മരണം നടന്ന തറവാട്; തെക്കെ പറമ്പിലേക്ക് നടന്നു മറഞ്ഞയാൾ ആര്?
Mail This Article
അധ്യായം: ഇരുപത്
പയ്യോളിക്കവലയ്ക്കും മൂന്നാല് നാഴിക വടക്കുള്ള മൂരിയാട്ട് പുഴയ്ക്കും ഇടയിലുള്ള വിശാലമായ ഭൂപ്രദേശം അയനിമരക്കാടുകളാൽ സമൃദ്ധമാണ്. രണ്ടാൾ ചുറ്റിപിടിച്ചാൽ പോലും കൈയെത്താത്ത വണ്ണമുള്ള അയനി പ്ലാവുകളിൽ മകരമഞ്ഞ് കഴിയുന്നതോടെ നിറയെ ചെറിയ ചക്കകൾ വിടരാൻ തുടങ്ങും. ചക്കകൾ മൂത്തു പഴുക്കുന്നതോടെ കിളികളും അണ്ണാറക്കണ്ണന്മാരും കൂട്ടമായെത്തും. പിന്നെ പന്തലായനി കടപ്പുറത്ത് വിദേശ കപ്പലുകൾ വന്നടുത്താലെന്ന പോലെ ആകെ ബഹളമയമാകും. അയനി ചക്ക മനുഷ്യ ഭക്ഷ്യയോഗ്യമല്ലെങ്കിലും അയനി തടികൾ തറവാടുകളുടെയും അമ്പലങ്ങളുടെയും നിർമ്മാണത്തിന് വ്യാപകമായി ഉപയോഗിച്ചു വന്നു.തേക്ക്, പ്ലാവ് തുടങ്ങിയ മര തടികളെ പോലെ അയനി തടികളും കാലങ്ങളെ അതിജീവിച്ച് നിലനിന്നു. പയ്യോളിക്കവല കഴിഞ്ഞാൽ പിന്നെ ഏത് പറമ്പിലും അയനി മരക്കൂട്ടങ്ങൾ നിറഞ്ഞതിനാലായിരിക്കാം ആ ദേശത്തിന് അയനിക്കാടെന്ന വിളിപ്പേര് കിട്ടിയത്.
അയനിക്കാടിലെ നാട്ടുപാതയിലൂടെ പത്തിരുപതടി മുന്നിൽ നീങ്ങിയ ചെറുമന്റെ പിന്നിലായി കുതിരവണ്ടി പതുക്കെ നീങ്ങിക്കൊണ്ടിരുന്നു. നാട്ടുപാതയ്ക്കിരുവശവും കരിമ്പട്ടു പോലെ അയനി മരങ്ങൾ കോട്ട കെട്ടിയതിനാൽ വെളിച്ചത്തിന്റെ ചെറു കണിക പോലും മാനത്തു നിന്നും പൊഴിഞ്ഞു വീഴുന്നുണ്ടായിരുന്നില്ല. പോരാത്തതിന് കറുത്തവാവ് ഇന്നലെയായിരുന്നല്ലോ. കുതിരവണ്ടിയിൽ തൂങ്ങിയാടുന്ന തൂക്കുവിളക്കിന്റെ തെളിച്ചത്തിൽ ചെറുമന്റെ നിഴലിന് നീളം കൂടിയും കുറഞ്ഞുമിരുന്നു. മൂത്തേടം ആകെ ഒരു സ്തംഭനാവസ്ഥയിലായിരുന്നു. സർവനാഡി ഞരമ്പുകളും ഒരുമിച്ച് കൂട്ടിക്കെട്ടി കരുത്തുറ്റൊരുകാട്ടാളൻ പിടിച്ചു വലിക്കുന്നതുപോലെ അയാൾ കുതിരവണ്ടിയിൽ വലിഞ്ഞുമുറുകിയിരുന്നു. മിത്രൻ വൈദ്യർ കൊല്ലപ്പെട്ടെന്ന് മൂത്തേടത്തിന് ഉൾക്കൊള്ളാനേ കഴിഞ്ഞിരുന്നില്ല. അതൊരു വ്യാജവാർത്തയാകണേ എന്നയാൾ മനമുരുകി പ്രാർഥിച്ചു. മുഖാമുഖം കാണാൻ ഇതുവരെ അവസരം ലഭിച്ചില്ലെങ്കിലും ചെറുപ്പം മുതലേ കേട്ടറിഞ്ഞ് സുപരിചിതനായിരുന്നു മിത്രൻ വൈദ്യർ. മുമ്പെന്നപോലെ നേരിട്ട് കണ്ട് സംസാരിക്കാനുള്ള അവസരം ഇന്നും നഷ്ടമായല്ലോ എന്നതുമാത്രമല്ല; ഇനിയൊരിക്കലും കാണാൻ പറ്റില്ലെന്നോർത്തപ്പോൾ മൂത്തേടത്തിന്റെ ദുഃഖം ഇരട്ടിച്ചു.
