ADVERTISEMENT

ജനലിന്റെ അടുത്തുനിന്നു സിഗരറ്റ് വലിക്കുമ്പോഴാണ് ഫോൺ ബെല്ലടിച്ചത്. കല്യാണത്തിന് പോകാൻ വേണ്ടി വിളിക്കുന്നതായിരിക്കും. ഞാൻ ഫോൺ എടുത്തു. "ഹലോ.. എടാ നീ എവിടെയാ, കല്യാണത്തിന് വരുന്നില്ലേ നീ? എത്ര കാലമായെടാ എല്ലാരും ഒന്നിച്ചൊന്നു കൂടിയിട്ട്. നീ പഴയതൊക്കെ മറന്നു വാ അളിയാ." "നീ ഒന്നു വെച്ചിട്ട് പോകുന്നുണ്ടോ, രാവിലെ തന്നെ സമാധാനം കളയാനായിട്ട്." ഞാൻ ഫോൺ കട്ടുചെയ്തു ബെഡിലേക്ക് എറിഞ്ഞു. എരിഞ്ഞു തീരാറായ സിഗരറ്റ് ആഷ്ട്രെയിൽ കുത്തിക്കെടുത്തി ഒരു പെഗ്ഗ് കൂടെ അകത്താക്കി. മറ്റൊരു പെഗ്ഗ്കൂടെ ഒഴിച്ച് അതുമായി ബാൽക്കണിയിലേക്ക് നടന്നു. അവിടെ ഇരിക്കുമ്പോഴാണ് സാധാരണ രീതിയിൽ ഒരു ചെറിയ സമാധാനമൊക്കെ കിട്ടുക. ഫോൺ അവിടെ മുറിയിൽ നിർത്താതെ ശബ്ദിച്ചുകൊണ്ടേ ഇരുന്നു. അങ്ങനെ ആ ഇരുപ്പിൽ ഒരു കുപ്പി വിസ്കി തീർന്നുവെങ്കിലും എന്റെ തലയിലേക്ക് ലഹരിയുടെ ഒരംശം പോലും കയറിയില്ല. അങ്ങനെ ഞാൻ മുറിയിലേക്ക് നടന്നു മേശയുടെ ഡ്രോയർ തുറന്നു ഓ സി ബി പേപ്പറെടുത്ത്, ചരസ്സ് ചുരുട്ടി നാലു പുക കൂടെ എടുത്തപ്പോൾ എനിക്ക് പിന്നെ നേരെ നിൽക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു.

ഞാൻ ഫോൺ എടുത്തു പഴയ ഫോട്ടോകൾ നോക്കി. നാല് വർഷം ഒന്നിച്ചു കൂടെ ഉണ്ടായിരുന്ന ഞാൻ അവൾക്ക് ഇന്നു ആരും അല്ലാണ്ടായി. ഒരു വാക്കുകൊണ്ട് എല്ലാം അവസാനിപ്പിച്ചു അവൾ പോയി. ഓരോന്നു ആലോചിച്ചു ബോധം മറയുന്നതുപോലെ തോന്നി. പതിയെ കണ്ണുകൾ അടഞ്ഞു ഞാൻ ഉറക്കത്തിലേക്കു വഴുതി വീണു. ക്ലോക്കിന്റെ ശബ്ദ‌ം കേട്ടാണ് ഞാൻ ഞെട്ടി എഴുന്നേറ്റത്; സമയം 2 മണി.. ഫോണിൽ നോട്ടിഫിക്കേഷൻ ലൈറ്റ് കണ്ട് തുറക്കാനായി എടുത്തപ്പോൾ സ്ക്രീനിൽ തെളിഞ്ഞു വന്നത് അവളുടെ കൂടെയുള്ള ഫോട്ടോയും.. ഞാൻ റൂമിൽ നിന്നിറങ്ങി പുറത്തേക്കു നടന്നു. ചെന്നു നിന്നത് അവളുടെ വീട്ടിലായിരുന്നു. കല്യാണത്തിന് വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും അവിടെ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു.

മതിലുചാടി ഞാൻ നേരെ മുകൾ വശത്തെ വലത്തേ ഭാഗത്തെ രണ്ടാമത്തെ മുറിയിലെത്തി. അവളവിടെ ഉണ്ടായിരുന്നു. ശബ്ദമുണ്ടാക്കാതെ ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി. അവൾ ആ മുറിയിൽ ഒറ്റയ്ക്കായിരുന്നു അതുപോലെ തന്നെ നല്ല ഉറക്കത്തിലും. ഞാൻ രണ്ട് തവണ വിളിച്ചപ്പോഴേക്കും അവൾ ഞെട്ടി ഉണർന്നു. ശബ്ദമുണ്ടാക്കാതിരിക്കാനായി ഞാൻ അവളുടെ വായ് പൊത്തിപ്പിടിച്ചു. ‘ഒന്നും വേണ്ട.. നമുക്ക് ഒന്നിച്ചു ജീവിക്കാം. പോകാം ഇവിടുന്നു..’ ഭയം നിഴലിക്കുന്ന കണ്ണുകളോടെ അവളെന്നെ നോക്കി. ഞാൻ അവളെയും.. അതേ സമയം എന്റെ കൈയിലിരുന്ന കത്തി അവളുടെ വയറ്റിലേക്കു രണ്ടു തവണ ഇറങ്ങിക്കഴിഞ്ഞിരുന്നു. അവളുടെ കണ്ണുകളിൽ നിന്ന് ജീവൻ മിന്നിമറയുന്നത് ഞാൻ നോക്കി നിന്നു.

ക്ലോക്കിന്റെ ശബ്ദം കേട്ട് ഞാൻ ഞെട്ടിയുണർന്നു. സമയം മൂന്ന് മണി. സ്വപ്നത്തിൽ സംഭവിച്ച കാര്യങ്ങൾ എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. ഫോണിന്റെ നോട്ടിഫിക്കേഷൻ ലൈറ്റ് മിന്നുന്നതുകണ്ടു എടുത്തു നോക്കിയപ്പോൾ ആറു മിസ്സ്‌ കോളുകൾ. ഞാൻ തിരിച്ചു വിളിച്ചു. വെള്ളം കുടിക്കാനായി ഫ്രിഡ്ജിന്റെ അടുത്തേക്ക് നടന്നു. ‘ഹലോ. എന്താടാ വിളിച്ചത്.?’ ‘ഡാ നീ എവിടെയാ? എത്ര നേരമായി വിളിക്കുന്നു. ഡാ അവളെ കാണാനില്ലെടാ. ഇവിടെ മുഴുവൻ തേടി. അവളുടെ ബെഡിൽ മുഴുവനും ചോര ആയിരുന്നെടാ.’ വെള്ളമെടുക്കാനായി ഫ്രിഡ്ജ് തുറന്നപ്പോൾ അവളുടെ ചോരയിൽ കുളിച്ച ജീവനറ്റ ശരീരം എന്റെ കാലിലേക്ക് വീണു.  

English Summary:

Malayalam Short Story ' Chethana ' Written by Manjith Manoharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com