ADVERTISEMENT

അല്ല ആരായിത്, ആരോ വന്നെന്‍റെ കാലിൽ തൊടുന്നല്ലോ. എന്തോ പറയുന്നുമുണ്ട് എന്തായാലും ഒന്ന് ശ്രദ്ധിച്ചേക്കാം, ഞാനായിരിക്കും സംസാരവിഷയം. "അല്ല, കുഞ്ഞിനനക്കമൊന്നുമില്ലല്ലോ". ആ അപ്പൊ ഞാൻ തന്നെ വിഷയം. ഇവരിതെന്താ പറയുന്നേ? ഞാൻ അനങ്ങാത്തതാണോ പ്രശ്നം? എങ്ങനെ അനങ്ങാനാ, എന്നേലും മുൻപ് ഈ ഗർഭപാത്രത്തിനകത്ത് കിടന്നയാള് മുഴുവൻ ചവിട്ടി മെതിച്ചിട്ട് പോയേക്കുവല്ലേ. എവിടെ നോക്കിയാലും ചവിട്ടി ചവിട്ടി ഒരു പരുവമാക്കിയേക്കുന്നു. ഇനി ഇതിൽ ഞാൻ എവിടിട്ട് അനങ്ങും. ഒന്നുമില്ലേലും ഞാനൊരു കണ്ണിച്ചോരയുള്ള കൊച്ചാണെന്നെ. പിന്നേം എന്തോ പറയുന്നുണ്ടല്ലോ; "അനങ്ങുന്നു കൂടിയില്ല, വല്ല മടിച്ചിക്കോതയുമാണോ?" കൊള്ളാം ഇപ്പൊ ഇച്ചിരി ദയ കാണിച്ചേനും പേരുദോഷം എനിക്കായല്ലോ കർത്താവേ. 

അങ്ങനിപ്പോ എന്നെ കുറ്റം പറയണ്ട, എന്നാലെ ഇന്നാ പിടിച്ചോ ഒരു ചവിട്ട്. ലേശം ചെറിയതാ, ഒരു സാംപിൾ ഡോസ്. ഒന്നുമില്ലേലും എന്നെ കഷ്ടപ്പെട്ട് ചുമക്കുന്നതല്ലേ, അതിന്‍റെയൊരു നന്ദി ഞാൻ കാണിക്കണ്ടേ. എങ്ങനുണ്ട് എന്‍റെ ചവിട്ട്, ഇപ്പൊ സംശയം മാറിയോ? പിന്നെയും എന്തോ പറയുന്നുണ്ടല്ലോ, എന്നതാണോ എന്‍റെ ദൈവമേ, എന്തായാലും കേട്ടു നോക്കാം. ഒളിഞ്ഞു കേൾക്കുന്നത് അത്ര നല്ല ശീലമൊന്നുമല്ല എന്നെനിക്കറിയാം. പക്ഷേങ്കിലെ ഞാനങ്ങനെ ഒളിഞ്ഞു കേൾക്കുവൊന്നുമല്ല; അവർക്കുമറിയാം ഞാൻ ഇതിനകത്ത് കിടന്ന് എല്ലാം കേൾക്കുന്നുണ്ടെന്ന്. സംസാരവിഷയം ഞാനായ സ്ഥിതിക്ക് എന്തായാലും കേട്ടേക്കാം, അല്ലാതെ ഇപ്പൊ എനിക്ക് വേറെ പണിയൊന്നുമില്ലല്ലോ.

