ADVERTISEMENT

അത്രമേൽ ലളിതമെന്നു തോന്നുന്ന ചില കാര്യങ്ങൾ എല്ലാവർക്കും ഒരുപോലെ ആയിരിക്കുകയില്ല. ഓരോ കാര്യങ്ങളും അത് അനുഭവപ്പെടുന്ന സാഹചര്യങ്ങൾക്കനുസരിച്ച് മാറിവരും. ശാസ്ത്രീയ അവബോധം എത്രത്തോളം ഉണ്ടായിരുന്നാലും യുക്തിചിന്തയെ എത്രമാത്രം ആശ്രയിച്ചാലും ചില കാര്യങ്ങൾ പ്രോസസ് ചെയ്തെടുക്കാൻ നമ്മുടെ അറിവിനും കഴിവിനും ഒരുപാട് പരിമിതികളും ഉണ്ടായിരിക്കും. രണ്ടാഴ്ചയ്ക്കുശേഷം ആദർശിനെ കണ്ടപ്പോഴാണ് ഇങ്ങനെ ഒരു ചിന്ത എനിക്ക് ഉണ്ടായത്. സാധാരണയായി ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഫോൺ ചെയ്ത് സംസാരിക്കാറുണ്ട്. പുതിയ സിനിമയെക്കുറിച്ചോ, പുതുതായി കഴിച്ച മദ്യത്തെക്കുറിച്ചോ, ഓഫീസിൽ പുതുതായി ജോയിൻ ചെയ്ത സുന്ദരിയായ പെൺകുട്ടിയെ കുറിച്ചോ അങ്ങനെ ഒട്ടും കാര്യമാത്ര പ്രസക്തമല്ലാത്ത എന്നാൽ ബന്ധങ്ങളെ സജീവമായി നിലനിർത്തുന്ന നിത്യസംഭാഷണങ്ങൾ.

ഏതാണ്ട് കോളജ് കാലഘട്ടത്തിൽ തുടങ്ങിയ സൗഹൃദമാണ്. ഇന്ന് 35 വയസ്സ് പിന്നിട്ടെങ്കിലും ആ സൗഹൃദത്തിന് ഒരു ഉലച്ചിലും തട്ടിയിട്ടില്ല. കോളജിലെ  അറിയിപ്പ് തരാൻ സ്ഥാപിച്ച ക്ലാസ് റൂമിലെ സ്പീക്കറിന്റെ വയർ മുറിച്ചു കൊണ്ടു തുടങ്ങിയ സൗഹൃദമാണ്. ആദ്യമായി സസ്പെൻഷൻ കിട്ടിയതും തോറ്റതും പുറത്താക്കപ്പെട്ടതും എല്ലാം ഒരുമിച്ചാണ്. അതുകൊണ്ടുതന്നെ ഏതുനിമിഷത്തിൽ എന്നറിയാൻ പറ്റാത്ത വണ്ണം ഞങ്ങളുടെ സൗഹൃദം ജീവിതവുമായി ഇഴുകി ചേർന്നിരുന്നു. ഇരുപത്തിയെട്ടാമത്തെ വയസ്സിൽ അവന്റെ വിവാഹം കഴിഞ്ഞു. ഇപ്പോൾ ആറു വയസ്സുള്ള ഒരു പെൺകുട്ടിയുടെ പിതാവാണ്. ഭേദപ്പെട്ട സാമ്പത്തികം ഉള്ള കുടുംബത്തിലാണ് അവൻ ജനിച്ചത്. അച്ഛനും അമ്മയും റിട്ടയേഡ് അധ്യാപകരാണ്. ഏക സഹോദരിയെ വിവാഹം കഴിപ്പിച്ചു അയച്ചു. ബാധ്യതകൾ ഒന്നുമില്ല. എങ്കിലും വിവാഹശേഷം അമ്മയും ഭാര്യയും ഒത്തുപോകാത്തതിനാൽ വാടകവീടെടുത്ത് മാറി. ചെറിയ സൗന്ദര്യ പിണക്കങ്ങൾ വലിയ പൊട്ടിത്തെറിയിലേക്ക് എത്തേണ്ട എന്ന് കരുതി മൂന്നുകൊല്ലം മുമ്പാണ് മാറിയത്.

അവന് വാടക വീടെടുത്തു കൊടുക്കാനും പുതുജീവിതം ആരംഭിക്കാനും ആയ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കാൻ സ്വാഭാവികമായും ഞാൻ തന്നെയായിരുന്നു മുന്നിൽ. അഡ്വാൻസായി വീട്ടുടമ ആവശ്യപ്പെട്ട അമ്പതിനായിരം രൂപ എടുത്തു കൊടുത്തത് ഞാനാണ്. അവൻ വിലക്കിയിട്ടും തിരികെ തന്നിട്ടും ഞാനത് വാങ്ങിച്ചിട്ടില്ല. വീടൊഴിയുമ്പോൾ വീട്ടുടമ പണം തിരികെ തരുമല്ലോ അപ്പോൾ തന്നാൽ മതി എന്ന് പറഞ്ഞിരിക്കുകയാണ് ഞാൻ. കഴിഞ്ഞ മൂന്നു നാല് ദിവസമായി അവന്റെ സംസാരത്തിലും പെരുമാറ്റത്തിലും അസ്വാഭാവികത തോന്നിയതുകൊണ്ട് നിർബന്ധിച്ച് നേരിൽ കാണാൻ ഞാൻ ഇന്ന് വിളിച്ചുവരുത്തിയതാണ്. മീറ്റിങ് പ്ലേസ് സ്ഥിരം സ്ഥലം തന്നെയാണ്. ഫുഡ് എൻ ഫൺ റസ്റ്റോറന്റ്.

വിശാലമായ റസ്റ്റോറന്റിന്റെ ഇരുണ്ട മൂലയിലേക്ക് ഒതുങ്ങിയിരുന്ന് ഞങ്ങൾ ചായയ്ക്ക് ഓർഡർ നൽകി. ഇപ്പോൾ കരയും എന്ന മട്ടിലുള്ള അവന്റെ മുഖഭാവം എനിക്ക് അപരിചിതമായിരുന്നു. കാര്യമായ എന്തോ ഒന്ന് അവനെ അലട്ടുന്നുണ്ടെന്ന് ആ മുഖഭാവം കണ്ടാൽ തന്നെ അറിയാമായിരുന്നു. ഭാര്യ നീനയുമായി തല്ലു കൂടിയിട്ടുണ്ടാകും എന്നാണ് ഞാൻ കരുതിയത്. ഞാൻ ഒന്നും ചോദിച്ചില്ല. കുടുംബ കാര്യങ്ങളിലേക്ക് ഒരു പരിധിയിൽ കൂടുതൽ ചുഴിഞ്ഞു കയറുന്നതിൽ ഒരു അഭംഗിയുണ്ടെന്ന് അറിയാവുന്നതുകൊണ്ട് ഞാൻ മെനു കാർഡ് സശ്രദ്ധം വായിക്കുന്നതായി അഭിനയിച്ചു. എന്തായാലും അവൻ എന്നോട് പറയുമല്ലോ. സ്വമേധയാ അവൻ പറയാൻ തയാറെടുക്കുന്ന നിമിഷത്തിനു വേണ്ടി ഞാൻ കാത്തിരുന്നു.

