ADVERTISEMENT

ഐ.സി.യുവിൽ നിന്നും ഇടനാഴിയിലൂടെ നേരേ പോയാൽ എത്തിച്ചേരുക വിശാലമായ വെയിറ്റിങ് റൂമിലാണ്. ടി.വിയും മിനി കൂൾബാറുമൊക്കെയുള്ള അവിടെ ഇളം നീല നിറത്തിലുള്ള കുഷ്യൻ കസേരകൾ നിരത്തിയിട്ടിട്ടുണ്ട്. അതിലൊന്നിലിരിക്കുകയായിരുന്നു അവൾ, ജിസ്ന, ജാലകത്തിനരികെ. മേൽക്കൂരപ്പൊക്കത്തിലുള്ള വീതിയേറിയ ആ ചില്ലുജാലകത്തിലൂടെ നോക്കിയാൽ പാർക്കിങ് ഏരിയയും, അതിനപ്പുറമുള്ള തടാകവും കാണാം. ഉയർന്ന നിലകളിലെ ഇത്തരം ജാലകങ്ങളിലൂടെ നോക്കിയാൽ ആകാശവും മേഘങ്ങളുമൊക്കെ തൊട്ടടുത്താണെന്ന് തോന്നും. ടി.വിയിലെ വാർത്താ പരിപാടിയിലേക്ക് കണ്ണും നട്ട് ഒരു പ്രതിമ പോലെ ഇരിക്കുകയാണവൾ. പുറമെ നിന്നു നോക്കുമ്പോൾ ടി.വി കാണുകയാണെങ്കിലും യഥാർഥത്തിൽ അവൾ ഒന്നും കാണുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ല എന്നെനിക്ക് തോന്നി. ടെൻഷൻ അത്രമേൽ അവളെ കീഴ്പ്പെടുത്തിയിരിക്കാം. എനിക്കവളോട് അലിവും സഹതാപവും തോന്നാൻ തുടങ്ങി. പതിനേഴ് വർഷങ്ങൾക്കിപ്പുറം അവളോടുള്ള ക്രോധം, അനുകമ്പക്ക് വഴിമാറുകയാണോ എന്ന് ഞാൻ സ്വയം ചോദിച്ചു. കാരണം അതെന്റെ രീതിയല്ല. ഒരുപക്ഷേ സാഹചര്യത്തിന്റെ പ്രത്യേകത കൊണ്ടായിരിക്കാം അതെന്ന് ഞാൻ ചിന്തിച്ചു. അല്ലെങ്കിൽ പതിനേഴുകാരനിൽ നിന്നും മുപ്പത്തിനാലുകാരനായപ്പോൾ സിദ്ധിച്ച പക്വതയുടെ ഫലവുമാകാം.

ഞാൻ കൂൾബാറിൽ നിന്നും ഒരു ബോട്ടിൽ പെപ്സി വാങ്ങി അവൾക്കടുത്തേക്ക് ചെന്നു. എന്നെ കണ്ടപ്പോൾ അവളുടെ മുഖമൊന്ന് വിളറി. ഞാൻ പുഞ്ചിരിച്ചു. എനിക്കതിനു കഴിഞ്ഞു. എന്നാൽ അവൾ ചിരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു. കരഞ്ഞു കലങ്ങിത്തളർന്ന കണ്ണുകൾ അവൾ എന്റെ മുഖത്ത് നിന്നും പിൻവലിച്ചു. ഞാൻ സ്നേഹത്തോടെ പെപ്സി അവൾക്ക് നേരെ നീട്ടി. എന്റെ മുഖത്ത് നോക്കാതെ തെല്ലൊരു സങ്കോചത്തോടെ അവളത് വാങ്ങി. പിന്നെ ഒറ്റവലിക്ക് കുടിച്ചു തീർത്തു. "നല്ല ദാഹമുണ്ടായിരുന്നു. താങ്ക്സ് ടാ..." ടൗവലെടുത്ത് ചുണ്ട് തുടച്ചു കൊണ്ട് പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു. ശേഷം എഴുന്നേറ്റ് പോയി കാലി ബോട്ടിൽ ഡസ്റ്റ് ബിന്നിലിട്ട് മടങ്ങി വന്നു. "അല്ലെങ്കിലും പണ്ടേ നീ ഇങ്ങനെയാണ്. മറ്റുള്ളവർക്ക് എന്താണ് വേണ്ടതെന്ന് അവർ പറയാതെ തന്നെ നീ മനസ്സിലാക്കും." അവൾ പറഞ്ഞു. ചിരിയോടെ ഞാൻ അവൾക്കടുത്തിരുന്നു പറഞ്ഞു: "ശരിയാണ്. എനിക്കങ്ങനെ ചില ഗുണങ്ങളൊക്കെയുണ്ട്. പക്ഷെ അതൊക്കെ ആര് ശ്രദ്ധിക്കുന്നു? എല്ലാവർക്കും എന്റെ ദൂഷ്യത്തിലും ദോഷത്തിലുമൊക്കെയാണ് കണ്ണ്." ഞാനീ പറഞ്ഞത് എത്രത്തോളം അവൾക്ക് സ്വീകാര്യമായി എന്നെനിക്കറിയില്ല. അവൾക്ക് നേരെ ഞാനൊരു ഒളിയമ്പെയ്തു എന്ന് ചിന്തിച്ചിരിക്കാം. എന്തായാലും കുറച്ചു നേരത്തേക്ക് അവളൊന്നും മിണ്ടിയില്ല.

