ആറ് കൊലപാതകം നടന്ന വീട്, വില കുറച്ച് കിട്ടിയപ്പോൾ വാങ്ങി; പിന്നീട് സംഭവിച്ചത് ഭയപ്പെടുത്തുന്ന കാര്യങ്ങൾ
Mail This Article
അമേരിക്കൻ എഴുത്തുകാരനായ ജെയ് ആൻസണ്‍ എഴുതി, 1977 സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് അമിറ്റിവില്ലെ ഹൊറർ. അസാധാരണമായ അനുഭവങ്ങളുണ്ടായി എന്ന അവകാശവാദവുമായി വന്ന ലൂട്ട്സ് കുടുംബത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ് കഥ. 1979 മുതൽ പുറത്തിറങ്ങിയ അതേ പേരിലുള്ള ഒരു സിനിമാ പരമ്പരയുടെ അടിസ്ഥാനം കൂടിയാണ് ഈ പുസ്തകം.
1975 ഡിസംബറിലാണ് ലോംഗ് ഐലൻഡിലെ ഒരു വീട്ടിലേക്ക് താമസം മാറാൻ ലൂട്ട്സ് കുടുംബം തീരുമാനിക്കുന്നത്. എന്നാൽ അവര്‍ കണ്ട 112 ഓഷ്യൻ അവന്യൂവിലെ മനോഹരമായ വീടിന് പേടിപ്പെടുത്തുന്ന ഒരു ചരിത്രമുണ്ട്. ഒരു വർഷം മുമ്പ്, റൊണാൾഡ് ഡിഫിയോ ജൂനിയർ എന്നയാൾ തന്റെ മാതാപിതാക്കളെയും സഹോദരന്മാരെയും സഹോദരിമാരെയും അതേ വീട്ടിൽ വെച്ചാണ് കൊലപ്പെടുത്തിയത്. 1975 നവംബറിൽ റൊണാൾഡ് ഡിഫിയോ ജൂനിയർ 25 വർഷത്തേക്ക് ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. വീട്ടിലെ ആദ്യ പരിശോധനയിൽ, റിയൽ എസ്റ്റേറ്റ് ബ്രോക്കർ അവരോട് ഡിഫിയോ നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് പറയുകയും ഇത് അവരുടെ തീരുമാനത്തെ ബാധിക്കുമോ എന്ന് ചോദിക്കുകയും ചെയ്തു. പക്ഷേ കുറഞ്ഞ വിലയ്ക്ക് വീട് കിട്ടും എന്നത് കൊണ്ട് അത് കുഴപ്പമില്ലെന്ന് തീരുമാനിച്ച ജോർജും കാത്തി ലൂട്‌സും അവരുടെ മൂന്ന് കുട്ടികളും അവരുടെ നായയായ ഹാരിയും വീട്ടിലേക്ക് താമസം മാറി.
ഡിഫിയോ കുടുംബത്തിന്റെ ഫർണിച്ചറുകളിൽ ഭൂരിഭാഗവും അപ്പോഴും ആ വീട്ടിലുണ്ടായിരുന്നു. വീടിനൊപ്പം അതും അവർ വാങ്ങിയിരുന്നു. വീടിന്റെ ചരിത്രത്തെക്കുറിച്ച് അറിഞ്ഞ ജോർജ്ജ് ലൂട്‌സിന്റെ ഒരു സുഹൃത്ത്, ഒരു പുരോഹിതനെ വീടിനെ ആശീർവദിക്കാൻ വിളിക്കണമെന്ന് നിർബന്ധിച്ചു. 1975 ഡിസംബർ 18നാണ് താമസിക്കാനായി എത്തിയ ജോർജും കാത്തിയും, തങ്ങളുടെ സാധനങ്ങൾ അഴിച്ചു അടുക്കിവെക്കുമ്പോള്‍ ആശീർവദിക്കാൻ പുരോഹിതനും എത്തി. ചടങ്ങുകൾ നിർവഹിക്കാൻ അകത്തേക്ക് പോയ അദ്ദേഹം, വിശുദ്ധജലം തളിച്ച് പ്രാർഥിക്കാൻ തുടങ്ങിയപ്പോൾ "ഇറങ്ങി പോ" എന്ന് ആവശ്യപ്പെടുന്ന ഒരു പുരുഷ ശബ്ദം കേട്ടു. വീട്ടിൽ നിന്ന് ഇറങ്ങിയ പുരോഹിതൻ ഈ സംഭവം ജോർജ്ജിനോടോ കാത്തിയോടോ പറഞ്ഞില്ല.
എന്നാൽ 1975 ഡിസംബർ 24ന്, പുരോഹിതൻ ജോർജ്ജ് ലൂട്‌സിനെ വിളിച്ച്, കാത്തി ഒരു തയ്യൽ മുറിയായി ഉപയോഗിക്കാൻ ഉദ്ദേശിച്ചിരുന്ന, നിഗൂഢമായ ശബ്ദം കേട്ട രണ്ടാം നിലയിലെ മാർക്കിന്റെയും ജോൺ മാത്യു ഡിഫിയോയുടെയും മുൻ കിടപ്പുമുറിയിൽ കയറരുതെന്ന് ഉപദേശിച്ചു. പക്ഷേ ആ കോൾ ഇടയ്ക്ക് വെച്ച് കട്ടായി പോയി. വീട്ടിലെ സന്ദർശനത്തെത്തുടർന്ന്, പുരോഹിതന് കടുത്ത പനിയും കൈകളിൽ കുമിളകളും ഉണ്ടായതായും പറയപ്പെടുന്നു.
