ADVERTISEMENT

ഗഡ്‌വാൾ റൈഫിൾസ്, ഉംറായി കൺറ്റോൺമെന്റ് (പട്ടാളമേഖല), മേഘാലയ. കോളജ് കാലത്ത് എൻസിസിയിൽ എല്ലാ ക്യാമ്പുകളും പങ്കെടുത്തു നടക്കുന്ന കാലം. ഭാവിയിൽ താൻ പട്ടാളത്തിൽ ഒരു ഓഫീസർ ആകും എന്നത് തന്നെയായിരുന്നു അയാളുടെ അന്നത്തെ ചിന്തകൾ. അതിനുള്ള മുന്നൊരുക്കങ്ങൾ ആയിരുന്നു, പല പല ക്യാമ്പുകളിൽ പങ്കെടുത്തു പരിശീലനം നേടി മുൻഗണന നേടിയെടുക്കുക എന്നത്. അഖിലേന്ത്യാ തിരഞ്ഞെടുപ്പ് ആയതിനാൽ കേരളത്തിൽ നിന്ന് പത്തുപേരെ ഉണ്ടായിരുന്നുള്ളൂ. വിവേകാനന്ദ എക്സ്പ്രസ്സ് ഗോഹട്ടിയിലെത്താൻ അന്ന് നാലു ദിവസത്തോളം എടുത്തിരുന്നു. അവിടെ നിന്നും നീണ്ട ബസ് യാത്ര, അതും വലിയ വലിയ മലനിരകൾക്ക് മുകളിലൂടെ. ബസ്സിനുള്ളിലൂടെ തഴുകിപോകുന്ന കോടമഞ്ഞു കൂട്ടങ്ങൾ, കൈയ്യെത്തിച്ചാൽ ആകാശം തൊടാം എന്ന് തോന്നിയ നിമിഷങ്ങൾ. 

ബറാപ്പാനി എന്ന വലിയ തടാകത്തിന് അടുത്ത് ബസ്സിറങ്ങുമ്പോൾത്തന്നെ ഗഡ്‌വാൾ റൈഫിൾസ് റെജിമെന്റിന്റെ ശക്തിമാൻ ട്രക്കുകൾ ഞങ്ങളെ കാത്ത് നിന്നിരുന്നു. മലനിരകൾ നിറഞ്ഞ ഇടം. ട്രക്കിന് മുകളിൽ ടാർപോളിൻ ഇല്ലാത്തതിനാൽ കമ്പികളിൽ പിടിച്ചുനിന്ന് ചുറ്റുമുള്ള കാഴ്ചകൾ കണ്ണുകൾ ആത്മാവിലേക്ക് ഒപ്പിയെടുത്തു. ഉംറായി പട്ടാളമേഖല വളരെ വലുതാണ്. പല നിലകളിലുള്ള ബ്ലോക്കുകൾ. ഞങ്ങളെ സ്വീകരിച്ചു തങ്ങാനുള്ള ഇടമെല്ലാം കാണിച്ചു തന്നു. ക്യാമ്പ് ഔദ്യോഗികമായി നാളെയെ തുടങ്ങൂ, ഇന്നെല്ലാവർക്കും വിശ്രമിക്കാം. തിരഞ്ഞെടുക്കപ്പെട്ട നൂറ്റമ്പത് പേര് മാത്രമുള്ളതായിരുന്നു ആ വിപുലമായ നേതൃത്വ പരിശീലന ക്യാമ്പ്. ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ടവർ. ഒരു ചെറിയ ഇന്ത്യ എന്ന് തന്നെ പറയാം. എല്ലാവരും വൈകീട്ട് ഒന്നിച്ചുകൂടിയപ്പോൾ, നമ്മുടെ രാജ്യത്തിന്റെ വൈവിധ്യങ്ങൾ അനുഭവിച്ചറിഞ്ഞപ്പോൾ ചിലപ്പോഴെങ്കിലും കണ്ണുകൾ നിറഞ്ഞു. 

