ADVERTISEMENT

അനുഭവങ്ങൾക്ക് രുചിയുണ്ടാകുമോ? സ്നേഹവും വാത്സല്യവും നിറഞ്ഞ അനുഭവങ്ങൾക്ക് മധുരം.. സങ്കടങ്ങൾക്കും വേദനകൾക്കും ചവർപ്പ്.. ചിലതിന് എരിവ്, ഇനി ചിലതിന് പുളി രസം.. പിന്നെയും രുചികൾ ബാക്കിയുണ്ട്.. എന്റെ അനുഭവത്തിൽ അവഗണനയ്ക്ക് കയ്പ് രസമാണ്. കയ്പ് തന്നെ പല തരത്തിൽ ഉണ്ടല്ലോ. പാവയ്ക്കയുടെ കയ്പ്, പൊടിച്ച പാരസെറ്റമോളിന്റെ കയ്പ്, കാഞ്ഞിരത്തിന്റെയും കിരിയാത്തിന്റെയും കയ്പ്! അവഗണനയുടെ കയ്പ് ഇതൊന്നുമല്ല. വേറിട്ട്‌ നിൽക്കും! നല്ല എണ്ണം പറഞ്ഞ, മുറ്റിയ കയ്പ്! ഇതൊന്നും പോരാഞ്ഞ് നീറിപ്പിടിക്കുന്ന ഒരു വേദനയും കൂടിയുണ്ട്. അതും അനുഭവിക്കണം. അനുഭവിച്ച കാലം മുതൽ അവസാന ശ്വാസം വരെയും അതേക്കുറിച്ച് ഓർക്കുന്ന നിമിഷങ്ങളിലെല്ലാം വായിൽ, നാവിൽ, തൊണ്ടക്കുഴിയിൽ, എന്തിനേറെ ദു:സ്വപ്നങ്ങളിൽ വരെ ആ കയ്പ് കല്ലിച്ചു നിൽക്കും. ഒരിക്കലും പറിച്ചെറിയാനോ, തുടച്ചു നീക്കാനോ കഴിയാതെ ആത്മാവിന്റെ അങ്ങേയറ്റം വരെ ആ കയ്പുരസം വേരാഴ്ത്തി നിന്ന് നമ്മളെ നിസ്സഹായരാക്കും.

പണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്ത് യുവജനോത്സവത്തിന് ഡാൻസ് മത്സരത്തിൽ പങ്കെടുക്കാൻ കുട്ടികളെ തെരഞ്ഞെടുക്കുമ്പോൾ അതനുഭവിച്ചിട്ടുണ്ട്.  ഇരുണ്ടു മെലിഞ്ഞ കുട്ടികളെ, "നിങ്ങൾ അങ്ങോട്ട്‌ മാറി നിന്നേ" എന്ന് പറഞ്ഞിരുന്ന അധ്യാപർക്ക് രണ്ടാമതൊരു അവസരം കൊടുക്കാൻ ആ പ്രായത്തിലും എന്റെ ആത്മാഭിമാനം അനുവദിച്ചിട്ടില്ല. ക്ലാസ്സ്‌ ലീഡറെ തെരഞ്ഞെടുക്കുമ്പോഴും വെളുപ്പും തുടുപ്പും നോക്കിയ അധ്യാപകരും ഉള്ളിൽ നിറച്ചത് അവഗണനയുടെ കയ്പ് നീർ തന്നെ. കുഞ്ഞു പ്രായത്തിൽ, പ്രത്യേകിച്ച് അടുത്ത ബന്ധുക്കളിൽ നിന്നോ മറ്റോ, നേരിടേണ്ടി വരുമ്പോൾ അതുണ്ടാക്കുന്ന അരുചിയും മുറിവിന്റെ ആഴവും ഭീകരമായിരിക്കും. ആദ്യഗണത്തിൽ വന്ന അധ്യാപകരോട് പൊറുക്കാൻ കഴിഞ്ഞാലും ആ ബന്ധുക്കളോട് പൊറുക്കാൻ കഴിയില്ല.

ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ചെറിയമ്മാവൻ ദുബായിൽ നിന്നും ആദ്യ ലീവിന് നാട്ടിൽ വരുന്നത്. സ്കൂൾ വിട്ടു വന്നൊരു വൈകുന്നേരം അമ്മാവന്റെ വീട് കടന്നു പോകുമ്പോൾ മുറ്റത്ത്‌ പതിവില്ലാതെ കുറെ ജോഡി ചെരുപ്പുകൾ കണ്ടു. വേഗം അങ്ങോട്ടേക്ക് ചെന്ന് കയറുമ്പോഴേ കണ്ടു, എന്റെ സ്വന്തം ചെറിയമ്മാവനും അമ്മായിയും, അമ്മായിയുടെ അനിയനും ഭാര്യയും കൂടാതെ അനിയത്തിയും മക്കളും എല്ലാവരും മുൻവശത്തെ മുറിയിൽ ഇരിക്കുന്നു. ചെറിയമ്മാവൻ ഗൾഫിൽ നിന്നും വന്നു. എന്റെ മനസ്സ് സന്തോഷത്താൽ തുടി കൊട്ടി. ചുറ്റിലും പരക്കുന്ന ഗൾഫ് മണം ഞാൻ ആവോളം നുകർന്നു. ചെറിയമ്മാവൻ തൊട്ടപ്പുറത്ത് പായ വിരിച്ചിട്ടിരുന്ന്‌, തുറന്നുവെച്ച വലിയ പെട്ടിയിൽ നിന്നും സാധനങ്ങൾ ഓരോന്നായി പുറത്തെടുത്തു വെക്കുന്നു. അമ്മായി വേഗം കൈയിൽ ഇരുന്നു ഞെളിപിരി കൊള്ളുന്ന കുഞ്ഞുമോളെ എന്റെ കൈയിൽ തന്നു. തോളിൽ തൂക്കിയിട്ടിരുന്ന സഞ്ചി നിലത്തേക്ക് വെച്ച് ഞാൻ കുഞ്ഞിനെ മാറത്തടക്കി പിടിച്ചു നിന്നു. 

അമ്മാവൻ പുറത്തെടുത്തു വെക്കുന്ന സാധനങ്ങൾ ഞാൻ ആകാംക്ഷയോടെ നോക്കി നിന്നു. ഇതിൽ എന്താകും എനിക്ക് തരുന്നത്. പെട്ടിയുടെ ഒരറ്റത്തായി കാണുന്ന റോസ് നിറമുള്ള പെൻസിൽ ബോക്സിലേക്കായി എന്റെ കണ്ണുകൾ. ഇരുവശവും തുറക്കാൻ സാധിക്കുന്ന കാന്തം പിടിപ്പിച്ച പെൻസിൽ ബോക്സ്‌!! പൗഡറുകൾ, സ്പ്രേ, നിവിയ, മഞ്ഞയും കറുപ്പും നിറമുള്ള പെൻസിൽ, പേനകൾ, സോപ്പ്, ടൈഗർ ബാം എന്നു തുടങ്ങി ചെറിയമ്മാവൻ കൊണ്ടുവന്ന സാധനങ്ങൾ കുറേശ്ശേ പകുത്ത് അമ്മായി ഓരോ കവറുകളിൽ നിറച്ച് മാറ്റി വെക്കുന്നു. അതിൽ നിന്നും കുട്ടി ചാക്ക് പോലെ രണ്ടു കവറുകൾ അമ്മായിയുടെ അനിയനും അനിയത്തിക്കും നീക്കി വെച്ചു. എന്റെ കണ്ണുകൾ അപ്പോഴും ഏതാണ്ട് ഒഴിഞ്ഞ പെട്ടിയുടെ മൂലയ്ക്കു കിടക്കുന്ന പെൻസിൽ ബോക്സിലാണ്.  അമ്മായി അതെടുക്കുന്നത് കണ്ടെന്റെ ചങ്കിടിപ്പ് കൂടി. "ദാ ഇത് വെച്ചേരെ, അനു അടുത്ത കൊല്ലം സ്കൂളിൽ പോകുമല്ലോ അന്നേരം എടുക്കാം.." പെൻസിൽ ബോക്സ്‌ ചേട്ടത്തിയുടെ നേരെ നീട്ടി അമ്മായി പറഞ്ഞു. 

എനിക്കെന്തോ കണ്ണ് നിറഞ്ഞു. ഞാൻ ഇത്രയും നേരം അവിടെ നിന്നിട്ടും ചെറിയമ്മാവൻ എന്നെ കണ്ട ഭാവം കാണിച്ചില്ലല്ലോ.. സങ്കടം കൊണ്ടെനിക്ക് നെഞ്ചു വിങ്ങി. "അമ്മായി, ഞാൻ പോണു. താമസിച്ചാൽ അമ്മ വഴക്കു പറയും.." കുഞ്ഞിനെ താഴെയാക്കി, എന്റെ സഞ്ചിയെടുത്തു കൊണ്ട് ഞാൻ പറഞ്ഞു. "നീയെന്തിനാ ഓടിപ്പിടിച്ച് ഇങ്ങോട്ട് വന്നത്? സ്കൂൾ വിട്ടാൽ നേരെ വീട്ടിൽ പോകാൻ വയ്യേ?" തെല്ലനിഷ്ടത്തോടെ ചെറിയമ്മാവൻ ചോദിച്ചു. പതിനൊന്നു വയസ്സ് പ്രായമാണ്.. കുട്ടികളുടേതായ കൊച്ചുകൊച്ച് ആഗ്രഹങ്ങളും കൊതികളും മുറ്റി നിൽക്കുന്ന പ്രായം. ആവശ്യം ഇല്ലാത്തയിടങ്ങളിൽ വലിഞ്ഞു കയറി ചെല്ലരുത് എന്നൊരു തിരിച്ചറിവ് ഉണ്ടായിട്ടില്ലല്ലോ.. പിന്നെയും കുറേക്കാലം വേണ്ടിവന്നു അത്തരം ഒരു തിരിച്ചറിവിലേക്കെത്താൻ. ആ അനുഭവങ്ങളോടെല്ലാം എനിക്ക് നന്ദിയുണ്ട്. അവയാണ് എന്നെ പതം വരുത്തി, പാകപ്പെടുത്തി ഇന്നത്തെ ഞാനാക്കിയത്.

