ADVERTISEMENT

അധ്യായം: ഇരുപത്തിനാല്

"അവിശ്വസനീയമായ കാഴ്ചയാണ് മീനാക്ഷി കണ്ടതെങ്കിലും അവളെ അവിശ്വസിക്കാൻ കഴിയില്ല. ഒരുപക്ഷേ വല്ല കരടിയോ അല്ലെങ്കിൽ വേഷം ധരിച്ചെത്തിയ ആരോ ഒരാളായിരിക്കാം അത്. " കാർത്തികേയൻ ചുറ്റുമിരിക്കുന്നവരെ നോക്കി പതുക്കെ പറഞ്ഞു. ആ വലിയ മുറിയിൽ കാർത്തികേയനെ കൂടാതെ വിഷ്ണുകീർത്തിയും മൂത്തേടവും രാജശേഖരനുമാണ് ഉണ്ടായിരുന്നത്.

"എനിക്ക് തോന്നുന്നത് ഇന്നലെത്തെ സംഭവത്തിന്റെ ഒരു തുടർച്ചയായിട്ടാണ്. നമ്മുടെ പാരമ്പര്യവൈദ്യജ്ഞാനത്തെ തട്ടിയെടുക്കാനുള്ള നിഗൂഢതന്ത്രങ്ങൾ എവിടെയോ കെട്ടിപടുക്കുന്നുണ്ട്." അല്പസമയം തളം കെട്ടി നിന്ന മൗനത്തെ പൊട്ടിച്ചുകൊണ്ട് വിഷ്ണുകീർത്തി പറഞ്ഞു. തൊടിയിൽ തുള്ളികളായി പെയ്തിറങ്ങിയ മഞ്ഞ്, ആ വലിയ മുറിയിൽ നേർത്ത മേഘങ്ങളെ പോലെ പരന്നു കിടന്നു. അങ്ങകലെ നിന്നും ഇണയെ തിരക്കിയുള്ള കാലൻ കോഴിയുടെ വിളിയൊച്ച ദൂരെ നിന്നുള്ള  ഇടിയൊച്ചപോലെ മുഴങ്ങുന്നുണ്ടായിരുന്നു. 

മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

"സുരക്ഷാഭടന്മാരുടെ ശ്രദ്ധയിൽ അതിന്റെ സാന്നിധ്യം പെട്ടില്ലയെന്നത് ആശ്ചര്യമായിരിക്കുന്നു. വേണമെങ്കിൽ രാജകൊട്ടാരത്തിൽ അറിയിച്ച് ചെമ്പനേഴിയുടെ സുരക്ഷ വർദ്ധിപ്പിക്കാനുള്ള ഏർപ്പാട് ചെയ്യാം." മൂത്തേടത്തിന്റെ ആ അഭിപ്രായത്തോട് പക്ഷേ കാർത്തികേയന് യോജിപ്പുണ്ടായിരുന്നില്ല. "ഒന്നു രണ്ട് ദിവസം കൂടി നോക്കട്ടെ. അനിഷ്ട സംഭവങ്ങൾ തുടരുകയാണെങ്കിൽ അക്കാര്യം നോക്കാം".

മറുപടിയെന്നോണം മൂത്തേടം തലകുലുക്കി. "എന്താവശ്യമുണ്ടെങ്കിലും പറയാൻ മടിക്കേണ്ട. രാജകൊട്ടാരത്തിലറിയിച്ച് വേണ്ടത് ചെയ്യാലോ. അങ്ങോട്ടും ഇങ്ങോട്ടും പോയി വരാനുള്ള ഒരു ചെറിയ കാലതാമസം... അത്രേയുള്ളൂ..." മൂത്തേടം വിടുന്ന മട്ടില്ല. 

"രാജ്യസേവകരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിൽ അപമാനകരമായി ഒന്നുമില്ല എന്നാണ് എന്റെ അഭിപ്രായം. മാത്രമല്ല അമ്മാവൻ കൊല്ലപ്പെടുകയും നമ്മുടെ പാരമ്പര്യമഹിമ വെല്ലുവിളി നേരിടുകയും ചെയ്യുന്ന ഈ അവസരത്തിൽ രാജ്യസേവകരുടെ സേവനം എത്രയും പെട്ടെന്ന് സ്വീകരിക്കുന്നതാണ് നല്ലത്." ഒന്നു നിർത്തി, മൂത്തേടത്തെ നോക്കിക്കൊണ്ട് രാജശേഖരൻ പറയാൻ തുടങ്ങി. "തിരുമേനി  ഇവിടുള്ളതുകൊണ്ട് കാര്യങ്ങൾ വേഗത്തിൽ നടക്കുകയും ചെയ്യും".

