ADVERTISEMENT

തൊണ്ണൂറുകളുടെ അവസാനം. കൃത്യമായി പറഞ്ഞാൽ വർഷം ആയിരത്തിതൊള്ളായിരത്തിതൊണ്ണൂറ്റിഒൻപത്. അവൻ നാട് വിട്ട വർഷം. ഹോച്ചിയുടെ യഥാർഥ പേര് ഹോ ചി മിൻ എന്നായിരുന്നു. വിയറ്റ്നാമിന്റെ അനിഷേധ്യ നേതാവും യുദ്ധവീരനുമായ ഹോ ചി മിന്നിന്റെ ആരാധകനായ ഇട്ടിച്ചൻ മകന് ഇട്ടുകൊടുത്ത് പേര്. ബുദ്ധൻ ഗാന്ധി മാവോ എന്നീ പേരുകൾ ചില തന്തമാർ മക്കൾക്കിട്ട് കൊടുക്കാറുണ്ട്. അത് പോലെ സംഭവിച്ചു പോയതാണിതും. അവസാനം സ്വന്തം പേരിന്റെ ഭാരം താങ്ങാനാവാതെ സ്വയം പരിഹാസ്യരാവുന്നവരെ പോലെ പേര് ഗെസറ്റിൽ പ്രസിദ്ധീകരിച്ച് മാറ്റിയില്ല കക്ഷി. ആരു ചോദിച്ചാലും പേര് ഹോച്ചി എന്നെ പറയു. “എടാ ഹോച്ചി നീ അങ്ങ് വിയറ്റ്നാമിൽ ജനിക്കേണ്ടവനാണ്. അവിടെ ഈ പേരുള്ളവർക്ക് പ്രത്യേക പരിഗണന കിട്ടും”. പീടികയിൽ വന്ന ഹോച്ചിയോടിത് പരമുപിള്ള പറയുമ്പോൾ കേട്ടുനിന്ന ഷാജഹാൻ പറഞ്ഞു “പിന്നെ ഈ പേരുംകൊണ്ടങ്ങു ചെന്ന് കൊടുത്താൽ മതി. അപ്പം പിടിച്ചകത്തിടും. പിന്നെ പുറംലോകം കാണില്ല. ഈ പേര് വേറാർക്കും ഇടാൻ പാടില്ല അവിടെ. ഹോ ചി മിൻ എന്ന് പേരുള്ള ഒരാളെ ഉള്ളു. അങ്ങേര് മാത്രം. അതാണ് സാക്ഷാൽ ഹോ ചി മിൻ.” “ഒന്ന് പോടാ ഉവ്വേ. അങ്ങനെയാണെങ്കിൽ സ്റ്റാലിനെന്നോ ജിന്നയെന്നോ പേരുള്ള വേറെ ആരും ഉണ്ടാവാൻ പാടില്ലല്ലോ.” പരമുപിള്ള ചൂടായി. ഹോച്ചി ഉണ്ടോ ഇതെങ്ങാനും ശ്രദ്ധിക്കുന്നു. “എനിക്കുള്ള സാധനം താ ഞാൻ പോട്ടെ”. അവൻ അക്ഷമയോട് പറഞ്ഞു. അവൻ പോയ ശേഷവും പരമുപിള്ളയും ഷാജഹാനും തർക്കം തുടർന്നു. തന്റെ പേരിനെക്കുറിച്ച്  വാഗ്വാദങ്ങൾ പിന്നെയും നടന്നെങ്കിലും ഹോച്ചിയെ മാത്രം ഇതൊന്നും ബാധിച്ചില്ല.

