നമുക്ക് വെവ്വേറെ ടാക്സികളിൽ പോകാം. യാത്ര പറയുന്നത്, വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലും വച്ചാകുമ്പോൾ, പ്രത്യേകിച്ചും എനിക്കിഷ്ടമുള്ള കാര്യമല്ല...
പൗലോ കൊയ്‌ലോയുടെ സഹീറിലെ വികാരസാന്ദ്രമായ ഒരു നിമിഷം സദാശിവന്റെ ഭാഷയിൽ വായിക്കുമ്പോൾ വിവർത്തനമാണെന്ന് മലയാളി മറന്നുപോകുന്നു. കഥയിൽ, ഭാഷയിൽ ഒഴുക്കിൽ ഒരു ഇല പോലെ ഒഴുകുന്നു.
സഹീറിലെ നായികയെപ്പോലെ, നമുക്കും പറയാം. ഈ വരികളിൽ വച്ചു നമുക്കു നിർത്താം. ഇനി വേറെ യാത്രാമൊഴിയില്ല.