വെയിറ്റിങ് റൂമിന് മുന്നിലൂടെ ഒരു സ്ട്രെക്ച്ചർ കടന്ന് പോയി. മൃതശരീരമാണതിൽ. മോർച്ചറിയിലേക്ക് കൊണ്ട് പോകുന്നതാണ്. ഇത് കണ്ടപ്പോൾ അവളുടെ കണ്ണുകളിൽ വല്ലാത്തൊരു അരക്ഷിതാവസ്ഥയും ഭയവും നോവും നിറയുന്നത് ഞാൻ കണ്ടു. "എനിക്കും പിള്ളേർക്കും നാസിം മാത്രമേ ഉള്ളൂ. അവനാണെങ്കിൽ അപകടനില പോലും തരണം ചെയ്തിട്ടില്ല." അവൾ ഒരു തേങ്ങലെന്ന പോലെ പറഞ്ഞു. "അവനൊന്നും സംഭവിക്കില്ലെടീ... നീ സമാധാനമായിരിക്ക്. നിങ്ങളുടെ പ്രണയം സത്യമുള്ളതും സ്നേഹം ആഴമുള്ളതുമാണ്. അപ്പോൾ അത് നിലനിൽക്കുക മാത്രമേ ചെയ്യൂ. ഇടയ്ക്ക് വെച്ച് പൊടുന്നനെ നിലച്ചു പോവുകയും മറ്റുമില്ല." ഉള്ളിന്റെയുള്ളിൽ ഒരു നീറ്റലുണ്ട്, എനിക്ക്, ഞാനിത് പറയുമ്പോൾ. അതവൾ എളുപ്പം പിടിച്ചെടുത്തു. അവൾ എന്നെത്തന്നെ നോക്കിയിരുന്നു. ഞാൻ തുടർന്നു: "അഞ്ചു വർഷം നീയും നാസിമും പ്രണയിച്ചു. പിന്നെ വിവാഹിതരായി. പന്ത്രണ്ടു കൊല്ലമായി വൈവാഹീക ജീവിതം നയിക്കുന്നു. ഇത്ര സുദീർഘമായ കാലയളവിൽ, രണ്ടുപേർ, പരസ്പ്പരം വിശ്വസിച്ചും, മനസ്സിലാക്കിയും ഒന്നിച്ചുണ്ടാവുക എന്നത് വലിയ കാര്യമാണ്." ഞാനിത് പറഞ്ഞപ്പോൾ അവൾ ശരിയാണ് എന്ന അർഥത്തിൽ തലയാട്ടി.

"എല്ലാം നല്ലതിനായിരുന്നു. എനിക്ക് തെല്ലും കുറ്റബോധം തോന്നിയിട്ടില്ല ഇന്ന് വരെ. തെറ്റ് പറ്റിയിട്ടില്ലെന്ന ഉത്തമ ബോധ്യമാണ് എന്നെ മുന്നോട്ട് നയിച്ചത്." - അവൾ പറഞ്ഞു. "തീർച്ചയായും നീയായിരുന്നു ശരി. നിന്റെ തീരുമാനമായിരുന്നു ശരി. കൃത്യസമയത്ത് തീരുമാനം എടുക്കുക എന്നത് പ്രധാനമാണ്. അതുകൊണ്ട് നീ രക്ഷപ്പെട്ടു. നീ ആശിച്ചത് പോലൊരു ജീവിതം നിനക്ക് കിട്ടി. എനിക്കൊരിക്കലും നിന്റെ തേട്ടങ്ങളെ പൂരിപ്പിക്കാൻ സാധിക്കില്ലായിരുന്നു." അവൾ എന്റെ തോളിൽ തട്ടി. "ഈ സംസാരം നമുക്ക് നിർത്താം. നമ്മൾ എന്തിനിപ്പോൾ ഇതൊക്കെ പറയുന്നു? പഴയ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നിട്ടെന്തിനാണ്?" - അവൾ ചോദിച്ചു. ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. സംസാരിച്ചു വന്ന വിഷയം തുടരേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തു. ഓർമ്മകൾ മനസ്സിൽ ഇരമ്പാൻ തുടങ്ങിയിരുന്നു. ആ പഴയ കാലം. കാമ്പസിൽ നുരഞ്ഞു പൊന്തി, നിറഞ്ഞു തുളുമ്പിയ പോയകാലം. അത് പൂന്തളിരായും പൂമ്പാറ്റയായും മഴയായും വെയിലായും നിറമായും മണമായും എന്നിൽ ചിറകു വിടർത്തി….

ഒരു കുന്നിൻ മുകളിലായിരുന്നു കാമ്പസ്. അടിവാരത്ത് ബസിറങ്ങി മൂന്ന് കിലോമീറ്റർ നടക്കണം. വഴിക്കിരുവശവും കൊച്ചു കൊച്ചു വീടുകളും പീടികകളും റബർ തോട്ടങ്ങളുമാണ്. കുന്ന് കയറിച്ചെല്ലുന്നത് ഒരു സർക്കാർ എൽ.പി സ്‌കൂളിന്റെ മുന്നിലേക്കാണ്. അവിടെ നിന്നും വഴി രണ്ടായി പിരിയുന്നു. ഇടത്തേക്ക് പോയാൽ പൈനാപ്പിൾ തോട്ടങ്ങൾ പിന്നിട്ട് കാമ്പസിലേക്കെത്താം. വലത്തേക്ക് തിരിഞ്ഞാൽ തോട്ടങ്ങളിൽ പണിയെടുക്കുന്നവരുടെ കോളനിയാണ്. അടിവാരത്ത് ആദ്യം ബസിറങ്ങിയിരുന്നത് ഞാനാണ്. ഞാനെത്തി, പത്തിരുപത് മിനിറ്റ് കഴിഞ്ഞാണ് ജിസ്ന ബസിറങ്ങുക. അതുവരെ ഞാൻ വെയിറ്റ് ചെയ്യും. സ്റ്റോപ്പിൽ തന്നെ ഒരു പഴയ ജൗളിക്കടയുണ്ട്. അതിന്റെ തിണ്ണയിലിരിക്കും. സുഹൃത്തുക്കൾ പലരും ബസിറങ്ങി കാമ്പസിലേക്ക് പോകുന്നുണ്ടാകും. അവർ വിളിച്ചാലൊന്നും കൂടെ ചെല്ലില്ല. അവൾ വന്നാൽ രണ്ടാളും ഒന്നിച്ച് കുന്ന് കയറും. സംസാരിച്ചും വിശേഷങ്ങൾ പങ്കുവെച്ചും തമാശകൾ പറഞ്ഞ് ചിരിച്ചുല്ലസിച്ചുമൊക്കെയുള്ള ആ നടത്തം രണ്ടുപേരും നന്നായി ആസ്വദിച്ചിരുന്നു.

