ADVERTISEMENT

പ്രിയപ്പെട്ട നോവലിസ്റ്റിനെ കണ്ടുമുട്ടാൻ സാധിച്ചാൽ നിങ്ങൾ എന്തു ചെയ്യും? ഒരു ഓട്ടോഗ്രാഫോ സെൽഫിയോ ചോദിക്കുമായിരിക്കും. എന്നാൽ പ്രിയപ്പെട്ട എഴുത്തുകാരനെ തട്ടിക്കൊണ്ടു പോയി, പുതിയ നോവല്‍ എഴുതിക്കാൻ ശ്രമം നടത്തിയാലോ? ആനി വിൽക്‌സ് ചെയ്തത് അതാണ്. 

സ്റ്റീഫൻ കിംഗ് എഴുതിയതും വൈക്കിംഗ് പ്രസ്സ് 1987 ജൂൺ 8-ന് പ്രസിദ്ധീകരിച്ചതുമായ ഒരു അമേരിക്കൻ സൈക്കോളജിക്കൽ ഹൊറർ ത്രില്ലർ നോവലാണ് മിസറി. വിജയകരമായ റൊമാൻസ് നോവലുകളുടെ റൊമാൻസ് രചയിതാവായ പോൾ ഷെൽഡനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. മിസറി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ നോവലുകൾ ആ നാട്ടിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നവയാണ്. എന്നാൽ പോൾ മിസറി എന്ന കഥാപാത്രത്തെ സ്വകാര്യമായി വെറുക്കുന്നു. അതുകൊണ്ടു തന്നെ തന്റെ പുതിയ നോവലായ 'ഫാസ്റ്റ് കാർസ്' എന്ന നോവലിൽ അയാൾ ആ കഥാപാത്രത്തെ കൊല്ലുന്നു. ആ കൈയ്യെഴുത്തുപ്രതി പൂർത്തിയാക്കിയതോടെ, തന്റെ മിസറി ഇല്ലാത്ത കൃതികൾ എഴുതാമല്ലോ എന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. ആ സന്തോഷത്തിൽ മദ്യപിച്ച് ന്യൂയോർക്ക് സിറ്റിയിലേക്ക് മടങ്ങുന്നതിന് പകരം ലോസ് ഏഞ്ചൽസിലേക്ക് ആവേശത്തോടെ ഡ്രൈവ് ചെയ്യുന്നു. ഒരു മഞ്ഞുവീഴ്ചയിൽ അകപ്പെട്ട അദ്ദേഹത്തിന്റെ കാർ കൊളറാഡോയിലെ ചെറിയ പട്ടണമായ സൈഡ്‌വിൻഡറിന് സമീപം അപകടത്തിലാകുന്നു.

കണ്ണു തുറക്കുന്ന പോൾ കാണുന്നത് ആനി വിൽക്സ് എന്ന സ്ത്രീയെയാണ്. അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകട സ്ഥലത്ത് നിന്നും ആനി പോളിനെ സ്വന്തം വീട്ടിലേക്കാണ് കൊണ്ടു പോയിരിക്കുന്നത്. പോളിന്റെ ആരാധികയായ ആനി അയാളെ ആശുപത്രിയിൽ കൊണ്ടു പോകാൻ തയാറാകുന്നില്ല. താൻ പണ്ട് ഒരു നഴ്‌സായിരുന്നുവെന്നും താൻ പോളിലെ ചികിത്സിച്ചു കൊള്ളാമെന്നും അവർ പറയുന്നു. കാലുകൾ ഒടിഞ്ഞ അവസ്ഥയിലായ പോൾ വേദന സഹിക്കാതെ നിലവിളിക്കുമ്പോൾ നിയമവിരുദ്ധമായ വേദനസംഹാരികൾ ഉപയോഗിച്ച് അദ്ദേഹത്തെ മയക്കി കിടത്തുന്നു. ആ മരുന്നിന് അടിമയാകുന്ന പോൾ ഓരോ തവണയും വേദന വരുമ്പോൾ അത് കഴിക്കുന്നു. 

അടുത്തിടെ പ്രസിദ്ധീകരിച്ച 'മിസറിസ് ചൈൽഡ്' വരെ താൻ വായിച്ചുവെന്നും 'ഫാസ്റ്റ് കാർസി'ന്റെ കൈയ്യെഴുത്തുപ്രതി വായിക്കാൻ അനുവദിക്കണമെന്ന് പോളിനെ അവൾ നിർബന്ധിക്കുകയും ചെയ്യുന്നു. മിസറി ചാസ്റ്റെയ്ൻ എന്ന കഥാപാത്രത്തെ ഇഷ്ടപ്പെടുന്ന ആനി, ഏറ്റവും പുതിയ നോവലിൽ പോൾ മിസറിയെ കൊന്നുവെന്നത് അംഗീകരിക്കുന്നില്ല. അതിന് ശിക്ഷയായി രണ്ട് ദിവസത്തിലേറെയായി ഭക്ഷണവും വെള്ളവും വേദനസംഹാരികളും നൽകാതെ പോളിനെ വീട്ടിൽ തനിച്ചാക്കി. രോഷാകുലയായ അവൾ, ബലഹീനനായ പോളിനെ അദ്ദേഹത്തിന്റെ വേദനസംഹാരികൾക്ക് പകരമായി ഫാസ്റ്റ് കാർസ് കൈയ്യെഴുത്തുപ്രതി കത്തിക്കാനും മിസറിയെ മരണത്തിൽ നിന്ന് തിരികെ കൊണ്ടു വരുന്ന തരത്തിൽ ഒരു പുതിയ മിസറി നോവൽ എഴുതുവാനും നിർബന്ധിക്കുന്നു. 

