ചോക്ലേറ്റ് മ്യൂസിയങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? പോയാലോ ഒരു മധുര യാത്ര?
Mail This Article
ലോകത്തിലെ പ്രിയപ്പെട്ട മധുര പലഹാരമായ ചോക്ലേറ്റിന് വർഷങ്ങളുടെ സമ്പന്നമായ ചരിത്രമുണ്ട്. എന്നാൽ ചോക്ലേറ്റ് സൂക്ഷിക്കുന്ന മ്യൂസിയങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? സന്ദർശകർക്ക് ചോക്ലേറ്റിന്റെ ചരിത്രം, ഉൽപ്പാദനം, സാംസ്കാരിക പ്രാധാന്യം എന്നിവയിലേക്ക് ആഴ്ന്നിറങ്ങാൻ അവസരം നൽകുന്ന ചോക്ലേറ്റ് മ്യൂസിയങ്ങൾ ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. ലോകമെമ്പാടുമുള്ള ഏറ്റവും ആകർഷകമായ ചോക്ലേറ്റ് മ്യൂസിയങ്ങളിൽ ചിലതിനെ പരിചയപ്പെടാം.
കൊളോൺ ചോക്ലേറ്റ് മ്യൂസിയം (ജർമനി)
റൈൻ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കൊളോൺ ചോക്ലേറ്റ് മ്യൂസിയം ലോകത്തിലെ ഏറ്റവും വലിയ ചോക്ലേറ്റ് മ്യൂസിയങ്ങളിൽ ഒന്നാണ്. കൊക്കോ മരങ്ങളുള്ള ഒരു ഹരിതഗൃഹം, ചെറിയ ഒരു ചോക്ലേറ്റ് ഫാക്ടറി, ചോക്ലേറ്റിന്റെ ചരിത്രത്തെക്കുറിച്ചുള്ള വിപുലമായ പ്രദർശനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മ്യൂസിയത്തിന്റെ ഹൈലൈറ്റ് ഉയർന്ന ചോക്ലേറ്റ് ഫൗന്റൈനാണ്. പ്രവേശന സമയം എല്ലാ ദിവസവും, രാവിലെ 10 - വൈകുന്നേരം 6 വരെയാണ്.
ചോക്കോ-സ്റ്റോറി ബ്രൂഗ് (ബെൽജിയം)
ഉയർന്ന നിലവാരമുള്ള ബെൽജിയം ചോക്ലേറ്റിന്റെ പര്യായമാണ് ഈ മ്യൂസിയം. കൊക്കോ ബീൻ മുതൽ ചോക്ലേറ്റ് ബാർ വരെയുള്ള ചോക്ലേറ്റിന്റെ യാത്രയുടെ സമഗ്രമായ അവലോകനം ഇവിടെ ലഭിക്കും. മ്യൂസിയത്തിൽ സംവേദനാത്മക പ്രദർശനങ്ങൾ, മാസ്റ്റർ ചോക്ലേറ്റിയർമാരുടെ പ്രദർശനങ്ങൾ, മികച്ച ബെൽജിയൻ ചോക്ലേറ്റുകൾ സാംപിൾ ചെയ്യാൻ അനുവദിക്കുന്ന സെഷൻ എന്നിവയുമുണ്ട്.
മ്യൂസിയു ഡി ലാ സോകോലാറ്റ (സ്പെയിൻ)
ബാഴ്‌സലോണയിൽ സ്ഥിതി ചെയ്യുന്ന മ്യൂസിയം ഡി ലാ സോകോലാറ്റ ചോക്ലേറ്റിനെക്കുറിച്ചുള്ള കലാപരമായ ഒരു വീക്ഷണം പ്രദാനം ചെയ്യുന്നു. പ്രസിദ്ധമായ ലാൻഡ്‌മാർക്കുകളും കഥാപാത്രങ്ങളും ഉൾപ്പെടെ സങ്കീർണ്ണമായ ചോക്ലേറ്റ് ശിൽപങ്ങൾ സന്ദർശകർക്ക് ഇവിടെ കാണാനാകും. മ്യൂസിയത്തിനുള്ളിലെ പര്യടനത്തിന്റെ വലിയൊരു ഭാഗം ചരിത്രത്തിന്റെ ഓഡിയോ-വിഷ്വൽ അവതരണത്തിനും ചോക്ലേറ്റിന്റെ വ്യാവസായിക ഉൽപാദനത്തിനുമായി നീക്കിവച്ചിരിക്കുന്നു. എന്നാൽ, മ്യൂസിയത്തിന്റെ ഏറ്റവും വലിയ ഭാഗം ചോക്ലേറ്റിന്റെ വ്യത്യസ്ത നിർമ്മാണ പ്രക്രിയകൾ കാണിക്കുന്ന മെഷീനുകളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.