അവഗണിക്കപ്പെട്ട ഇടങ്ങളിൽ നിന്നും മൗനമായി തിരിഞ്ഞു നടക്കാനുള്ള ആർജവം കിട്ടിയത് ഇതേ പോലെയുള്ള സാഹചര്യങ്ങളിൽ നിന്നാണ്. ഇന്നാണെങ്കിൽ നമ്മൾ അപ്രസക്തരാകുന്ന ഇടങ്ങൾ വളരെ പെട്ടെന്ന് മനസ്സിലാകും. കുട്ടിക്കാലത്ത് അങ്ങനെയല്ലല്ലോ. ആദ്യം പറഞ്ഞ സാഹചര്യങ്ങളിലെല്ലാം എനിക്ക് ചോയ്സ് ഉണ്ടായിരുന്നു, ഇനി അങ്ങോട്ടേക്കില്ല എന്നൊരു ചോയ്സ്. കാലം ഒരുപാട് കൈവഴികൾ പിന്നിട്ടു. ജീവിതം മാറി. ഞാനും എന്റെ ഒപ്പമുണ്ടായിരുന്നവരും മാറി. പക്ഷേ അവഗണനകളുടെ കൂർത്ത ശരങ്ങൾ നിരവധിയായ് എന്റെ നെഞ്ചിൽ തറഞ്ഞു കയറിക്കൊണ്ടേയിരുന്നു. തിരിച്ചിറങ്ങാൻ കഴിയാത്ത വിധം കെട്ടപ്പെട്ട ഇടങ്ങളിൽ, ജീവിതത്തിൽ വളരെ വേണ്ടപ്പെട്ട ഒരാൾ, അയാളുടെ ജീവിതത്തിൽ നമ്മൾ ഒന്നുമല്ല എന്ന് പറയാതെ പറയുന്ന ചില പ്രവൃത്തികളുണ്ട്. അനുഭവിക്കുന്ന ആളിന്റെ ഹൃദയത്തിൽ അതേൽപ്പിക്കുന്ന ആഘാതം.. അതിന്റെ നോവ്.. ഇതൊക്കെ എത്രയാണെന്ന് അവർക്കൂഹിക്കാൻ കൂടി കഴിയില്ല. 

പിടി വരെ ആഴ്ന്നിറങ്ങിയ ഒരു കത്തി, എന്നേക്കുമായ് നെഞ്ചിൽ തറഞ്ഞത് പോലെ, ആ വേദനയും പേറി, ശിഷ്ടകാലം ജീവിക്കേണ്ടി വരുന്നവരുടെ ദൈന്യത... നിസ്സഹായത... നെഞ്ചു നീറ്റുന്ന വേദനയ്ക്കും ഭാരമുണ്ടെന്ന തിരിച്ചറിവുകൾ.. എന്തു ഹൃദയ ഭേദകമായ അവസ്ഥയാണത്.. ജീവിതാവസാനം വരെ, അത്രമേൽ പ്രിയതരമായ ഒരാളിന്റെ അവഗണന നൽകുന്ന നടുക്കവും അവിശ്വസനീയതയും നെഞ്ചിൻ കൂടിനുള്ളിൽ ശ്വാസം മുട്ടി പിടയും. മരിച്ചു ജീവിച്ച് തീർക്കേണ്ടുന്ന, വരണ്ട് നീണ്ട വർഷങ്ങൾ.. കാലം പലപ്പോഴും മുറിവുകൾ ഉണക്കും.. എങ്കിലും ചോരയിറ്റിയ വടുക്കൾ തെല്ലും മങ്ങാതെ അവശേഷിക്കും. ചിലതെല്ലാം ഓർമിപ്പിച്ചു കൊണ്ട്.. സ്വാർഥരാണ് നമ്മൾ മനുഷ്യർ.. എങ്കിലും.. എന്നെയും പരിഗണിക്കൂ എന്ന് നിശ്ശബ്ദം നിലവിളിക്കുന്ന ഒരാളോട് കാണിക്കുന്ന ഒരൽപം അലിവും പരിഗണനയും, ചേതമില്ലാത്ത ഉപകാരമായിരിക്കും.. തീർച്ച..

English Summary:

Malayalam Article ' Kanjira Kaippu ' Written by Sheeba

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com