"അളിയാ ഞാനൊരു കാര്യം പറഞ്ഞാൽ നീ കളിയാക്കുമോ?" നിമിഷങ്ങൾ നീണ്ട നിശബ്ദതക്കുശേഷം അവൻ എന്നോട് ചോദിച്ചു. "കളിയാക്കാനോ എന്തിന്?" എനിക്ക് മുഖവുര നിറഞ്ഞ അവന്റെ ചോദ്യം മനസ്സിലായില്ല. "വീട്ടിൽ ഒരു മനസ്സമാധാനവുമില്ല. തുടങ്ങിയിട്ട് രണ്ടു മൂന്നു മാസമായി. ആരോടും ഒന്നും പറയാനും പറ്റുന്നില്ല. ഒതുക്കിപ്പിടിച്ച് ജീവിക്കാൻ പറ്റുന്നതിലും അപ്പുറമായി കാര്യങ്ങൾ. നീനയാണെങ്കിൽ ആകെ തകർന്ന മട്ടാണ്. എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ല." അവൻ പറഞ്ഞു. അവന്റെ വിശദീകരണത്തിൽ നിന്നും നീനയുമായി പ്രശ്നമൊന്നുമില്ല എന്ന് മനസ്സിലായി. "എന്താടാ കാശിനു വല്ല ആവശ്യവും ഉണ്ടോ?" ഞാൻ ചോദിച്ചു. "അതൊന്നും അല്ലടാ. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ നിന്നോട് ചോദിച്ചു നീ കയ്യൊഴിഞ്ഞങ്കിൽ മാത്രമല്ലേ എനിക്ക് ടെൻഷൻ അടിക്കേണ്ടതുള്ളൂ." "എങ്കിൽ വലിച്ചു നീട്ടാതെ കാര്യം പറ." ആകാംക്ഷ ദേഷ്യത്തിന്റെ രൂപത്തിലാണ് പുറത്തുവന്നത്. "ഞാൻ പറയാം." അവൻ പറഞ്ഞു തുടങ്ങി.

ഭാഗം രണ്ട് 

"എനിക്ക് വയ്യ ആദർശേ, എന്തൊരു ശല്യമാണിത് എത്ര നാളായി തുടങ്ങിയിട്ട്. മനസമാധാനം ഇല്ലാതായി." പതിവുപോലെ ഏതോ ഒരു ഞായറാഴ്ച രാവിലെ 10 മണിക്ക് ഉറങ്ങി എഴുന്നേറ്റു വന്ന് സിറ്റൗട്ടിൽ ഇരുന്ന് മാട്രിമോണിയൽ കോളത്തിലൂടെ വെറുതെ കണ്ണോടിച്ചു നോക്കുകയായിരുന്നു ആദർശ്. അപ്പോഴാണ് മുടിക്കെട്ടിയ മുഖവുമായി നീന വന്നത്. "എന്താ പ്രശ്നം." അവൻ ചോദിച്ചു. "നീ ഇത് കണ്ടോ 10 മിനിറ്റ് മുമ്പ് അടുപ്പത്തുനിന്നും ഇറക്കിവെച്ച ചായയാണ്. നീ എഴുന്നേറ്റ് പല്ലുതേക്കാൻ പോകുന്നത് കണ്ടിട്ടാണ് ചായ എടുക്കാൻ പോയത്. അപ്പോഴേക്കും അതിൽ ഉറുമ്പ് കയറി." അവൾ ഉറഞ്ഞു തുള്ളിയത് പോലെ പറഞ്ഞു. അവളുടെ കലമ്പൽ കേട്ട് ചിരിയാണ് അവന് വന്നത്. "പാവം രണ്ടു ഉറുമ്പുകൾ ചായയിൽ വീണതിനാണോ നീ ഇങ്ങനെ ലഹളയുണ്ടാക്കുന്നത്. ഞാൻ വേണമെങ്കിൽ അരിപ്പയിൽ അരിച്ചെടുത്തു കുടിച്ചോളാം പോരെ." അവൻ ചോദിച്ചു. ഒരു നിമിഷം അവൾ ഉത്തരം ഒന്നും പറഞ്ഞില്ല. "അത് ശരി അപ്പോൾ അരിക്കാനുള്ള മടി കൊണ്ട് ഉറഞ്ഞു തുള്ളിയതാണല്ലേ." പേപ്പറിൽ നിന്നും മുഖമെടുക്കാതെ സരസമായി അവൻ ചോദിച്ചു.

അൽപം കഴിഞ്ഞും അവളിൽ നിന്നും യാതൊരു പ്രതികരണവും ഇല്ലാത്തതു കണ്ടാണ് മുഖം ഉയർത്തി നോക്കിയത്. കണ്ണുകളിൽ വെള്ളം വിരുന്നെത്തിയിരിക്കുന്നു. "അയ്യേ ഒരു തമാശ പറഞ്ഞതിന് നേരം വെളുക്കുമ്പോൾ കരയുകയാണോ. എന്തുപറ്റി മൂഡ് ശരിയല്ലല്ലോ." അവൻ ചോദിച്ചു. "ആദർശിന് ഇത് തമാശയാണ് എനിക്ക് വയ്യ. എത്ര ദിവസമായി ഇത് തുടങ്ങിയിട്ട്. എന്തു വച്ചാലും ഉറുമ്പ്. ചായയിൽ, ചോറിൽ, ചപ്പാത്തിയിൽ, വരാന്തയിൽ, ഹാളിൽ, കിടക്കവിരിയിൽ, കുളിക്കാനായി പിടിച്ചു വെച്ച വെള്ളത്തിൽ എനിക്ക് മടുത്തു തുടങ്ങി." പൊട്ടികരച്ചിലിന്റെ വക്കോളം എത്തിയ അവളുടെ മുഖഭാവം കണ്ട് പ്രശ്നം ലഘൂകരിക്കാൻ അവൻ പറഞ്ഞു "അതിന് കരഞ്ഞിട്ടെന്താ കാര്യം. ഇന്ന് ഒഴിവ് ദിവസമല്ലേ ഞാനും കൂടാം നമുക്കൊരുമിച്ച് വീടിന്റെ മുക്കും മൂലയും വൃത്തിയാക്കാം. പോരേ. ഒരു ഉറുമ്പിന്റെ മക്കളെയും ഇനി ഇവിടെ വെച്ചേക്കില്ല." ഒട്ടും തെളിച്ചമില്ലാത്ത മുഖത്തോടെ ചിരിച്ചെന്നു വരുത്തിയും ഉറയ്ക്കാത്ത ശബ്ദത്തോടെ ശരി എന്നു പറഞ്ഞും അവൾ അകത്തേക്ക് പോയി.

കടയിൽ പോയി രണ്ടേകാൽ കിലോ ചിക്കൻ വാങ്ങിക്കൊണ്ടുവന്ന് കഴുകാനായി മൺചട്ടിയിൽ ഇട്ടതിനു ശേഷം ആദർശ് നീനയെ വിളിച്ചു. ഒരു പടയാളിയെ പോലെ അടുക്കളയിൽ നിന്നും ഒരു ചൂലെടുത്ത് തോളിനു മുകളിൽ യോദ്ധാക്കൾ വാളു പിടിക്കുന്നതുപോലെ പിടിച്ച് ഒരു യുദ്ധത്തിനെന്ന പോലെ അവൻ തയാറായി നിന്നു. "അപ്പോൾ തുടങ്ങിയാലോ?" "ബെസ്റ്റ് ആള് ആണ് സഹായിക്കാൻ വരുന്നത്." അവന്റെ നിൽപ്പ് കണ്ട് ചിരിച്ചുകൊണ്ട് നീന അടുത്തെത്തി. "പുറമടിച്ചു വാരുന്ന ചൂലും അകമടിച്ചു വാരുന്ന ചൂലും ഇതുവരെ തിരിച്ചറിയില്ല. എന്നിട്ട് വലിയ കാര്യത്തിൽ സഹായിക്കാൻ വന്നിരിക്കുന്നു." അവൾ ആ ചൂല് പിടിച്ചുവാങ്ങി അടുക്കള വാതിൽ വഴി പുറത്തേക്ക് എറിഞ്ഞ് പുൽ ചൂലുമായി എത്തി. "സർ ആദ്യമായിട്ട് സഹായിക്കാം എന്ന് ഇങ്ങോട്ട് പറഞ്ഞതല്ലേ തുടങ്ങിക്കോ." എന്നുപറഞ്ഞ് ചൂല് അവന്റെ നേർക്ക് നീട്ടി.