misery-stephen-king

വേദന സംഹാരിക്ക് വേണ്ടി പോൾ ഒരു പുതിയ പുസ്തകം, 'മിസറിസ് റിട്ടേൺ' ആരംഭിക്കുന്നു. കൂടാതെ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഭാഗം വായിക്കാൻ ആനിയെ അനുവദിക്കുന്നു. പല അവസരങ്ങളിലും വീൽചെയർ ഉപയോഗിച്ച് മുറിയിൽ നിന്ന് രക്ഷപ്പെടാൻ പോൾ ശ്രമിക്കുന്നുണ്ട്. വേദനസംഹാരികൾക്കായി ആ വീട് തിരയുന്ന പോള്‍, ആനി ഒരു സീരിയൽ കില്ലറാണെന്ന് വെളിപ്പെടുത്തുന്ന പത്ര ക്ലിപ്പിംഗുകൾ നിറഞ്ഞ ഒരു സ്ക്രാപ്പ്ബുക്ക് കണ്ടെത്തി. അവളുടെ ഇരകളിൽ ഒരു അയൽ കുടുംബം, അവളുടെ സ്വന്തം അച്ഛൻ, അവളുടെ റൂംമേറ്റ്, കൂടാതെ അവൾ ഹെഡ് നഴ്‌സ് ആയി ജോലി ചെയ്യുമ്പോൾ, പ്രായമായവരോ ഗുരുതരമായി പരിക്കേറ്റവരോ ആയ നിരവധി രോഗികളും പതിനൊന്ന് ശിശുക്കളും ഉൾപ്പെടുന്നു. 

പോൾ തന്റെ മുറിയിൽ നിന്ന് പുറത്തേക്ക് പോകുന്നുണ്ടെന്ന് കണ്ടെത്തിയ ആനി, കോടാലി കൊണ്ട് അയാളുടെ കാൽ മുറിച്ച് കളഞ്ഞ് അദ്ദേഹത്തെ ശിക്ഷിക്കുന്നു. ഒരിക്കൽ ടൈപ്പ് റൈറ്റർ കേടാണ് എന്ന് പറഞ്ഞ് എഴുത്ത് നിർത്തിയ പോളിന്റെ തള്ളവിരലും ആനി മുറിച്ചു മാറ്റുന്നു. മിസറിസ് റിട്ടേൺ പൂർത്തിയാക്കിയ ശേഷം, കൈയ്യെഴുത്തുപ്രതിയുടെ പകർപ്പ് ആനിക്ക് നൽകുന്നതിനു പകരം അത് കത്തിച്ചു കളയുന്നു. രക്ഷപെടാനുള്ള തന്റെ എല്ലാ ശ്രമത്തെയും തടഞ്ഞ ബുദ്ധിമതിയായ ആ സ്ത്രീയുടെ ശ്രദ്ധ തെറ്റിക്കാനുള്ള അടവായിരുന്നു അത്. ആ നിമിഷം പാഴാക്കാതെ പോൾ ടൈപ്പ്റൈറ്റർ ആനിയുടെ നേരെ എറിയുകയും കിടപ്പുമുറിയിൽ നിന്ന് രക്ഷപ്പെട്ട് ആനിയെ അകത്ത് പൂട്ടിയിടുകയും കാര്യം പൊലീസിനെ അറിയിക്കുകയും ചെയ്യുന്നു.

തീപിടുത്തത്തിൽ ആനിയെ മരിച്ച നിലയിൽ കണ്ടെത്തി. പോൾ ന്യൂയോർക്കിലേക്ക് മടങ്ങിയ ശേഷം, 'മിസറിസ് റിട്ടേൺ' പ്രസിദ്ധീകരിക്കാൻ ഒരുങ്ങുകയും അത് ബെസ്റ്റ് സെല്ലറായി മാറുകയും ചെയ്യുന്നു. സസ്പെൻസ് നിറഞ്ഞ ഇതിവൃത്തം, സങ്കീർണ്ണമായ കഥാപാത്രങ്ങൾ, ഭീകരത എന്നിവയ്ക്ക് പരക്കെ പ്രശംസിക്കപ്പെട്ട കൃതിയാണ് മിസറി. റോബ് റെയ്‌നർ സംവിധാനം ചെയ്ത് ഒരു അമേരിക്കൻ സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായും 1990ൽ 'മിസറി' പുറത്തിറങ്ങി.

English Summary:

Stephen King's 'Misery': A Thrilling Tale of Obsession and Survival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com