ആരോഗ്യം ക്ഷയിച്ചപ്പോൾ വൃദ്ധസദനത്തിലാക്കി; മരിച്ചപ്പോൾ 'വരാനാകില്ല, ചടങ്ങുകൾക്കുള്ള തുക അയച്ചുതരാമെന്ന്' മക്കൾ
Mail This Article
ഓർമ്മകൾ ഇല്ലാതാകുന്നത് അയാൾ എപ്പോഴൊക്കെയോ തിരിച്ചറിയുന്നുണ്ട്. എന്നാൽ നിങ്ങൾ ആരാണ് എന്ന ചോദ്യത്തിനാണ് അയാൾക്ക് ഉത്തരമില്ലാത്തത്. ഒരുപക്ഷെ പ്രതീക്ഷിക്കുന്ന ഉത്തരം അയാൾക്ക് നൽകാൻ കഴിയാത്തതിനാൽ ആകും. അതാണോ അയാളുടെ യഥാർത്ഥ പ്രശ്‍നം? അവനവൻ എന്താണെന്ന്, എന്തിനാണെന്ന് തിരിച്ചറിയാനാവാത്തത് ഒരാളുടെ കുറ്റമാണോ? ദീർഘകാല സേവനം കഴിഞ്ഞു, പുറത്തിറങ്ങുന്ന ഒരാൾ മുങ്ങിപ്പോകുന്ന ഒരേകാന്തതയുണ്ട്. ആ ശൂന്യത ആർക്കും അളന്നെടുക്കാനാവില്ല.
വിരമിച്ചതിന്റെ പിറ്റേന്ന് ഉണർന്നെഴുന്നേൽക്കുമ്പോൾ ആണ്, ഞാൻ എന്തിന് ഇത്ര നേരത്തെ എഴുന്നേറ്റു എന്ന് ചോദിക്കുക. വേഗത്തിൽ ഉണർന്നെഴുന്നേറ്റ്, കുളിച്ചു, വസ്ത്രങ്ങൾ അണിഞ്ഞു തനിക്കിനി എങ്ങോട്ടും പോകാനില്ല. ഇന്നലെ വരെ എത്ര വലിയ തിരക്കായിരുന്നു. ഒരു നിമിഷവും തനിക്കായി അയാൾ ജീവിച്ചിട്ടില്ല. അയാൾ അമ്മ പറഞ്ഞത് മാത്രം അനുസരിച്ചു, കർമ്മം ചെയ്യുക, സത്യസന്ധമായി. ജോലിയിൽ ആരെയും ഉപദ്രവിക്കാതിരിക്കുവാൻ ശ്രമിക്കുക, പ്രത്യേകിച്ചും സാധാരണക്കാരെ. അവരെ വീണ്ടും വീണ്ടും നടത്തരുത്. പരമാവധി അയാൾ പരിശ്രമിച്ചു, ഉന്നതന്മാരെ പലതവണ കണ്ടു തീർപ്പു കൽപ്പിക്കാൻ അപേക്ഷിച്ചു.
തനിക്കെന്താ ഇതിൽ പ്രത്യേക താൽപര്യം, എന്ന ചില ചോദ്യങ്ങളിൽ അയാൾ ചിലപ്പോഴെങ്കിലും ചൂളിപ്പോയി. പിന്നെ പറയും, സാധുക്കളാണ് സർ, ഒരു ഒപ്പ്, കയറിക്കിടക്കാൻ ഒരു വീടിനായല്ലേ. അവർ വീടുവെക്കുമ്പോൾ കിട്ടിയിരുന്ന മധുരങ്ങളിൽ അയാൾ എപ്പോഴും സന്തോഷിച്ചു. ഇന്നും സ്വന്തമായി ഒരു വീടില്ലാത്തവന്റെ വേദനകൾ അപ്പോൾ അയാളിൽ നിന്ന് അകന്നുപോകുമായിരുന്നു. എന്തേ ഇന്നുവരെ ഒരു വീട് വെക്കണമെന്ന് തനിക്കു തോന്നിയില്ല. എന്തേ ഒരു കുടുംബം വേണമെന്ന് തോന്നിയില്ല. നഷ്ടപ്പെട്ടുപോയ യൗവനത്തിന്റെ പ്രണയം എന്തിനാണ് മറ്റൊരാളെ മനസ്സിൽ സങ്കൽപ്പിക്കാതിരിക്കാൻ അത്ര വളർന്നു വലുതായത്.
ഒരിക്കൽ കണ്ടപ്പോൾ അവൾ പറഞ്ഞു, എന്റെ മക്കൾ വളർന്നു വലുതായി, നിങ്ങൾ ഇനിയെങ്കിലും ഒരു ഇണയെ ഒപ്പം കൂട്ടണം. വയസ്സാകുമ്പോൾ ആരും സഹായിക്കാൻ കാണില്ല. ആ പറഞ്ഞവൾ ഇപ്പോൾ വൃദ്ധസദനത്തിൽ ആണ്. വിരമിക്കുന്നതിന് മുമ്പ്, ഔദ്യോഗിക ആവശ്യത്തിന് അവിടെ ചെന്നപ്പോൾ ആണ് കണ്ടത്. മക്കളെല്ലാം വിദേശത്തേക്ക് കടന്നു, ആരോഗ്യം ഉള്ളപ്പോൾ അവരുടെ മക്കളെ നോക്കി, ആരോഗ്യം ക്ഷയിച്ചു, ഉപയോഗമില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ അവർ ഇവിടെക്കൊണ്ടാക്കി. ആരെയും കുറ്റപ്പെടുത്താനില്ല. അവരാണ് ശരി. നമ്മുടെ ശരികളിലൂടെ നമ്മൾ ജീവിച്ചില്ല. വിരമിക്കുമ്പോൾ കിട്ടുന്ന തുകകൊണ്ട്, ഇവിടെ ഒരു മുറിയെടുക്കണം, ചെറുപ്പത്തിൽ തിരസ്കരിച്ച മുഖം തിരിച്ചെടുക്കാനുള്ള കൊതി മറച്ചുവെക്കുന്നില്ല. പരസ്പരം തിരിച്ചറിയുന്ന രണ്ടുപേർ വാർദ്ധക്യത്തിൽ തണലാവുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. അമ്മയുണ്ടെങ്കിൽ നമ്മെ അനുഗ്രഹിച്ചേനെ.