ഒരു മണിക്കൂർ നീണ്ട അധ്വാനത്തിനുശേഷം സെറ്റിയിൽ ഇരുന്ന് ഫുൾ സ്പീഡിൽ ഫാൻ ഓൺ ചെയ്തു കാറ്റ് ആസ്വദിക്കുകയായിരുന്നു അവൻ. "ആദർശേ.." വീണ്ടും നീനയുടെ കരച്ചിൽ പോലുള്ള വിളി കേട്ട് അവൻ അടുക്കളയിലേക്ക് ഓടി. കഴുകുന്നതിനായി മൺചട്ടിയിൽ ഇട്ട് സിങ്കിൽ ഇറക്കിവെച്ച മുറിച്ചു വാങ്ങിയ കോഴിയിറച്ചിയിൽ നിറയെ ഉറുമ്പുകൾ. കറുത്ത ഉറുമ്പുകൾ. കളഞ്ഞുപോയ എന്തോ തിരയുന്ന മട്ടിൽ നൂറുകണക്കിന് ആയിരക്കണക്കിന് ലക്ഷക്കണക്കിന് ഉറുമ്പുകൾ സിങ്കിലും ചട്ടിയിലും ഇറച്ചിയിലുമായി തലതാഴ്ത്തി നടക്കുന്നു.

ഭാഗം മൂന്ന് 

ചുവപ്പും കറുപ്പും യൂണിഫോം ധരിച്ച് നോട്ടത്തിൽ ബംഗാളിയെ പോലെ തോന്നിക്കുന്ന കൊലുന്നനെയുള്ള സുന്ദരിയായ മലയാളി പെൺകുട്ടി ചായയുമായി എത്തി. ആദ്യമായി കാണുന്നവരാണെങ്കിൽ ഉറപ്പായും അവളെ വംഗ സുന്ദരിയാണെന്ന് തെറ്റിദ്ധരിക്കും. എന്നാൽ കഴിഞ്ഞ ഒരു വർഷത്തോളം നിരന്തരം ബ്രേക്ക്ഫാസ്റ്റും ഡിന്നറും ഇവിടെനിന്ന് കഴിക്കുന്ന എനിക്ക് ഇവരെ ഓരോരുത്തരെയും പരിചയമുള്ളത് കൊണ്ട് ആ തെറ്റിദ്ധാരണ ഉണ്ടായില്ല. ആ പെൺകുട്ടിയുടെ വരവോടുകൂടി ആദർശ് സംസാരത്തിന് താൽക്കാലിക വിരാമമിട്ടു. പരിചയ ഭാവത്തിൽ ചായ വെച്ച് ചിരിച്ച് ഇനി എന്തെങ്കിലും വേണോ എന്ന് അവൾ ആവശ്യപ്പെട്ടു. "പറയാം" എന്ന് ചിരിച്ചുകൊണ്ട് മറുപടി നൽകി അവളെ ഞാൻ തിരിച്ചയച്ചു. "ഉറുമ്പ് ഉള്ളതാണോ നിന്റെ പ്രശ്നം?" ഞാൻ ചോദിച്ചു. പഞ്ചസാര സാഷെ പൊട്ടിച്ച് ശ്രദ്ധാപൂർവ്വം ചായയിലേക്ക് ഇടുന്നതിനിടയിൽ അവൻ പറഞ്ഞു "അതെ." "അതിന് കുറച്ച് ഉറുമ്പ് പൊടി വാങ്ങി ഇട്ടാൽ പോരെ. അതിനാണോ കുരങ്ങൻ ചത്ത കാക്കാലനെ പോലെ മോന്തയും വെച്ച് ഫോൺ ചെയ്താൽ മിണ്ടാതിരിക്കുന്നത്." ചായയിൽ ഇട്ട പഞ്ചസാര സ്പൂൺ കൊണ്ട് ശ്രദ്ധാപൂർവ്വം ഇളക്കുകയായിരുന്നു അവൻ. ഇളക്കൽ നിർത്തിയിട്ടും നിർത്താതെ വട്ടം ചുറ്റി കൊണ്ടിരുന്ന ചായയിലേക്ക് ശ്രദ്ധ ഉറപ്പിച്ച് അവൻ പറഞ്ഞു.

"എങ്ങനെയാ പറയേണ്ടത് എന്നെനിക്കറിയില്ല. അങ്ങനെ എളുപ്പം തീരുന്ന ഒരു പ്രശ്നമായിരുന്നില്ല ഉറുമ്പിന്റേത്. ഭക്ഷണസാധനത്തിലും പഞ്ചസാരയിലും ഉറുമ്പ് വരുന്നത് സ്വാഭാവികമാണ്. എന്നാൽ അലക്കിതേച്ച ഡ്രസ്സിൽ, കാറിന്റെ സീറ്റിൽ, പാതി വേവായ ചോറിൽ ഇവിടെയൊക്കെ എങ്ങനെയാടാ ഉറുമ്പ് വരിക? ഞാൻ പൊട്ടിച്ച് വച്ച മദ്യകുപ്പിയിൽ വരെ ഉറുമ്പാണെടാ. ഒരു ദിവസം രാത്രി നീന ഉറങ്ങിയതിനു ശേഷം ചെറുത് ഒന്ന് അടിക്കാം എന്ന് വിചാരിച്ച് ലൈറ്റ് ഇടാതെ ചെന്ന്  റൊമനോഫ് ഓറഞ്ച് ഫ്ലേവർ വോഡ്ക ഗ്ലാസിൽ ഒഴിച്ചു. തെളിനീര് പോലുള്ള മദ്യം ഗ്ലാസിൽ പകർന്നപ്പോഴും പിന്നീട് വെള്ളം ചേർത്തപ്പോഴും അസ്വാഭാവികമായി ഒന്നും കണ്ടില്ല. ലൈറ്റ് ഇട്ടില്ലെങ്കിൽ കൂടി അരണ്ട വെളിച്ചത്തിൽ കാഴ്ചയുമായി പൊരുത്തപ്പെട്ട് നിൽക്കുന്ന അവസ്ഥയായിരുന്നു കണ്ണുകൾക്ക്. ഗ്ലാസ് ചുണ്ടോട് അടുപ്പിച്ച് വായയിലേക്ക് ഒരു സിപ്പ് എടുത്തത് ഓർമ്മയുണ്ട്. വായ നിറച്ചും ഉറുമ്പ് ആയിരുന്നടാ... വാഷ്ബേസിൻ വരെ ചെന്ന് തുപ്പാനുള്ള സമയം പോലും ഉണ്ടായിരുന്നില്ല. ഹാളിൽ തന്നെ ചർദ്ദിച്ചു. ഒന്നും രണ്ടുമായിരുന്നില്ല നൂറ് കണക്കിന് ഉറുമ്പുകൾ ആയിരുന്നു വായിൽ.

കുഷ്യനിൽ ചാരിയിരുന്നു കഥ കേൾക്കുന്ന ലാഘവത്തോടു കൂടി അവന്റെ സംസാരം കേട്ട്  ചായ കുടിച്ചു കൊണ്ടിരുന്ന ഞാൻ അര നിമിഷത്തേക്ക് തരിച്ചു നിന്നു. പിന്നീട് മുന്നോട്ടു വന്നിരുന്നു പതുക്കെ അവനോട് പറഞ്ഞു. "അളിയാ ഇത് തോന്നിയതാണോടാ ആൽക്കഹോളിൽ എങ്ങനെയാടാ ഉറുമ്പ് വരിക?" "അതിന്റെ ഉത്തരം കണ്ടുപിടിക്കാൻ ഞാൻ ശ്രമിക്കുമ്പോഴേക്കും മനസ്സമാധാനക്കേട് നാല് ഭാഗത്ത് നിന്നും എന്നെ ആക്രമിക്കാൻ തുടങ്ങിയെടാ. സത്യം പറഞ്ഞാൽ ഉറങ്ങിയിട്ട് നാലുമാസമായി. ഉറുമ്പ് പ്രശ്നങ്ങളുടെ തുടക്കം മാത്രമായിരുന്നു. അവൻ തുടർന്നു.

