ADVERTISEMENT

സ്വദേശീയമായ എന്തെങ്കിലും വായിക്കണമെന്ന് ഞാന്‍ ആലോചിച്ചു. പക്ഷേ എന്‍റെ ഷെല്‍ഫിന്‍റെ അവശേഷിപ്പില്‍ അങ്ങനെയൊന്ന് കണ്ടെടുക്കുക ബുദ്ധിമുട്ടായിരുന്നു. വിവര്‍ത്തനങ്ങളുടെ അതിപ്രസരം എന്‍റെ പുസ്തകശേഖരത്തിന്‍റെ അവസാന ദിവസങ്ങളെ മറ്റേതോ ദ്വീപിലേക്ക് പടര്‍ത്തുന്നു. അത് അസ്തിത്വത്തിന്‍റെ അനാഥത്വമായും ഉള്‍പ്രേമങ്ങളുടെ തിളക്കമായും എന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യൂറോപ്യന്‍ നഗരങ്ങളും റഷ്യന്‍ ചത്വരങ്ങളും ലാറ്റിനമേരിക്കന്‍ കാലാവസ്ഥയും അതിനെ പൊതിയുന്നു. പക്ഷേ ഇസ്താംബൂള്‍ ഇല്ലാതെ ആ പട്ടിക അപൂര്‍ണ്ണമാണ്.

നിനച്ചിരിക്കാത്ത നേരത്ത് 'ഇസ്താംബുള്‍ ഇഷ്ടവും' വേദനയുമായി പരിണമിക്കുന്നത് സ്വഭാവികമായിട്ട് കാലം കുറച്ചധികമായതാണ്. ഉഷ്ണത്തെയും ശൈത്യത്തെയും അതിന്‍റെ തീവൃാനുഭവത്തോടെ മൂര്‍ത്തമാക്കി ഇസ്താംബുളിനെ ചുറ്റിപ്പറ്റിയുള്ള എഴുത്തുകള്‍ എന്നില്‍ ഞൊടിനേരം കൊണ്ട് പടരുന്നു. പാമുകിന്‍റെ നോവലിലെ മരണമുറപ്പിച്ച രോഗിയുടെ മനോവ്യാപാര വാചകത്തില്‍ നിന്ന് അതു വളരുകയും സലിഹ ഏന്തി നടന്നെത്തുന്ന വരാന്തകളുടെ നിസംഗതകളിലേക്ക് കൗമാര ബലഹീനതകളോടെ ചെന്നെത്തുകയും ചെയ്യുന്നു. 

വിലക്കപ്പെട്ട ഒരു പഴത്തിന്‍റെ അടക്കിപ്പിടിച്ചുള്ള രുചി പോലെയാണ് 'ഇസ്താംബുളിലെ ഹറാംപിറപ്പുകള്‍' (The Bastard of Istanbul) എന്നില്‍ പ്രവര്‍ത്തിച്ചത്.

book-istanbulile-harampirappukal-by-elif-shafak

നാഗരികതയുടെ അഴുക്കുപടുകളിലോ അതിനു വിരുദ്ധമായ വിശുദ്ധ സ്ഥലികളിലോ ഞാന്‍ ആ നോവലിനെ കള്ളിചേര്‍ക്കുന്നില്ല. മിനാരങ്ങളുടെ മുഴുപ്പില്‍ വെന്തണഞ്ഞ് പുക വമിക്കുന്ന അന്തരീക്ഷത്തോടെ ആ നോവല്‍ എന്നെ നിസ്സംഗനാക്കുന്നു. എലിഫ് ഷഫാക്ക് മുമ്പും  അത്ഭുതങ്ങള്‍ തന്നെയാണ് സമ്മാനിച്ചിട്ടുള്ളത്. ഇസ്താംബുള്‍ നഗരജീവിതത്തിന്‍റെ, മിത്തുകളുടെ, പ്രണയത്തിന്‍റെ, കെടുതിയുടെ അങ്ങനെ ചരിത്രം ഒത്തിരി പറയാനുള്ള ഒരു നഗരത്തിന്‍റെ വിശദാംശങ്ങളെല്ലാം നാം അവര്‍ വഴി വായിച്ചു. 'പ്രണയത്തിന്‍റെ നാല്പത് നിയമങ്ങളായും' 'രാജശില്പിയുടെ അപ്രെന്‍റിസായും' അവര്‍ വിവര്‍ത്തനങ്ങള്‍ തള്ളി നില്‍ക്കുന്ന എന്‍റെ ഷെല്‍ഫില്‍ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്.

