രാത്രി ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കുന്ന 'വഴിയോരക്കഫേയിലെ പെണ്‍കുട്ടി'
Mail This Article
പാട്രിക് മോദിയാനോയുടെ 'വഴിയോരക്കഫേയിലെ പെണ്‍കുട്ടി' എന്ന നോവല്‍ ഞാന്‍ പണം കൊടുത്ത് വാങ്ങി വായിച്ചതല്ല. സല്‍മാന്‍ എന്ന എന്‍റെ സുഹൃത്ത് ആ പുസ്തകം എനിക്ക് വായിക്കാന്‍ നല്‍കുമ്പോള്‍ ആമുഖമായി നിനക്കിത് ഇഷ്ടമാകും എന്ന് എന്നോട് പറഞ്ഞിരുന്നു. സല്‍മാന്‍റെ ആ പ്രവചനം കൃത്യമായിരുന്നു. വിഷാദങ്ങള്‍ വേരുകളാഴ്ത്തുന്ന വൈകുന്നേരങ്ങളില്‍ എന്‍റെ വായനയെ പൊതിയുന്നത് ഇപ്പോള്‍ ഈ പുസ്തകമാണ്. അത് നിരന്തരം എന്നില്‍ ഇടപെടുകയും മനസ്സിന്‍റെ നനുത്ത പ്രദേശങ്ങളെ തൊടുകയും ചെയ്യുന്നു.
പാട്രിക് മോദിയാനോ എന്ന എഴുത്തുകാരനെ എനിക്ക് പരിചയപ്പെടുത്തിയതും ഈ പുസ്തകമാണ്. ഒരു നൊബേല്‍ സമ്മാന ജേതാവ് എന്നതിലുപരി അദ്ദേഹത്തെപ്പറ്റി ധാരണകളില്ലായിരുന്ന എന്നെ ഒരു കാന്തം പോലെ വലിച്ചടുപ്പിക്കാന്‍ കാലങ്ങള്‍ക്കിപ്പുറവും ആ എഴുത്തിന് കഴിയുന്നു.
നഗരങ്ങള്‍ അതിതീവ്രമായ ഒരു ഏകാന്തത ജനിപ്പിക്കുന്നുണ്ട്. അത് കലുഷമായ മനസ്സുള്ളവരെ തേടിയെത്തുകയും ഇരിപ്പിടം നല്‍കി സ്വീകരിക്കുകയും ചെയ്യുന്നു. അത്തരം ഏകാന്തതകളുടെ നടുവിലാണ് കഫെ കോന്‍ഡിയിലേക്ക് നമ്മളും പ്രവേശിക്കുന്നത്. അവിടെ പതിവുകാരെ കാണാം. രാത്രി വൈകിയും അവര്‍ ലളിതവും ക്രൂരവുമായ തമാശകള്‍ പറഞ്ഞ് അവിടെയുണ്ടാകും. അവിടേക്കാണ് ലൂക്കി കടന്നു വരുന്നത്. അവളുടെ യഥാർഥപേര് ലൂക്കി എന്നല്ല. എന്നാല്‍ കോന്‍ഡിയിലെ പതിവുകാരാല്‍ അവള്‍ ജ്ഞാനസ്നാനം ചെയ്യപ്പെടുന്നു. ഭൂതകാലത്തില്‍ കുടുങ്ങിക്കിടക്കാതെ ഇരിക്കാനായി അവള്‍ ആ പേര് സ്വീകരിക്കുന്നു.
നഷ്ടയൗവ്വനങ്ങളുടെ പാരിസ് കഫേകളില്‍ തളം കെട്ടി നില്‍ക്കുന്ന വിഷാദത്തിന്‍റെ പരിച്ഛേദമാണ് കഫെ കോന്‍ഡി. ബുദ്ധിജീവികളും തത്വചിന്തകരും നിരാലംബരും കുറ്റവാളികളും അവിടെ പതിവുകാരായി എത്തുന്നു. അതില്‍ ലൂക്കിയിലേക്ക് ശ്രദ്ധ പോവുക സ്വാഭാവികമാണ്. കഫേയുടെ നിഴല്‍ വാതിലിലൂടെ അവള്‍ പ്രവേശിക്കുന്നു. പതിവുകാര്‍ക്കൊപ്പം ഇരിപ്പുറപ്പിക്കുന്നു. ചിലപ്പോഴെങ്കിലും ഒരു തവിട്ടു ജാക്കറ്റുകാരന്‍ അവളെ അനുഗമിക്കുന്നു. കഫേയിലെ പതിവുകാരെപ്പോലെ അവളും കയ്യില്‍ ഒരു പുസ്തകം കരുതുന്നു.