ഭാഗം നാല്

പഞ്ചസാര നന്നായി അലിഞ്ഞു ചേർന്ന ചായ കപ്പിൽ ഉറുമ്പ് പെട്ടിട്ടുണ്ടോ എന്ന് സൂക്ഷ്മമായി നോക്കി ഇല്ല എന്ന് ഉറപ്പുവരുത്തിയതിനു ശേഷം ആദർശ് പറഞ്ഞുതുടങ്ങി. "ഉറുമ്പുകൾ ശല്യപ്പെടുത്താൻ തുടങ്ങിയതിനുശേഷം ചില അസ്വാഭാവികതകൾ വീട്ടിൽ ഉള്ളതുപോലെ തോന്നി." "എന്ത് അസ്വാഭാവികത." ഇടയിൽ കയറി ചോദിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. "പ്രത്യേകിച്ചൊന്നുമില്ല. രാത്രി 12:30 - ഒരു മണി കഴിയാതെ ഉറങ്ങാൻ പറ്റില്ല. എപ്പോൾ കിടന്നാലും ഉറങ്ങണമെങ്കിൽ ആ സമയമാകും. അന്ന് ഒരു ദിവസം. നീനുവുമായി എന്തിനോ പിണങ്ങിയിരിക്കുകയായിരുന്നു. കട്ടിലിന്റെ ഇരുഭാഗത്തായി ഞങ്ങളും നടുക്ക് മോളും കിടന്നുറങ്ങുന്നുണ്ട് . ഞാൻ ഹെഡ്സെറ്റിൽ പാട്ട് കേട്ട് കിടക്കുകയായിരുന്നു. സമയം എത്രയായി എന്ന് ശ്രദ്ധിച്ചില്ല. അമർത്തിപ്പിടിച്ച ഒരു കരച്ചിൽ കേട്ടു. നീനുവിന്റെ അവസാനത്തെ ഒരു അടവുണ്ട്. അതാണ് കരച്ചിൽ. തല്ലു കൂടി തോറ്റാൽ കരയും. കരഞ്ഞു കരഞ്ഞു ശ്വാസംമുട്ടുന്ന ഘട്ടമെത്തുമ്പോൾ ഞാൻ തോൽവി സമ്മതിക്കും. അതുകൊണ്ടുതന്നെ കരച്ചിൽ തുടങ്ങിയപ്പോൾ ഞാൻ മൈൻഡ് ചെയ്തില്ല. അൽപം കൂടി വോളിയം കൂട്ടി പാട്ട് കേട്ടു.

ഇടയ്ക്ക് കരച്ചിലിനോടൊപ്പം ഒരു പ്രത്യേക ശബ്ദവും കേട്ട് കേട്ടുകൊണ്ടിരുന്നു. നീനുവിന്റെ മെലോഡ്രാമയിൽ താൽപര്യമില്ലാതിരുന്ന ഞാൻ അതിന് ശ്രദ്ധ കൊടുത്തില്ല. അൽപം കഴിഞ്ഞ് തോൽവി സമ്മതിക്കാം എന്ന് കരുതി ഹെഡ്സെറ്റ് ഊരിയ ഞാൻ തരിച്ചു പോയടാ. അത്രയും നേരം കരച്ചിലിനോട് ഒപ്പം കേട്ടിരുന്ന ശബ്ദം കൂർക്കം വലി ആയിരുന്നു. നീനു കൂർക്കം വലിച്ച് ഉറങ്ങുകയാണ്. അപ്പോൾ അത്രയും നേരം കരഞ്ഞത് ആരാണ്? കൂർക്കം വലിക്കിടയിൽ ഞാൻ വ്യക്തമായി കേട്ടതാണ് അത്രയും നേരം ഒരു പെണ്ണ് അവിടെ കരഞ്ഞിരുന്നു. അത് നീനുവാണ് എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. ചങ്കത്ത് ഒരു ഇടിവെട്ടിയ അനുഭവമായിരുന്നു എനിക്ക് അത്. ചാടി എഴുന്നേറ്റു കട്ടിലിലിരുന്ന് പുലർച്ച വരെ കാത്തിരുന്നിട്ടും പിന്നീട് ആ കരച്ചിൽ കേട്ടില്ല. ആദർശ് പറഞ്ഞു നിർത്തി.

"എടാ നീ പറയുന്നത് പ്രേതം ഉണ്ടെന്നാണോ?" ഉയർന്ന ചിരി കഷ്ടപ്പെട്ട് അടക്കി ഞാൻ ചോദിച്ചു. അവൻ മറുപടിയൊന്നും പറഞ്ഞില്ല. "സത്യം പറ അന്ന് നീ നന്നായി രണ്ടെണ്ണം വിട്ടിട്ടുണ്ടായിരുന്നില്ലേ. അതിന്റെ ഹാങ്ങോവർ ആണ്. ഈ കാലത്ത് ടൗണിന്റെ നടുക്ക്, ചുറ്റുപാടും വീടുകളുള്ള റസിഡൻഷ്യൽ ഏരിയയിൽ രാത്രി നിന്റെ വീടിനടുത്ത് വന്ന് ഏതു പെണ്ണ് കരയാനാണ്. അതുകേട്ട് നീ പേടിക്കാനിരിക്കുന്നോ?" ആദർശ് തലതാഴ്ത്തി തന്നെ ഇരുന്നു. രണ്ടുതവണ അവന്റെ പേര് ഞാൻ വിളിച്ചപ്പോൾ പതിയെ തല ഉയർത്തി നോക്കി. അവന്റെ രണ്ടു കണ്ണുകളും നിറഞ്ഞിട്ടുണ്ടായിരുന്നു. ആ ഭാവമാറ്റത്തിൽ അത്ഭുതപ്പെട്ട ഞാൻ വീണ്ടും ചോദിച്ചു "എന്താടാ പ്രശ്നം." "അറിയില്ലടാ സമാധാനം ഇല്ലാതായി. വീട്ടിൽ താമസിക്കാൻ തന്നെ പേടിയാണ്." അവൻ പറഞ്ഞു. "നീ പേടിക്കല്ലേ. യുക്തികൊണ്ട് ചിന്തിച്ചു നോക്കിയേ ഇതിൽ വല്ല കഥയുമുണ്ടോ?" ഞാൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

"ഈ പൂച്ചകൾക്ക് വയറുവേദന വരുന്ന സമയത്ത് അവറ്റകൾ ദയനീയമായി കരയാറുണ്ട്. ഒറ്റക്കേൾവിയിൽ 'അയ്യോ' എന്ന നിലവിളിക്കുന്നത് പോലെ നമുക്ക് തോന്നും. അത് നാല് കറുകപ്പുല്ല് കടിച്ചു തിന്നുമ്പോൾ മാറും. പണ്ടുകാലത്തെ ആളുകൾ കരഞ്ഞുകൊണ്ട് ഉള്ള ഈ പോക്കിനെ യക്ഷിയുടെ പോക്ക് വരവ് എന്നൊക്കെ പറയാറുണ്ട്. അതിനു ശാസ്ത്രീയമായ അടിത്തറയൊന്നുമില്ല. ഉറക്കത്തിലോ പാതി ഉറക്കത്തിലോ നമ്മൾ കേൾക്കുന്ന ശബ്ദം നമ്മെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. നീയും അങ്ങനെ ഒരു കരച്ചിൽ കേട്ടതാവാം. ടെൻഷൻ അടിക്കാതെ. ഇതു വല്ലതും നീനുവിനോട് പറഞ്ഞിരുന്നോ?" ഞാൻ ചോദിച്ചു.

"ഇല്ല. പക്ഷേ ഒരു രാത്രി ഞങ്ങളുടെ ഇടയിൽ കിടന്നുറങ്ങുന്ന മകൾ അടുക്കളയിൽ നിന്ന് മരണഭയത്തിൽ 'അമ്മേ' എന്ന് വിളിക്കുന്നത് കേട്ട് 'ആദർശേ നമ്മുടെ മോള്' പറഞ്ഞു വിളിച്ചുകൊണ്ട് അവൾ അടുക്കളയിലേക്ക് ഓടിയിരുന്നു. ഗാഢനിദ്രയിലായിരുന്ന ഞാൻ നിലവിളി കേട്ടിരുന്നു. അത് മോളുടെയാണ് എന്ന് തിരിച്ചറിഞ്ഞിരുന്നില്ല. നീനുവിന്റെ നിലവിളി കേട്ട് അവളുടെ പുറകെ ഓടി അടുക്കളയിൽ ചെന്ന് ലൈറ്റ് ഇട്ടപ്പോൾ അവിടെ ആരുമില്ല. തിരിച്ചുവന്നു നോക്കുമ്പോൾ മോള് കട്ടിലിൽ തന്നെ കിടപ്പുണ്ടായിരുന്നെടാ. അവൾ ഒന്നും അറിഞ്ഞിട്ടില്ല. നല്ല ഉറക്കമാണ്. കട്ടിലിന്റെ തലയ്ക്കൽ കുഴഞ്ഞു വീണ നീനുവിനെ ഒരുവിധം പിടിച്ച് എഴുന്നേൽപ്പിച്ച് ഇരുത്തി. അന്നത്തെ രാത്രിക്ക് നീളം വളരെ കൂടുതലായിരുന്നെടാ." അവൻ പറഞ്ഞു നിർത്തി.