"പക്ഷേ നൂറ്റാണ്ടുകൾ പഴക്കമുള്ള നമ്മുടെ തറവാടിന് അങ്ങനെ ഒരു കീഴ്‌വഴക്കമില്ല. എന്നുവെച്ച് അവരുടെ സേവനം ആവശ്യമില്ല എന്ന അഭിപ്രായവുമില്ല. നമുക്കുമുണ്ടല്ലോ, ചെറുതെങ്കിലും കോൽക്കാരുടെ ഒരു സംഘം. പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തതിനാൽ അവരൊക്കെ നാലുവഴിക്കാണ്. അവരെയൊന്ന് സംഘടിപ്പിച്ച് നിർത്താം. പിന്നെ ജ്യേഷ്ഠൻ പറഞ്ഞതുപോലെ അനിഷ്ട സംഭവങ്ങൾ തുടരുകയാണെങ്കിൽ രാജകൊട്ടാരത്തിൽ നിന്നുള്ള സഹായവും തേടാം". വിഷ്ണുകീർത്തിയുടെ ആ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. അച്ഛന്റെ ഘാതകനെ കണ്ടെത്താൻ എവിടെ തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നറിയാതെ കാർത്തികേയൻ വല്ലാതെ അസ്വസ്ഥനായി.

ശത്രു കാര്യമായ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നുളളത് വ്യക്തമാണ്. കഴിഞ്ഞ കറുത്തവാവു ദിവസം അച്ഛൻ ചന്ദ്രവിമുഖി ശേഖരിക്കാൻ പോകുന്നുണ്ടെന്ന വിവരം തറവാട്ടിൽ നിന്ന് ചോർന്നിരിക്കുന്നു. എല്ലാ കറുത്ത വാവു കളിലും ചന്ദ്രവിമുഖി ശേഖരിക്കാറില്ല. തറവാട്ടിലെ അംഗങ്ങളെ കൂടാതെ കാര്യസ്ഥനായ ഗോവിന്ദന് മാത്രമെ അക്കാര്യം അറിയുകയുള്ളൂ. ഗോവിന്ദനനോട് ആകട്ടെ; അക്കാര്യം മൂൻകൂട്ടി പറയുന്ന ശീലവുമില്ല.

അപ്പോൾ പിന്നെ? കാർത്തികേയൻ ക്ഷീണത്തോടെ ചാഞ്ഞിരുന്ന് കണ്ണടച്ചു. മൗനം വീണ്ടും പാമ്പിനെ പോലെ ഇഴഞ്ഞു തുടങ്ങിയ നേരത്താണ് ഗോവിന്ദൻ കൈയ്യിലൊരു രോമക്കുപ്പായവുമായി അവിടെ എത്തിച്ചേർന്നത്. വിയർപ്പുതുള്ളികൾ ആറിത്തണുത്ത ഗോവിന്ദന്റെ കരുത്തുറ്റ പേശികൾ ചില്ലുവിളക്കിന്റെ വെളിച്ചത്തിൽ തിളങ്ങി നിന്നു. എവിടെ തുടങ്ങണമെന്നറിയാതെ ഗോവിന്ദൻ ആദ്യമൊന്നു പരിഭ്രമിച്ചെങ്കിലും കുയിപ്പച്ചാലിൽ അജ്ഞാത മൃതദേഹം കുഴിച്ചിട്ടതു മുതലുള്ള കാര്യങ്ങൾ പറയാൻ തുടങ്ങി. ഗോവിന്ദന്റെ വിശദീകരണം നാൽവരും ജിജ്ഞാസയോടെയാണ് കേട്ടിരുന്നത്.

