കറുത്ത രൂപം, തിളങ്ങുന്ന കണ്ണുകൾ, ദൃംഷ്ട, നീണ്ട ചുവന്ന നാക്ക്; ചെമ്പനേഴിയിലെത്തിയ ആ രൂപം ആരുടേത്?
Mail This Article
അധ്യായം: ഇരുപത്തിരണ്ട്
മിത്രൻ വൈദ്യരുടെ പത്നി ആത്തോലമ്മയുടെ ആജ്ഞാനുസരണം പാറുക്കുട്ടിയായിരുന്നു ചെമ്പനേഴിയിലെ അടുക്കള കൈകാര്യം ചെയ്തിരുന്നത്. ചെമ്പനേഴി തറവാടുമായി ഒരകന്ന ബന്ധം മാത്രമേ പാറുക്കുട്ടിക്കുണ്ടായിരുന്നുള്ളൂ. ചെറിയ പ്രായത്തിൽ തന്നെ ഭർത്താവ് മരിച്ച് ഒറ്റയ്ക്കായിപ്പോയ പാറുക്കുട്ടിയെയും കൈക്കുഞ്ഞ് പല്ലവിയെയും മിത്രൻ വൈദ്യർ ചെമ്പനേഴിയിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.
അന്നുതൊട്ട് ഇന്നുവരെ ചെമ്പനേഴിയിലെ വിശാലമായ അടുക്കളക്കുള്ളിലായിരുന്നു പാറൂട്ടിയുടെ ജീവിതം. മിത്രൻ വൈദ്യർ തന്നെയാണ് പാറുക്കുട്ടിയെ ആദ്യം പാറൂട്ടിയെന്ന് വിളിക്കാൻ തുടങ്ങിയത്. പിന്നീട് മറ്റുള്ളവരും അതേറ്റു വിളിക്കാൻ തുടങ്ങി. പാറൂട്ടി ഒരു പാചക വിദഗ്ദയായിരുന്നു. എത്ര പേർക്കുള്ള ഭക്ഷണം പോലും ഞൊടിയിടയിൽ തയ്യാറാക്കാൻ അവർ സമർത്ഥയാണ്.
അടുക്കളയിൽ പാറൂട്ടിയെ സഹായിക്കാൻ കാരിയും ജാനുവും നീലിയുമുണ്ടായിരുന്നു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുള്ള ഭക്ഷണം തയ്യാറാക്കിയിരുന്നത് അടുക്കളയോട് ചേർന്നുള്ള ചായ്പിലാണ്. തിരക്ക് കൂടുന്ന അവസരത്തിൽ ചാത്തന്റെ ഭാര്യ കൊറുമ്പിയെയും മകൾ കല്യാണിയെയും മറ്റും വിളിച്ചു വരുത്തും. പല്ലവിയും മീനാക്ഷിയും സമപ്രായക്കാരാണ്. ചെമ്പനേഴിയുടെ മുറ്റത്തും തൊടിയിലും ഇടവഴിയിലും കൊക്കർണി പാടത്തും ഓടി ചാടി കളിച്ചവർ വളർന്നപ്പോൾ മീനാക്ഷിയെ അമ്മാവൻ മിത്രൻ വൈദ്യർ വൈദ്യത്തിൽ സഹായിക്കാൻ കൂടെ കൂട്ടി.
ഔഷധ കൂട്ട് തയ്യാറാക്കാനും രോഗികളെ പരിചരിക്കാനും അവൾ ബഹുമിടുക്കിയായിരുന്നു. കണ്ടറിഞ്ഞ് കാര്യങ്ങൾ ചെയ്യുന്നതെങ്ങനെയെന്ന് മീനാക്ഷിയെ കണ്ടു പഠിക്കണമെന്ന് വൈദ്യർ എപ്പോഴും പറയും. മീനാക്ഷിയോടൊപ്പം ഔഷധച്ചെടികൾ പറിക്കാനും ഔഷധക്കൂട്ട് ഒരുക്കാനുമൊക്കെ പല്ലവിയും കൂടെ കൂടും. അമ്മാവൻ അവളെയും വൈദ്യസഹായിയായി കൂടെ കൂട്ടിയതാണ്.