ഭാഗം അഞ്ച്

പേടിക്ക് ഒരു പൊതുശൈലി ഉണ്ട്. സമയം കഴിയുംതോറും പേടി നേർത്ത് നേർത്ത് വരും. ഒടുവിൽ ഇല്ലാതാവും. ചായയുടെ ബില്ല് കൊടുത്തു പാർക്കിങ്ങിൽ അവന്റെ കാറിൽ ഇരിക്കുമ്പോൾ സ്വാഭാവികമായും ഞാൻ എന്റെ സംശയങ്ങൾ ചോദിച്ചു. "ശരി ഏതോ ഒരു അദൃശ്യസാന്നിധ്യം വീട്ടിലുണ്ട് എന്നുതന്നെ കരുതുക. അതിനെ നിങ്ങൾ ഭയപ്പെടുന്നില്ല എന്ന് ഉറപ്പാണ്. ഭയപ്പെടുന്നുണ്ടെങ്കിൽ ഇതിനകം തന്നെ മാറുമായിരുന്നില്ലേ. അല്ലെങ്കിൽ അവിടെ ഉണ്ട് എന്ന് നിങ്ങൾ കരുതുന്ന ആത്മാവോ പ്രേതമോ എന്തെങ്കിലുമാകട്ടെ ആ സാധനം നിങ്ങളെ ഉപദ്രവിക്കില്ല എന്ന് കരുതുന്നുണ്ട്. ഇല്ലെങ്കിൽ കുഞ്ഞിനെയും കൊണ്ട് നിങ്ങൾ അവിടെനിന്ന് ഉറപ്പായും രക്ഷപ്പെടുമായിരുന്നു. അങ്ങനെ ഒന്നും ഇതുവരെ ഉണ്ടായില്ല. അതെന്തുകൊണ്ടാണ്? "അറിയില്ലടാ. ആ വിഷയത്തെപ്പറ്റി ഞങ്ങൾ പലതവണ സംസാരിച്ചതാണ്. സിനിമയിൽ കാണുന്നതുപോലെ ഞങ്ങളെ ദേഹോപദ്രവം ചെയ്യുകയോ സാധനങ്ങൾ നശിപ്പിക്കുകയോ ഒന്നും ചെയ്യുന്നില്ല. പക്ഷേ എല്ലാ നിമിഷവും വേറെ ആരുടെയോ നിരീക്ഷണത്തിൽപെട്ട് ജീവിക്കുന്ന അവസ്ഥയാണ്. അത് പേടിയുടെയോ അനിശ്ചിതത്തിന്റെയോ അല്ല. ഞങ്ങൾക്ക് സ്വകാര്യത ഇല്ലടാ മനസ്സമാധാനവും." "ശരി ആ വീട് നമ്മൾ എടുക്കുന്നതിന് മുമ്പ് വേറെ താമസക്കാർ ഉണ്ടായിരുന്നിരിക്കുമല്ലോ. അവരെ നമുക്കൊന്ന് തപ്പി നോക്കിയാലോ. അവർക്ക് ഇത്തരം എന്തെങ്കിലും അനുഭവമുണ്ടായിരുന്നോ എന്നറിയാമല്ലോ?" ഞാൻ ചോദിച്ചു. 

ഒരു ദീർഘനിശ്വാസം എടുത്തതിനുശേഷം ആദർശ് പറഞ്ഞു. "ഞാൻ ആദ്യം ചെയ്തത് അതാണെടാ. ടൗണിൽ ഹാർഡ്‌വെയർ ഷോപ്പ് നടത്തുന്ന ഒരു തോമസ് ഉണ്ട്. അയാളും കുടുംബവുമായിരുന്നു മുമ്പു താമസിച്ചിരുന്നത്. അവിചാരിതം എന്നോണം അയാളുടെ കടയിൽ ചെന്ന് സാധനങ്ങൾ വാങ്ങിച്ച് ഇടിച്ചു കയറി ഞാൻ പരിചയപ്പെട്ടിരുന്നു. അയാൾ താമസിച്ചിരുന്ന വീട്ടിലാണ് ഞാനിപ്പോൾ താമസിക്കുന്നത് എന്ന് പറയാൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല." "നെന്റെ വീട് എവിടെയാ ചെക്കാ" എന്ന്  തോമസ് തന്നെ ഇങ്ങോട്ട് ചോദിക്കുകയായിരുന്നു. പറഞ്ഞപ്പോൾ വല്ലാത്ത സ്നേഹം കാണിച്ചു. "രാശിയുള്ള വീടാണ് മോനേ. വിചാരിച്ച കാശ് എനിക്ക് സെറ്റ് ആക്കാൻ പറ്റിയില്ല. പറ്റിയിരുന്നേല് ആ വീട് ഞാൻ വാങ്ങിയേനെ. അവടെ വന്നതിനുശേഷാണ് എനിക്ക് ഗതി പിടിച്ചത്." എന്നായിരുന്നു അയാളുടെ മറുപടി. "അപ്പോൾ അവിടെ എന്തെങ്കിലും അദൃശ്യസാന്നിധ്യം ഉണ്ടെങ്കിൽ അയാളെ ശല്യം ചെയ്യേണ്ടതല്ലേ. ഇതെന്താ അയാളെ ശല്യം ചെയ്യാതെ നന്നെ മാത്രം ശല്യം ചെയ്യുന്നത്. നിനക്ക് അത് ഹോണ്ടഡ് ഹൗസ് ആണെങ്കിൽ അയാൾക്ക് അത് ഭാഗ്യ സ്ഥലമാണ്. ഒന്ന് രണ്ട് തവണ കരച്ചിൽ കേട്ടതായി തോന്നി എന്നല്ലാതെ വേറെ എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നോ?" ഞാൻ വീണ്ടും ചോദിച്ചു. "ഉം." ഒരു മൂളലിൽ ഉത്തരം പറഞ്ഞതിനുശേഷം അവൻ വിശദീകരിക്കാൻ ആരംഭിച്ചു.