ആദ്യം ജോർജിനും കാത്തിക്കും വീട്ടിൽ അസാധാരണമായ ഒന്നും അനുഭവപ്പെട്ടില്ല. എന്നാൽ 1976 ജനുവരി പകുതിയോടെ, വീട് ആശീർവദിക്കുന്നതിനുള്ള മറ്റൊരു ശ്രമത്തിനു ശേഷം, വിചിത്രമായ സംഭവങ്ങളുടെ ഒരു പരമ്പര അവർ അനുഭവിച്ചു. വിചിത്രമായ ശബ്ദങ്ങൾ, വസ്‌തുക്കൾ, ക്ഷണികമായ ദൃശ്യങ്ങൾ എന്നിവ കുടുംബത്തെ അലട്ടി. ദിനംപ്രതി സംഭവങ്ങൾ തീവ്രമായി. കണ്ണാടിയിൽ പൈശാചിക മുഖങ്ങൾ പ്രത്യക്ഷപ്പെട്ടു, ദുർഗന്ധം വീടിനുള്ളിൽ വ്യാപിച്ചു. വീടിന്റെ ഭാഗമായ ബോട്ട് ഹൗസിൽ ഒരു പൈശാചിക സാന്നിധ്യം ജോർജ്ജ് ലൂട്ട്സ് കണ്ടു. ചുവരുകളിൽ നിന്ന് ചുവന്ന ദ്രാവകം ഒലിക്കുന്നതും ചുവന്ന വാതിലോടുകൂടിയ ഒരു രഹസ്യമുറിയും കാത്‌ലീൻ കണ്ടെത്തി. തങ്ങളെ ആരോ എപ്പോഴും നിരീക്ഷിക്കുന്നുവെന്ന് അവർക്ക് തോന്നി.
ലൂട്‌സ് കുടുംബം കൂടുതൽ ദുരിതത്തിലാകുകയും ഉറക്കം നഷ്ടപ്പെടുകയും ചെയ്തു. വീട്ടിൽ 28 ദിവസം മാത്രം താമസിച്ചശേഷം, 1976 ജനുവരി 14 ന് അവർ തങ്ങളുടെ സാധനങ്ങൾ പോലും അവിടെ ഉപേക്ഷിച്ച് ആ വീട്ടിൽ നിന്ന് ഓടിപ്പോയി. ജീവിതത്തെ പുനർനിർമ്മിക്കാനും മാനസികമായ ആഘാതത്തെ അതിജീവിക്കാനും കുടുംബം പാടുപെടുന്നിടത്താണ് പുസ്തകം അവസാനിക്കുന്നത്.
ജെയ് ആൻസൺ ഒരു യഥാർഥ കഥയായി അവതരിപ്പിച്ച അമിറ്റിവില്ലെ ഹൊറർ, ഭയാനകമായ അനുഭവങ്ങളാണ് വിവരിക്കുന്നത്. പ്രസിദ്ധീകരണശാലയായ പ്രെന്റിസ് ഹാളിലെ എഡിറ്ററായ ടാം മോസ്മാനാണ് ജോർജിനെയും കാത്തിയെയും ജെയ് ആൻസണിന് പരിചയപ്പെടുത്തിയത്. അവരുടെ അനുഭവങ്ങൾ നേരിട്ട് പറയാൻ പേടിച്ച്, ഏകദേശം 45 മണിക്കൂർ ദൈർഘ്യമുള്ള റെക്കോർഡഡ് ടേപ്പ് ആക്കിയാണ് ജെയ്ക്ക് അവർ അത് നൽകിയത്. അവ പുസ്തകത്തിന്റെ അടിസ്ഥാനമായി ഉപയോഗിച്ചു. അമിറ്റിവില്ലെ ഹൊററിന്റെ ഒരു പരമ്പര തന്നെ അദ്ദേഹം പിന്നീട് എഴുതി. എന്നാൽ ഇതിന്റെ സത്യസന്ധതയെച്ചൊല്ലി വിവാദങ്ങളുമുണ്ടായി. യഥാർഥ സംഭവങ്ങളുടെ ചിത്രീകരണമെന്ന് പറഞ്ഞ പുസ്തകങ്ങൾ വളരെയധികം ചർച്ച ചെയ്യപ്പെട്ടു. കൊലപാതകങ്ങൾ നടന്നെങ്കിലും ആ വീട്ടിൽ അസാധാരണമായ സംഭവങ്ങളുണ്ടായി എന്നത് തെളിയിക്കപ്പെട്ടിട്ടില്ല. പക്ഷേ വിവാദങ്ങൾക്കിടയിലും, ദി അമിറ്റിവില്ലെ ഹൊറർ ഒരു വലിയ ബെസ്റ്റ് സെല്ലറായി മാറുകയും ഹൊറർ ചരിത്രത്തിൽ അതിന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.