ഇന്ന് രണ്ടായിരത്തിയിരുപ്പത്തിനാലു ഓഗസ്റ്റ് ഒൻപത്. ഹോച്ചിമിൻ സിറ്റിയിൽ നിന്നും വിമാനം ടേക്ക് ഓഫ്‌ ചെയ്തിട്ടു ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞിരിക്കുന്നു. “നല്ല കാലാവസ്ഥ ആയത് കൊണ്ടാണോ അതോ വിമാനത്തിന്റെ ഗുണനിലവാരം കൊണ്ടാണോ പറക്കലിനിടയിൽ ഒരു കുലുക്കം പോലുമില്ല. ചിലപ്പോൾ രണ്ടും കൂടിയാവാം. എല്ലാം വളരെ സ്മൂത്ത്‌. അൽപം മുൻപ് നുണഞ്ഞിറക്കിയ വോഡ്ക പോലെ”. അടുത്തിരുന്ന സഹയാത്രികൻ പറഞ്ഞപ്പോൾ ഹോച്ചി ഒന്നും പറഞ്ഞില്ല. കുറച്ചു നേരമായി അയാൾ സംഭാഷണത്തിൽ ഏർപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഹോച്ചി ഒന്നോ രണ്ടോ വാക്കിൽ മറുപടി പറഞ്ഞു ഒഴിയാൻ ശ്രമിച്ചെങ്കിലും അയാൾ വിടുന്ന മട്ടില്ല. അവസാനം സഹയാത്രികൻ അടിയറവ് പറഞ്ഞു ചാഞ്ഞു കിടന്നു ഉറക്കം ആരംഭിച്ചു. ഹോച്ചി ദീർഘമായി നിശ്വസിച്ചു കൊണ്ട് താഴെ അലസ്സമായി നീങ്ങുന്ന വെള്ളിമേഘങ്ങളെ നോക്കി ഇരുന്നു. ചിലത് വേഗത്തിൽ നീങ്ങുന്നു ചിലത് പതുക്കെയും. പല രൂപങ്ങളിൽ അവ അങ്ങനെ ഒഴുക്കുന്നു. കേശാദിപാദം വിയറ്റ്നമീസ് സൗന്ദര്യം വിളിച്ചറിയിച്ചു കൊണ്ട് അടുത്ത് വന്ന എയർഹോസ്റ്റസ് വിസ്കിയുടെ ചഷകം മുൻപിലത്തെ സ്റ്റാൻഡിൽ വെച്ച ശേഷം മൊഴിഞ്ഞു “വുഡ് യു ലൈക്ക് ടു ഹാവ് എനിതിങ് മോർ സർ”. വേണ്ട എന്ന് പറഞ്ഞ് വിയറ്റ്നാം എയർലൈൻസിന്റെ ബിസിനസ് ക്ലാസ്സിലെ റിക്ലയിനിങ് സീറ്റിൽ ചാരി കടന്നുകൊണ്ട് ഹോച്ചി ഓർമ്മയുടെ കയങ്ങളിലേക്ക് മുങ്ങാംകുഴി ഇട്ടു.

ഹോച്ചിയെ തൽക്കാലം വിട്ടിട്ട് നമുക്ക് പഴയ ചില സംഭവങ്ങളിലേക്ക് കടക്കാം. വെട്ടിപ്പിടിച്ചും കൊണ്ടും കൊടുത്തും ഇട്ടിച്ചൻ ഇടുക്കിയിലെ  ഒട്ടനവധി കൃഷിയിടങ്ങളും പുരയിടങ്ങളും സ്വന്തമാക്കി. കായിക അധ്വാനത്തിനെക്കാളും ബുദ്ധിപരമായ നീക്കങ്ങളിലൂടെ ആയിരുന്നു ഇട്ടിച്ചൻ ഭൂസ്വത്തുക്കൾ സ്വന്തമാക്കിയത്. കാശ് ഇറക്കി നേടിയ സ്വാധീനവും ബുദ്ധിയും ചേർന്നപ്പോൾ ഇട്ടിച്ചൻ നാട്ടിലെ അറിയപ്പെടുന്ന ജന്മിയായി മാറി. ഇട്ടിച്ചന്റെ എല്ലാ കന്നന്തിരുവുകളും സഹിച്ചും പൊറുത്തും നിഴൽപോലെ കൂടെയുണ്ടായിരുന്ന ഭാര്യ അന്ന പരലോകം പ്രാപിച്ചിട്ട് വർഷം ഏഴു തികഞ്ഞു കഴിഞ്ഞ മാസം. ഹോച്ചിയെ കൂടാതെ ഒരു സന്തതി കൂടിയുണ്ട് ഇട്ടിച്ചന്. മോളി. മോളിയെ കെട്ടിച്ചയച്ചത് ഇരുപ്പത്തിയഞ്ച് വർഷം മുൻപ്. പക്ഷേ പറഞ്ഞിട്ട് എന്ത് കാര്യം അവൾ പെറില്ല എന്നായിരുന്നു അവസാനം കാണിച്ച ഏറ്റവും വിദഗ്ധനായ ഡോക്ടറും