അന്ന് രാത്രി ഞങ്ങളെത്തേടി ഒരതിഥി വന്നു - നായക് പളനിസാമി. വാളയാർ സ്വദേശി, അതിനാൽ തമിഴും മലയാളവും കലർന്നാണ് സംസാരം. നാട്ടിൽ നിന്ന് കുറച്ചുപേർ എത്തിയിട്ടുണ്ടെന്ന് അറിഞ്ഞു, അതിനാൽ എന്റെ അനിയന്മാരെ കാണാനായി വന്നതാണ്. നിങ്ങൾക്ക് കഴിക്കാനായി ചൂടുള്ള ബജ്ജിയും കൊണ്ടുവന്നിട്ടുണ്ട്, ഞാൻതന്നെ ഉണ്ടാക്കിയതാണ്. വീട്ടിൽനിന്ന് ബന്ധുക്കൾ വരുമ്പോൾ നമ്മൾത്തന്നെ ഉണ്ടാക്കണം, എന്നാലേ ഒരു തൃപ്തി വരൂ. ബജ്ജി തീർന്നത് അറിഞ്ഞില്ല. വളരെ സത്യസന്ധമായി പെരുമാറുന്ന പളനിസാമി അയാളുടെ മനസ്സിൽ ഒരു ജേഷ്ഠസഹോദരനെപ്പോലെ പെട്ടെന്ന് സ്ഥാനം പിടിച്ചു. പളനിസാമി സിഗ്നൽ വിഭാഗത്തിലാണ് അതിനാൽ ക്യാമ്പുമായി ബന്ധമൊന്നുമില്ല. എങ്കിലും ദൂരെ നിന്ന് എല്ലാവരെയും നോക്കും. സത്യത്തിൽ ക്യാമ്പിന്റെ ഇരുപത്തിയൊന്ന് ദിവസവും യുദ്ധമായിരുന്നു എന്ന് തന്നെ പറയണം. 

നിങ്ങൾ നിങ്ങളുടെ ഏറ്റവും നല്ല കഴിവുകൾ പുറത്തെടുക്കണം. കാലത്തെ ബൂട്ട് കെട്ടിയുള്ള ഓട്ടം, പിന്നെ തവളച്ചാട്ടം, ബാറിൽ ഉയർന്നുപൊങ്ങൽ, പുഷ് അപ്പ്, എല്ലാം പരമാവധിയാണ്. അവസാനം ഉമിനീര് വറ്റി കയിച്ചു തുപ്പും. ഹോ - മനോഹര ദിനങ്ങൾ. കാലത്തെ യുദ്ധസമാനമായ പരിശീലനം കഴിഞ്ഞു, കുളിച്ചു പ്രാതൽ കഴിച്ചു കിടന്നതേ ഓർമ്മകാണൂ, അപ്പോഴേക്കും ഉറങ്ങിയിരിക്കും. ഒമ്പത് മുതൽ പന്ത്രണ്ടുവരെ നീളുന്ന അടുത്ത പരിശീലന പരിപാടി, വീണ്ടും രണ്ടു മുതൽ അഞ്ചുവരെ. ഒന്നാമത്തെ ദിവസംതന്നെ എല്ലാവരും ഒടിഞ്ഞുനുറുങ്ങിയ അവസ്ഥയിൽ ആയി. കൈയ്യോ കാലോ അനക്കാൻ പറ്റാത്ത അവസ്ഥ. പളനിസാമി എന്നും വരും, എന്തെങ്കിലും ഭക്ഷണം കൂടെയുണ്ടാകും. "ഇതാണ് ശരിയായ പരിശീലനം, സാരമില്ല, പത്തുദിവസം കഴിയുമ്പോൾ, നിങ്ങൾ വന്ന ആളേ ആയിരിക്കില്ല, പോകുമ്പോൾ ശരിയായ ഒരു പട്ടാളക്കാരൻ ആയിരിക്കും, ജീവിതത്തിൽ ഒരിക്കലും ഈ ദിവസങ്ങൾ നിങ്ങൾ മറക്കുകയുമില്ല".