"എന്തായാലും മൂത്തകുട്ടീന്‍റെ കളിപ്പാട്ടങ്ങളെല്ലാം സൂക്ഷിച്ചുവച്ചേക്കാം, പുതിയാൾക്ക് ഉപയോഗിക്കാമല്ലോ. ആൺകുട്ടിയാണേ അവന്‍റെ ചില നല്ല ഉടുപ്പുകളും ഇരിപ്പുണ്ട്." ഓ ദൈവമേ സെക്കൻഡ് ഹാൻഡ് കളിപ്പാട്ടങ്ങൾ; പെൺകുട്ടിയായതിൽ ഞാൻ നിന്നെ സ്തുതിക്കുന്നു. ആ എന്ത് സെക്കൻഡ് ഹാൻഡ്? ആരോ എപ്പോഴോ ഉപയോഗിച്ച് തുടങ്ങിയ സെക്കൻഡ് ഹാൻഡ് അമ്മേം അച്ഛനേമല്ലേ എനിക്ക് കിട്ടിയത്, പിന്നെ കിടക്കാനീ സെക്കൻഡ്ഹാൻഡ് ഗർഭപാത്രവും. അതിലും വലുതല്ലല്ലോ ഇതൊന്നും. എന്നാലും എന്‍റെ ദൈവമേ ഇതൊക്കെ ഇവർക്ക് ഞാൻ ഉറങ്ങുമ്പോൾ ചർച്ച ചെയ്തൂടെ. ഇതൊരുമാതിരി ചുമ്മാതിരുന്നവനെ തോണ്ടി വിളിച്ചു കേൾപ്പിക്കുന്ന പോലായിപ്പോയി. ചുമ്മാ മനുഷ്യനെ വിഷമിപ്പിക്കാൻ. ആ, ഒരു കണക്കിന് ചില തിരിച്ചറിവുകൾ നല്ലതാ, ഒന്ന് കരുതിയിരിക്കാലോ, അപ്പൊ കിടന്നു വിഷമിക്കാതെ.

അല്ല ഇന്ന് ആശുപത്രീ പോണ്ട ദിവസമല്ലേ ഇന്നലെ പറയുന്ന കേട്ടല്ലോ. അതായിരിക്കുമോ ഈ പെട്ടെന്നുള്ള ചർച്ചയുടെ കാരണം. എന്തായാലും കേട്ടേക്കാം. ഒരു കാര്യം കേട്ടാ മുഴുവനായിട്ട് കേൾക്കണ്ടേ, അല്ലാതെ അറ്റവും മൂലയും കേട്ടാ ശരിയാവുകേല്ല. വാ ബാക്കികൂടങ്ങ് കേട്ടേക്കാം. "എടീ ഇന്നാശുപത്രീല് നീ നിന്‍റെ അമ്മയുമായിട്ട് പോയി വാ, ഞാനെ നമ്മുടെ മോനെ നോക്കാം. അവനൊറ്റയ്ക്കല്ലേ. മാത്രവുമല്ല, അവൻ ചെറിയ കുട്ടിയല്ലേ, അവനെ എപ്പോഴും ആശുപത്രീല് കൊണ്ടുപോണ്ട. അവൻ വയറ്റീ കിടന്നപ്പോ ഞാൻ എല്ലാ ചെക്കപ്പിനും നിന്‍റെ കൂടെ വന്നതല്ലേ. ഇപ്പൊ നീ എക്സ്പെർട്ടാണല്ലോ ആശുപത്രി കാര്യങ്ങളിലൊക്കെ." ദേ, പിന്നേം അവഗണന, പുച്ഛം. എന്‍റെ ദൈവമേ ഇതിനി എത്രനാൾ സഹിക്കേണ്ടി വരുമോ എന്തോ. വരട്ടെ കാണാം. 

അല്ല ഇവരുടെ സംഭാഷണം ഇതുവരെയും തീർന്നില്ലേ, ഇനിയെന്താണാവോ? "അല്ല ചേട്ടാ അമ്മ വയറു കണ്ടിട്ട് പറഞ്ഞത് പ്രസവം രണ്ടൂന്നു ദിവസത്തിനുള്ളിൽ കാണൂന്ന്, എനിക്കും അങ്ങനെയൊരു തോന്നൽ."  "ഏയ് നീ അതൊന്നും ഓർത്ത് ആധി പിടിക്കേണ്ട. ഡോക്ടർ പറഞ്ഞ ഡേറ്റിന് ഇനിയും ഒരാഴ്ചയിൽ കൂടുതലുണ്ടല്ലോ. എന്തേലും എമർജൻസി ഉണ്ടേ, നിന്‍റെ കൂടെ നിന്‍റെ അമ്മയല്ലേ വരുന്നേ. അതുകൊണ്ട് ഒരു കുഴപ്പവുമില്ല".  ഓ ദൈവമേ പിന്നേം ഒരു വിലയില്ലായ്‌മ ആണല്ലോ നമുക്ക്. അതേ ഞാനൊരു കാര്യം പറഞ്ഞേക്കാം, ഇനി ഒരാഴ്ചയൊന്നും ഇതിനകത്ത് അനങ്ങാതെ ശ്വാസമടക്കിപ്പിടിച്ചു കിടക്കാനൊന്നും എനിക്ക് കഴിയുകേല്ല. കൂടിപ്പോയാ ഒരു പത്തിരുപതു മണിക്കൂർ, അതിനിടേല് ഞാനങ്ങു പുറത്തുവരും. എന്നെ സ്വീകരിക്കണോന്നു ഉള്ളോരൊക്ക ഇന്നെന്‍റെകൂടെ വരുന്നതാണ് നല്ലത്. അല്ല ഞാനിത്ര പ്രസംഗിച്ചിട്ടും ആരും ഒന്നും പറയുന്നില്ലല്ലോ. ഓ അല്ലേത്തന്നേ ഇതിനകത്ത് കിടന്നു കൂവിയാ ആര് കേൾക്കാൻ. ആ വരട്ടെ ഇനീപ്പോ വരുന്നത് വരുന്നിടത്തു വച്ചു കാണാം, അല്ല പിന്നെ. 