പറഞ്ഞത്. ഇട്ടിച്ചൻ ആവും വിധം മകളെ സഹായിച്ചു. പണമായിട്ടും സ്വാധീനം വഴിയും ഒക്കെ പലതരം ചികിത്സകൾ നടത്തി. പക്ഷേ ഫലം ഒന്നുമുണ്ടായില്ല. അവളെ കെട്ടിയ ജോസഫ് കുറച്ചു വർഷങ്ങൾക്കു മുൻപ് വേറൊരു കല്യാണം കഴിച്ചു മറ്റെങ്ങോ പോയി. മോളി വീണ്ടും ഇട്ടിച്ചന്റെ കൂടെയായി. മോളിക്ക് സ്ത്രീധനമായി ഇട്ടിച്ചൻ തന്റെ സ്വത്തുകളുടെ നല്ലൊരു പങ്കു കൊടുത്തിരുന്നു. ജോസഫ് തന്റെ മറ്റൊരു പതിപ്പാണെന്നു തിരിച്ചറിയാൻ ഏറെ വൈകി പോയി അയാൾ. കുട്ടികൾ ഉണ്ടാകാത്തതിന്റെ പേരും പറഞ്ഞു പിന്നെയും വസ്തുവകകൾ ജോസഫ് അപ്പോഴേക്കും കൈക്കലാക്കി കഴിഞ്ഞിരുന്നു. അതിന് ആക്കം കൂടിയത് ഹോച്ചിയുടെ അലസവും ഉത്തരവാദിത്വമില്ലാത്ത ജീവിത രീതികളും കൂടി ആയിരുന്നു എന്ന് പറയാതെ വയ്യ. 

“അവൻ ഉശിരുള്ളോരാണായിരുന്നെങ്കിൽ ഈ സ്ഥലമൊക്കെ വല്ലവന്റെയും കൈയ്യിൽ പോവില്ലായിരുന്നു” എന്ന് നാട്ടുകാർ പറയുന്നതിൽ തെറ്റില്ല. “ഉപ്പു തിന്നവൻ വെള്ളം കുടിക്കും. പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും.” എന്നീ ആപ്തവക്യങ്ങൾ ഇടക്കിടെ പറയുന്നത് ഇട്ടിച്ചന് ഒരു ശീലം പോലായി. “ഇനി ആ മൂന്നേക്കർ കൂടെ ബാക്കിയുള്ളൂ. ബാക്കി എല്ലാം പോയി. തട്ടിച്ചും വെട്ടിച്ചും നേടിയതൊന്നും നിലനിൽക്കില്ല. അറുപതേക്കറിൽ ഇനി ബാക്കി അതല്ലേ ഉള്ളു. ആർക്കായാലും മാനസികനില തെറ്റും.”. നാട്ടുകാർ പലരും ഇങ്ങനെ പറയുന്നുണ്ടെങ്കിലും സത്യം അതല്ല. ഇട്ടിച്ചന് മാനസാന്തരം ഉണ്ടായി എന്നതാണ് കാര്യം. കുന്നിൻചരുവിലെ ബാക്കിയുള്ള മൂന്നേക്കറിൽ ഒരു കൊച്ചു വീടും പണിത് അവിടെ കുറച്ചു കൃഷിയുമായി ഒതുങ്ങി ആ പഴയ ജന്മി. അതിനിടെ മറ്റൊന്നും കൂടി സംഭവിച്ചു. ഇട്ടിച്ചന്റെ അകന്ന ബന്ധത്തിൽ ഉള്ള ടോമി മോളിയെ വിവാഹം ചെയ്തു. തന്റെ പ്രതാപകാലത്ത് ടോമിയെയും കുടുംബത്തെയും കുടിയിറക്കിയ ഇട്ടിച്ചൻ വിവാഹത്തിന് സമ്മതം മൂളിയത് അവിശ്വസനീയം എന്നാണ് പള്ളി വികാരി പറഞ്ഞത്. മാനസാന്തരപ്പെട്ടാൽ ഇതും ഇതിനപ്പുറവും സംഭവിക്കുമത്രേ. ഏതായാലും പള്ളിയിൽ പോയല്ല ഇട്ടിച്ചൻ മാനസാന്തരപ്പെട്ടത് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. “ഈയിടെയായി വായനാശീലവും പുള്ളിക്ക് കൂടി വരുന്നുണ്ട്. പലരും ലോകപരിജ്ഞാനം പുഷ്ഠിപ്പെടുത്താനും സംശയനിവാരണത്തിനും ഇട്ടിച്ചന്റെ അടുത്ത് പോകാറുണ്ട്. വറീതിത് പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല പക്ഷേ സംഗതി നേരാണ്. 

