സൂപ്പർതാര മുഖംമൂടികൾ അഴിഞ്ഞുവീഴുമ്പോൾ...
Mail This Article
സെലിബ്രിറ്റി (കഥ)
“ഈ സിനിമക്കാരന്മാരുടെ ഇടയില്‍ ആകെ മനുഷ്യപറ്റുള്ള ഒന്നോ രണ്ടോ പേരെ ഒള്ളു... അതില്‍ ഒരാള്‍ ആണ് നീ നാളെ കാണാന്‍ പോകുന്ന അങ്ങേര്... നീ ധൈര്യമായിട്ട് ചെല്ല്...”
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാനും കൂടി ഇരിക്കുന്ന ഒരു സുഹൃത് സദസ്സില്‍ ആണ് ശരത് ഈ വാക്കുക്കള്‍ ശ്രീകുമാറിനോട് പറയുന്നത്. എല്ലാവരിലും പെട്ടെന്ന് ഒരു പോസിറ്റീവ് എനര്‍ജി! കാരണം അന്ന് അവിടെ കൂടിയിരുന്ന ഓരോരുത്തരുടെയും ഉള്ളില്‍ അവരവരുടേതായ ഒരു "സ്വന്തം സിനിമ" ഉണ്ടായിരുന്നു. ഞങ്ങള്‍ സ്വയം സംവിധായകനും, നടനും, തിരകഥാകൃത്തും ഒക്കെ ആണന്നു തെറ്റിദ്ധരിച്ചു നടന്നിരുന്ന ഒരു കാലം.
നന്നായി കഥകള്‍ എഴുതുന്ന ഒരു സുഹൃത്താണ് ശ്രീകുമാര്‍. അവന്‍ എഴുതി തയാറാക്കിയ, അവന് ഏറ്റവും പ്രിയപ്പെട്ട ഒരു തിരക്കഥയുമായി നാളെ ഒരു സെലിബ്രിറ്റിയെ കാണാന്‍ പോകുകയാണ്.
കാണാന്‍ പോകുന്ന സെലിബ്രിറ്റിയെ കുറിച്ച് പറഞ്ഞു തുടങ്ങിയാല്‍ ആയിരത്തൊന്നു രാവുകള്‍ മതിയാവാതെ വരും, അത്രയ്ക്കും ഉണ്ട് അദ്ദേഹം ചെയ്ത നന്മയുടെ നായക കഥകള്‍. കേരളത്തിനു പുറത്തു ജീവിക്കുന്ന അദ്ദേഹം വല്ലപ്പോഴും ആണ് നാട്ടിലേക്ക് വരുന്നത്. മാനേജര്‍ ഉണ്ടെങ്കിലും അദ്ദേഹത്തിന്‍റെ ഫോണിലേക്ക് എത്തുന്ന ഏതു സാധാരണക്കാരന്‍റെ കോളുകള്‍ക്കും മെസ്സേജുകള്‍ക്കും മെയിലുകള്‍ക്കും മറുപടി നല്‍കുന്നത് അദേഹം തന്നെയാണ്. നക്ഷത്ര ഹോട്ടലുകളില്‍ മയങ്ങുമ്പോഴും വാഴയിലയിലെ ചെമ്മീന്‍ ചമ്മന്തിയുടെ സ്വാദ് ഓര്‍ത്ത് ഉറക്കം കളയുന്ന തനി മലയാളി. ബ്രാന്‍ഡ് അംബാസിഡര്‍ ആകാന്‍ ക്ഷണിച്ച ബഹുരാഷ്ട്ര കമ്പനിയുടെ പ്രതിനിധികളോട് സ്വന്തം വ്യക്തിത്വവും കാഴ്ചപ്പാടുകളും വില്‍ക്കാന്‍ തയാര്‍ അല്ലെന്ന് പലവട്ടം ഉറക്കെ പറഞ്ഞ ഒരു യഥാർഥ കലാകാരന്‍. ഗോഡ് ഫാദേഴ്സ് ഇല്ലാതെ തന്നെ ഒരുപാടു വേദനകളും കഷ്ടപ്പാടുകളും അനുഭവിച്ച് സിനിമയില്‍ സ്വന്തമായി ഒരു റോള്‍ സൃഷ്ടിച്ച് എടുത്ത ജീനിയസ്.