ഹോ, പത്തിരുപതു മണിക്കൂർ പെട്ടെന്നങ്ങു പോയി. ഇനീം ഇതിനകത്തു ഇങ്ങനെ കിടക്കാൻ വയ്യ. പുറത്തു വന്നേക്കാം. ഇതിനകത്തു കിടന്നു തുള്ളിയാൽ പാവം അവർക്ക് വേദനിക്കും. ഒന്നുമില്ലേലും ഞാൻ ഇതിനകത്തെ അവസ്ഥ നേരിട്ട് കണ്ടതല്ലേ. ഇനീം കൈയും കാലും അനക്കാതെ വയ്ക്കാൻ എനിക്കും പറ്റുകേല്ല. എത്ര പണിപ്പെട്ടിട്ടായാലും ഇറങ്ങുക തന്നെ. ഹാവൂ, കഷ്ടപ്പെട്ടൊടുവിൽ പുറത്തെത്തി. പാവം, അമ്മേം കുറേ വേദനിച്ചു. അപ്പോഴാണ് അടുത്തു നിന്ന നഴ്സിന്‍റെ സംസാരം. "ഓ പെൺകൊച്ചാണ്". ആ 'ഓ'യിലെന്തോ ഒരു പന്തികേടില്ലേ. അപ്പൊ ദേ പിന്നേം സംസാരം. "പുറത്താരാ ഉള്ളെന്നു വച്ചാ പറയ് പെൺകുട്ടിയാണെന്ന്." ഉടനെ വന്നൊരു മറുപടി : "പുറത്ത് അമ്മൂമ്മ മാത്രേ ഉള്ളെന്നാ തോന്നുന്നേ". ഹോ, ദാ കിടക്കുന്നു പിന്നേം. അച്ഛൻ പറഞ്ഞപോലെ എത്തീട്ടില്ല. ഞാനൊന്നുറക്കെ കരഞ്ഞു. പുറത്തേക്കുവന്ന ഈ പെൺഭ്രൂണത്തിന്റെ ദീനരോദനത്തിൽ ശ്വാസമെടുക്കാനുള്ള വെമ്പൽ മാത്രമായിരുന്നില്ല, തന്നെ ഏറ്റുവാങ്ങാൻ അച്ഛനില്ലാത്തതിന്‍റെ നീറ്റലും, പെണ്ണായി പിറന്നുപോയതിലെ പേടിയും, തന്നെ കാത്തിരിക്കുന്ന സെക്കൻഡ് ഹാൻഡ് വസ്തുക്കൾ ചേർത്തൊരുക്കുന്ന ശൈശവത്തിന്‍റെയും ബാല്യത്തിന്‍റെയും നിറക്കുറവും കൂടി കലർന്നിരുന്നു. പക്ഷേ ചുറ്റുമുള്ളവർക്ക് ആ വേദനകൾ മനസിലായില്ല, അതുകൊണ്ടാണല്ലോ ഞാനിത്ര ഉറക്കെ കരഞ്ഞിട്ടും അവർ ചിരിക്കുന്നത്.

English Summary:

Malayalam Short Story ' Oru Randam Bhroonathinte Deenarodanam ' written by Mincy Michael

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com