ആശുപത്രിയിൽ നിന്ന് വിളി വന്നു, അവനെ അവസാനമായി ഒന്നു കാണുവാൻ അവൾ അവിടേക്ക് പോയി...
Mail This Article
"ഹലോ ആരാണ്..." തെല്ലൊരീർഷ്യയോടെ ആണ് ഞാൻ ഫോൺ എടുത്തത്.. അറിയാത്ത ഏതോ ഒരു നമ്പർ.. പല പ്രാവശ്യമായി കിടന്നു വിളിക്കുന്നു. "അശ്വിനിയാണ്, ബാലുവിന്റെ.." മുറിഞ്ഞ വാക്കിലുറഞ്ഞ സങ്കടം... "ഹോസ്പിറ്റലിൽ നിന്നാണ്.." പാതി കേട്ടും കേൾക്കാതെയും... കാലുകൾ പറക്കുകയാണ്.. മുന്നോട്ടെയ്ക്ക്... മനസ്സ് പിന്നോട്ടും..
പാലക്കാട് എൻ എസ് എസ് കോളജിന്റെ ഇടനാഴികളിലെവിടെ നിന്നോ നീട്ടിയ ഒരു വിളി... "പ്രിയാ..." റാഗിംഗിൽ വിറപ്പിച്ച് കരയിപ്പിച്ച സീനിയർ.. പിന്നീടെപ്പോഴോ തോന്നിയ അടുപ്പം അടുപ്പുകുറ്റി മലയിലെ കാറ്റുപോലെ, മെൻസ് ഹോസ്റ്റലിന് മുന്നിലെ വയസ്സൻ ആൽമരത്തറയിലെ തണുപ്പ് പോലെ, വരണ്ടു വിണ്ട പാടത്തെ വിയർപ്പുപോലെ പ്രിയക്ക് ഒരുപാട് പ്രിയപ്പെട്ടതായി മാറിയ ഓർമ... ബാലു...
ലിവിങ് ടുഗെതർ എന്ന വാക്ക് കേട്ടുകേൾവി പോലുമല്ലാതിരുന്ന കാലത്ത് അഞ്ച് വർഷം ഒരുമിച്ചു ജീവിച്ചു ഒരു പായിൽ ഉണ്ടുറങ്ങി ഒരു ശ്വാസമായി ജീവിച്ച രണ്ടു മനുഷ്യർ.. അച്ഛന്റെയും അമ്മയുടെയും നിർബന്ധത്തിൽ രജിസ്റ്റർ മാര്യേജ് ചെയ്തത് പിന്നീടുള്ള കഥ. "രണ്ടുപേരെ കൂട്ടിയിണക്കുന്നത് ഒരു താലി അല്ല പ്രിയാ.." ബാലുവിന്റെ പതിഞ്ഞ ശബ്ദം ഇപ്പോഴും കാതിൽ... ചേർച്ചയില്ലായ്മകളിൽ, പൊരുത്തക്കേടുകളിൽ എപ്പോഴോ വഴി രണ്ടായി പിരിഞ്ഞു പോരുമ്പോഴും ബാലുവിന് പകരം വയ്ക്കാൻ മറ്റൊരാളില്ലായിരുന്നു... അന്നും.. ഇന്നും..
ആശുപത്രിയുടെ തണുത്ത വരാന്ത.. ഐസിയുവിന്റെ ചെറിയ ചതുരത്തിലൂടെ ഒന്നേ നോക്കിയുള്ളു.. ഏതോ വള്ളികളാൽ ചുറ്റപ്പെട്ട ഒറ്റമരം പോലെ ജീവനുവേണ്ടി കിതയ്ക്കുന്ന എന്റെ ബാലു... കരയാൻ പോലും മറന്ന്... മനസ്സ് കല്ലാക്കിയുള്ള മടക്കം... തളർന്ന കണ്ണോടെ ദൂരെ ചാരി നിൽക്കുന്ന മെലിഞ്ഞ പെൺകുട്ടി.. അശ്വിനി.. അവളുടെ തണുത്ത കൈയിൽ അമർത്തി ധൈര്യമായിരിക്കു എന്നു പറഞ്ഞിറങ്ങുമ്പോൾ കൈയിൽ കണ്ണീരിന്റെ ചൂട്... കാലത്ത് കണ്ണുതുറക്കുമ്പോഴേ കോളജ് ഗ്രൂപ്പിൽ ബാലുവിന്റെ ചിരിച്ച മുഖം.... ഇൻബോക്സിൽ ഓർമകളുടെ കുത്തൊഴുക്ക്.. പ്രിയാ... ഇടനാഴികളിലെവിടെയോ വീണ്ടും....