ADVERTISEMENT

ടിവിയിൽ ചാനൽ ചർച്ച പുരോഗമിക്കുകയാണ്. പറഞ്ഞതുപോലെ താനും ഒടുവിൽ ഈ വിഡ്ഢിപ്പെട്ടിയുടെ അടിമയായിത്തീർന്നിരിക്കുകയാണല്ലോ എന്നോർത്തപ്പോൾ അയാൾക്ക് ചിരി വന്നു. സമയം കളയാൻ ആദ്യം വായനയായിരുന്നു പതിവ്. ക്രമേണ ടിവിയും മൊബൈൽ ഫോണും ഒഴിച്ചു കൂടാനാവാത്ത കാര്യങ്ങളായി. മൊബൈൽ ഫോൺ അടുത്തില്ലാത്ത ഒരു നിമിഷം പോലും അയാൾക്ക് ആലോചിക്കാൻ വയ്യാതായി. താൻ വിമർശിച്ചിരുന്ന പല കാര്യങ്ങളും ഒടുവിൽ, തന്നെ കെണിയിലാക്കിയതായി അയാൾ തിരിച്ചറിഞ്ഞു. ഈയിടെയായി ടി വി കണ്ടില്ലെങ്കിൽ ഈ ലോകവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചത്പോലെ തോന്നും.

അത്താഴത്തിനിരിക്കുമ്പോഴാണ് ഭാര്യയെയും മക്കളെയും ഒന്ന് കാണാൻ കിട്ടുക. അല്ലെങ്കിൽ അവധി ദിവസങ്ങളിൽ പോലും എല്ലാവരും അവരവരുടെ ലോകങ്ങളിൽ വ്യാപരിക്കുകയാണ് പതിവ്. ചാനൽചർച്ച കൊഴുക്കുകയാണ്. പശ്ചിമേഷ്യ ഒരു യുദ്ധത്തിലേക്ക് നീങ്ങാനുള്ള എല്ലാ സാധ്യതയും കാണുന്നു. സാധാരണക്കാരായ ജനങ്ങളുടെ കഷ്ടപ്പാടുകൾ ഇനിയും വർധിക്കും. മറുവശത്ത് കാലാവസ്ഥാ വ്യതിയാനം കൊണ്ട് പൊറുതിമുട്ടുകയാണ് ജനം. എല്ലാ അർഥത്തിലും ഈ ലോകം ജീവിക്കാൻ കൊള്ളാത്തതായിത്തീർന്നുകൊണ്ടിരിക്കുകയാണല്ലോ എന്നയാൾ വേവലാതിപ്പെട്ടു.

സമയം രാത്രി പതിനൊന്നു മണി. അയാൾ ടിവിയും ലൈറ്റും ഓഫാക്കി ഗോവണി കയറി കിടപ്പുമുറിയിലേക്ക് ചെന്നു. ഭാര്യ നല്ല മൂഡിൽ ഏതോ ഒരു ന്യൂജെൻ സിനിമ കാണുകയാണ്. ന്യൂജെൻ സിനിമകളോട് പൊതുവെ അയാൾക്ക് പുച്ഛമാണ്. കഥയില്ലായ്മയും വേഗത്തിൽ മിന്നിമറയുന്ന രംഗങ്ങളും കഥാപാത്രങ്ങളുടെ അനാവശ്യ ഗോഷ്ഠികളും ഒന്നും അയാൾ ഇഷ്ട്ടപ്പെട്ടില്ല. സത്യജിത് റേയെപ്പോലെയോ, അടൂർ ഗോപാലകൃഷ്ണനെപ്പോലെയോ പേരെടുത്ത ചില സംവിധായകരുടെ ആർട്ട് ഫിലിം കാണുന്നത് അയാൾക്ക് ഇഷ്ടമായിരുന്നു. 

ഏറെ കാലത്തിന് ശേഷം പ്രസന്നവതിയായി കാണപ്പെട്ട ഭാര്യയെ മുഷിപ്പിക്കാൻ കഴിയില്ല എന്നതുകൊണ്ടുതന്നെ അയാളും കട്ടിലിൽ ചാരിക്കിടന്ന് മിണ്ടാതെ അനുസരണയുള്ള കുട്ടിയെപ്പോലെ സിനിമ കാണാൻ തുടങ്ങി. ഈയിടെ ഇറങ്ങിയ പ്രേമലു എന്ന ന്യൂജെൻ പടമാണ്. ചൂടൻ പ്രണയരംഗങ്ങൾ വരാൻ തുടങ്ങിയപ്പോൾ അയാളുടെ മനസ്സിലും ലഡു പൊട്ടി! എല്ലാം മറന്ന് ഒരു നിമിഷം അയാൾ, താൻ നായകനും അവൾ നായികയുമായി സങ്കൽപ്പിച്ചു നോക്കി. അനന്തരം പെട്ടെന്നുണ്ടായ ശക്തമായ ഒരു തൊഴിയിൽ അയാൾ കട്ടിലിൽ നിന്നും തെറിച്ചു താഴെ വീണു. പഴയ ഫുട്ബോൾ താരമായിരുന്ന ഭാര്യയുടെ കരുത്ത് ഇപ്പോഴും ചോർന്നു പോയിട്ടില്ലല്ലോ എന്നോർത്തപ്പോൾ ഒരു നിമിഷം ചിരിക്കണമോ കരയണമോ എന്നറിയാതെ അയാൾ വിഷമിച്ചു. അൽപം ജാള്യതയോടെ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ ടിവി സ്ക്രീനിൽ വില്ലന്റെ പൊട്ടിച്ചിരി ഉയർന്നു.

English Summary:

Malayalam Short Story ' Oru Pathira Padam ' Written by K. P. Ajithan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com