ടിവി ഇന്റര്‍വ്യൂകളില്‍ ചിരിയും ചിന്തയും കോര്‍ത്തിണക്കി അദ്ദേഹം തന്നെ ഈ കഥകള്‍ ഒക്കെ പറയുമ്പോള്‍ പ്രേക്ഷകര്‍ ഓരോരുത്തരും ഒരിക്കല്‍ എങ്കിലും അറിയാതെ മനസ്സില്‍ കൈ അടിച്ചു പോകും.
അങ്ങനെ അദ്ദേഹത്തെ നേരിട്ട് കണ്ട ശ്രീകുമാറും ഒടുവില്‍ കൈ അടിച്ചു. വരികളില്‍ എഴുതാന്‍ കഴിയാത്തതായിരുന്നു ശ്രീകുമാറിനോട് അദ്ദേഹം കാണിച്ച സ്നേഹവും കരുതലും. പുറംചട്ട ഡിസൈന്‍ ചെയ്ത്, ബൈൻഡ് ചെയ്ത ശ്രീകുമാറിന്‍റെ തിരക്കഥ തന്‍റെ കയ്യിലേക്ക് വാങ്ങുമ്പോള്‍ സെലിബ്രിറ്റി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു–
"ആഹാ !! ഗ്രേറ്റ്… ചിലര്‍ ചുമ്മാ കുറെ പേപ്പറില്‍ സ്ക്രിപ്റ്റ് എഴുതി പിന്‍പോലും ചെയ്യാതെ ഒരു കെട്ട് ഇങ്ങു കൊണ്ടു വരും. എന്തു കഷ്ടപ്പാട് ആണന്നോ ഒരു പേപ്പര്‍ പോലും മിസ്സ് ആകാതെ സൂക്ഷിക്കാന്‍... ഇതു ഞാന്‍ വായിച്ചിട്ട് നിനക്ക് മെസ്സേജ് ചെയ്യാം. അയാം ഇംപ്രസ്ഡ്"
പോകും മുന്‍പ് ശ്രീകുമാറിനെ നിര്‍ബന്ധിച്ച് തനിക്ക് ഒപ്പം ഇരുത്തി അദ്ദേഹം ഭക്ഷണം കഴിപ്പിച്ചു. അപ്പോഴേക്കും പുറത്ത് ഒരു കോളിങ് ബെല്‍ ശബ്ദം. തോളില്‍ ഒരു വലിയ ബാഗും കയ്യില്‍ ഒരു നീളന്‍ കുടയുമായി ഒരു ന്യൂജെന്‍ യുവാവ് അദ്ദേഹത്തെ കാണാന്‍ എത്തിയിരിക്കുന്നു. മാനേജരോട് അവനെ സ്വീകരണ മുറിയിലേക്ക് ഇരുത്താന്‍ നിര്‍ദേശം നല്‍കിയ സെലിബ്രിറ്റി, ശ്രീകുമാറിനോടായി ശബ്ദം താഴ്ത്തി പറഞ്ഞു “ ഹി ഈസ് തോമസ് ഫ്രം കൊച്ചിന്‍… മീഡിയ സ്റ്റുഡന്റ് ആണ്. അവന്‍റെ മമ്മിക്കു കാന്‍സര്‍ ആണ്.... പാവം. ഞാന്‍ ആണ് വേണ്ട ഫിനാൻഷ്യൽ ഹെൽപ് ഒക്കെ ചെയ്യുന്നത് ”.
കേട്ടിരുന്ന ശ്രീകുമാറിന്‍റെ കണ്ണുകള്‍ തിളങ്ങി...! പോകാന്‍ ഇറങ്ങിയ ശ്രീകുമാറിനു മുന്‍പില്‍ വച്ച് അദ്ദേഹം എന്തോ ഒന്ന് ഒരു കവറില്‍ പൊതിഞ്ഞു തന്നെ കാണാന്‍ എത്തിയ തോമസിന് കൈമാറി "ഇതു നീ മമ്മിയുടെ കയ്യില്‍ കൊടുത്താൽ മതി." തോമസിന്‍റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു. പോകാന്‍ തുടങ്ങിയ ശ്രീകുമാറിനെ തോമസിനു ചെറുതായി ഒന്നു പരിചയപ്പെടുത്താനും അദ്ദേഹം മറന്നില്ല. തിരികെ ഞങ്ങളുടെ അരികില്‍ എത്തിയ ശ്രീകുമാര്‍, അദ്ദേഹത്തെ കണ്ട വിശേഷങ്ങളും കഥകളും മറ്റും പറയുന്നതിനിടയില്‍ അവന്‍റെ ഫോണിലേക്ക് തോമസിന്‍റെ ഒരു എഫ്ബി റിക്വസ്റ്റ് എത്തിയിരുന്നു.
