വാപ്പ ഗൾഫിലോട്ട് മടങ്ങുന്ന ദിവസം സങ്കടമാണ്, ഇനി എത്ര വർഷം കഴിഞ്ഞാലാണ് കാണാൻ പറ്റുക...
Mail This Article
ഒരു പക്ഷേ ഒട്ടു മിക്ക പ്രവാസികളുടെ മക്കളും അനുഭവിച്ചിരുന്ന, അനുഭവിച്ചു കൊണ്ടിരിക്കുന്ന നൊമ്പരമാണ് വാപ്പയുടെ തിരിച്ചു ഗൾഫിലോട്ടുള്ള മടക്കം. ഇപ്പോഴത്തെ പോലെ വീഡിയോ കോൾ ഒന്നുമില്ലാത്തതിനാലും പോയാൽ പിന്നെ തിരിച്ചു വരാൻ മിനിമം ഒന്നോ രണ്ടോ വർഷം എടുക്കുന്നത് കൊണ്ടൊക്കെയാവണം വല്ലാത്തൊരു വേദനയായിരുന്നു വാപ്പന്റെ ഗൾഫിലോട്ടുള്ള തിരിച്ചു പോക്ക്. പോവുന്നതിന്റെ തലേ ദിവസം ഞങ്ങൾക്കു ഉറക്കം വരാറില്ല. പെട്ടികളൊക്കെ എടുത്തു വെച്ച് വാപ്പ കയറിയ ജീപ്പ് കണ്ണിൽ നിന്നകന്നു പോവുന്ന രംഗം ഇപ്പോഴും മറക്കാൻ പറ്റാത്തതാണ്.
പിന്നെ കുറച്ചു ദിവസങ്ങൾ എടുക്കും ആ സങ്കടമൊക്കെ ഒന്ന് മാറാൻ. പിന്നെയുള്ള രംഗം ഒന്നു രണ്ടു വർഷം കഴിഞ്ഞുള്ള വാപ്പാന്റെ തിരിച്ചു വരവാണ്. ഞാനും അനിയനും കൂടി തലേന്നു ഉറങ്ങുമ്പോ ചുമ്മാ കിന്നാരം പറയും “അതെ നിനക്കൊരു കാര്യമറിയോ നാളെ വാപ്പ ഗൾഫിന്നു വരുവാന്നൊക്കെ പറഞ്ഞു പൊട്ടി ചിരിക്കും” പിറ്റേന്നു ഞങ്ങൾ രാവിലെ ഏർപ്പാടാക്കിയ ജീപ്പിൽ കയറി എയർപോർട്ടിൽ പോവും. അറൈവൽ ഗേറ്റിൽ വാപ്പയേം കാത്തു അങ്ങനെ കാത്തു നിക്കും. ഫ്ലൈറ്റ് ലാൻഡ് ആയെന്നു കേൾക്കുമ്പോൾ മനസിൽ ഒരു കുളിർമയുണ്ടാവും.
അത് കഴിഞ്ഞു പുറത്തോട്ടു ഇറങ്ങി വരുന്നവരുടെ കൂട്ടത്തിൽ പെട്ടെന്നൊന്നും കണ്ടില്ലെങ്കിൽ വാപ്പ ഇനി ഫ്ലൈറ്റിൽ കയറിയില്ലേ എന്നൊക്കെ ടെൻഷൻ അടിക്കും. വാപ്പ ഇറങ്ങി വരുന്നുണ്ടോന്നു ഗ്ലാസിന്റെ ഉള്ളിൽ കൂടിയൊക്കെ ഏന്തി വലിഞ്ഞു നോക്കും. അങ്ങനെ കാത്തിരിപ്പിനോടുവിൽ വാപ്പ ട്രോളിയുമുന്തി ഒരു വരവുണ്ട്. ഞങ്ങളെ കാണുമ്പോ വാപ്പ കൈ വീശി കാണിക്കുമ്പോ ഉണ്ടാവുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. പിന്നെ മനസ്സു നിറഞ്ഞു ജീപ്പിൽ കയറിയുള്ള വീട്ടിലോട്ടുള്ള പോക്കാണ്.
പിന്നെ കുറച്ചു കാലത്തേക്ക് വാപ്പയുള്ള വീടായിരിക്കും. ഞങ്ങൾ ഒന്നു സെറ്റ് ആയി വരുമ്പോഴേക്കും വാപ്പ തിരിച്ചു പോവാനായിട്ടുണ്ടാവും. വീണ്ടും പഴയതു പോലെ ആവർത്തിക്കും. ഞങ്ങൾ വീണ്ടും വാപ്പ തിരിച്ചു വരുന്നത് സ്വപ്നം കാണാൻ തുടങ്ങും. അന്നത്തെയൊക്കെ ഏറ്റവും വലിയ ആഗ്രഹമോ സന്തോഷമോ എന്നൊക്കെ ചോദ്യത്തിനുള്ള മറുപടി വാപ്പ ഗൾഫിൽ നിന്നു വന്ന മതിയെന്നുള്ള ഉത്തരമായിരിക്കും.
പ്രവാസികൾക്കും കുടുംബങ്ങൾക്കും ഇതിങ്ങനെ പോക്കും വരവും ആവർത്തിച്ചു വർഷങ്ങൾ കടന്നു പോവും. വാപ്പ ഒന്ന് നാട്ടിൽ സെറ്റ് ആവുമ്പോഴേക്കും മക്കൾ ജോലിയും മറ്റുമായി ഗൾഫിലേക്ക് കയറിയിട്ടുമുണ്ടാവും. പിന്നെ അവരുടെ മക്കൾക്കും നൊമ്പര സീസൺ തുടങ്ങിയിട്ടുണ്ടാവും.