എസ്.പി. പിള്ള: നിലയ്ക്കാത്ത ചിരിയുടെ ഓർമയ്ക്ക് 35 വയസ്സ്
Mail This Article
ഏറ്റുമാനൂർ ∙ മലയാള സിനിമ - നാടക വേദികളിലെ ഹാസ്യ സമ്രാട്ട് എസ്.പി പിള്ള ഓർമയായിട്ട് ഇന്ന് 35 വർഷം. 40 വർഷം കലാരംഗത്ത് നിറഞ്ഞുനിന്ന എസ്.പി പിള്ള അഞ്ഞൂറിലേറെ നാടകങ്ങളിലായി അയ്യായിരത്തിലധികം വേദികളിൽ അഭിനയിച്ചിട്ടുണ്ട്. അല്ലി റാണിയായിരുന്നു ആദ്യ നാടകം. ഭൂതരായൻ ആദ്യ സിനിമയും. ഈ സിനിമ റിലീസ് ചെയ്തില്ല. 1950ൽ പുറത്തിറങ്ങിയ നല്ലതങ്കയും പിന്നാലെയെത്തിയ ജീവിത നൗകയും മലയാള ചലച്ചിത്ര ലോകത്ത് എസ്പിയെ നിറസാന്നിധ്യമാക്കി. 14–ാം വയസ്സിൽ കലാരംഗത്ത് എത്തി.
അഭിനയത്തിനു പുറമേ ഹാസ്യാനുകരണം കൊണ്ടും ആളുകളെ പൊട്ടിച്ചിരിപ്പിച്ചു. ഏറ്റുമാനൂരിൽ, മഹാകവി വള്ളത്തോൾ പങ്കെടുത്ത ഒരു ചടങ്ങിൽ അദ്ദേഹത്തെ അനുകരിച്ചതു വഴിത്തിരിവായി. എസ്.പി പിള്ളയെ കലാമണ്ഡലത്തിലേക്കു വള്ളത്തോൾ കൂട്ടി. ഓട്ടൻതുള്ളൽ അഭ്യസിച്ച് തിരിച്ചു വന്നത് പ്രഫഷനൽ നാടകത്തിലേക്കാണ്.
അങ്ങനെ അദ്ദേഹം മലയാളത്തിന്റെ ചാർലി ചാപ്ലിൻ എന്ന പേരു നേടി. അവസാന ചിത്രം പുല്ലാങ്കുഴൽ. 35ൽ അധികം സിനിമകളിൽ അഭിനയിച്ചു. ഭക്ത കുചേലയിലൂടെ സംസ്ഥാന അവാർഡ് ലഭിച്ചു.ഏറ്റുമാനൂർ ക്ഷേത്രത്തിലെ വിഗ്രഹമോഷണക്കേസിലെ പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് എസ്.പി പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ നിരാഹാര സമരം കേരളത്തിൽ ഏറെ ശ്രദ്ധനേടി.
ഏറ്റുമാനൂരിലെ കലാനിലയം വീട്ടിൽ കോവിഡ് നിയന്ത്രണംപാലിച്ച് ഇന്നു രാവിലെ 9ന് എസ്.പി പിള്ള സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ സുഹൃത്തുക്കളും ബന്ധുക്കളും സ്മരണ പുതുക്കും. മകൻ സതീഷ് ചന്ദ്രൻ ദീപം തെളിക്കും.