ഇനി നമ്മുക്ക് ഫ്ലൈറ്റിൽ ഓർമ്മകളുടെ കയത്തിൽ വിസ്കിയുടെ അലകളിലൂടെ ഒഴുക്കുന്ന ഹോച്ചിയിലേക്ക് തിരികെ വരാം. “അവനൊരു വായ്നോക്കി നാടിനും കുടുംബത്തിനും കൊള്ളാത്തവൻ” ഇത് ഇട്ടിച്ചൻ മകനെ കുറിച്ച് പറഞ്ഞ വാക്കുകൾ എന്ന് സാക്ഷ്യപ്പെടുത്തുന്നവർ ഏറെ. മോളിക്ക് തന്റെ സമ്പാദ്യങ്ങളെല്ലാം വാരിക്കോരി കൊടുക്കാൻ ഇട്ടിച്ചനെ പ്രേരിപ്പിച്ച ഒരു ഘടകം ഹോച്ചിയുടെ തോന്നിയ പോലുള്ള ജീവിതം തന്നെ. മകളിലൂടെ തനിക്ക് അടുത്ത പരമ്പര ലഭിക്കില്ല എന്നുറപ്പായപ്പോൾ ഹോച്ചിയിൽ ആയി പ്രതീക്ഷകൾ അത്രയും. പക്ഷേ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചുകൊണ്ട് ഹോച്ചി ഒരു ദിവസം നാടുവിട്ടു. ആദ്യം നേപ്പാൾ പിന്നെ മലേഷ്യ, സിംഗപ്പൂർ അവസാനം വിയറ്റ്നാം. ശരിക്കും പറഞ്ഞാൽ വിയറ്റ്നാം ആണ് അവൻ ഒരു ജീവിതം നൽകിയത്. ഒരു ടൂറിസ്റ്റ് ഗൈഡ് ആയി കുറച്ചുനാൾ ജോലി ചെയ്ത ട്രാവൽ ഏജൻസിയിൽ മാനേജർ ആയ ബിയാനെ പരിചയപ്പെട്ടത് അവന്റെ ജീവിതത്തിൽ വഴിത്തിരിവായി. യഥാർഥ ജീവിതം എന്താണെന്ന് തിരിച്ചറിയാൻ അവൾ അവനെ സഹായിച്ചു. അവരുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷം തികഞ്ഞിരിക്കുന്നു. ഹോച്ചിക്ക് ഇപ്പോൾ പ്രായം നാൽപത്തിഅഞ്ച്. അവൾക്ക് അവനെക്കാൾ പത്തു വർഷത്തിന് ഇളപ്പം. ജീവിതം മുന്നോട്ടുപോകാൻ അതൊരു തടസ്സമേ ആയില്ല. അതിൽ ബിയാനിന്റെ പങ്ക് വളരെ വലുതാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അമേരിക്കയെ തോൽപ്പിച്ച വിയറ്റ്നമീസ് ജനതയെ അതിജീവനം പഠിപ്പിച്ച തിരിച്ചറിവ് ആവാം അവൾക്കും ഇത്രയും സഹിഷ്ണുതയും അച്ചടക്കവും നൽകിയത്. മണ്ണിനോട് ഇഴുകി ചേർന്നുള്ള ജീവിതം വിയറ്റ്നമീസ് സംസ്കാരത്തിന്റെ ഭാഗമാണ്. ബിയാനുമായുള്ള സഹവാസം ഹോച്ചിയേയും ഇതൊക്ക പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ അവന്റെ ജീവിതത്തിനൊരു ലക്ഷ്യമുണ്ട്. തിരിച്ചറിവ് നൽകിയ വെളിച്ചം.