മിത്രന്‍ വൈദ്യർ ഇല്ലാത്ത ചെമ്പനേഴിയിലേക്ക് പരിക്കേറ്റ കാർത്തിക കുഞ്ഞുമായി പോയിട്ട് കാര്യമുണ്ടോ? ആ ചിന്തയാണ് മൂത്തേടത്തെ സ്തംഭനാവസ്ഥയിൽ നിന്നുമുണർത്തിയത്. അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളും വൈദ്യത്തിൽ പ്രഗല്ഭർ തന്നെയാണ്. അവരുടെ കഴിവിൽ ഒരാശങ്കയ്ക്ക് വകയില്ല. അല്ലെങ്കിലും ചെമ്പനേഴിയിലെ പുൽക്കൊടിക്ക് നാവുണ്ടെങ്കിൽ അഷ്ടാംഗഹൃദയം ഒരു പദം പോലും തെറ്റാതെ ചൊല്ലും എന്നാണല്ലോ നാട്ടു ചൊല്ല്. പക്ഷെ അച്ഛൻ മരിച്ച വ്യഥയ്ക്കും തിരക്കിനുമിടയിൽ ചികിത്സ നേരാംവണ്ണം നടക്കുമോ? മൂത്തേടത്തിന്റെ ആശങ്ക ചുടുനിശ്വാസമായി പുറത്തേക്ക് വന്നു. ഇരുട്ട് കനത്തതോടെ മഞ്ഞ് വീഴ്ച ശക്തമായി. നൂലിഴയായി പെയ്യാൻ തുടങ്ങിയ മഞ്ഞിന്റെ സർവ കുളിരും കോരിയെടുത്ത് ഒരു കുളിർന്ന കാറ്റ് കുതിരവണ്ടിയെ തഴുകി കടന്നു പോയി. ചെമ്പനേഴി തറവാടിന്റെ മുറ്റത്തും പറമ്പത്തും കത്തിക്കൊണ്ടിരുന്ന എണ്ണ വിളക്കിന്റെയും ചൂട്ടുപന്തത്തിന്റെയും തെളിച്ചം ദൂരെ നിന്നെ കാണാൻ തുടങ്ങി. പടിപ്പുര വാതിൽ കണ്ടതോടെ കുതിരവണ്ടിയുടെ മുന്നിൽ നടന്നിരുന്ന ചെറുമൻ നിന്നു.
"തമ്പ്രാ.. ചെമ്പനേഴി എത്തി" തൂക്കുവിളക്കിന്റെ തെളിച്ചത്തിലേക്ക് കടന്നു വന്ന് ചെറുമന്‍ പറഞ്ഞു. "തമ്പ്രാനെ നേരിട്ടൊന്നു കാണ്വായെന്നത് അടിയന്റെ വല്യ ആഗ്രഹമായിരുന്നു. കണ്ടു എന്നു മാത്രമല്ല വഴി കാണിച്ചു തരാനും സാധിച്ചത് വല്യ പുണ്യം തന്നെ." ചെറുമന്‍ സന്തോഷത്തോടെ പുഞ്ചിരിച്ചു. അപ്പോഴാണ് മൂത്തേടം ചെറുമനെ ശ്രദ്ധിച്ചത്. ഒറ്റ തോർത്തുമുണ്ടിൽ തന്നോളം പ്രായം ചെന്ന ചെറിയൊരു മനുഷ്യൻ. തെളിമയാർന്ന മുഖത്തെ ഒ പാൽപുഞ്ചിരി ആരെയും ആകർഷിക്കും. അയാൾക്ക് എന്തെങ്കിലുമൊരു പാരിതോഷികം കൊടുക്കണമെന്ന് മൂത്തേടത്തിന് തോന്നി. ഒരു ചെമ്പണ കൊടുക്കാനായി മൂത്തേടം തന്റെ അരയിൽ കെട്ടിവെച്ച പണക്കിഴി തുറന്നു. "അച്ഛൻ വൈദ്യര് പോയെന്നു കരുതി അങ്ങ് ഒന്നുകൊണ്ടും ആശങ്കപ്പെടേണ്ട. മക്കൾ രണ്ടുപേരും ബഹു മിടുക്കന്മാരാ.." അതുംപറഞ്ഞ് ചെറുമൻ ചെമ്പനേഴിയുടെ പിറകുവശത്തെ കാട്ടിടവഴിയിലൂടെ വേഗത്തിൽ തെക്കോട്ട് നടന്നു മറഞ്ഞു. അയാൾക്ക് കൊടുക്കാനായി എടുത്ത ചെമ്പണ മൂത്തേടം പണസഞ്ചിയിൽ തന്നെ തിരികെ നിക്ഷേപിച്ചു.
