വീട്ടിൽ കുന്നുകൂടിയ വണ്ടിച്ചെക്കുകൾ; ഒരിക്കൽ മാത്രം വില്ലനെ കണ്ട് ആളുകൾ കരഞ്ഞു; ‘അച്ഛനെ മറന്നവരെ ഞാൻ കുറ്റപ്പെടുത്തില്ല’
Mail This Article
ആധുനിക വൈദ്യശാസ്ത്രം ഇത്രയേറെ വികസിച്ച ഇക്കാലത്ത് 60 വയസ്സ് ഒരു മനുഷ്യായുസിൽ വലിയ പ്രായമൊന്നുമല്ല. ബാലന്.കെ.നായരുടെ മകന് മേഘനാദന് അര്‍ബുദ ബാധയെത്തുടര്‍ന്ന് അകാലത്തില്‍ ജീവിതത്തിന്റെ ഷൂട്ടിന് പാക്കപ്പ് പറയുമ്പോള്‍ മലയാള സിനിമയ്ക്ക് വലിയ നഷ്ടം എന്നൊന്നും പറയാനില്ല. കാരണം നല്ല നടനായിട്ടും ജീവിച്ചിരുന്ന കാലത്ത് ചലച്ചിത്രവ്യവസായം അദ്ദേഹത്തെ അര്‍ഹിക്കുന്ന തലത്തില്‍ പരിഗണിച്ചില്ല. പഞ്ചാഗ്നിയും നിവേദ്യവും ഈ പുഴയും കടന്ന് അടക്കമുള്ള സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്തിട്ടും മേഘന് തിരക്കുള്ള നടനായില്ല. പകരം നിലനില്‍പ്പിനായി കൃഷിയെ നെഞ്ചോട് ചേര്‍ക്കുകയും ഒപ്പം ടിവി സീരിയലുകളില്‍ അഭിനയിക്കുകയും അതിനിടയില്‍ അവിചാരിതമായി രോഗബാധിതനാവുകയും ചെയ്തു. മലയാള സിനിമയുടെ ഇന്നത്തെ കോടമ്പാക്കമായ കൊച്ചിയിലേക്ക് ചെറുതും വലുതുമായ എല്ലാ നടന്മാരും താമസം മാറ്റിയപ്പോഴും ഷൊര്‍ണ്ണൂരിലെ കുടുംബവീട്ടില്‍ അച്ഛന്റെ ഓര്‍മ്മകളും സ്വന്തം കൃഷിയിടങ്ങളുമായി മേഘനാദന് ഒതുങ്ങിക്കൂടി. നാടിനെ അത്രകണ്ട് സ്നേഹിച്ച തനി പച്ചയായ മനുഷ്യനായിരുന്നു അദ്ദേഹം. മണ്ണിന്റെ മണമറിഞ്ഞ് ജീവിക്കാന്‍ കൊതിച്ച കര്ഷകന്. മോശം നടനായിരുന്നില്ല മേഘനാദന്. എന്നാല്‍ സിനിമയില്‍ വലിയ വിജയങ്ങള്‍ തേടി വരാനുള്ള ടിപ്പണികളെക്കുറിച്ച് തീര്‍ത്തും അജ്ഞനായിരുന്നു അദ്ദേഹം. നേരെ വാ നേരെ പോ പ്രകൃതം. വരുന്ന വേഷങ്ങള്‍ ചെയ്യുക പോകുക. ഭരത് അവാര്‍ഡ് അടക്കം നേടിയ ബാലന് കെ. നായരുടെ മകന് എന്ന മേല്‍വിലാസം പോലും മേഘന് ഒരിടത്തും ഉപയോഗിക്കാന്‍ ശ്രമിച്ചില്ല. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു; ‘ഓരോ ധാന്യമണിയിലും അത് ഭക്ഷിക്കേണ്ടവന്റെ പേര് എഴുതി വച്ചിട്ടുണ്ടെന്ന് ദാസേട്ടന് പറയാറുണ്ട്. എനിക്ക് വരാനുള്ളത് എനിക്ക് വരും. എനിക്ക് വിധിച്ചിട്ടില്ലാത്തത് ശ്രമിച്ചാലും എനിക്ക് കിട്ടില്ല’.