മുഖംമൂടി ധരിച്ചെത്തിയ ആരോ ഒരാളാണ് ആ ഭീകരരൂപി; പിടികൂടാൻ ജീവൻ പണയം വെച്ച് ഗോവിന്ദൻ
Mail This Article
അധ്യായം: ഇരുപത്തിമൂന്ന്
അകലാപ്പുഴയ്ക്കും ഏച്ചിലാട്ട് വയലിനും ഇടയിൽ ത്രികോണാകൃതിയിൽ പരന്നു കിടക്കുന്ന കുയിപ്പച്ചാൽ പറമ്പിൽ അജ്ഞാത മൃതദേഹം കുഴിച്ചിട്ടതിനുശേഷം ഗോവിന്ദനും ചാത്തനും കോരനും തിരികെ നടന്നു.കാലിൽ തൊട്ടാവാടി ചെടികൾ ഏൽപ്പിച്ച പോറലുകൾ അസഹ്യാമാംവിധം നീറാൻ തുടങ്ങിയപ്പോൾ കോരൻ പുഴവക്കിലേക്കിറങ്ങി. തുള്ളി തുളമ്പി വന്ന കുഞ്ഞോളങ്ങൾ കോരന്റെ ചെളി പറ്റിയ കാലുകളെ തൊട്ടുരുമ്മി തീരത്തോട് കിന്നാരം പറഞ്ഞു.
"തൊട്ടാവാടിയോണ്ട് വാണ്ടടത്ത് നല്ല പൊകച്ചിലാ .ഇച്ചിരി വെള്ളാക്യാ പൊകച്ചില് ഇച്ചിരി കൊറഞ്ഞു കിട്ടും."
അതും പറഞ്ഞ് കോരൻ കൈ കുമ്പിളിൽ വെള്ളം കോരിയെടുത്ത് കാൽ മുട്ടിന് താഴെ ഒഴിക്കാൻ തുടങ്ങി .പോറലേറ്റയിടങ്ങളിൽ വെള്ളം കിനിഞ്ഞിറങ്ങിയപ്പോൾ നീറ്റലൊരു കുളിരായി മാറി.
"ഞ്ഞി ബേഗം ബാ കോരാ. പയ്യിച്ചിട്ട് ബയ്യ", ചാത്തൻ ചൂട്ട് കോരനു നേരെ നീട്ടി പിടിച്ച് ധൃതി കൂട്ടി. പുഴവക്കത്തെ ഒറ്റയടി പാതയിലൂടെ ചൂട്ട് വീശിയവർ മുന്നോട്ട് നടന്നു.
"ന്നാലും തമ്പ്രാന്റെ കാര്യമോർക്കുമ്പോൾ ചങ്കിലെ വിങ്ങല്‍ മാറുന്നില്ല. എന്ത് സൂക്കേട് വന്നാലും വല്ലായ്മ വന്നാലും തമ്പ്രാന്റെ മുന്നി ചെന്നാൽ മാറികിട്ടും. പണ്ട് വയറിളക്കോം ശർദ്ദീം പിടിപ്പെട്ട് ശ്വാസം മാത്രമായി പോയ കൊറുമ്പിയെ തമ്പ്രാന്റെ ചികിത്സയാ രക്ഷപ്പെടുത്തിയത്. ശ്വാസം ഇന്നു പോകും നാളെ പോകും എന്ന് വിചാരിച്ച് കുഴി വരെ കുത്തിയതാ. ആ കൊറുമ്പിയാ വറുത്ത അരിമണി പോലെ പെടാപെടാന്ന് നടക്കുന്നത്." ചാത്തൻ ദീർഘനിശ്വാസമെടുത്തു.