പൂവിതളുകൾ വീണു കിടക്കുന്ന കോളജ് മുറ്റത്തൂടെ ഞങ്ങൾ ചുറ്റി നടന്നു. ലൈബ്രറിയിൽ അഭിമുഖമായിരുന്ന് കണ്ണുകളിൽ കണ്ണുകൾ കോർത്ത് രസിച്ചു, മൗനത്തിന്റെ സ്വാദറിഞ്ഞു. കോളജിന് പിന്നിലെ മൈതാനത്തിന്റെ ഗാലറിയിലിരുന്ന് ഞങ്ങൾ മുറുക്കി. മൈതാനത്തിറങ്ങി ഓട്ടമത്സരം നടത്തി. ഇടയ്ക്ക് ക്ലാസ് കട്ട് ചെയ്ത് സിനിമക്ക് പോയി. വൈകുന്നേരങ്ങളിൽ, തെളിഞ്ഞൊഴുകുന്ന കടമ്പ്രയാറിന്റെ തീരത്ത് പോയിരുന്നു. ആശകളും നിരാശകളും സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കുവെച്ചു. ഞാനെഴുതുന്ന കവിതകളുടെ ആദ്യത്തെ വായനക്കാരിയായി അവൾ. പുതുതായി ഇറങ്ങുന്ന സിനിമാ ഗാനങ്ങൾ ഡയറിയിൽ കുറിച്ചെടുത്ത് എന്നെ പാടിക്കേൾപ്പിക്കും അവൾ. ഓരോ ദിവസം കഴിയുന്തോറും അവളിൽ അഴക് തെളിഞ്ഞു തെളിഞ്ഞു വന്നുകൊണ്ടിരുന്നു. യൗവനം അവളിൽ പൂത്തുലയാൻ തുടങ്ങി. ഞാനവളെ പ്ലസ് വണ്ണിന് പഠിക്കുമ്പോൾ മുതൽ കാണുന്നതാണ്. ഞാൻ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട അന്നത്തെ സ്‌കൂൾ യുവജനോത്സവത്തിൽ മാപ്പിളപ്പാട്ടിന് എനിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു അവൾ. ആ സ്വരം എനിക്കിഷ്ടമായി. അവളേയും. ഒട്ടും വൈകാതെ ഞങ്ങൾ കമിതാക്കളായി. അന്നവൾ ചെറിയ കുട്ടിയായിരുന്നു. അത്ര ആകർഷണീയതയൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ കാമ്പസ് കാലമായപ്പോഴേക്ക് അവൾ അതിമനോഹരിയായി മാറി. അവളെ ഒന്ന് തൊടണമെന്ന മോഹം എന്നിൽ നാമ്പിട്ടു. ഞാനൊന്ന് തൊടുകയും ചെയ്തു! എന്നാൽ അതവൾക്ക് ഇഷ്ടമായില്ല. അവൾക്കത് ഉൾക്കൊള്ളാൻ സാധിച്ചില്ല. അവളെന്നോട് പിണങ്ങി. അവൾ എന്നിൽ നിന്നും അകലം പാലിക്കാൻ തുടങ്ങി. 

ഞാൻ പറഞ്ഞു: "നിന്നെ ഒന്ന് സ്പർശിച്ചത് ഒരു തെറ്റായിട്ട്  ഞാൻ കാണുന്നില്ല. കാരണം നീ എനിക്ക് അന്യയല്ല. സമ്മതം ചോദിക്കാൻ നമ്മുടേത് ഫോർമലായ ഒരു ബന്ധവുമല്ല. പക്ഷെ നിനക്കത് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാൻ മാപ്പ് ചോദിക്കുന്നു. മേലിൽ ഇതാവർത്തിക്കില്ലെന്ന് ഉറപ്പും പറയുന്നു. ഒരു കാമുകന്റെ അധികാരം സ്ഥാപിക്കലായോ, നിന്നിലെ പെണ്ണിലേക്കുള്ള കടന്നു കയറ്റമായിട്ടോ ഈ സംഭവത്തെ കാണരുത് നീ. ഇതിന്റെ പേരിൽ എന്നിൽ നിന്നും അകലുകയുമരുത്." ഞാൻ യാചിക്കുകയായിരുന്നു. എന്നാൽ അവൾ അടങ്ങിയില്ല. അവളെനിക്ക് മാപ്പ് തന്നില്ല. എനിക്ക് മുഖം തന്നില്ല. ഞാനെന്നും അവൾക്കരികിലെത്തി സംസാരിച്ചു. അവൾ കേട്ടതായി ഭാവിച്ചില്ല. വിശേഷങ്ങൾ ചോദിച്ചാൽ, മറുപടി ചുരുങ്ങിയ വാക്കുകളിൽ ഒതുക്കും. തിരക്കുണ്ട്, പിന്നീട് കാണാം എന്ന് പറഞ്ഞൊഴിയും. എനിക്ക് വേദന തോന്നാൻ തുടങ്ങി. എന്റെ പ്രതീക്ഷകൾ അസ്തമിക്കാൻ തുടങ്ങി. ഹൃദയത്തിനാണ് മുറിവ്. ആഴത്തിലാണ് മുറിവ്. ഞാനാകെ തകരാൻ തുടങ്ങി. എന്നിലെ കവിതയാകെ വറ്റാൻ തുടങ്ങി. അവൾ ഇനി പഴയ അവളായി എനിക്കരികിലുണ്ടാവില്ലേ എന്ന ആശങ്ക എന്നിൽ നിഴലിട്ടു.  