ഹോച്ചിയുടെ ഈ വരവിന് ഒരു പ്രത്യേക ഉദ്ദേശം ഉണ്ട്. ഇന്നലെ ഇടുക്കി ജില്ലാ കളക്ടറുടെ ഓഫീസിൽ നിന്നും ഒരു ഫോൺ വിളി ഉണ്ടായിരുന്നു അവന്. “രണ്ടുദിവസം മുൻപ് ഉണ്ടായ ഉരുൾപൊട്ടലിൽ രക്ഷപ്പെട്ടവരുടെ കൂട്ടത്തിൽ നിങ്ങളുടെ അച്ഛനും ഉണ്ട്. അറിയിക്കാൻ വേറെ ആരും ഇല്ലാത്തതിനാൽ ആണ് നിങ്ങളെ വിളിക്കുന്നത്. അടുത്ത ബന്ധുക്കൾ ആരെങ്കിലും വന്നില്ലെങ്കിൽ അദ്ദേഹത്തെ അനാഥമന്ദിരത്തിലേക്ക് മാറ്റാനാണ് തീരുമാനം. താമസിച്ചിരുന്ന വീടും പറമ്പും ഉരുൾപൊട്ടലിൽ പൂർണമായി നശിച്ചു. മകൻ എന്ന നിലയ്ക്ക് എന്തുവേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം”. എങ്ങനെ തന്റെ നമ്പർ കിട്ടി എന്ന് ഹോച്ചി ചോദിച്ചില്ല. നാളത്തെ ഫ്ലൈറ്റിൽ തന്നെ വരാം എന്ന് പറഞ്ഞ് ഫോൺ വെച്ചു. നാട് വിട്ട ശേഷം ഒരിക്കൽ മാത്രം താൻ അപ്പനോട് സംസാരിച്ച കാര്യം അപ്പോഴാണ് അവൻ ഓർത്തത്. താൻ ബിയാനെ കല്യാണം കഴിച്ചു എന്ന് പറയാൻ ആയിരുന്നു അന്ന് വിളിച്ചത്. അപ്പൻ തന്നെയായിരിക്കും തന്റെ നമ്പർ കൊടുത്തത്. “യുവർ ഫ്ലൈറ്റ് വിൽ ലാൻഡ് ഇൻ കൊച്ചി വിത്തിൻ ട്വന്റി മിനിട്സ്”. അനൗൺസ്‌മെന്റ് വന്നു. കൃത്യസമയത്ത് വിമാനത്തിന്റെ ടയറുകൾ റൺവേയെ അമർത്തി ചുംബിച്ചു കൊണ്ട് കൊച്ചിയുടെ മണ്ണിനെ തൊട്ടു. ഇരുപത്തിഅഞ്ച് വർഷത്തിന് ശേഷം സ്വന്തം നാട്ടിൽ കാൽകുത്തിയപ്പോൾ ഹോച്ചിയുടെ മനസ്സ് കാലിയായിരുന്നു. ഫ്ലൈറ്റിൽ ഇരുന്നു ഓർമ്മകളുടെ വേലിയേറ്റത്തിൽ എല്ലാം ചോർന്നു പോയത് പോലെ. ഇപ്പോൾ മൊബൈലിൽ ഫുൾ റേഞ്ച് ഉണ്ട്. 

