അശോക ചക്രവർത്തി ഒളിപ്പിച്ച രഹസ്യമെന്ത്? സൂചനകൾ കോഡു ഭാഷയിൽ കൈമാറി വിക്രം
Mail This Article
കാലങ്ങളായി സൂക്ഷിക്കപ്പെട്ട ഒരു രഹസ്യം പുറത്തു വന്നാലോ? തെറ്റായ കൈകളിൽ അകപ്പെട്ടാൽ മനുഷ്യരാശിക്ക് വൻ നാശം വരുത്തി വയ്ക്കാൻ സാധ്യതയുള്ള ആ രഹസ്യം എന്തായിരിക്കും?
കലിഫോർണിയയിലെ സാൻ ജോസിൽ താമസിക്കുന്ന ഇന്ത്യൻ വംശജനാണ് വിജയ്. തന്റെ പങ്കാളിയോടൊപ്പം ഒരു ടെക് കമ്പനി നടത്തുകയാണ് വിജയ് അവിടെ. വാഹനാപകടത്തിൽ മാതാപിതാക്കൾ മരിച്ചതിനുശേഷം അവനെ നോക്കി വളർത്തിയ അമ്മാവൻ വിക്രം മാത്രമാണ് ഇപ്പോൾ ഇന്ത്യയിലുള്ള ഏക ബന്ധു. 1974-ൽ പൊഖ്‌റാനിൽ നടന്ന ഇന്ത്യയുടെ ആദ്യത്തെ ആണവ സ്‌ഫോടനത്തിന് നിർണായക സംഭാവന നൽകിയ ഒരു ആണവ ശാസ്ത്രജ്ഞനാണ് വിക്രം. വർഷങ്ങൾക്ക് മുമ്പ് വാങ്ങിയ ന്യൂ ഡൽഹിയിലെ ജൗൻഗർ കോട്ടയിലാണ് അദ്ദേഹം താമസിക്കുന്നത്.
അങ്ങനെയിരിക്കെ ഒരു ദിവസം തന്റെ അമ്മാവനിൽ നിന്ന് വിജയ്ക്ക് അവ്യക്തമായ അഞ്ച് ഇമെയിലുകൾ ലഭിക്കുന്നു. അത് വായിക്കവേ, അവ തന്റെ അമ്മാവന്റെ അവസാന വാക്കുകളാണെന്ന് വിജയ് മനസ്സിലാക്കി. പിന്നീട് അദ്ദേഹം കൊല്ലപ്പെട്ടു എന്നറിഞ്ഞ് ശവസംസ്‌കാര ചടങ്ങുകൾക്കായി ഇന്ത്യയിലെത്തിയപ്പോൾ, ഫാറൂഖ് സിദ്ദിഖ് എന്ന വ്യക്തിയുടെ നേതൃത്വത്തിലുള്ള തീവ്രവാദി സംഘം വിജയ്യെയും സുഹൃത്ത് കോളിനെയും ആക്രമിക്കുകയും ബന്ദികളാക്കുകയും ചെയ്യുന്നു. അവിടുന്ന് രക്ഷപ്പെട്ട അവർ വിക്രത്തിന്റെ കൊലപാതകത്തിൽ ഫാറൂഖ് സിദ്ദിക്കിന്റെ പങ്കിനെക്കുറിച്ച് മനസ്സിലാക്കുന്നു. തന്റെ അമ്മാവന്റെ അവസാന വാക്കുകള്‍ നിറഞ്ഞ അഞ്ച് ഇമെയിലുകളിൽ അദ്ദേഹം എന്തോ രഹസ്യം ഒളിപ്പിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ വിജയ് അവ വിശദമായി പരിശോധിക്കുന്നു. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ആഴമേറിയ രഹസ്യങ്ങളിൽ ഒന്നിലേക്കാണ് അത് അവനെ എത്തിക്കുന്നത്.
ഇന്ത്യൻ എഴുത്തുകാരനായ ക്രിസ്റ്റഫർ സി. ഡോയലിന്റെ ആദ്യ നോവലാണ് 'ദ് മഹാഭാരത സീക്രട്ട്'. 2013 ഒക്ടോബർ 21-ന് ഓം ബുക്സ് പുറത്തിറക്കിയ ഈ നോവൽ പുരാണങ്ങൾ, ശാസ്ത്രം, മതം, തീവ്രവാദം എന്നിവയെ ചുറ്റിപ്പറ്റിയുള്ള ഒരു ത്രില്ലറാണ്. 2300 വർഷമായി ലോകത്തെ നശിപ്പിക്കാൻ പോന്ന ഒരു രഹസ്യം ഒളിഞ്ഞു കിടന്നയിടം ബിസി 244ൽ മഹാനായ അശോക ചക്രവർത്തി കണ്ടെത്തുന്നതോടെയാണ് കഥയുടെ തുടക്കം.