book-oru-rajashilpiyude-apprentice-by-elif-shafak

മുഖ്യവിഷയവും ആകര്‍ഷണവും ഇസ്താംബുള്‍ തന്നെയാണ്. അനൈക്യം നിറഞ്ഞ സ്ത്രീവ്യവഹാരങ്ങളിലേക്ക് ഒന്നില്‍ കൂടുതല്‍ തവണ നോവല്‍ എടുത്തു ചാടുന്നു. അതിന്‍റെ താഴ്ച സുഖകരമായ ഒരു നഗരാനുഭവത്തിന്‍റെ നനവൊന്നുമല്ല. വേവലാതികളുടെ, തളര്‍ച്ചകളുടെ, നിസ്സഹായതയുടെ, ചെറുത്തുനില്‍പ്പിന്‍റെ, അകം എരിയുന്ന നോവുകളുടെ ചൂടിലാണ് ഇസ്താംബുള്‍ ഇവിടെ പണിയപ്പെടുന്നത്. സലിഹയെയും അര്‍മനുഷിനെയും ഒപ്പം നിര്‍ത്താന്‍ തോന്നുന്നുവെങ്കില്‍ അവിടെ ഒരു നോവലിനപ്പുറത്തുള്ള ആവലാതിയായി അത് നമ്മെ സ്പര്‍ശിച്ചു തുടങ്ങി എന്നാണര്‍ത്ഥം.

pamukmainbooks

ചരിത്രത്തോടും ഭൂതകാലത്തോടും നിരന്തരം ഇടപെടേണ്ടി വരുന്ന കുടുംബങ്ങള്‍. അതുവഴി ആ സമൂഹം അനുഭവിക്കുന്ന നിരാശ്രയത്വത്തിന്‍റെ നിഷ്ഫലത. തുര്‍ക്കിയുടെയും അര്‍മേനിയയുടെയും ഭൂപടരേഖകളില്‍ വ്യഥ കൊള്ളുന്ന ഉറപ്പില്ലായ്മകളാണ് നോവലിന്‍റെ മറ്റൊരിടം. പകയും വിദ്വേഷവും എഴുന്നേറ്റു വരുമ്പോള്‍ അന്ത്യമേതന്നറിയാത്ത ഒരന്യതാ ബോധത്തിന്‍റെ വേദനയെ മറുപടിയായ് വെക്കുന്നുണ്ട് ഈ നോവല്‍.

ആകെമൊത്തം ഇസ്താംബുളിന്‍റെ നഗരനിറങ്ങളെയും ദുര്‍ഗന്ധങ്ങളെയും അഴകിനെയും 'ഇസ്താംബൂളിലെ ഹറാംപിറപ്പുകള്‍' ഉള്‍ക്കൊള്ളുന്നുണ്ട്.

എലിഫ് ഷഫാക്ക്, Image Credit: Facebook/ElifShafak
എലിഫ് ഷഫാക്ക്, Image Credit: Facebook/ElifShafak

അന്യജീവനുതകി ജീവിക്കാന്‍ വെമ്പുന്ന മനുഷ്യരാലും രാത്രികളാലും ഇസ്താംബൂളും ഈ നോവലും പ്രിയപ്പെട്ടതാകുന്നു. പാമുകിന്‍റെ കാന്തികവലയത്തില്‍ തുടങ്ങിയ ഇസ്താംബുള്‍ പ്രണയം എലിഫ് ഷഫാക്കിലൂടെ കത്തുന്നതായി ഞാനറിയുന്നു.

English Summary:

Dive Into the Emotional Depths of Istanbul with Elif Shafak's 'The Bastard of Istanbul'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com