ഞങ്ങളുടെ ബന്ധത്തിൽ വിള്ളൽ വീണു കഴിഞ്ഞു എന്ന വാർത്ത കാമ്പസിലാകെ കാട്ടുതീ പോലെ പടർന്നു. അതിനു പിന്നാലെയാണ് എന്നെത്തേടി പ്രണയാഭ്യർഥനകൾ വരാൻ തുടങ്ങിയത്. പല പെൺകുട്ടികളും അവളുമായുള്ള എന്റെ ബന്ധത്തിന്റെ പേരിൽ ഉള്ളിലൊതുക്കിയ എന്നോടുള്ള ഇഷ്ടം ആ അവസരത്തിൽ തുറന്നു പറയാൻ തുടങ്ങുകയായിരുന്നു. വിരഹ ദുഃഖത്തിന്റെ അഗാധ ഗർത്തത്തിലേക്ക് വീണു പോകുമായിരുന്ന എനിക്ക് ആ പ്രണയാഭ്യർഥനകൾ വലിയ ആശ്വാസമേകി. ഒരഭ്യർഥനയും ഞാൻ നിരസിച്ചില്ല. ആരെയും നിരാശപ്പെടുത്തിയില്ല. എന്റെ വിരഹം മറക്കാനുള്ള മദിരയായിരുന്നു എനിക്കാ പ്രണയങ്ങൾ. നിരുപാധികമായ പ്രണയങ്ങൾ. അവൾ വരച്ചത് പോലുള്ള ലക്ഷ്മണരേഖകളും അതിർവരമ്പുകളുമില്ലാത്ത പ്രണയങ്ങൾ. ഏറ്റവും തന്ത്രപരമായ ധാരണകളുടെ അടിസ്ഥാനത്തിലുള്ള പ്രണയങ്ങൾ. അതിന്റെ ലഹരിയിൽ സ്വയം മറക്കുമ്പോഴും അവൾ മടങ്ങി വന്നിരുന്നെങ്കിൽ എന്ന് ഞാൻ ഒരുപാടാശിച്ചു. എനിക്ക് അവളിൽ നിന്നകലാം. അവളെ എനിക്ക് മറക്കാം. അവളുടെ ഓർമ്മകളെ മറികടക്കാം. എന്നാൽ അത്ര ഹൃദയമില്ലാത്തവനല്ല ഞാൻ. അതുകൊണ്ട് ഇടയ്ക്കിടെ ഞാൻ അവളെ സമീപിക്കും. നിലപാടിൽ മാറ്റമുണ്ടോ എന്ന് ആരായും.

ഒരു വൈകുന്നേരം അത്തരമൊരു സന്ദർഭത്തിൽ അവൾ പറഞ്ഞു: "കാമ്പസിൽ എല്ലാവരും നിന്നെയിപ്പോൾ കാസനോവ എന്നാണ് വിളിക്കുന്നത്. ഒരേസമയം നിരവധി പെൺകുട്ടികളുടെ പ്രണയ രാജകുമാരനായി വാഴുകയാണല്ലോ നീ. ആയിക്കോളൂ. നിന്റെ ഉദ്ദേശ്യങ്ങൾ ഭംഗിയായി നടക്കട്ടെ. എന്തായാലും എന്നെ അതിന് കിട്ടില്ല. എനിക്ക് വേണ്ടത് അൽപ്പം കൂടി വിശുദ്ധവും ആഴമുള്ളതുമായ ഒരു ബന്ധമാണ്. ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന നിസ്വാർഥമായ ഒരു ബന്ധം. അത് നിന്നിൽ നിന്നും പ്രതീക്ഷിക്കാനാവില്ല എന്ന് എനിക്ക് ബോധ്യമുണ്ട്. അതുകൊണ്ട് ഇനി നീ എനിക്കരികിൽ വരരുത്. ഞാനും നിന്നെ തേടി വരില്ല. ഇനിയുള്ള കാലം കാമ്പസിൽ നമ്മൾ തമ്മിലറിയാത്ത രണ്ട് അപരിചിതർ മാത്രമായിരിക്കും." ഇത് കേട്ടതും എനിക്ക് കലിയിളകി. ഞാൻ അലറി: "ആയിക്കോട്ടെ... അങ്ങനെ ആയിക്കോട്ടെ.... എന്നോട് താൽപര്യക്കുറവുണ്ടെങ്കിൽ അത് പറഞ്ഞാൽ മതി. അല്ലാതെ പ്രണയത്തിന്റെ വിശുദ്ധിയും ബന്ധത്തിന്റെ ആഴവുമൊന്നും നീ എന്നെ പഠിപ്പിക്കേണ്ട. അല്ലെങ്കിലും അതിനെക്കുറിച്ചൊക്കെ നിനക്കെന്തറിയാം? ദേഹങ്ങൾ തമ്മിലുള്ള അകലം പാലിക്കലാണ് പ്രണയത്തിന്റെ വിശുദ്ധി എന്നാണോ നീ കരുതിയിരിക്കുന്നത്? ദേഹികൾ തമ്മിലുള്ള ഇണക്കത്തിനും ഇഴുകിച്ചേരലിനും അതുമായി ബന്ധമില്ലെന്നാണോ? കവിയാണെടീ ഞാൻ. പ്രണയത്തെക്കുറിച്ച് ശൂന്യതയിൽ നിന്നും കവിത സൃഷ്ടിക്കുന്നവൻ. അതിന്റെ ആഴവും പരപ്പും മധുരവും കയ്പ്പും തിരിച്ചറിഞ്ഞവൻ. എന്നോട് വേണ്ട നിന്റെ വേദാന്തം...!"