ദിവസങ്ങള്‍ കടന്നു പോയി... തന്‍റെ തിരക്കഥ വായിച്ചോ എന്നറിയാനായി ശ്രീകുമാര്‍ ഇടയ്ക്ക് അദ്ദേഹത്തിനു മെയില്‍ അയച്ചിരുന്നുവെങ്കിലും അദ്ദേഹത്തില്‍ നിന്നും വ്യക്തമായ ഒരു മറുപടി ലഭിച്ചില്ല. ശ്രീകുമാര്‍ കാത്തിരുന്നു. ഇടയ്ക്ക് അദ്ദേഹം നാട്ടില്‍ വന്നു പോകുന്നത് അറിഞ്ഞിരുന്ന ശ്രീകുമാര്‍ അദ്ദേഹത്തെ കാണാന്‍ ഒരിക്കലും ശ്രമിച്ചില്ല, കാരണം "തിരക്കഥ വായിച്ചതിനു ശേഷം മെസ്സേജ് അയക്കാം" എന്ന അദ്ദേഹത്തിന്‍റെ വാക്കില്‍ ശ്രീകുമാറിന് അത്രയ്ക്കും വിശ്വാസം ഉണ്ടായിരുന്നു. പിന്നീട് ശ്രീകുമാറിന്‍റെ ജീവിതത്തില്‍ ആ സെലിബ്രിറ്റി അദ്ദേഹത്തെ ഓര്‍ക്കാന്‍ ഓരോ വര്‍ഷങ്ങള്‍ അവനു സമ്മാനിച്ച് തുടങ്ങി. കൃത്യമായ ഓരോ വര്‍ഷങ്ങളുടെ ഇടവേളയില്‍ അദ്ദേഹം ശ്രീകുമാറിന്‍റെ അഭ്യർഥനയില്‍ ഓരോ അപ്പോയ്മെന്റുകള്‍ നല്‍കി.
വര്‍ഷം 1 – എപ്പോഴും ഒരു ചെറുപുഞ്ചിരിയോടു കൂടി കാണുന്ന സെലിബ്രിറ്റി, അന്ന് ചിരിക്കാന്‍ മറന്നതു പോലെ ശ്രികുമാറിനോട് സംസാരിച്ചു തുടങ്ങി. 24 മണിക്കൂറും ഒരാള്‍ക്ക് ചിരിക്കാന്‍ കഴിയില്ലല്ലോ എന്നു തിരിച്ചറിവുള്ള ശ്രീകുമാര്‍ അത് അത്ര കാര്യമാക്കിയില്ല. “മനുഷ്യന്‍ അല്ലേ... മൂഡ് സ്വിങ്സ്, ഇറ്റ്സ് നാച്വറൽ" എന്നു ശ്രീകുമാര്‍ സ്വയം പറഞ്ഞു. തന്‍റെ തിരക്കഥയെ കുറിച്ച് ചോദിക്കാന്‍ തുടങ്ങിയ ശ്രീകുമാറിനു മുന്‍പിലേക്ക് കലപില ശബ്ദം ഉണ്ടാക്കി കൊണ്ട് സെലിബ്രിറ്റിയുടെ രണ്ട് കുട്ടികള്‍ എത്തി. അവരെ നോക്കി ഒരു പിതാവിന്‍റെ ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞു “കളിച്ചു നടക്കുവാണോ? ഇതുവരെ റെഡി ആയില്ലേ? അര മണിക്കൂറിനകം റെഡി ആയില്ലെങ്കില്‍ ഫ്ലൈറ്റ് മിസ്സ് ആകും... നമ്മുക്ക് തിരിച്ച് പോകാന്‍ ഉള്ളതാ." കുട്ടികള്‍ മറുപടി പറയാതെ അകത്തേക്ക് ഓടി പോയി. അദ്ദേഹം അല്‍പ്പം ധൃതിയില്‍ ആണന്നു മനസ്സിലാക്കിയ ശ്രീകുമാര്‍ തന്‍റെ തിരക്കഥയെ കുറിച്ച് ചോദിക്കാതെ അവിടെ നിന്നും ഇറങ്ങി. പിറ്റേന്ന് ടീവിയില്‍ ലൈവ് ആയി കാണിച്ച തിരുവനന്തപുരത്തെ ഒരു പൊതു പരിപാടിയില്‍, പുഞ്ചിരിച്ചു നില്‍ക്കുന്ന അദ്ദേഹത്തെ കണ്ടു ശ്രീകുമാറിന്‍റെ നെറ്റി ചുളിഞ്ഞു.