ഈ വിവരത്തിന്റെ അപകടസാധ്യത മനസ്സിലാക്കിയ അശോക ചക്രവർത്തി ഇത് തെറ്റായ കൈകളിൽ എത്തിപ്പെടാതെ സൂക്ഷിക്കുവാൻ തീരുമാനിക്കുന്നു. അതിനായി തനിക്ക് പൂർണ്ണ വിശ്വസമുള്ള 9 പേരുടെ ഒരു സംഘത്തെ നിയോഗിക്കുന്നു. ആ രഹസ്യത്തിലേക്ക് നയിക്കുന്ന രേഖകളും പൊതുജനശ്രദ്ധയിൽ നിന്ന് ഒളിപ്പിക്കുകയും ചെയ്യുന്നു. സ്വന്തം ജീവൻ കൊടുത്തും ഈ രഹസ്യം സംരക്ഷിക്കുമെന്ന് ആ 9 പേർ പ്രതിജ്ഞ ചെയ്യുന്നു. തങ്ങളുടെ കാലം കഴിയാറാകുമ്പോൾ, വിശ്വസയോഗ്യരായ മറ്റു 9 പേർ ഈ സ്ഥാനത്തേക്ക് അവരോധിക്കപ്പെടും എന്നും അവർ തീരുമാനിക്കുന്നു. പല നൂറ്റാണ്ടുകളായി പല തലമുറയിൽപ്പെട്ട 9 പേരുടെ സംഘമാണ് ഈ രഹസ്യം കാത്തു സൂക്ഷിക്കുന്നത്.
വിജയ് ഇമെയിലുകളിൽ നിന്ന് ആ രഹസ്യത്തിലേക്കുള്ള സൂചന കണ്ടെത്തുന്നു. ഫാറൂഖും കൂട്ടരും കണ്ടെത്തും മുമ്പ് അത് സുരക്ഷിതമാക്കുവാനാണ് വിജയ് ശ്രമിക്കുന്നത്. പല ഘട്ടങ്ങളിലായി നിധിവേട്ടയ്ക്ക് സമാനമായ യാത്ര നടത്തുന്ന വിജയ് കണ്ടെത്തുന്നത്, ഒരു ആയുധപ്പുരയാണ്. മഹാഭാരതത്തിൽ പറഞ്ഞിരിക്കുന്ന ശക്തികള്‍ നിറഞ്ഞ പല ആയുധങ്ങളും അവിടെയുണ്ട്. ഫാറൂഖും കൂട്ടരും കണ്ടെത്തുന്നുണ്ടെങ്കിലും രണ്ടു കൂട്ടർക്കുമിടയിലുള്ള സംഘട്ടനത്തിൽ ഗ്രനേഡ് വീണ് ആ രഹസ്യ ഗുഹയിലേക്ക് പ്രവേശിക്കുന്നയിടം ഇടിഞ്ഞു വീഴുകയും ഫാറൂഖും കൂട്ടരും കൊല്ലപ്പെടുകയും ചെയ്യുന്നു.
അതുവഴി ആ രഹസ്യത്തിലേക്കുള്ള എല്ലാ മാർഗവും ഇല്ലാതായി എന്നു വിചാരിച്ചിരിക്കുമ്പോഴാണ് വിജയ് തന്റെ അമ്മാവന്റെ ഇമെയിലുകൾ വീണ്ടും വായിക്കുകയും അതിൽ മറ്റൊരു സൂചന കണ്ടെത്തുകയും ചെയ്യുന്നത്. അമ്മാവൻ താമസിച്ചിരുന്ന ജൗൻഗഡ് കോട്ടയിൽ അജ്ഞാത ഒൻപത് എന്നറിയപ്പെടുന്ന ആ സംഘത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട രേഖകളും ഗ്രന്ഥങ്ങളും പുരാതന പുരാവസ്തുക്കളും അടങ്ങിയ ഒരു രഹസ്യ അറ കണ്ടെത്തുന്നു.
അവിടെ അമ്മാവനിൽ നിന്നുള്ള ഒരു കത്ത് അവനെ കാത്തിരിക്കുന്നു. അജ്ഞാത ഒമ്പതിലെ അവസാന അംഗമാണെന്ന് താനെന്നും തന്റെ മരണത്തോടെ ആ അമൂല്യ രേഖകളുടെ രക്ഷാകർതൃത്വം വിജയ് സ്വീകരിക്കാനമെന്നും അതിൽ പറഞ്ഞിരിക്കുന്നു. അങ്ങനെ ആ രഹസ്യ അറയുടെയും ആയുധങ്ങളുടെയും ഉത്തരവാദിത്വം ഏറ്റെടുത്ത് വിജയ് പുതിയ അജ്ഞാത ഒൻപതിന്റെ തുടക്കമിടുന്നതോടെയാണ് നോവൽ അവസാനിക്കുന്നത്. ഇതിഹാസമായ മഹാഭാരതത്തെക്കുറിച്ചുള്ള വിപുലമായ ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ള പുസ്തകങ്ങളിൽ മികവ് പുലർത്തുന്ന ഒന്നാണ് ഈ പുസ്തകം.