അമ്മ. അയാൾ നേരെ അമ്മയുടെ അടുത്തേക്ക് പോയി. പൊതുശ്മശാനത്തിന്റെ പടിഞ്ഞാറേമൂലയിൽ ആണ് അമ്മ ഉറങ്ങുന്നത്. അതിനു മുന്നിൽ നിന്ന് കണ്ണുകൾ അടച്ചു പ്രാർഥിച്ചു അയാൾ അമ്മയെ വിളിച്ചെഴുന്നേൽപിക്കും. കട്ടിലിൽ എഴുന്നേറ്റിരുന്നു അമ്മ അയാളുടെ കൈകളിൽ തഴുകി സമാധാനിപ്പിക്കും. വിധി, എന്നൊന്നുണ്ട്, നാം അതിനെ മറികടക്കാൻ ഓരോ നിമിഷവും ശ്രമിക്കും. അവസാനം വിധിയാണ് ശരിയെന്ന് നാം സമാധാനിപ്പിക്കും. വിധി, അങ്ങനെയൊന്നുണ്ടോ? ആരെങ്കിലും കണ്ടിട്ടും അറിഞ്ഞിട്ടും ഉണ്ടോ? ഇല്ല അല്ലെ? എന്നിട്ടും നാം അതിൽ വിശ്വസിക്കുന്നു. സ്വയം വിശ്വാസമില്ലാത്തതുകൊണ്ടാണോ എന്ന് പലരും പരിഹസിക്കും. എന്നാൽ ജീവിതത്തിന്റെ സന്നിഗ്ധ ഘട്ടങ്ങളിൽ നാം വിധിയോട് സമരസപ്പെടും.
അവൾ പറഞ്ഞതും ശരിയല്ലേ? നിനക്കുറങ്ങാൻ സ്വന്തമായി ഒരു വീടില്ല, വിരമിച്ചതിനാൽ ഒന്നും ചെയ്യാനുമില്ല. അവളെ മറ്റൊരാൾക്ക് കൊടുക്കണമെന്നത് അമ്മാവന്റെ അന്നത്തെ വാശിയായിരുന്നു. ആദ്യം അയാളുടെ തൊഴികൾ, അയാളുടെ മരണശേഷം മക്കളുടെ തൊഴികൾ, പിന്നെ മക്കളുടെ മക്കളുടെ തൊഴികൾ എല്ലാം അവൾ അനുഭവിച്ചു. എന്തിനായിരുന്നു എന്ന് ചോദിച്ചാൽ, അവളെ തള്ളിപ്പറഞ്ഞവർക്ക് വേണ്ടി എന്നതാണ് സത്യം. ഒരു സമാശ്വാസമാണവൾ തേടുന്നത്. ജോലിയുടെ ഉത്തരവാദിത്വങ്ങൾ ഒക്കെ അവസാനിച്ചില്ലേ. നിനക്കും ഒരു കൂട്ട് വേണം. ഞാൻ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ എന്നോട് ചേർത്തു കിടത്തി ഉറക്കിയേനെ അവളെ. അമ്മയുടെ ഉത്തരങ്ങൾ അയാൾക്ക് കിട്ടിക്കഴിഞ്ഞു.
പെട്ടെന്നാണ് ഫോൺ വന്നത്. വൃദ്ധസദനത്തിൽ നിന്നാണ്. വേഗം തന്നെ അങ്ങോട്ട് എത്തണമെന്ന് പറഞ്ഞു. അവസാനമായി നിങ്ങളെ ഒന്നുകൂടി കാണണമെന്ന് പറഞ്ഞു, മാപ്പ് പറയാനായിരുന്നു അത്രേ. അന്ന് കൂടെപ്പോരാനുള്ള ധൈര്യം ഇല്ലായിരുന്നു എന്നും പറഞ്ഞു. മക്കളെ വിളിച്ചിരുന്നു. അവർക്ക് വരാനാകില്ല. ചടങ്ങുകൾ ചെയ്തോളൂ, തുക അയച്ചുതരാം എന്ന് പറഞ്ഞു. അയാൾ പറഞ്ഞു, എല്ലാം താൻ ചെയ്തോളാം. പൊതുശ്മശാനത്തിൽ അമ്മയുടെ തൊട്ടടുത്ത് തന്നെ സംസ്കരിച്ചു. അമ്മ, അമ്മ ആഗ്രഹിച്ചത് ഈ മകൻ ചെയ്തിരിക്കുന്നു, ഇതാ അമ്മയോട് ചേർന്നുതന്നെ അവൾ കിടപ്പുണ്ട്, അമ്മ ചേർത്തുപിടിച്ചോളൂ.