ചെക്ക് ഔട്ട്‌ കഴിഞ്ഞു ടാക്സിയിൽ കയറി അപ്പന്റെ നമ്പറിലേക്ക് വിളിച്ചു. ആദ്യം നിശബ്ദതയായിരുന്നു അങ്ങേ തലത്തിൽ. ഹോച്ചി പതുക്കെ പറഞ്ഞു. “അപ്പാ ഞാൻ വന്നു കൊണ്ടിരിക്കുകയാണ്. അപ്പനെ കൊണ്ട് പോകാൻ.” “നിനക്ക് അവിടെ കൃഷി ഉണ്ടോ?” ഇട്ടിച്ചന്റെ പെട്ടന്നുള്ള ചോദ്യത്തിന് മുന്നിൽ അവന് ഉത്തരമില്ലാതായി. “എടാ നിന്നോടാ ചോദിച്ചത്”. ഇട്ടിച്ചൻ ചിരിച്ചു കൊണ്ട് പറഞ്ഞു. “എനിക്കില്ല അവൾക്കുണ്ട് നെൽപാടം എന്തിനാ.” അൽപം പതർച്ചയോടെ ഹോച്ചി ചോദിച്ചു. ഞാൻ നിന്നോടൊപ്പം വരണമെങ്കിൽ മരിച്ചു കഴിഞ്ഞു എന്നെയും അവിടെ അടക്കണം. വിയറ്റ്നാമിൽ അങ്ങനെയാ. അവരുടെ കൃഷിയിടങ്ങളോട് ചേർന്ന് തന്നെ കുഴിച്ചിടും ഉറ്റവരെ. നമ്മുടെ കാലാവസ്ഥയും ചെടികളും മരങ്ങളും എല്ലാം തന്നെ അവിടെയും ഉണ്ട്. “അപ്പനെങ്ങനെ ഇതൊക്ക അറിയാം.” അവൻ അന്തംവിട്ട് ചോദിച്ചു. അപ്പുറത്ത് അപ്പൻ ചിരിക്കുന്നുണ്ടായിരുന്നു. “നിനക്ക് ഹോ ചി മിൻ എന്ന് വാക്കിന്റെ അർഥം അറിയുമോ?” ഉത്തരത്തിന് പകരം അപ്പൻ വീണ്ടും ചോദ്യം ചോദിച്ചപ്പോൾ വീണ്ടും അവനുത്തരമില്ലാതായി. “ഹോ ചി മിൻ എന്നാൽ വെളിച്ചം കൊണ്ട് വന്നവൻ. നിന്റെ പാസ്പോർട്ടിലെ പേരിപ്പോഴും അത് തന്നെ അല്ലേ?” ഇട്ടിച്ചൻ പറഞ്ഞു നിർത്തിയപ്പോൾ അവനത്ഭുതം തോന്നി താനും ചിരിക്കുന്നു. ഇങ്ങനെ ഒരു സംഭവം ഓർമ്മയിലില്ല. താനും അപ്പനും ചേർന്ന് ആസ്വദിച്ചു ചിരിക്കുന്നത്. പെട്ടെന്ന് ഫോൺ കട്ടായി. പല പ്രാവശ്യം വിളിച്ചിട്ടും കിട്ടിയില്ല. “ഉരുൾ പൊട്ടലിന് ശേഷം ഇങ്ങനെയാ. പല ടവറുകളും പോയില്ലേ” ഡ്രൈവർ പറഞ്ഞു. അവൻ ബിയയെ വിളിച്ചു അപ്പൻ പറഞ്ഞ കാര്യം പറഞ്ഞു. “അപ്പൻ പറഞ്ഞതെല്ലാം ശരിയാണ്. അപ്പനോട് പറയു ഞങ്ങളിൽ ഒരാളായി ഇവിടെ വരാം എന്ന് നിങ്ങളെ പോലെ.” അത് പറയുമ്പോൾ അവൾ ചിരിക്കുന്നുണ്ടായിരുന്നു. അവളോടൊപ്പം ഹോ ചി മിന്നും.

English Summary:

Malayalam Short Story ' Ho Chi Min ' Written by Dr. Venugopal C. K.