ഡാമിന്റെ ഭിത്തിയിൽ കൂറ്റൻ ബട്ടർഫ്ലൈ ഗ്രാഫിറ്റി; അതിമനോഹരമീ ആകാശക്കാഴ്ച
Mail This Article
ജർമ്മനിയിലെ ഏറ്റവും വലിയ കുടിവെള്ള അണക്കെട്ടാണ് റാപ്പ്ബോഡെ. 460 മീറ്റർ നീളവും 75 മീറ്റർ ഉയരവുമുള്ള അണക്കെട്ട് ഇപ്പോള്‍ ആർട്ടിസ്റ്റായ ക്ലോസ് ഡോവന്റെ ക്യാൻവാസാണ്. നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിൽ നിന്നുള്ള കലാകാരൻ ഫ്രാൻസിലെയും ജപ്പാനിലെയും അണക്കെട്ടുകളെ അലങ്കരിക്കുന്ന "റിവേഴ്സ് ഗ്രാഫിറ്റി" എന്ന കലാസൃഷ്ടികൾക്ക് പേരുകേട്ടയാളാണ്. ഒരു പ്രതലത്തിൽ നിന്ന് അഴുക്ക് നീക്കം ചെയ്യുകയും അതിലൂടെ കലാരൂപങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന രീതിയാണിത്.
ഡോവൻ ക്യാൻവാസായി ഉപയോഗിക്കുന്ന ഏഴാമത്തെ അണക്കെട്ടാണ് റാപ്പ്ബോഡെ. ഇതാണ് അദ്ദേഹത്തിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ പ്രോജക്‌റ്റ്. ഉയർന്ന മർദ്ദത്തിലുള്ള ക്ലീനറുകൾ ഉപയോഗിച്ച് ഡാം ഭിത്തിയിലെ അഴുക്കുകൾ കളഞ്ഞ്, പതിനൊന്ന് ഭീമൻ ചിത്രശലഭങ്ങളുടെ രൂപങ്ങളാണ് വരച്ചെടുത്തത്. ഉയർന്ന മർദ്ദത്തിലുള്ള ക്ലീനറുകൾക്ക് പേരുകേട്ട കമ്പനിയായ കാർച്ചറും സാക്സണി-അൻഹാൾട്ട് ഡാം അതോറിറ്റിയും (TSB) പദ്ധതിയെ പിന്തുണച്ചു.
അഞ്ച് മുതൽ ഏഴ് വർഷം വരെ ഈ ചിത്രങ്ങൾ നിലനിൽക്കുമെന്ന് ക്ലോസ് ഡോവൻ വിശ്വസിക്കുന്നു. മഴയോ മറ്റ് പ്രകൃതിദത്ത മൂലകങ്ങളോ കാരണമാകും അവ മാഞ്ഞു തുടങ്ങുക. ചിത്രശലഭങ്ങൾ കേവലം ഒരു കലാസൃഷ്ടി മാത്രമല്ല, ഒരു പാരിസ്ഥിതിക സന്ദേശം കൂടിയാണ്. കാലാവസ്ഥാ വ്യതിയാനവും പൈഡ് വണ്ടുകളുടെ ആക്രമണവും കാരണം സാക്‌സോണി-അൻഹാൾട്ടിൽ വംശനാശഭീഷണി നേരിടുന്ന 'ലിറ്റിൽ ഗ്രെബ്' എന്ന ചിത്രശലഭ ഇനത്തെയാണ് സന്ദേശത്തിനായി വരയ്ക്കുവാൻ ഡോവൻ തിരഞ്ഞെടുത്തത്.
കാർച്ചർ കമ്പനിയും ക്ലോസ് ഡോവനും 15 വർഷത്തിലേറെയായി ചെറുതും വലുതുമായ ആർട്ട് പ്രോജക്ടുകളിൽ സഹകരിക്കുന്നു. ജർമ്മനി, ഫ്രാൻസ്, ലക്സംബർഗ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ ഡാം ഭിത്തികളില്‍ റിവേഴ്സ് ഗ്രാഫിറ്റി ഉപയോഗിച്ച് ചിത്രങ്ങൾ വരച്ചത്.