കാഡ്ബറി വേൾഡ് ബർമിംഗ്ഹാം (യുണൈറ്റഡ് കിംഗ്ഡം)
ഈ സംവേദനാത്മക മ്യൂസിയം എല്ലാ പ്രായക്കാർക്കും രസകരവും വിദ്യാഭ്യാസപരവുമായ അനുഭവം പ്രദാനം ചെയ്യുന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചോക്ലേറ്റ് ബ്രാൻഡുകളിലൊന്നായ കാഡ്ബറിയുടെ ചരിത്രത്തെക്കുറിച്ചും ചോക്ലേറ്റ് ഉൽപ്പാദനത്തെക്കുറിച്ചും വിശദമായി വിവരിക്കുന്ന മ്യൂസിയമാണിത്. 4ഡി സിനിമാ അനുഭവം, പ്രദർശനങ്ങൾ, സന്ദർശകർക്ക് സ്വന്തമായി ചോക്ലേറ്റ് ബാർ ഉണ്ടാക്കുവാനുള്ള അവസരം എന്നിവയും ഇവിടുത്തെ ആകർഷണങ്ങളിൽ ഉൾപ്പെടുന്നു. വിപുലമായ പൂന്തോട്ടങ്ങൾ, കളിസ്ഥലം, ഒരു കഫേ എന്നിവയും മ്യൂസിയത്തിലുണ്ട്.
ചോക്ലേറ്റ് മ്യൂസിയം ഓഫ് മോഡിക്ക (ഇറ്റലി)
ആസ്ടെക്കുകളിൽ നിന്ന് പാരമ്പര്യമായി ലഭിച്ച തനതായ ചോക്ലേറ്റ് നിർമ്മാണ സാങ്കേതികതയ്ക്ക് പേരുകേട്ട മനോഹരമായ പട്ടണമാണ് മോഡിക്ക. മോഡിക്ക ചോക്ലേറ്റിന്റെ ധാന്യഘടനയും തീവ്രമായ സ്വാദും സംരക്ഷിക്കുന്ന സവിശേഷമായ കോൾഡ് പ്രോസസ്സിംഗ് രീതിയെക്കുറിച്ചുള്ള ഉൾക്കാഴ്ച പ്രദാനം ചെയ്യുന്ന മ്യൂസിയമാണ് ഇവിടുത്തെ ചോക്ലേറ്റ് മ്യൂസിയം ഓഫ് മോഡിക്ക. എല്ലാ ദിവസവും രാവിലെ 10 മുതൽ 2 വരെയും ഉച്ചയ്ക്ക് ശേഷം 4 മുതൽ 8 വരെയും സന്ദർശകർക്ക് പ്രവേശിക്കാം. എല്ലാ ഞായറാഴ്ചകളിലും 10 മുതൽ 2 വരെ തുറന്നിരിക്കുന്ന മ്യൂസിയം തിങ്കളാഴ്ചകളിൽ അവധിയായിരിക്കും.
കുട്ടികൾക്ക് മാത്രമല്ല വലിയവർക്കും ഒരേ പോലെ തന്നെ ആസ്വദിക്കാൻ കഴിയുന്ന ഒന്നാണ് ചോക്ലേറ്റ് മ്യൂസിയങ്ങൾ. ചോക്ലേറ്റിന്റെ ചരിത്രം പറയുക മാത്രമല്ല ശിൽപ്പങ്ങളുടെ പ്രദർശനവും നിർമ്മാണം കാണാനുള്ള അവസരവും നൽകുന്ന ഈയിടങ്ങൾ ചോക്ലേറ്റ് പ്രേമികൾ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടവയാണ്.