"ഞാൻ കത്രിക പൂട്ടിട്ട് പിടിച്ചുകെട്ടാൻ ശ്രമിച്ചെങ്കിലും അവസാനവൻ കുപ്പായമൂരി ഓടി പോയ്കളഞ്ഞു." ഒന്നു നിർത്തി നാലുപേരെയും നോക്കിക്കൊണ്ട് ഗോവിന്ദൻ തുടർന്നു. "തികഞ്ഞ അഭ്യാസി മാത്രമല്ല; കൂരിരുട്ടിലും കുറുക്കനെ പോലെ കണ്ണുകാണുന്നവൻ കൂടിയാണ്."

രാത്രി ഏറെ വൈകിയതിനാൽ കൂടതൽ കാര്യങ്ങൾ നാളെ പരിശോധിക്കാമെന്ന് തീരുമാനിച്ചവർ ഉറങ്ങാനായി അവരവരുടെ മുറികളിലേക്ക് പോയി. അമ്മയോടും മീനാക്ഷിയോടും ഗോവിന്ദൻ വെളിപ്പെടുത്തിയ കാര്യങ്ങൾ പറഞ്ഞതിനു ശേഷമാണ്. രോമക്കുപ്പായവുമായി കാർത്തികേയൻ തന്റെ മുറിയിലേക്ക് പോയത്. താൻ കണ്ടത് കള്ളനെയാണെന്ന് തിരിച്ചറിഞ്ഞതോടെ മീനാക്ഷി ആശ്വാസത്തോടെ ദീർഘശ്വാസമെടുത്തു. മുറിയിലെത്തിയ കാർത്തികേയൻ രോമക്കുപ്പായം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി.

മുൾപടർപ്പുകളിൽ കുടുങ്ങി ചിലയിടങ്ങൾ  കീറി പറഞ്ഞിട്ടുണ്ട്. പെട്ടെന്നാണ് നാണയ തുട്ട് പോലെയൊരു സാധനം താഴെ വീണത്. കാർത്തികേയൻ കുനിഞ്ഞ് അതെടുത്തു. രണ്ട് മോതിരങ്ങളെ രണ്ടിഞ്ച് അകലത്തിൽ ഒരു ലോഹദണ്ഡ് കൊണ്ട് ബന്ധിപ്പിച്ച ഒരായുധം!

ഇന്നലെ തന്റെ അച്ഛനെ കൊലപ്പെടുത്തിയ കൊലയാളിയിൽ നിന്നും ലഭിച്ച അതേ മാതൃകയിലുള്ള ആയുധം. ആ ചെറിയായുധത്തിന്റെ മൂർച്ചയേറിയ ഭാഗം പാതിവെളിച്ചത്തിലും വാൾത്തല പോലെ ഇടയ്ക്കിടെ വെട്ടിതിളങ്ങി. അപ്പോഴാണ് കാർത്തികേയൻ മറ്റൊരു കാര്യം ശ്രദ്ധിച്ചത്. മോതിരത്തിന്റെ മുകൾ ഭാഗത്ത് ഒമ്പത് കാലുകളോടുകൂടിയ ഒരു ചക്രം കൊത്തിവെച്ചിരിക്കുന്നു. അതിനു മുകളിലാണ് ലോഹ ദണ്ഡ് സൂക്ഷ്മതയോടെ ബന്ധിച്ചിരിക്കുന്നത്. കർത്തികേയൻ മേശവലിപ്പ് തുറന്ന് അച്ഛന്റെ കൊലപാതകിയുടെ കൈയ്യിൽ നിന്നും ലഭിച്ച ആയുധമെടുത്തു. അതിന്റെ മുകൾഭാഗത്തും ഒമ്പത് കാലുകൾ സൂക്ഷ്മതയോടെ കൊത്തിവെച്ചിരിക്കുന്നു. ഇന്നലെത്തെ തിരക്കിനിടയിൽ ഈ ആയുധം പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ലല്ലോ .

ഒമ്പത് കാലുകളോടുകൂടിയ ചക്രം. പെട്ടെന്നാണ് അച്ഛന്റെ കൊലപാതകിയുടെ പിൻകഴുത്തിൽ പച്ചകുത്തിയ ചക്രത്തിനും ഒമ്പത് കാലുകളായിരുന്നു എന്ന കാര്യം കാർത്തികേയന് ഓർമ്മ വന്നത്.

ഒമ്പത് കാലുകൾ...!

അതൊരു അടയാളമാണ്. ഒരു തിരിച്ചറിയൽ രേഖ!

(തുടരും) 

English Summary:

Malayalam novel Chandravimukhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com