അടിവാരത്തേക്ക് നടക്കുകയായിരുന്നു ഞങ്ങൾ. അവൾ മുഖം വെട്ടിച്ച്, ക്രുദ്ധയായി റോഡ് മുറിച്ചു കടന്നു. പിന്നെ അതിലെ വന്ന ഒരു ഓട്ടോക്ക് കൈകാണിച്ച് കയറിപ്പോയി. അതിനു ശേഷം അവളെന്റെ മുഖത്ത് നോക്കിയിട്ടില്ല. ഒരിക്കൽ പോലും എന്നോടൊന്ന് മിണ്ടിയിട്ടില്ല. പോകെപ്പോകെ ഞാനും അവളെ മനസ്സിൽ നിന്നും മായ്ക്കാൻ തുടങ്ങി. പെൺകൗമാരത്തിന്റെ സുഗന്ധങ്ങളിലും സ്നിഗ്ധതകളിലും ഞാൻ എല്ലാം മറന്നൊഴുകി. കാമ്പസ് ജീവിതം ഒരു ഉത്സവമെന്ന പോലെ ആടിത്തിമിർത്തു. അതിനിടയിലെപ്പോഴോ അവൾ നാസിമുമായി അടുപ്പത്തിലായി! പെട്രൊകെമിക്കൽസിലെ രണ്ടാം വർഷക്കാരനായിരുന്നു നാസിം. വിദ്യാർഥി നേതാവുമായിരുന്നു. ചാറ്റൽ മഴയുള്ള ഒരു വൈകുന്നേരം ഇളം പച്ച കുടക്ക് കീഴെ അതേ നിറത്തിലുള്ള വസ്ത്രങ്ങളുമണിഞ്ഞ് റബർ തോട്ടത്തിനോരം ചേർന്ന് സല്ലാപത്തിൽ സ്വയം മറന്ന് അവർ നടന്നു പോകുന്നത് ഞാൻ കണ്ടു! അനുരാഗത്തിന്റെ അതിമനോഹരമായ ഒരു കാഴ്ചയായി ഞാനതിനെ വിലയിരുത്തി. മനസ്സുകൊണ്ട് ഞാനവർക്ക് എല്ലാ ഭാവുകങ്ങളും നേർന്നു.

കാമ്പസിന് ശേഷം മൂന്ന് വർഷം കഴിഞ്ഞാണ് പിന്നെ ഞാൻ അവളെ കാണുന്നത്. ഇൻഫോപാർക്കിലേക്കുള്ള ട്രാൻസ്‌പോർട്ട് ബസിൽ വെച്ച്. അവളെന്നെ ഒറ്റത്തവണയേ നോക്കിയുള്ളൂ. മുഖം തിരിച്ചു കളഞ്ഞു. ഞാനും കണ്ട ഭാവം കാട്ടിയില്ല. എന്നാൽ ബസിൽ നിന്നും ഇറങ്ങാൻ നേരം അവൾ എനിക്കടുത്തേക്ക് വന്നു. "അടുത്ത വർഷമാദ്യം ഞാനും നാസിമും വിവാഹിതരാകും. അന്ന് തൊട്ട് ഞങ്ങൾ പ്രണയിക്കുകയാണ്. ഇനി വിവാഹ ജീവിതത്തിലേക്ക്. പ്രണയത്തിന്റെയും മനുഷ്യ ബന്ധങ്ങളുടെയും പൊരുൾ നിനക്ക് ഞാൻ ജീവിച്ചു കാണിച്ചു തരാം. നിന്റെ കവിതകളിലെ പ്രണയ ബിംബങ്ങളുടെ നിരർഥകത നിന്നെ ഞാൻ ബോധ്യപ്പെടുത്തുക തന്നെ ചെയ്യും." - എന്റെ കാതിൽ ഒരു മന്ത്രണം പോലെ, എന്നാൽ പതറാത്ത ശബ്ദത്തിൽ, പല്ലു ഞെരിച്ചു കൊണ്ട് അവളിത് പറഞ്ഞപ്പോൾ ഞാനാകെ വിയർത്തു പോയി. അഞ്ചു വർഷം മുൻപത്തെ ഞങ്ങളുടെ അവസാന സംഭാഷണത്തിന്റെ തുടർച്ചയെന്നോണമാണ് അവൾ സംസാരിച്ചത്! അണഞ്ഞിട്ടില്ല അവളിലെ കനൽ. തോൽക്കാൻ അവൾക്ക് മനസ്സില്ല. ബസിറങ്ങി ഉറച്ച കാൽവെപ്പുകളോടെ നടന്നു നീങ്ങുന്ന അവളെ കണ്ണിൽ നിന്നും മറയുന്നത് വരെ ഞാൻ നോക്കിക്കൊണ്ടിരുന്നു. എന്തൊരു കരുത്താണവൾക്ക്. എന്തൊരു നിശ്ചയ ദാർഢ്യമാണ്. ജീവിതത്തിൽ പതറിപ്പോയ സന്ദർഭങ്ങളിൽ ഒന്നായിരുന്നു എന്നെ സംബന്ധിച്ചത്. ഞാൻ തോറ്റു പോയ ഒരുവനാണെന്ന് കുറച്ചു നേരത്തേക്കെങ്കിലും എനിക്ക് തോന്നിപ്പോയി. അഞ്ചു വർഷം മുൻപ് അവൾ അകന്നു പോയപ്പോൾ എന്നെ ഗ്രസിക്കാതിരുന്ന തിരസ്‌ക്കാരത്തിന്റെ നോവ് ആ നിമിഷങ്ങളിൽ എന്നിൽ പടരാൻ തുടങ്ങി. കണ്ണുകളിൽ അശ്രു പൊടിഞ്ഞു. സ്വയമറിയാതെ ചുണ്ടുകൾ വിതുമ്പി. മനസ്സാകെ കലങ്ങി. ആ ഒരവസ്ഥയിൽ നിന്നും പുറത്ത് വന്നത് ഏറെ പണിപ്പെട്ടാണ്.