പക്ഷേ അവൾക്ക് കൂടുതലിഷ്ടം അമ്മയെ പോലെ പാചകത്തിലായിരുന്നു. രോഗികളെ പരിചരിക്കുന്നതിനു പകരം അവർക്ക് പഥ്യാനുസരണം ഭക്ഷണം പാകം ചെയ്യുന്നതിലായിരുന്നു അവളുടെ മിടുക്ക്. ഭക്ഷണവും മരുന്നായി കണ്ടിരുന്ന വൈദ്യർക്ക് പല്ലവിയുടെ പാചകം ഒരു മുതൽ കൂട്ട് തന്നെയായിരുന്നു. രണ്ടു പേരെയും വേർതിരിവില്ലാതെ ഇടവും വലവുമായി അദ്ദേഹം ചേർത്തു പിടിച്ചു.
അന്ന്, സുഭദ്ര തമ്പുരാട്ടിക്കും കാർത്തികയ്ക്കും പ്രത്യേകം പ്രത്യേകം തയ്യാറാക്കിയ അത്താഴവുമായി മീനാക്ഷി അവരുടെ മുറിയിലേക്ക് നടന്നു. സുഭദ്ര തമ്പുരാട്ടിക്ക് പൂളക്കിഴങ്ങും പച്ചക്കായയും കടലയും ചേർത്തുണ്ടാക്കിയ പുഴുക്കും ചുവന്നുള്ളി ചമ്മന്തിയും ചുട്ട പപ്പടവുമായിരുന്നു അത്താഴം. പഥ്യമുള്ളതിനാൽ കാർത്തികയ്ക്ക് ഉപ്പിടാത്ത അരക്കോപ്പ മുളയരി കഞ്ഞിയും. രാജകുടുംബത്തിലെ അംഗങ്ങളെ ആദ്യമായാണ് മീനാക്ഷി നേരിൽ കാണാൻ പോകുന്നത്. അതിൻ്റെതായ ഒരാകാംക്ഷയും സന്തോഷവും ചെറിയ ഭയവും അവൾക്കുണ്ട്.
തന്നെക്കാൾ രണ്ട് വയസ്സിന് ചെറുപ്പവും അപ്സരസ്സിനെ പോലെ സുന്ദരിയുമായ കാർത്തികയെ കുറിച്ചായിരുന്നല്ലോ രണ്ടു ദിവസം മുമ്പത്തെ തറവാട്ടിലെ ചർച്ച. അന്നു മുതലെ അവളെ കാണാനും പരിചയപ്പെടാനും കാത്തിരിക്കുകയായിരുന്നു. അവർക്ക് അനിഷ്ടകരമാകുന്നത് ഒന്നും തന്നെ ചെയ്യരുതെന്ന് അമ്മാവൻ പ്രത്യേകം പറഞ്ഞിരുന്നു. അമ്മാവനെ കുറിച്ചോർത്തപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു. സാധാരണ ഈ സമയം തെക്കെ കോലായിലെ ചാരുമരകസേരയിലിരുന്ന് എണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ഗ്രന്ഥ വായനയിലോ അല്ലെങ്കിൽ രോഗികളെ കുറിച്ചുള്ള ചികിത്സാകുറിപ്പുകൾ തയ്യാറാക്കുകയോയാണ് അമ്മാവൻ ചെയ്യാറ്. അതിനിടയിൽ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഒരു നീട്ടി വിളിയുണ്ട്; മീനാക്ഷീയെന്ന്...
