ADVERTISEMENT

മറവിരോഗത്തിന്റെ പ്രശ്നങ്ങൾ തന്നെ അലട്ടുന്നുവെന്നും പൊതുജീവിതം പതുക്കെ അവസാനിപ്പിക്കുകയാണെന്നും സാഹിത്യ അക്കാദമി ചെയർമാനും എഴുത്തുകാരനുമായ സച്ചിദാനന്ദൻ. കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളിൽ മാത്രമേ ഇനി പങ്കെടുക്കൂ. ഈ ടേം കഴിയും വരെ അക്കാദമിയുടെ ചില പരിപാടികളിലും. ദയവായി എന്നെ പൊതു യോഗങ്ങൾക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില്‍ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്‍മ്മയും വായനയും  ഭാവനയും ഉള്ളിടത്തോളം ഞാന്‍ എഴുതും. എപ്പോൾ വേണമെങ്കിലും അവ ഇല്ലാതാകാമെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.

സച്ചിദാനന്ദൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ്

സുഹൃത്തുക്കളെ, ഏഴു വർഷം മുൻപ് ഒരു താത്കാലിക മറവി രോഗത്തിന് വിധേയനായിരുന്നു. അന്നു മുതൽ മരുന്നും കഴിക്കുന്നുണ്ട്. പിന്നീട് അത് വന്നിരുന്നില്ല. എന്നാൽ, നവംബർ ഒന്നിന് പുതിയ രീതിയിൽ അത് തിരിച്ചുവന്നു. കാല്‍ മരവിപ്പ്, കൈ വിറയല്‍, സംസാരിക്കാന്‍ പറ്റായ്ക, ഓര്‍മ്മക്കുറവ് ഇങ്ങിനെ അല്‍പ്പനേരം മാത്രം നില്‍ക്കുന്ന കാര്യങ്ങള്‍. 5 ദിവസമായി ആശുപത്രിയില്‍.  ഒക്ടോബർ മാസം നിറയെ യാത്രകളും പരിപാടികളും ആയിരുന്നു. സമ്മർദമാണ് ആണ് ഈ രണ്ടാം അവതാരത്തിന് പ്രധാന കാരണമെന്ന് ഡോക്ടർമാര്‍. അതുകൊണ്ട്‌ പതുക്കെപ്പതുക്കെ പൊതുജീവിതം അവസാനിപ്പിക്കുന്നു. 

യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു. ക്രിസ്തുവും ബുദ്ധനും മുതൽ ആരുടെയും പ്രസംഗം കൊണ്ട്‌ ലോകം നന്നായിട്ടില്ല. അത് ഒരു സമയം പാഴാക്കുന്ന പരിപാടി  മാത്രം എന്ന്  60 വർഷത്തെ അനുഭവം എന്നെ ബോധ്യപ്പെടുത്തി. അതു കൊണ്ട്‌ എന്റെ  ജീവന്‍ നില നിര്‍ത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളില്‍ മാത്രമേ ഇനി പങ്കെടുക്കൂ. ഈ ടേം കഴിയും വരെ അക്കാദമിയുടെ ചില പരിപാടികളിലും. ദയവായി എന്നെ പൊതു യോഗങ്ങൾക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില്‍ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്‍മ്മയും വായനയും ഭാവനയും  ഉള്ളിടത്തോളം ഞാന്‍ എഴുതും. എപ്പോൾ വേണമെങ്കിലും അവ ഇല്ലാതാകാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com