സത്യസന്ധമായ വാക്കുകൾ, ആ ഇരുപത്തിയൊന്ന് ദിവസങ്ങൾ വളരെ വ്യക്തമായിത്തന്നെ ഓർക്കുന്നു. എന്തിന് ക്യാമ്പ് കമാണ്ടന്റ് കേണൽ അമിത് മിശ്രയെ വരെ. മത്സരങ്ങളിൽ മുന്നിൽ വരുമ്പോൾ നേരിട്ട് വന്ന് പറയുക - വെൽഡൺ മൈ സൺ - എന്നാണ്. ജീവിതത്തിൽ കോരിത്തരിച്ചുപോകുന്ന, എന്നും ഓർക്കുന്ന നിമിഷങ്ങൾ. പളനിസാമിയുമായി അയാൾ വളരെ വ്യക്തിപരമായി അടുത്തു. നാട്ടിൽ അമ്മ മാത്രം, മാമനുമുണ്ട്, തയ്യൽക്കടക്കാരനാണ്. മാമന്റെ മക്കളെ പഠിപ്പിക്കുന്നത് പളനിസാമിയാണ്. ഗ്രാമത്തിന്റെ കഥകൾ പറയുമ്പോൾ പളനിസാമിയുടെ കൈകളിലെ രോമങ്ങൾ എഴുന്നേൽക്കും. ചിലപ്പോൾ തമിഴാകും, "ഊര് എന്ന് ശൊന്നാൽ തമ്പി, ഉയിര് താൻ". വാരാന്ത്യങ്ങളിൽ ഷില്ലോങ്ങിൽ പോകുമ്പോൾ പളനിസാമി ഞങ്ങളുടെ കൂടെ വരും, കാണേണ്ട ഇടങ്ങൾ എല്ലാം കൊണ്ടുപോയി കാണിച്ചുതരും. ഭക്ഷണം വാങ്ങിത്തരും. എവിടെയോനിന്നു വന്ന അണ്ണൻ. 

അതിനിടക്ക് ഒരു ദിവസം രാത്രി, ഒന്ന് നടന്നു വരാം എന്ന് പറഞ്ഞു. ഞങ്ങൾ രണ്ടുപേരും മാത്രം, പുറത്തു പോകാനുള്ള പാസ് വാങ്ങിയിരുന്നു. മലഞ്ചെരിവിലൂടെ കുറച്ചു നടന്നപ്പോൾ മലയാളം പാട്ടുകൾ കേൾക്കുന്നു, "ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം". ചെന്നെത്തിയത് കണ്ണൂർക്കാരൻ രാജൻ ചേട്ടന്റെ ഹോട്ടലിൽ. അവിടെ നിന്ന് മസാലദോശ കഴിച്ചു. രാജൻ ചേട്ടനും കുടുംബവും വളരെ വർഷങ്ങളായി അവിടെയാണ്. ക്യാമ്പിൽ നിന്ന് പിരിയുമ്പോൾ പളനിസാമിയുടെ വിലാസമൊക്കെ വാങ്ങി. കത്തുകൾ എഴുതുമായിരുന്നു. പളനിസാമി മലയാളം നന്നായി എഴുതും. ക്യാമ്പിന്റെ ഓർമ്മകളിലാണ് എന്നും എന്ന് പറയും. ഇടയ്ക്ക് നാട്ടിലെ മാമന്റെ വിലാസം തന്നിരുന്നു. വിലാസം എഴുതിയതിനൊപ്പം രണ്ടുവാക്കുകൾ തമിഴിൽ എഴുതി. അയാൾ അതിന്റെ അർഥം ചോദിച്ചു. "എങ്കെയിരുന്താലും വാഴ്‌ക" കണ്ണുകൾ നിറഞ്ഞുപോയി. 