അതുകഴിഞ്ഞിട്ട് പന്ത്രണ്ട് വർഷം കടന്നു പോയിരിക്കുന്നു. സുദീർഘവും സംഭവബഹുലവുമായ പന്ത്രണ്ട് വർഷങ്ങൾ! ഈ കാലയളവിനിടെ ഒരിക്കൽ പോലും അവളെ കാണുകയുണ്ടായില്ല. ഒടുവിൽ ഇന്ന് അപ്രതീക്ഷിതമായി, വല്ലാത്തൊരു സാഹചര്യത്തിൽ അവളെ കണ്ട് മുട്ടുകയും ചെയ്തു! ഭാര്യയെ പിക്ക് ചെയ്യാൻ ആശുപത്രിയിലെത്തിയ ഞാൻ കാഷ്വാലിറ്റി പരിസരത്ത് വലിയ ബഹളം കേട്ട് ചെന്ന് നോക്കിയതാണ്. ആക്സിഡന്റ് കേസാണെന്ന് മനസ്സിലായി. സ്ട്രെക്ച്ചറിൽ രക്തത്തിൽ കുളിച്ച് ഒരാൾ കിടക്കുന്നു! ജീവന് വേണ്ടി പിടയുന്നു. ഞാൻ കണ്ണ് മാറ്റി. ഭീകരമായ കാഴ്ചയാണ്. പൊടുന്നനെയാണ് ആൾക്കൂട്ടത്തിൽ ഞാൻ അവളെ കണ്ടത്! പന്ത്രണ്ട് വർഷം അവളിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ അവളെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടായില്ല. അവൾ കരയുകയായിരുന്നു. ഞാൻ അവൾക്കടുത്തേക്ക് ചെന്നു. ഒറ്റ നോട്ടത്തിൽ അവൾ എന്നെയും തിരിച്ചറിഞ്ഞു. ഞാനത് പ്രതീക്ഷിച്ചതല്ല. കാരണം ഞാൻ ഒരുപാട് മാറിയിട്ടുണ്ട്. എന്റെ രൂപം, വസ്ത്രധാരണ രീതി അങ്ങനെ മാറ്റങ്ങൾ ഒരുപാടുണ്ട്. എന്നെ കണ്ടപ്പോൾ അവൾ ഒന്നമ്പരന്നതായിത്തോന്നി. "നാസിം...." - സ്ട്രെക്ച്ചറിലേക്ക് ചൂണ്ടി നിസ്സഹായതയോടെ അവൾ പറഞ്ഞു. മറ്റൊന്നും പറയാൻ അവൾക്കാകുന്നുണ്ടായിരുന്നില്ല. ഏങ്ങലടിച്ച് കരയുകയായിരുന്നു.

വെയിറ്റിങ് റൂമിലെ ടി.വിയിൽ ആരോ ചാനൽ മാറ്റി. കോലിയുടെ മുഖം സ്‌ക്രീനിൽ തെളിഞ്ഞു. ഇന്ത്യയുടെ ഇംഗ്ലണ്ട് ടൂറാണ്. ആദ്യ ഏകദിനം. കോലി വൺ ഡൗൺ ആയി ഇറങ്ങിയിരിക്കുന്നു. "നാസിമിന്റെ ബൈസ്റ്റാൻഡർ അല്ലേ...?" - ഇതും ചോദിച്ച് ഒരു നഴ്‌സ് അവിടേക്ക് വന്നു. "അതെ." - തലയാട്ടിക്കൊണ്ട് അവൾ എഴുന്നേറ്റു. ആകാംക്ഷയോടെ അവൾ നഴ്‌സിനെ നോക്കി. ഞാനും എഴുന്നേറ്റു. എന്നിലും ഒരു പിരിമുറുക്കം അരിച്ചു കയറി. "അത്യാവശ്യമായി ബ്ലഡ് വേണം. എ.ബി നെഗറ്റീവ് ആണല്ലോ നാസിമിന്റേത്. റെയർ ഗ്രൂപ്പാണ്. പക്ഷെ അറേഞ്ച് ചെയ്തേ പറ്റൂ. എത്രയും വേഗം." - നഴ്‌സ് ഗൗരവത്തോടെ പറഞ്ഞു. അവൾ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കേ, ചിരിയോടെ, ഒരു കൊഞ്ചലോടെ നഴ്‌സ് എന്നോട് ചോദിച്ചു: "ഡോ. നജ്മയുടെ ഹസ്‌ബന്റാണല്ലേ?" "അതെ." ഞാൻ ചെറു ചിരിയോടെ പറഞ്ഞു. "മാഡം ക്യാരിയിങ്ങാണെന്നറിഞ്ഞു. കൺഗ്രാജ്‌സ്..." നഴ്‌സ് കണ്ണിറുക്കി ചിരിച്ചു. "താങ്ക്സ്" "നിങ്ങൾ തമ്മിൽ അറിയുമോ?" ഞങ്ങളെ രണ്ടു പേരേയും മാറി മാറി നോക്കിക്കൊണ്ട് നഴ്‌സ് ചോദിച്ചു. "ഞങ്ങൾ പഴയ പരിചയക്കാരാണ്." ഞാൻ പറയാനൊരുങ്ങി. എന്നാൽ അവൾ പറഞ്ഞു: "ഞങ്ങൾ കോളജ്മേറ്റ്സാണ്. കുറേക്കാലം കൂടി കണ്ടതാണ്." "ശരി. എങ്കിൽ ഞാൻ ചെല്ലട്ടെ." നഴ്‌സ് അവിടം വിട്ടു. ഞാൻ ജിസ്നക്ക് നേരെ തിരിഞ്ഞു പറഞ്ഞു: "നീ വിഷമിക്കേണ്ട. എന്റെ ബ്ലഡ് ഗ്രൂപ്പും എ.ബി നെഗറ്റീവാണ്! നാസിമിന് ഞാൻ ബ്ലഡ് നൽകാം." അവളുടെ കണ്ണുകൾ വിടരുന്നത് ഞാൻ കണ്ടു. അവളുടെ മുഖം പ്രകാശിക്കുന്നത് ഞാൻ കണ്ടു. അവൾ എന്നെ നോക്കി, സ്നേഹത്തോടെ. അവൾ എന്നോട് പുഞ്ചിരിച്ചു, സ്നേഹത്തോടെ. 