വര്‍ഷം 2 – പുഞ്ചിരിയില്ലാത്ത മുഖവുമായി അദ്ദേഹം ശ്രീകുമാറിനെ സ്വീകരിച്ച് ഇരുത്തി. തിരക്കഥയെ കുറിച്ച് ചോദിക്കാന്‍ തുടങ്ങിയ ശ്രീകുമാറിന്‍റെ ശബ്ദം തടസ്സപ്പെടുത്തി കൊണ്ട് മുന്‍പിലൂടെ നടന്നു പോയ മാനേജറിനെ അദേഹം പെട്ടെന്ന് വിളിച്ചു “ജിജോ... ഫ്ലൈറ്റിനു സമയം ആയല്ലോ.... നീ ഇങ്ങനെ തേരാപാരാ നടക്കുവാണോ? quick..." ഒന്നും പറയാതെ അദ്ദേഹത്തിനു ഷേക്ക് ഹാന്‍ഡ് കൊടുത്തു ശ്രീകുമാര്‍ പുറത്തേക്ക് ഇറങ്ങി. അടുത്ത ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുത്തു രണ്ടു ദിവസങ്ങള്‍ക്കു ശേഷം ആണ് അദ്ദേഹം തിരുവനന്തപുരത്തു നിന്നും പോയത് എന്ന് പിന്നീട് അറിഞ്ഞു.
വര്‍ഷം 3 – ശ്രീകുമാറിനെ വീടിന് അകത്തേക്ക് ക്ഷണിക്കുന്നതിനിടയില്‍ തന്നെ അകത്തു ഇടനാഴിയിലൂടെ നടന്നു പോകുന്ന ഭാര്യയെ നോക്കി അദ്ദേഹം ഉറക്കെ പറഞ്ഞു “Shahana …I will be back within 5 minutes… don’t get late… ok? we will miss the flight." ശ്രീകുമാര്‍ നിശബ്ദനായി ഇറങ്ങി നടന്നു.
ഒരു സെലിബ്രിറ്റിയുടെ 3 വര്‍ഷത്തെ കൗതുകമുള്ള ആകാശയാത്രയുടെ കഥകള്‍ കേട്ട ഞങ്ങള്‍ ഒരുമിച്ചു പറഞ്ഞു "ഒരു പ്രാവശ്യം കൂടി നീ അങ്ങേരേ പോയി കാണണം... ചോദിക്കണം, നീ എഴുതിയ തിരക്കഥയെ കുറിച്ച്." ഇതിനിടയില്‍ മറ്റൊരു കഥയെ കുറിച്ച് ആലോചിക്കാന്‍ ശ്രീകുമാറിനെ ഞങ്ങള്‍ പലരും നിര്‍ബന്ധിച്ചിരുന്നു എങ്കിലും അവന്‍ അതിനു തയാര്‍ അല്ലായിരുന്നു... "പ്രിയപ്പെട്ടത്... അത് നമ്മുക്ക് എന്നും ഒന്നേ ഉള്ളു" എന്നായിരുന്നു അവന്‍റെ മറുപടി.
6 മാസങ്ങള്‍ക്ക് ശേഷം ശ്രീകുമാര്‍ ഒരിക്കല്‍ കൂടി അപ്പോയ്മെന്റ് വാങ്ങി അദേഹത്തിനു മുന്‍പില്‍ എത്തി. മുഖവുര ഇല്ലാതെ ചോദിച്ചു “സ്ക്രിപ്റ്റ് വായിച്ചോ?"