മരണം നടന്ന തറവാടായിട്ടും രാജകുടുംബാംഗങ്ങൾ എന്ന പരിഗണനയിൽ എല്ലാവിധ ആതിഥ്യമര്യാദയോടെയാണ് മൂത്തേടത്തെയും സുഭദ്ര തമ്പുരാട്ടിയെയും കാർത്തികയെയും ചെമ്പനേഴിക്കാർ സ്വീകരിച്ചത്. കാർത്തികേയനും വിഷ്ണുകീർത്തിയും പുറത്തു പോയതിനാൽ മിത്രൻ വൈദ്യുടെ മൂത്ത പെങ്ങളുടെ മകൻ രാജശേഖരനാണ് അതിന് നേതൃത്വം നൽകിയത്. മൂത്തേടം തെക്കിനിയിൽ പോയി മിത്രൻ വൈദ്യരുടെ തളർന്നവശയായി കിടക്കുന്ന പത്നി ആത്തോലമ്മയെ കണ്ടു. മൂത്തേടത്തെ കണ്ടതോടെ ആത്തോലമ്മ കരയാൻ തുടങ്ങി. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ മൂത്തേടം നിന്ന് വിഷമിച്ചു. പിന്നെ ഒരു നോട്ടം കൊണ്ട് സാന്ത്വനമേകി തിരികെ വരാന്തയോടു ചേർന്നുള്ള വലിയ മുറിയിൽ വന്നിരുന്നു. സുഭദ്ര തമ്പുരാട്ടിയെയും മകളെയും അവർക്കായി ഒരുക്കിവെച്ച മുറിയിലേക്ക് പരിചാരകർ കൂട്ടി കൊണ്ടുപോയി. നിശ്ചലമായ തടാകത്തിൽ നന്നേ ചെറിയ കല്ല് വീണാലെന്നപോലെ ശോകമൂകമായ തറവാട്ടിൽ ഞങ്ങളുടെ വരവ് ചെറിയൊരു ഓളമുണ്ടാക്കിയിട്ടുണ്ടെന്ന് മൂത്തേടത്തിന് തോന്നി. ചെറിയൊരു തിരക്കും കുശുകുശുക്കലുമൊക്കെ ഉയർന്നു പൊന്തുന്നുണ്ട്.
ആ വലിയ മുറിയുടെ ഇടത്തെ ചുമരിൽ മിത്രന്‍ വൈദ്യരുടെ വലിയൊരു ചിത്രം തൂക്കിയിട്ടിരുന്നു. നേരത്തെ ആരോ ചാർത്തിയ പൂമാലയ്ക്ക് താഴെ പാതിയിലേറെ കത്തിയ ചന്ദനത്തിരിയുടെ ധൂപങ്ങള്‍ ഒഴുകി പരക്കുന്നുണ്ട്. ചിത്രത്തിൽ കണ്ണുടക്കിയ മൂത്തേടത്തിന് വൈദ്യരെ എവിടെയോ കണ്ട് മറന്നതു പോലെയൊരു തോന്നലുണ്ടായി. ഒന്നുകൂടി സൂക്ഷിച്ചു നോക്കി. ഓർമ്മ വന്നതും മൂത്തേടം ഞെട്ടിയെഴുന്നേറ്റു. ചെറുമൻ!! അൽപം മുമ്പ് ഞങ്ങൾക്ക് ചെമ്പനേഴിയിലേക്കുള്ള വഴി കാണിച്ചു തന്ന, ചെമ്പനേഴി തറവാടിന്റെ തെക്കെ പറമ്പിലേക്ക് വേഗത്തിൽ നടന്നു മറഞ്ഞ ചെറുമൻ...!
(തുടരും)