വൈദ്യരുടെ വിയോഗം മൂവരെയും വല്ലാതെ ഉലച്ചു കളഞ്ഞിട്ടുണ്ട്. വൈദ്യരോർമ്മകളുടെ ഭാരവും പേറി നിശബ്ദമായി അവർ നടന്നു. പെട്ടെന്ന് ധനുമാസ കുളിരിലെ അപസ്മാരരോഗിയെ പോലെ ആരോ ഒരാൾ പുഴവക്കിൽ നിന്നും ഏങ്ങിവലിച്ച് ശ്വാസമെടുക്കുന്ന ശബ്ദം കേട്ട് ഗോവിന്ദൻ നിന്നു. പിന്നാലെ മറ്റുള്ളവരും. ഒരു മൂളക്കം പോലെ ഏന്തിവലിഞ്ഞു വരുന്ന ആ ശബ്ദം കേട്ട ഭാഗത്തേക്ക് ചാത്തൻ ചൂട്ട് നീട്ടി പിടിച്ചു .പുഴവക്കത്തെ കുറ്റിച്ചെടികൾക്കിടയിൽ മുഴുത്തൊരു പെരുമ്പാമ്പ് വലിയൊരു കാട്ടുപൂച്ചയെ ചുറ്റി വരിഞ്ഞിക്കുകയാണ്. ഉടൽ മുഴുവൻ ചുറ്റിവരിയപ്പെട്ട കാട്ടുപൂച്ച അവസാന ശ്വാസത്തിനായുള്ള പിടച്ചിലിനിടയിലും നിസ്സഹായതയോടെ അവരെ തുറിച്ചു നോക്കി. ഒരു നിമിഷത്തിനു ശേഷം ചൂട്ടുവെളിച്ചത്തിൽ തിളങ്ങിയിരുന്ന അവന്റെ കണ്ണുകൾ പാതിയടഞ്ഞു. കാട്ടുപുല്ലുകൾക്കിടയിൽ നിന്നും തലയുയർത്തിയ പെരുമ്പാമ്പ് ചൂട്ടു വെളിച്ചത്തിലേക്ക് സൂക്ഷിച്ചു നോക്കി നിന്നു. പിന്നെ കാട്ടുപൂച്ചയുടെ തല വായിക്കുള്ളിലാക്കാനുള്ള ശ്രമം ആരംഭിച്ചു.
അകലാപ്പുഴയിൽ പതുക്കെ ഒഴുകിക്കൊണ്ടിരുന്ന കൂരിരുട്ടിൽ ചൂട്ടുവെളിച്ചത്തിന്റെ പ്രതിബിംബവും ഉയർന്നും താണും നടക്കാൻ തുടങ്ങി. കൊക്കർണി പാടവക്കത്തെത്തിയതോടെ ചാത്തനും കോരനും വഴിപിരിഞ്ഞു. കൊക്കർണി പാടവക്കത്തെ മൺതിട്ടയിലാണ് അവരുടെ കുടിലുകൾ. ഇരുവരോടും യാത്ര പറഞ്ഞ ഗോവിന്ദൻ ഓലചൂട്ടുമായി ചെമ്പനേഴിയിലേക്ക് നടന്നു. പാടവരമ്പിൽ നിന്നും ഇരുവശത്തും കവുങ്ങുകൾ നിരനിരയായി വളർന്ന നടവരമ്പിലേക്ക് ഗോവിന്ദൻ നടന്നു കയറി. കുന്നത്തമ്പലം ചുറ്റി വീതിയേറിയ നടവഴിയിലൂടെ നടന്ന് ചെമ്പനേഴിയിൽ എത്തുന്നതിന്റെ പകുതി ദൂരമേ ഈ എളുപ്പ വഴിയിൽ പോയാൽ ഉള്ളൂ.
പക്ഷേ വഴി അല്പം മോശമാണ്. നടവരമ്പ് കഴിഞ്ഞാൽ ഒരു 'ഇറുക്കിട'യാണ്. ഇരുവശവും ഉയർന്ന പറമ്പുകൾക്കിടയിൽ ഒരാൾക്ക് കഷ്ടിച്ച് നടന്നു പോകാൻ പറ്റുന്ന ഇടവഴിയെയാണ് നാട്ടുകാർ ഇറുക്കിടയെന്ന് വിളിച്ചു പോന്നത്. പകൽ വെളിച്ചത്തു തന്നെ വല്ലപ്പോഴുമേ ആൾക്കാർ ഇതുവഴി പോകാറുള്ളൂ. ഇറുക്കിട ചെന്നു ചേരുന്നത് കുന്നത്തമ്പലം ചുറ്റി വരുന്ന പൊതുവഴിയിലേക്കാണ്. അവിടുന്ന് കുറച്ച് ദൂരം മാത്രമേ ചെമ്പനേഴിയിലേക്കുള്ളു. ഗോവിന്ദൻ ചൂട്ടുവീശി ഇറുക്കിടയിലൂടെ വേഗത്തിൽ മുന്നോട്ട് നടന്നു.