ഭാഗം ആറ്

ഒരു ദിവസം ഓഫീസിൽ നിന്നും തിരക്കിട്ട് വീട്ടിലേക്ക് കാറിൽ വരുമ്പോൾ മൊബൈൽ ശബ്ദിച്ചു. പരിചയമില്ലാത്ത നമ്പർ ആയതുകൊണ്ട് അപ്പോൾ തന്നെ അറ്റൻഡ് ചെയ്തു. അപരിചിതമായ നമ്പർ കണ്ടാൽ ഒരിക്കലും എടുക്കാതിരിക്കില്ല. എന്തെങ്കിലും അത്യാവശ്യക്കാരാണ് അത് എന്ന് ഉപബോധമനസ്സിൽ എവിടെയോ എപ്പോഴും ഉറച്ചു പോയിട്ടുള്ള ഒരു കാര്യമാണ്. "ഡാ ആദർശ് ആൺടാ അത്." അങ്ങേ തലക്കൽ നിന്നും ഹലോ എന്ന ഉപചാരം പോലും ഇല്ലാതെ നേരിട്ട് ഒരു ചോദ്യം. "അതെ. ആരാണ്" "ഞാൻ തോമസ് ആൺടാ. ടൗണിൽ ഹാർഡ് വെയർ ഷോപ്പ് നടത്തണ തോമസ്. നെന്റെ വീട്ടിൽ നേരത്തെ താമസിച്ചിരുന്ന ആള്." ക്ഷണത്തിൽ ആളെ തിരിച്ചറിഞ്ഞു. "ആ മനസ്സിലായി ചേട്ടാ പറയൂ എന്താണ് വിശേഷം" "ഒന്നുല്ലട നമ്മുടെ കെട്ടിയോൾക്ക് നിന്നോട് എന്തോ പറയാന്ണ്ടന്ന്" കൈയ്യിൽ നിന്നും ഫോൺ വാങ്ങി അദ്ദേഹത്തിന്റെ ഭാര്യ മറിയ ചേടത്തിയാണ് സംസാരിച്ചത്. രണ്ട് കാര്യം മാത്രമേ അവർക്ക് അറിയേണ്ടിയിരുന്നുള്ളൂ. ഒന്ന്. വീട്ടിൽ വയ്ക്കുന്ന ഭക്ഷണം എപ്പോഴും കേടാകുന്നുണ്ടോ എന്ന്. രണ്ട് നീനുവിന് കൃത്യമായി ആർത്തവം ഉണ്ടാകാറുണ്ടോ എന്ന്. എന്തെങ്കിലും ചോദിക്കാനോ പറയാനോ നിൽക്കുന്നതിനു മുൻപ് അവർ തന്നെയാണ് ഇങ്ങോട്ട് പറഞ്ഞത് "നിങ്ങൾ ഹിന്ദുക്കളല്ലേ മക്കളെ വല്ല പണിക്കരെയും ചെന്ന് ഒന്ന് കാണുന്നത് നന്നായിരിക്കും. ഈ മനുഷ്യന് ഭ്രാന്താണ് എന്തു പറഞ്ഞാലും മനസ്സിലാവില്ല. മോൻ ചെറുപ്പമാണ് മോന്റെ ഭാര്യ ചോരയും നീരും ഉള്ള പെണ്ണാണ്. അതുകൊണ്ട് അമ്മച്ചി പറയുന്നത് ഒന്ന് കേൾക്കണം. എന്താണ് പ്രശ്നം എന്ന് ഒരു പണിക്കര ചെന്ന് കണ്ട് നോക്കിക്കണം.

അവരുടെ ആ വിളിയും രണ്ട് ചോദ്യങ്ങളും ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളും ആലോചിച്ചപ്പോൾ എനിക്ക് ഇരുപ്പുറക്കാതായി. ഈ വക കാര്യങ്ങളിൽ എനിക്ക് വിശ്വാസമില്ലാത്തതാണെന്ന് നിനക്കറിയാമല്ലോ . എന്നാൽ ഭയം നമ്മളെ എന്തും ചെയ്യിക്കും എന്ന് അന്ന് എനിക്ക് മനസ്സിലായി. പോകണ്ട എന്ന് ഉറപ്പിച്ചിട്ടും അന്നത്തെ എന്റെ യാത്ര അവസാനിച്ചത് നഗരത്തിലെ ഒരു പ്രസിദ്ധ ജ്യോതിഷന്റെ വീട്ടിലാണ്. "എന്നിട്ട്." ഞാൻ ചോദിച്ചു. അവിടെ ചെന്ന് പ്രശ്നം വെച്ചു നോക്കിയപ്പോൾ ഒരു പെണ്ണിന്റെ ആത്മാവ് അവിടെയുണ്ടെന്നും അവൾ അലഞ്ഞു നടക്കുമെന്നും ഉപദ്രവിക്കും എന്നും പറഞ്ഞു. വീടിന്റെ നാല് ഭാഗത്തും സ്ഥാപിക്കാൻ രക്ഷകളും ഞങ്ങൾ മൂന്നുപേർക്കും കെട്ടാൻ ഓരോ ഏലസ്സും അവിടെ നിന്നും തന്നു. അന്നുതൊട്ട് മനസ്സമാധാനം പൂർണമായും നഷ്ടപ്പെട്ടു. അന്നൊരു സാധാരണ ദിവസമായിരുന്നു. രക്ഷ സ്ഥാപിച്ചതിനു ശേഷം ഉള്ള നാലുദിവസം ശാന്തമായ രാത്രികൾ. മതിമറന്ന് ഉറങ്ങിയ രാത്രികൾ. പക്ഷേ ആശ്വാസത്തിന്റെ ആയുസ്സ് അൽപം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നാലാം ദിവസം രാത്രിയിൽ പുലർച്ച രണ്ടു മണി കഴിഞ്ഞപ്പോഴാണ് വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടത്. അസമയത്ത് വാതിൽ തുറക്കാൻ നീനു ഒരിക്കലും സമ്മതിക്കാറില്ല. എങ്കിലും വാതിൽപ്പഴുതിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ അവിടം ശൂന്യമായിരുന്നു ആരുമുണ്ടായിരുന്നില്ല. പിന്നെ സാധാരണ പ്രേത സിനിമയിൽ കാണുന്നതുപോലെ പൈപ്പുകൾ തുറന്നിടുക, നമ്മുടെ തൊട്ടു പുറകിൽ ഒരാൾ ഉണ്ടെന്ന ഇൻട്യൂഷൻ ഇടക്കിടെ ഉണ്ടാക്കുക, അതുവരെ അരൂപിയായിരുന്ന് ശല്യം ചെയ്തിരുന്ന ആൾ സാന്നിധ്യം കൊണ്ട് ഭയപ്പെടുത്താൻ തുടങ്ങി.  

"ഞാനൊന്നു ചോദിക്കട്ടെടാ ഇത്രയും പ്രശ്നമുണ്ടെങ്കിൽ പിന്നെ എന്തിനാ അവിടെ കടിച്ചു തൂങ്ങി നിൽക്കുന്നത് നേരത്തെ തന്നെ മാറിക്കൂടായിരുന്നോ നമുക്ക്." എനിക്ക് ഇത് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. "പലവട്ടം ശ്രമിച്ചതാണ് അതിന്. നടന്നില്ല. യാദൃശ്ചികം ആണോ അതോ ഏതോ അദൃശ്യ  സാന്നിധ്യമുള്ളതുകൊണ്ടാണോ എന്നറിയില്ല, വീട് മാറുന്നതിനെപ്പറ്റി എന്തെങ്കിലും ആ വീടിനുള്ളിൽ വച്ച് സംസാരിച്ചാൽ അത് കാരണമില്ലാതെ മുടങ്ങിപ്പോകും. ഇപ്പോൾ അതിനെക്കുറിച്ച് എന്തെങ്കിലും സംസാരിക്കേണ്ട സാഹചര്യം ഉണ്ടായാൽ ഞാൻ നീനുവിനെയും മോളേയും കൊണ്ട് റസ്റ്റോറന്റിലേക്ക് പോവുകയാണ് പതിവ്." "എന്തായാലും ഒരു കാര്യം ചെയ്യണം. എനിക്ക് ഈ പ്രേതത്തിനും ഭൂതത്തിനു വിശ്വാസമില്ല എങ്കിലും ഇനി അവിടെ താമസിക്കേണ്ട. ഭയപ്പാടോടെ കഴിയുന്ന ഏതെങ്കിലും ഒരു നിമിഷത്തിൽ ഉണ്ടാകുന്ന ഒരു ശബ്ദമോ കാഴ്ചയോ മതി നമ്മുടെ സമനില തെറ്റിക്കാൻ. ആ റിസ്ക് എന്തായാലും എടുക്കണ്ട. പിന്നെ പണിക്കർ പറഞ്ഞത് പൂർണ്ണമായും വിശ്വസിക്കേണ്ട. ഭയപ്പാടോടുകൂടി നീ ചെല്ലുമ്പോൾ അയാളിൽ വിശ്വാസം ഉണ്ടാക്കാനുള്ള ഏറ്റവും എളുപ്പവഴി അവിടെ എന്തിന്റേയോ സാന്നിധ്യം ഉണ്ട് എന്ന് പറയുന്നത് തന്നെയാണ്. അത് കൃത്യമായ കച്ചവട തന്ത്രമാണ്." ഞാൻ പറഞ്ഞു. "നീ വസൂരിപ്പറമ്പ് എന്ന് കേട്ടിട്ടുണ്ടോ?" ആദർശ് ചോദിച്ചു. "ഇല്ല. വസൂരി എന്നു പറയുന്നത് സ്മാൾ പോക്സ് അല്ലേ? ഈ വസൂരി പറമ്പ് എന്താണ്?"