ഞാനൊരു തേങ്ങലോടെ കസേരയിലേക്കിരുന്നു. പതിനേഴ് വർഷങ്ങൾക്ക് ശേഷമാണ് അവളുടെ സ്നേഹമോലുന്ന നോക്കും ചിരിയുമൊക്കെ എനിക്ക് ലഭിക്കുന്നത്! എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് കരുതിയിരുന്നതാണ്. എന്നാൽ... അവൾ എനിക്കടുത്ത് വന്നിരുന്നു. എന്റെ കണ്ണുകൾ തുടച്ചു. പിന്നെ പറഞ്ഞു: "മനസ്സിലാക്കാതെ പോയി നിന്നെ, ഞാൻ..." അവളുടെ സ്വരമിടറി. മനസ്സിലുണ്ടായ ഒരുതരം നീറ്റൽ... അത് പെട്ടെന്നൊന്നും മാറുമെന്ന് തോന്നിയില്ല. ഞങ്ങൾ ബ്ലഡ് എടുക്കുന്നിടത്തേക്ക് നടന്നു. "അപ്പോൾ കല്യാണമൊക്കെ കഴിച്ചു. അല്ലെ? അതും ഒരു ഡോക്ടറെ...." അൽപ്പ നേരത്തെ മൗനത്തിന് ശേഷം അവൾ പ്രതിസന്ധികൾക്കും അനിശ്ചിതത്വങ്ങൾക്കും സങ്കടങ്ങൾക്കുമൊക്കെ നടുവിലാണെങ്കിലും കാര്യങ്ങൾ അറിയുവാനുള്ള സ്ത്രീ സഹജമായ ജിജ്ഞാസയും ത്വരയും കൗതുകവുമൊക്കെ അവളിലുണർന്നു. "അതെ. നജ്മ. ഗൈനക്കോളജിസ്റ്റാണ്. ഞാൻ നജ്മയെ പിക്ക് ചെയ്യാൻ വന്നതാണ്. അപ്പോഴാണ് ഒരു അർജന്റ് സർജറിക്കായി അവൾക്ക് തീയേറ്ററിലേക്ക് പോകേണ്ടി വന്നത്. പെട്ടെന്ന് വരാമെന്ന് പറഞ്ഞത് കൊണ്ട് വെയിറ്റ് ചെയ്യാമെന്ന് കരുതി." ഞാൻ പറഞ്ഞു. "കല്യാണം എന്ന കൺസപ്റ്റിലൊക്കെ വിശ്വാസം വന്നതെന്നാണ്?" അവൾ ചോദിച്ചു. "കുറെ വൈകി. മുപ്പത് വയസ്സായി പിള്ളേര് കളി നിർത്തിയപ്പോൾ." ഞാൻ പറഞ്ഞു. 

ഫോർമാലിറ്റിസ് പൂർത്തിയാക്കി ബെഡിൽ കിടന്നപ്പോൾ കാമ്പസിലെ പഴയൊരു 'ചോരക്കളി'യായിരുന്നു എന്റെ മനസ്സിൽ. തീർച്ചയായും പുറത്ത് കാത്തു നിന്ന അവളുടെ മനസ്സിലൂടെ കടന്നു പോയതും ആ പഴയ സംഭവമായിരിക്കും. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനാർഥിയായിരുന്നു ഞാൻ. ജയസാധ്യത കൽപിക്കപ്പെട്ടിരുന്നത് എനിക്കാണ്. കവിയും കാമുകനുമൊക്കെയായി കാമ്പസിൽ നിറഞ്ഞു നിന്ന എനിക്ക് എല്ലാ വിഭാഗം വിദ്യാർഥികളുടെയും പിന്തുണയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ എതിർ ചേരിയിൽ പെട്ടവർ അസ്വസ്ഥരായിരുന്നു. അവരുടെ നേതാക്കന്മാരിൽ ഒരാളായിരുന്നു നാസിം. തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപാണ് 'മീറ്റ് ദി ക്യാൻഡിഡേറ്റ്' നടന്നത്. പ്രസംഗത്തിനിടെ ഞാൻ എതിർപക്ഷത്തെ കടന്നാക്രമിച്ചു. നിശിത വിമർശനത്തിൽ പ്രകോപിതരായ അവർ വലിയൊരു സംഘർഷത്തിലേക്ക് കാമ്പസിനെ തള്ളിവിട്ടു. ശാരീരിക ക്ഷമതയുള്ള നാസിമായിരുന്നു അവരുടെ പക്ഷത്തെ അടിപിടി കാര്യങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. സംഘർഷം പൊട്ടിപ്പുറപ്പെട്ടപ്പോൾ നാസിമിന്റെ നേതൃത്വത്തിൽ ഒരു സംഘം എനിക്ക് നേരെ പാഞ്ഞടുത്തു. വേദിയിലേക്ക് കയറി വന്ന് നാസിം എന്നെ ചവിട്ടി വീഴ്ത്തി. എന്റെ കൂടെയുള്ളവരുടെ പ്രതിരോധം ഭേദിച്ചു കൊണ്ട് അവൻ കുറുവടി കൊണ്ട് എന്നെ അടിച്ചു. ചോരയൊഴുകി. സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ഞാൻ ഒരുവിധം അവിടെ നിന്നും രക്ഷപ്പെട്ടു. കൈയ്യിലും തുടയിലും ആഴത്തിൽ മുറിവേറ്റിരുന്നു. 