പളനിസാമി ഇടയ്ക്ക് ചെറിയ സമ്മാനങ്ങൾ അയക്കും. ഓടാനുള്ള വസ്ത്രങ്ങൾ, ബനിയനുകൾ അങ്ങനെ. ഒരിക്കൽ പറഞ്ഞു, പളനിസാമിയുടെ മാമന് ഒരു കത്തയക്കണം, ഒരനിയനെകുറിച്ച് പറഞ്ഞിട്ടുണ്ട്, അവർക്ക് സന്തോഷമാകും. ആ കത്തിന് അതിവേഗം മറുപടി ലഭിച്ചു. പളനിസാമിയുടെ അല്ലാതെ മറ്റൊരാളുടെ കത്ത് ജീവിതത്തിൽ ആദ്യമായി കിട്ടുന്നതാണ് "റൊമ്പ സന്തോഷം". ചെറിയ വാക്കുകളിലെ വലിയ സന്തോഷം അയാൾ അനുഭവിച്ചറിഞ്ഞു. പളനിസാമി മാസത്തിൽ ഒരു കത്തെങ്കിലും അയക്കും. അടുത്തുതന്നെ നാട്ടിൽ പോകുമെന്നും, കല്യാണം കഴിക്കുമെന്നും അവസാന കത്തിൽ എഴുതിയിരുന്നു. അടുത്ത മാസം കത്ത് വന്നില്ല. ചിലപ്പോൾ നാട്ടിൽ പോയിരിക്കാം, കല്യാണത്തിരക്കിൽ ആയിരിക്കും. മൂന്ന് മാസങ്ങൾ കഴിഞ്ഞും കത്തുകൾ ഒന്നും കിട്ടാതെയായപ്പോൾ പളനിസാമിയുടെ മാമന് കത്തെഴുതി. അയാൾ മറുപടി വായിച്ചു തകർന്നിരുന്നു. 

"പളനിസാമി മരിച്ചുപോയി, കല്യാണത്തിനായി വന്നതാണ്, പെണ്ണിനേയും കണ്ടു, ഇഷ്ടമായി, തിയതിയും കുറിച്ചിരുന്നു. അന്ന് രാത്രി വലിയ മഴയും കാറ്റുമായിരുന്നു. അടുത്ത വീടിന്റെ മുകളിലേക്ക് ഒരു വലിയ മരം വീണു. അത് വെട്ടിമുറിക്കാൻ പളനിസാമി മരത്തിന് മുകളിലേക്ക് കയറി. അതിവേഗം വെട്ടികൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് കനത്ത കാറ്റു വീശി, കാറ്റിൽ പിടിവിട്ടു പളനിസാമി തെറിച്ചുവീണു. തലയടിച്ചാണ് വീണത്. അപ്പോൾ തന്നെ ബോധം പോയി, പിറ്റേന്ന് ഈ ലോകം വിട്ടുപോയി. നിന്നെ അറിയിക്കാൻ തോന്നിയില്ല, നിന്റെ അണ്ണൻ എവിടെയോ ജീവിച്ചിരിക്കുന്നു എന്ന് കരുതിക്കോട്ടെ എന്ന് കരുതി". അയാൾ വാളയാറിലെ വിലാസം തേടി യാത്രയായി. അവിടെ ഗ്രാമത്തിൽ പളനിസാമിയുടെ വീട് കണ്ടെത്തി. അമ്മാവനെയും, അമ്മയെയും കണ്ടു. കണ്ണുകൾ നിറഞ്ഞു, സംസാരിക്കാൻ ഒരു വാക്കുപോലും പുറത്തു വന്നില്ല. പളനിസാമിയെ അടക്കിയ ഇടം കണ്ടു. ജനനവും മരണവും കുറിച്ചിട്ടതിന് താഴെ ഒരുവരികൂടെ ചേർത്തിരുന്നു. "എങ്കെയിരുന്താലും വാഴ്‌ക".

English Summary:

Malayalam Short Story ' Enkeyirunthalum Vazhka ' Written by Kavalloor Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com