ഇടവഴിയിലേക്ക് ചാഞ്ഞുകിടന്ന ഇല പടർപ്പുകളും വള്ളിച്ചെടികളും ഗോവിന്ദനെ ബുദ്ധിമുട്ടിച്ചു. പെട്ടെന്നാണ് മുകളിലെ പറമ്പിൽ നിന്ന് ഒരു ജന്തു കുറ്റിക്കാടുകള വകഞ്ഞു മാറ്റി ഗോവിന്ദന്റെ മുന്നിലേക്ക് ഉരുണ്ടു വീണത്. ജീവിയോടൊപ്പം കല്ലും മണ്ണും ഊർന്നു വീണതിന്റെ ശബ്ദം ഉയർന്നു പൊങ്ങി. ഭയന്നു പോയ ഗോവിന്ദൻ ഒരടി പിന്നിലേക്ക് തെറിച്ചു പോയി. അടിവയറ്റിൽ നിന്നും ഒരിടിവാൾ പുളഞ്ഞു കയറിതുപോലെ ഗോവിന്ദന്റെ ശരീരം മുഴുവൻ വിറകൊണ്ടു. ഒരു നിമിഷത്തെ ഭയപ്പാടിനുശേഷം ഗോവിന്ദൻ ധൈര്യം സംഭരിച്ച് തെറിച്ചു പോയ ഓലച്ചൂട്ടെടുത്ത് വീശി തീ പടർത്തി. ശരീരമാസകലം കറുത്ത രോമങ്ങൾ ഉള്ള ആ ഭീകരരൂപം പതുക്കെ എഴുന്നേൽക്കുകയാണ്.
ഗോവിന്ദൻ പേടിയോടെ, അദ്ഭുതത്തോടെ ആ സ്വത്വത്തെ സൂക്ഷിച്ചു നോക്കി. നിവർന്നു നിന്ന ആ ഭീകരരൂപം ഗോവിന്ദനു നേരെ തിരിഞ്ഞു. തിളങ്ങുന്ന മഞ്ഞക്കണ്ണുകൾ, ദൃംഷ്ടകൾക്കിടയിലൂടെ തൂങ്ങിയാടുന്ന ചുവന്ന നാവ്. ഗോവിന്ദൻ മെല്ലെ പിന്നോട്ടടി വെച്ചു. കൈയ്യും കാലും വിറക്കുന്നു. ഇറുക്കിടയിൽ കുടുങ്ങി പോയ അവസ്ഥയിൽ എന്തു ചെയ്യുമെന്നറിയാതെ ഗോവിന്ദൻ ഒരു നിമിഷം നിന്നുപോയി. പിന്തിരിഞ്ഞ് ഓടുക മാത്രമേ വഴിയുള്ളു. പിന്തിരിയുന്നതിനു മുമ്പ് ഗോവിന്ദൻ ഒരിക്കൽ കൂടി ആ ജന്തുവിനെ നോക്കി. പെട്ടെന്ന് ആ മഞ്ഞക്കണ്ണുകൾ അസ്ഥാനത്താണെന്ന് ഗോവിന്ദൻ തിരിച്ചറിഞ്ഞു. തൂങ്ങിയാടിയ നാവ് ഒടിഞ്ഞുപോയിരിക്കുന്നു! മുഖം മൂടി ധരിച്ചെത്തിയ ആരോ ഒരാളെന്ന് മനസ്സിലായ ഗോവിന്ദൻ അവനെ കീഴ്പ്പെടുത്താനായി കരുതലോടെ മുന്നോട്ട് നീങ്ങി.
"ആരാടാ നീ?"
ഗോവിന്ദനലറി. മറുപടിയെന്നോണം എതിരാളി കൈ വീശി അടിച്ചു. വീട്ടികാതൽ കടഞ്ഞെടുത്തപോലെയുള്ള ഗോവിന്ദൻ ഒഴിഞ്ഞുമാറി. തലേദിവസം തമ്പ്രാന്റെ ജീവനെടുത്തത്, കൈവിരലിൽ ആയുധം ഒളിപ്പിച്ചുള്ള വീശിയടിയാണെന്ന് ഗോവിന്ദന് ഓർമ്മ വന്നു. ഗോവിന്ദൻ ജാഗ്രതയോടെ, കരിമൂർഖന്റെ കൊത്തിൽ നിന്നും ഒഴിഞ്ഞു മാറുന്ന കീരിയെ പോലെ എതിരാളിയുടെ കൈവീശിയടിയിൽ നിന്നും വഴുതി മാറി. ഒരുവേള ഗോവിന്ദന്റെ കാൽമുട്ട് മടക്കിയുള്ള ചവിട്ടേറ്റ് രോമക്കുപ്പായക്കാരൻ നിലത്തു വീണു. തെറിച്ചുവീണ ചൂട്ടിൽ നിന്നും കരിയിലക്കൂട്ടങ്ങളിൽ തീ പടർന്നു. ഇറുക്കിടയിലെ ഇത്തിരി പോന്നയിടത്തിൽ, കരിയിലകൾ കത്തിയ ഇത്തിരി വെളിച്ചത്തിൽ രണ്ട് മല്ലന്മാർ കാളക്കൂറ്റന്മാരെപോലെ പോരടിച്ചു. കത്തിയ കരിയിലയിൽ നിന്നുള്ള തീപ്പൊരികൾ മിന്നാമിനുങ്ങുകളെപോലെ ഇറുക്കിടയുടെ ആകാശത്ത് വട്ടമിട്ടു പറന്നു.
(തുടരും)