ഭാഗം ഏഴ്

പറവട്ടാനിയിൽ നിന്നും നെല്ലിക്കുന്നിലേക്ക് പോകുന്നത് പഴയ വസൂരിപ്പറമ്പിന്റെ മുന്നിലൂടെയാണ്. പണ്ടാരം പിടിച്ചവരെ ജീവനോടെ പഴം പായയിൽ പൊതിഞ്ഞു കെട്ടി കൊണ്ടുതള്ളിയത് അവിടെയായിരുന്നത്രേ! നട്ടുച്ചയ്ക്കും പട്ടിക്കുഞ്ഞുപോലും കയറാൻ മടിക്കുന്ന ഒരു സ്ഥലം. ഇന്ന് അവിടെ കോർപ്പറേഷൻ സ്റ്റേഡിയമാണ്. ആർപ്പുവിളികളും അട്ടഹാസങ്ങളും വിജയഭേരികളും പരാജിതരുടെ തർക്കവും പ്രഭാതനടത്തക്കാരുടെ കിതപ്പും മൂലം സജീവമാണ് അവിടം. വസൂരിപ്പറമ്പെന്ന പേര് അറിയുന്നവർ ചുരുക്കമാണിന്ന്. അറിയുന്നവരുടെ തലമുടികൾ വെള്ള സോക്സ് അണിഞ്ഞു തുടങ്ങി. ബാക്കി ചിലർ കൽദായപ്പള്ളിയുടെ സെമിത്തേരിയിൽ നിന്നും അവിടേക്ക് നോക്കിക്കിടപ്പുമുണ്ട്. മൃഗാശുപത്രിയിലേക്കുള്ള റോഡിലൂടെ സ്റ്റേഡിയം മറികടന്ന് നടക്കുമ്പോഴെല്ലാം ഗ്രൗണ്ട് ശാന്തമായി കിടപ്പുണ്ടാകും. അരൂപികളായ കുറേ ശബ്ദങ്ങൾ വഴി തീരുവോളം നമ്മോടൊപ്പം അനുയാത്ര ചെയ്യും. ചാഞ്ഞും ചരിഞ്ഞും മഴപെയ്യുമ്പോഴും ചില ശബ്ദങ്ങൾ തൊണ്ട പൊട്ടി, ദാഹിക്കുന്നെന്ന് കരയും!

അസമയത്ത് നടക്കാൻ കൂടി ഭയപ്പെട്ടിരുന്നിടത്ത് ഇപ്പോൾ ടിക്കറ്റ് വെച്ച് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ നടത്തുന്ന കാര്യം പറഞ്ഞു മറ്റുചില ശബ്ദങ്ങൾ ചിരിക്കും. നമുക്കൊരിക്കലും അവരോട് തിരിച്ചു സംസാരിക്കാൻ കഴിയില്ല. മരിച്ചുപോയവരുടെ ഭാഷ ജീവിച്ചിരിക്കുന്നവർക്ക് മനസ്സിലാകും എന്നാൽ, ജീവിച്ചിരിക്കുന്നവരുടെ ഭാഷ മരിച്ചവർക്ക് തിരിയില്ല. അതുകൊണ്ടാണല്ലോ കരഞ്ഞു വിളിക്കുമ്പോഴും പോയവർ മടങ്ങി വരാത്തത്. (പോയവരോടൊപ്പം ഇറങ്ങിപ്പോയവർ ഉണ്ട്. എന്നാൽ ഇരിക്കുന്നവർക്കായി തിരിച്ചു വന്നവരില്ല) 2001 ലെ വേനൽക്കാലത്ത് നവീകരണത്തിനായി മണ്ണുമാന്തിയന്ത്രം കുഴിച്ചു ചെന്നത് അടിയിൽ കിടക്കുന്നവരുടെ നെഞ്ചിലേക്കാണ്. പഴംപായിൽ കൈവള വള്ളിയാൽ കെട്ടിരുന്നതിനാൽ അനങ്ങാൻ പറ്റാതവർ അവിടെക്കിടന്ന്പിടഞ്ഞിരിക്കാം. അലഞ്ഞു നടക്കുന്ന തെരുവ് പട്ടികൾ ഉച്ചമയക്കത്തിനെത്തുക ഇവിടെയാണ്. പിൻകാലുകളിൽ ഭാരമൂന്നി നടുവളച്ച് മൂരിനിവർന്ന് പട്ടികൾ വന്ദനം ചെല്ലും. താഴെയുള്ളവരിൽ ചിലരെ മാത്രമാണ് പട്ടികൾക്ക് ഇഷ്ടം. അവരെ തിരഞ്ഞ് ഓരോ മൂലയിലും മണപ്പിക്കുന്നത് കാണാം.

"ഈ സ്ഥല പുരാണവും നിന്റെ പ്രശ്നവും തമ്മിൽ എന്താണ് ബന്ധം" ദീർഘനേരമായുള്ള അവന്റെ സംസാരത്തിൽ നിന്നും ഒരു എത്തും പിടിയും കിട്ടാതിരുന്ന ഞാൻ ചോദിച്ചു. "ബന്ധമുണ്ട്. ബാക്കി കൂടി കേൾക്ക്." അവൻ തുടർന്നു. "വസൂരിപ്പറമ്പ് നികത്തി ഗ്രൗണ്ട് ഉണ്ടാക്കാനുള്ള പ്രമേയം കോർപ്പറേഷനിൽ അവതരിപ്പിച്ചപ്പോൾ സ്വാഭാവികമായും പ്രതിപക്ഷത്തിന്റെ എതിർപ്പ് വന്നു. മിച്ചഭൂമി ഇനിയും ലഭിക്കാത്ത പാവങ്ങൾക്ക് ഭൂമി കൊടുക്കുന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്ന് വാദം ഉയർന്നു. ഒടുവിൽ കളി സ്ഥലം ഒഴിവാക്കാൻ ആവാത്ത ഒരു കാര്യമാണെന്ന് തീർച്ചപ്പെടുത്തുകയും വസൂരിപ്പറമ്പിന്റെ ബാക്കി ഭാഗങ്ങൾ മിച്ചഭൂമി ആയി വിതരണം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. നിശ്ചിത കാലയളവിന് ശേഷം മാത്രമേ കൈമാറ്റം ചെയ്യാവൂ എന്ന നിബന്ധനയിൽ നൽകിയ ഭൂമിയെല്ലാം ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ തന്നെ വിറ്റ് കൈമറിഞ്ഞു പോയി." ഒരു ദീർഘനിശ്വാസം എടുത്ത് ആദർശ് തുടർന്നു. "അന്നത്തെ ആ വസൂരി പറമ്പിന്റെ മുകളിലാണ് ഇന്ന് ഞാൻ താമസിക്കുന്ന വീട്."

ഭാഗം എട്ട് 

യുക്തികൊണ്ട് വിശകലനം ചെയ്യാൻ കഴിയാത്ത ധാരാളം കാര്യങ്ങൾ ഉണ്ടാകുമല്ലോ. അത്തരം ഒരു അവസ്ഥയിൽ ആയിരുന്നു ഞാനും. റസ്റ്റോറന്റിന്റെ കാർപാർക്കിൽ നിന്നും ആദർശ് കാർ സ്റ്റാർട്ട് ചെയ്തിരുന്നു. ബസാർ റോഡിലൂടെ പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തിയ കാർ സ്വകാര്യ ബസ് സ്റ്റാൻഡിലൂടെ ദേശീയപാതയിലേക്ക് കടത്തി. "ഡാ ഞാൻ ഒന്ന് ചോദിക്കട്ടെ. നീ പറഞ്ഞ വസൂരിപ്പറമ്പിന് മുകളിൽ നീ ഇപ്പോൾ താമസിക്കുന്ന ഒരു വീട് മാത്രമല്ലല്ലോ ഉള്ളത്. ചുരുങ്ങിയത് ആ ഹൗസിങ് കോളനിയിലെ മുഴുവൻ വീടുകളും അവിടെ ഉള്ളതായിരിക്കുകയില്ലേ. അവർക്കൊന്നും ഈ പ്രശ്നമില്ലല്ലോ." ഇനിയും തീരാത്ത പിടിവലിയായിരുന്നു എന്റെ യുക്തിയും അവന്റെ അനുഭവ കഥയും തമ്മിൽ നടത്തിക്കൊണ്ടിരുന്നത്.