ആ ഒരു വിളി അടുക്കള മുറ്റവും കടന്ന് കാറ്റിലലിഞ്ഞു വരുന്നതു പോലെ മീനാക്ഷിക്ക് തോന്നി. അടുക്കളകോലായിയോട് ചേർന്നുള്ള മുറ്റത്ത് അങ്ങിങ്ങായി ചായ്പിൽ നിന്നുള്ള വിളക്കിന്റെ തെളിച്ചം ചിതറി കിടക്കുന്നുണ്ട്. അതിനിടയിൽ നീണ്ടും കുറുകിയും കിടന്ന കറുത്ത നിഴൽ ചിത്രങ്ങളിലൊന്ന് പെട്ടെന്ന് അനങ്ങുന്നതായി മീനാക്ഷിക്ക് തോന്നി. വല്ല കുറുക്കനോ നായയോ ആയിരിക്കുമെന്ന് കരുതി അവൾ മുന്നോട്ട് നടക്കാൻ തുടങ്ങുമ്പോൾ ഒരു കറുത്ത രൂപം ചുമര് പറ്റി നീങ്ങുന്നു! അവളൊന്നു അന്ധാളിച്ചു. പിന്നെ ഇടനാഴിയിൽ നിന്ന് അടുക്കള വരാന്തയിലേക്ക് പതുക്കെ ഇറങ്ങി. വരാന്തയിലെ കൽത്തൂൺ മറവിൽ നിന്നവൾ കറുത്ത രൂപത്തെ ഒളിഞ്ഞു നോക്കി.
ഞെട്ടിപ്പോയ മീനാക്ഷിക്ക് തൊണ്ട വരളുന്നതായി തോന്നി. ഭയം ഒരു കരിമൂർഖനെ പോലെ പെരുവിരലിൽ നിന്നും പുളഞ്ഞു കയറാൻ തുടങ്ങി. ആ അമ്പരപ്പിൽ കൈയിലെ അത്താഴ പാത്രം ഊർന്ന് താഴെ പോയി. ചീനകോപ്പ പൊട്ടി ചിതറി. മുളയരി കഞ്ഞി വരാന്തയിൽ ചിത്രം വരച്ചു. ശബ്ദം കേട്ട് കറുത്ത രൂപം പിന്തിരിഞ്ഞു നോക്കി. തിളങ്ങുന്ന മഞ്ഞ കണ്ണുകൾ, പുറത്തേക്ക് നീണ്ടു നിൽക്കുന്ന ദൃംഷ്ടകൾക്കിടയിലൂടെ ചുവന്ന നാക്ക് തൂങ്ങിയാടുന്നു. കരിമ്പടം പോലെ ശരീരം മുഴുവൻ കറുത്ത രോമങ്ങൾ. നീണ്ട് കൂർത്ത നഖങ്ങൾ. മനുഷ്യനെപോലെ നിവർന്നു നിൽക്കുന്ന ആ ജന്തു മീനാക്ഷിയെ തുറിച്ചു നോക്കി.
പിന്നെ ശബ്ദം നഷ്ടപ്പെട്ട് വാ പൊളിച്ചു നിൽക്കുന്ന അവൾക്കു നേരെ പതുക്കെ നടക്കാൻ തുടങ്ങി. കാലുകൾ കുഴഞ്ഞു പോയ മീനാക്ഷി സർവ്വശക്തിയുമെടുത്ത് അകത്തേക്ക് കുതിച്ചു. ഇടനാഴിയിലൂടെ മുന്നോട്ട് കുതിക്കുമ്പോഴാണ് അവളുടെ ശബ്ദം പുറത്തേക്ക് തെറിച്ചുവീണത്. കാലുകളിൽ നിന്നുള്ള തളർച്ച ശരീരം മുഴുവൻ പടർന്നു കയറിയപ്പോൾ ഒരാർത്തനാദത്തോടെ അവൾ കാർത്തികയുടെ മുറിക്ക് മുന്നിൽ തളർന്നു വീണു. അവളുടെ നിലവിളി ചെമ്പനേഴി തറവാടിനെ പ്രകമ്പനം കൊള്ളിച്ചു.
(തുടരും)