അന്നെന്റെ ചോര വീഴ്ത്തിയ ആൾക്കാണ് ഇന്ന് ഞാൻ ചോര നൽകുന്നത്! എന്തൊക്കെയാണ് കാലം ഓരോരുത്തർക്കുമായി കാത്തു വെക്കുന്നത്?! ചോര നൽകി തിരിച്ചിറങ്ങിയപ്പോൾ പഴവർഗങ്ങളും പാനീയങ്ങളുമായി അവൾ എനിക്കരികിലെത്തി. "എന്തിനാണ് ഇതൊക്കെ വാങ്ങിയത്? കുറച്ച് രക്തം കൊടുക്കുമ്പോഴേക്ക് തല കറങ്ങിപ്പോകുന്ന ആളൊന്നുമല്ല ഞാൻ." എനിക്കിങ്ങനെ പറയാനാണ് തോന്നിയത്. അവൾ മനോഹരമായി പുഞ്ചിരിച്ചു. പറഞ്ഞു: "നീയിത് കഴിക്ക്. കവികളുടെ ഭാഷയിൽ പറയാം... ഇത് എന്റെ സ്നേഹമാണ്. നിന്നോടുള്ള ആദരവും ബഹുമാനവുമാണ്. മനസ്സിലാക്കപ്പെടാതെ പോകുന്ന നിന്നിലെ നിന്നോടുള്ള ആരാധനയാണ്." എന്റെ കണ്ണുകൾ നിറഞ്ഞു. അവളുടെ കൈകൾ ഞാൻ എന്റെ കൈകൾക്കുള്ളിലാക്കി. "ഈ പറഞ്ഞതൊന്നും വെറും വാക്കല്ലല്ലോ...." എന്റെ സ്വരം പതറി. "നിനക്കങ്ങനെ തോന്നുന്നുണ്ടോ? വെറും വാക്ക് പറയുന്നവളല്ല ഞാനെന്ന് മറ്റാരേക്കാൾ നിനക്കറിയാം." അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. 

പെട്ടെന്ന് എന്റെ മൊബൈൽ ശബ്ദിച്ചു. നജ്മയാണ് വിളിച്ചത്. "സർജറി കഴിഞ്ഞു. നമുക്ക് പോകാം. ഞാൻ പാർക്കിങ്ങിലേക്ക് വരാം." അവൾ പറഞ്ഞു. "ശരി." ഞാൻ ഫോൺ വെച്ചു. "വൈഫായിരിക്കും. അല്ലേ...?" ജിസ്ന ചോദിച്ചു. "അതെ. സർജറി കഴിഞ്ഞു. നീ എനിക്കൊപ്പം വരൂ.. ഞാൻ അവളെ നിനക്ക് പരിചയപ്പെടുത്താം." ഞാൻ ഇത് പറഞ്ഞപ്പോൾ അവൾ വേണ്ട എന്ന അർഥത്തിൽ തലയാട്ടി. "മറ്റൊരിക്കലാവാം." അവൾ പറഞ്ഞു. എന്തുകൊണ്ടാണ് അവളങ്ങനെ പറഞ്ഞതെന്ന് എനിക്കറിയില്ല. ഞാൻ ചൂഴ്ന്ന് ചോദിച്ചുമില്ല. അവളോട് യാത്ര ചോദിക്കുമ്പോൾ ഞാൻ പറഞ്ഞു: "നാസിം കണ്ണ് തുറക്കുമ്പോൾ നീ അവനോട് പറയണം, എന്നെ കണ്ട കാര്യവും ഞാൻ അവന് ബ്ലഡ് നൽകിയ കാര്യവുമൊക്കെ. പഴയ കാര്യങ്ങളെല്ലാം ഞാൻ വിട്ടു എന്നും പറയണം. ഞങ്ങൾക്കിനി ഏതായാലും പരസ്പരം വിരോധം വെച്ചുകൊണ്ടിരിക്കാൻ പറ്റില്ലല്ലോ. ഞങ്ങൾ ഇപ്പോൾ 'രക്തബന്ധു'ക്കളല്ലേ...!" വല്ലാത്തൊരു വികാരത്തോടെ, ഒരു വിതുമ്പലോടെ അവൾ എന്നെ പുണർന്നു....! നഗരമദ്ധ്യത്തിലെ ആ ഹോസ്പിറ്റലിന്റെ അരണ്ട വെളിച്ചമുള്ള ഇടനാഴിയിൽ അസാധാരണവും അവിശ്വസനീയവുമായ കണ്ടുമുട്ടലിന്റെ അനുഗ്രഹത്തിൽ ഞങ്ങൾ സ്വയം മറന്നു നിന്നു.. ഞങ്ങളെ കടന്നു പോയ പതിനേഴു വർഷങ്ങൾ ഞങ്ങൾക്ക് ചുറ്റും മരവിച്ചു നിന്നു.

English Summary:

Malayalam Short Story ' Rakthabandham ' Written by Abdul Basith Kuttimakkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com