എന്തു ഉത്തരം പറയണം എന്ന് അറിയാത്തതു പോലെ അദ്ദേഹം ഒരു നിമിഷം ആലോചിച്ചു, ദൂരേക്ക് നോക്കി മറുപടി നല്‍കി– “ആ... ഞാന്‍ അത് കൊറച്ച് വായിച്ച്... well... നീ ഒരു കാര്യം ചെയ്യ്... ആ സ്ക്രിപ്റ്റ് ഒന്നു കൂടി എനിക്ക് താ...”
അദ്ദേഹം മറയ്ക്കാന്‍ ശ്രമിച്ച സത്യം ശ്രീകുമാര്‍ അടുത്ത ഒരു ചോദ്യമായി ചോദിച്ചു...“അതെന്താ...? സ്ക്രിപ്റ്റ് കയ്യില്‍ നിന്നും മിസ്സ് ആയി അല്ലേ?"
“ഹേയ്... അത് എന്‍റെ കയ്യില്‍ ഒണ്ട്. അങ്ങനെ സ്ക്രിപ്റ്റ് ഒന്നും ഞാന്‍ കൊണ്ടുപോയി കളയില്ല... നീ അന്ന് സ്ക്രിപ്റ്റ് പ്രിന്‍റ് എടുത്ത് അല്ലേ തന്നത്. നീ അത് എനിക്ക് മെയില്‍ ചെയ്യ്. അതാകുമ്പോ ഫ്ലൈറ്റിലൊക്കെ ഇരുന്നു ടാബില്‍ ഡൗൺലോഡ് ചെയ്തു വായിക്കാമല്ലോ...”
പറയുന്നതും കേള്‍ക്കുന്നതും കള്ളം ആണന്നു തിരിച്ചറിയുന്ന നിമിഷം ഇരുവര്‍ക്കും ഇടയില്‍ ഒരു നിശബ്ദത ഉണ്ടാകും. ആ നിശബ്ദതയിലേക്ക് crash land ചെയ്ത് അദ്ദേഹത്തിന്‍റെ കുട്ടികള്‍ എത്തി. അവരോടായി എന്തോ പറയാന്‍ തുടങ്ങിയ അദ്ദേഹത്തിന്‍റെ ശബ്ദം ശ്രീകുമാറിന്‍റെ വാക്കുകളില്‍ മുറിഞ്ഞു -
"നിങ്ങള്‍ രണ്ടു പേരും ഇതുവരെ റെഡി ആയില്ലേ? പപ്പയ്ക്ക് പോകാന്‍ ഉള്ളതല്ലേ?... ഫ്ലൈറ്റ് മിസ്സ് ആകും. വേഗം ചെല്ല്."
അവരുടെ പപ്പയുടെ ഡയലോഗ് ഒരു സാധാപ്രേക്ഷകന്‍ പറഞ്ഞു നിര്‍ത്തി ഫ്രെയിം ഔട്ട് ആകുമ്പോള്‍ സിനിമയിലെ സെലിബ്രിറ്റിയുടെ മുഖം താഴ്ന്നു തന്നെ ഇരുന്നിരുന്നു... അപ്പോഴും കുട്ടികള്‍ നിഷ്കളങ്കമായി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
പുറത്തേക്ക് ഇറങ്ങി നടന്നു തുടങ്ങിയ ശ്രീകുമാറിന്‍റെ ഫോണിലേക്ക് ഒരു എഫ്ബി മെസ്സേജ് എത്തി....
തോമസ്: "hi chetta... long time… how r u ... ?"
3 വര്‍ഷങ്ങള്‍ക്കു മുന്‍പ് സെലിബ്രിറ്റിയുടെ സ്വീകരണ മുറിയില്‍ പരിചയപ്പെട്ട ആ പഴയ കൊച്ചിക്കാരന്‍ തോമസ് ഇടയ്ക്കൊക്കെ ശ്രീകുമാറിന് മെസ്സേജ് ചെയ്യാറുണ്ടായിരുന്നു. അമ്മയുടെ സുഖവിവരങ്ങള്‍ തിരക്കിയ ശ്രീകുമാര്‍ അവനോട് ആദ്യമായി തോമസിന്‍റെ അമ്മയുടെ ചികിത്സയ്ക്കായി സെലിബ്രിറ്റി ചെയ്ത സമ്പത്തികസഹായത്തെ കുറിച്ച് തിരക്കി.