"എനിക്കറിയില്ലടാ എന്താണ് സംഭവം എന്ന്. പക്ഷേ ഒന്നുണ്ട്. എന്നും രാത്രി കേൾക്കുന്ന ശബ്ദങ്ങളിൽ പുളിയില കാറ്റത്ത് ഉതിരുന്നതുപോലുള്ള ഒരു ചിലമ്പിയ സ്ത്രീ ശബ്ദം ഏറെ പരിചിതമാണ്. ഒരുപാട് ശബ്ദങ്ങളോട് ഒറ്റയ്ക്ക് തർക്കിച്ച് നേർത്തുപോകുന്ന ആ ശബ്ദത്തിന് എപ്പോഴും കരച്ചിലിന്‍റെ താളമാണ്. ആ ശബ്ദവും ആ കരച്ചിലും ഞാൻ സത്യമായും എവിടെയോ കേട്ടിട്ടുണ്ട്. അതെവിടെയാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ആദ്യമാദ്യം അത് കേൾക്കുമ്പോൾ ഭയമായിരുന്നെങ്കിൽ പിന്നീട് ആ ശബ്ദം ഏതാണെന്ന് തിരിച്ചറിയാനുള്ള ആകാംക്ഷയായിരുന്നു. ഇപ്പോൾ അത് കേൾക്കുമ്പോൾ സത്യത്തിൽ കരച്ചിൽ ആണ് വരുന്നത്. നാലുദിവസം മുമ്പ് മോൾക്ക് പനി കൂടിയിരുന്നു. രാത്രി മുഴുവൻ ടെമ്പറേച്ചർ നോക്കിയും തുണി നനച്ചു തുടച്ചും ഞങ്ങൾ ഉറങ്ങാതിരുന്നു.  നരകത്തിന്റെ വാതിലോളം ചെന്ന് എത്തിനോക്കിയ രാത്രികളിൽ ഒന്നായിരുന്നു അത്. അന്ന് രാത്രി വീണ്ടും കരച്ചിൽ കേട്ടു. വാതിലിൽ മുട്ടുന്നതും കേട്ടു. ഭയം അതിന്റെ സകല ശക്തിയുമെടുത്ത് ഞങ്ങളെ ഞെരിക്കാൻ തുടങ്ങി. നീനയെ ചേർത്തുപിടിച്ച് മോളുടെ അരികത്ത് ഞാനിരുന്നു. പനി കൂടി മോളും ഭയംകൊണ്ട് നീനയും പിച്ചും പേയും പറയുന്നുണ്ടായിരുന്നു. 

ഒടുവിൽ മോളേയും കൊണ്ട് കാറിൽ നഗരത്തിൽ ചുറ്റാമെന്ന് തീരുമാനിച്ചു. നേരം വെളുക്കുമ്പോൾ തിരിച്ചു വന്നാൽ മതിയെന്ന് ഉറപ്പിച്ച് ഞങ്ങൾ എഴുന്നേറ്റ്. അന്നാണ് നഗരത്തിൽ ആദ്യമായി വേനൽമഴ പെയ്തത്. ശക്തമായ കാറ്റും മഴയും തുടങ്ങിയതോടുകൂടി പുറത്തു പോകാൻ പറ്റാത്ത സ്ഥിതിയായി. അന്നും ഒരു അദൃശ്യ സാന്നിധ്യം ഞങ്ങളുടെ മുറിയിൽ അനുഭവപ്പെട്ടിരുന്നു. അസഹനീയമാണ് ആ അനുഭവം. ഒടുക്കം ധൈര്യം സംഭരിച്ച് മുറിയിൽ തന്നെ ഇരിക്കാൻ തീരുമാനിച്ചു. രണ്ടുമാസത്തിനുശേഷം ആ രാത്രിയിൽ നീനക്ക് മാസമുറ എത്തി. അവൾ ബാത്റൂമിലേക്ക് പോയപ്പോൾ ഞാൻ മകളെ തോളിലെടുത്ത് മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു. അന്നും ആ കരച്ചിൽ ശബ്ദം പതിഞ്ഞ താളത്തിൽ മുഴങ്ങിത്തുടങ്ങി. അർദ്ധമയക്കത്തിൽ അല്ലാതെ ഞങ്ങൾ ഒരുമിച്ച് ആദ്യമായിട്ടാണ് ആ കരച്ചിൽ കേൾക്കുന്നത്. ആ നിമിഷം ഭയമല്ല മരവിപ്പാണ് തോന്നിയത്. ആട്ടിത്തെളിച്ച് ഏതോ ഒരു കൂട്ടിലേക്ക് കയറ്റിയതിനുശേഷം വേട്ടയാടപ്പെടുന്ന മൃഗങ്ങളാണ് ഞങ്ങൾ എന്ന് തോന്നി. പുറത്ത് ശക്തിയായി കാറ്റ് വീശുന്നുണ്ടായിരുന്നു. കറണ്ട് മഴ തുടങ്ങിയപ്പോൾ തന്നെ പോയിരുന്നു. അതിശക്തമായ ഇടിമിന്നലിന്റെ വെളിച്ചത്തിൽ മുറിയിലെ ഓരോ സാധനങ്ങളും അരൂപികളായ ശത്രുക്കളായി രൂപം പ്രാപിച്ചു.

കരയുമ്പോൾ ഉണ്ടാകാറുള്ള ശ്വാസംമുട്ട് നീനക്ക് തുടങ്ങി. നിലത്ത് കുഴഞ്ഞു വീഴാറായ അവളെ ഒരു കൈ കൊണ്ട് താങ്ങിപ്പിടിക്കാൻ ഞാൻ കുതിച്ചുചാടി. തോളിൽ മോള് കിടക്കുന്നതിനാൽ എനിക്ക് ബാലൻസ് കിട്ടിയില്ല. കാല് തെന്നി മൂന്നുപേരും തറയിലേക്ക് തെറിച്ചടിച്ച് വീഴേണ്ടതായിരുന്നു. കണ്ണിൽ ഇരുട്ടു കയറുന്നതിന് അൽപം മുൻപ് ഞങ്ങൾ വന്നു വീണത് ഒരു മടിത്തട്ടിലേക്കാണെന്ന് മുടി തഴുകിയ വിരലുകൾ പറഞ്ഞു തന്നു. ചിലമ്പിയ താളത്തിൽ ഞങ്ങളൊരു താരാട്ട് കേട്ടു!.. അതു തോന്നലാണോ സത്യമാണോ എന്നറിയില്ല. പിറ്റേ ദിവസത്തെ പ്രഭാതം ഏറ്റവും മികച്ച ഒന്നായിരുന്നു. ചെറിയ തണുപ്പ് അന്തരീക്ഷത്തിൽ ഉണ്ടായിരുന്നു. മോളുടെ പനിയും നീനയുടെ ശ്വാസംമുട്ടും പൂർണ്ണമായും ഭേദമായി. നീന ഞങ്ങളുടെ മൂന്നുപേരുടെയും കൈകളിലെ ഏലസും കുഴിച്ചിട്ട രക്ഷകളും തോണ്ടി ചാലിലെറിഞ്ഞു. "എന്നിട്ട്?" ഞാൻ സാകൂതം ചോദിച്ചു. "എന്നിട്ട് എന്താണെന്നറിയില്ല. പേടിക്കാനും ഓടിയൊളിക്കാനും ഇനി തീരുമാനിച്ചിട്ടില്ല. ഞാൻ അമ്മയെ വിളിച്ചിരുന്നു. ഈ ഞായറാഴ്ച അവളെയും മോളേയും കൊണ്ട് വീട്ടിലേക്ക് പോണം." ഞങ്ങളുടെ കാർ മേൽപ്പാത കഴിഞ്ഞ് പടിഞ്ഞാട്ട് പോയിക്കൊണ്ടിരുന്നു.

English Summary:

Malayalam Short Story ' Vasooripparambu ' Written by K. R. Rahul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com