ഈ നോവല്‍ വായിക്കാനെടുക്കുന്ന സമയം പലര്‍ക്കും പലതുപോലെ ആയിരിക്കും. പക്ഷേ നോവല്‍ വായിക്കുന്ന സമയം നമ്മള്‍ കോന്‍ഡി കഫേയുടെ പുറത്തു നിന്നല്ല വായിക്കുന്നത്. അവിടുത്തെ പതിവുകാരില്‍ ഒരാളായി, രാവേറെയാകുമ്പോള്‍ മദ്യം നല്‍കുന്ന ചെറിയ തരിപ്പോടെയാകും നമ്മള്‍ ആയിരിക്കുന്നു. ഭൂതകാലത്തിന്‍റെ വിഴുപ്പുകള്‍ പേറി ശ്വാസഗതി നേരെയാക്കാന്‍ എത്തുന്നവരിലാണ് ഈ നോവല്‍ പ്രവൃത്തിക്കുന്നത്. അത് ഗൂഢമായ ഒരു ആനന്ദത്തിന്‍റെ ലഹരിയായും സ്വത്വാന്വേഷണത്തിന്‍റെ വ്യഗ്രതയായും അവശേഷിക്കുന്നു.
പൊലീസ് രേഖകളില്‍ ലൂക്കിക്ക് മറ്റൊരു പേരുകൂടിയുണ്ട്. 'അസമയത്ത് അലഞ്ഞു നടക്കുന്ന ബാലിക' എന്നാണത്. ലൂക്കി ആ രാത്രികളുടെ ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കുന്നു. പൊലീസ് കേന്ദ്രത്തില്‍ നിന്ന് അമ്മയോടൊപ്പം വീട്ടിലേക്ക് മടങ്ങുന്ന വഴികളിലെ വെളിച്ചം അവളെ അലോസരപ്പെടുത്തുന്നുണ്ടാവാം. അവളുടെ അമ്മയ്ക്ക് അവളോട് ദേഷ്യമല്ല, മറിച്ച് കനിവും സഹതാപവുമാണ്. പാവം കുട്ടിയെന്ന് അവളെയോര്‍ത്ത് അവര്‍ നെടുവീര്‍പ്പിടുന്നു.
കഫെ കോന്‍ഡി വികാരങ്ങള്‍ തിളച്ചു മറിയുന്നിടത്തെ ശാന്തതയാണ്. അവിടെ എത്തുന്നവര്‍ ഭൂതകാലത്തിന്‍റെ വസ്ത്രമഴിച്ചുവെച്ച് കേവലാനന്ദത്തിന്‍റെ പുഴയില്‍ ജ്ഞാനസ്നാനം ചെയ്യപ്പെടുന്നു. വായനക്കാരനും അങ്ങനെ തന്നെ. 'ചുറ്റിലും ചൂഴുന്ന ഇരുണ്ട വിഷാദ'ത്തെക്കുറിച്ച് പറഞ്ഞ് തുടങ്ങുന്ന നോവലിലൂടെ പാട്രിക് മോദിയാനോ നമ്മെ ഒരു തടവുപുള്ളിയാക്കുന്നു. വായനയുടെ മാന്ത്രികതയില്‍ തുഴക്കാരന്‍ ഇല്ലാത്ത ഒരു വള്ളത്തിലെന്നപോലെ അത് നമ്മെ ഭയപ്പെടുത്തുന്നു.
ഈ വായനാനുഭവത്തിന് നോവലെഴുതിയ മോദിയാനോയോടാണോ പുസ്തകം തന്ന സല്‍മാനോടാണോ നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല. മോദിയാനോ പ്രിയപ്പെട്ട എഴുത്തുകാരാ, നിങ്ങള്‍ എന്‍റെ വിഷാദങ്ങള്‍ക്ക് കൂട്ടിരിക്കുന്നു. സല്‍മാന്‍, പ്രിയപ്പെട്ടവനെ നിന്നെ ഞാന്‍ സ്നേഹത്താല്‍ ആശ്ലേഷിക്കുന്നു.