തോമസ്: “ഏയ്... അമ്മയുടെ ട്രീറ്റ്മെന്റിന് വേണ്ട കാശ് ഒക്കെ എന്‍റെ കയ്യില്‍ ഉണ്ട് ചേട്ടാ... സാര്‍ ഫിനാൻഷ്യൽ ഹെൽപ് ഒന്നും ചെയ്തിട്ടില്ല... ഞാന്‍ ചോദിച്ചിട്ടും ഇല്ല. അമ്മയുടെ അസുഖങ്ങളുടെ കാര്യങ്ങള്‍ ഒക്കെ ഞാന്‍ സാറിനോട് അപ്ഡേറ്റ് ചെയ്യാറുണ്ട്. അല്ലാതെ വേറെ ഒന്നുമില്ല. പിന്നെ അന്ന് സര്‍ ചേട്ടന്റെ മുന്‍പില്‍ വച്ച് എന്‍റെ കയ്യില്‍ അമ്മയ്ക്ക് കൊടുക്കാനായി തന്നത് ഒരു ബോക്സ് ചോക്ലേറ്റ് ആണ്... അല്ലാതെ കാശ് ഒന്നും അല്ല. അതായിരിക്കും ചേട്ടന് അങ്ങനെ തോന്നിയത്...”
ഒന്നും മിണ്ടാതെ ഫോണിലേക്ക് നോക്കി നിന്ന ശ്രീകുമാറിന്‍റെ സെല്‍ ഡിസ്പ്ലേയില്‍ “SHANOJ CALLING…" എന്ന അക്ഷരങ്ങള്‍ തെളിഞ്ഞു.
"അങ്ങേരെ കണ്ടോ" എന്ന എന്‍റെ ചോദ്യത്തിന് ഉത്തരമായി അവന്‍ ഒരു ഡയലോഗ് പറഞ്ഞു –
"അങ്ങേരെ കണ്ടില്ല... പക്ഷേ ഞാന്‍ ഒരു മുരളിയെ കണ്ടു. മൂക്കള പിഴിഞ്ഞു കളയുന്ന ഒരു മുരളിയെ”
"മുരളിയേയോ? അതാര്?" എന്‍റെ ചോദ്യത്തിന് ഉത്തരമായി അവന്‍ തുടര്‍ന്നു...
"കാണാന്‍ കാത്തു നില്‍ക്കുന്ന നമ്മളെ ഒക്കെ ചേര്‍ത്തു നിര്‍ത്തി, സ്വന്തം കൈ കൊണ്ട് നമ്മുടെ ഒക്കെ മുക്കള പിഴിഞ്ഞ് കളഞ്ഞിട്ട്, അകത്തു പോയി രണ്ടു തെറിയും പറഞ്ഞു ഡെറ്റോള്‍ സോപ്പില്‍ കൈ തേച്ചൊരച്ചു കഴുകുന്ന കിംഗ് സിനിമയിലെ ജയകൃഷ്ണന്‍ എന്ന മുരളി!" അത്രയും പറഞ്ഞു ശ്രീകുമാറിന്‍റെ ഫോണ്‍ നിശബ്ദമായി.
"Every CELEBRITY has a second face when all the channel camera turns off… An unimaginable Offscreen face!"
അന്നു രാത്രി എന്‍റെ fb status ല്‍ തെളിഞ്ഞ ഈ വരികള്‍ക്ക് ചുവട്ടില്‍ ആദ്യത്തെ ലൈക് ജനിക്കുന്നത് ശ്രീകുമാറിന്‍റെ വിരലുകളില്‍ നിന്ന് ആകും എന്നു പ്രതീക്ഷിച്ചിരുന്നുവെങ്കിലും അപ്പോഴേക്കും അവന്‍ ആ വിരലുകള്‍ക്ക് ഇടയില്‍ അവന്‍റെ പഴയ പേന തിരുകി ഒരു പുതിയ തിരക്കഥ എഴുതി തുടങ്ങിയിരുന്നു...