'വൈകിവന്ന' ലൈംഗിക ചൂഷണം; പ്രശസ്തിക്ക് വേണോ നഗ്നത? തുടരുന്ന ടീൻ ന്യൂഡിറ്റി വിവാദം!
Mail This Article
കാരണവന്മാരായി തുടങ്ങിവച്ച കുടുംബവൈരം. വീറിലും വാശിയിലും തരിമ്പും പിന്നോട്ടില്ലാത്ത പിന്മുറക്കാർ. തമ്മിലടിക്കും പകവീട്ടലിനുമിടെ പ്രണയത്തിലാകുന്ന ഇളമുറ. ജീവത്യാഗത്തിലൂടെ കുടുംബാംഗങ്ങളുടെ കണ്ണു തുറപ്പിക്കുന്ന നായകനും നായികയും. ബജറ്റിന്റെ വലുപ്പച്ചെറുപ്പത്തിനപ്പുറം ഏതൊരു സംവിധായകനെയും മോഹിപ്പിക്കുന്ന കലാസൃഷ്ടിയാണ് വില്യം ഷേക്‌സ്പിയറിന്റെ റോമിയോ ആൻഡ് ജൂലിയറ്റ്, അന്നും ഇന്നും. വയലൻസിൽ ചാലിച്ചെഴുതിയ നഷ്ടപ്രണയത്തിന്റെ കഥ! ഗുജറാത്തിലെ രാഞ്ജാർ എന്ന സാങ്കൽപിക ഗ്രാമത്തിലെ 2 ഗോത്രക്കാരുടെ കുടിപ്പകയുടെ കഥ പറയുന്ന ‘ഗോലിയോൻ കീ രാസ്‌ലീല റാം– ലീല’യിലൂടെ സഞ്ജയ് ലീലാ ബാൻസാലി, അന്നയുടെയും റസൂലിന്റെയും നിസ്സഹായതകൾ തുറന്നുകാട്ടിയ രാജീവ് രവി (അന്നയും റസൂലും– 2013), കണ്ണൂരിലെ രാഷ്ട്രീയ വൈരത്തിനും തോൽപിക്കാനാകാത്ത തീവ്ര പ്രണയം പറഞ്ഞ ബി. അജിത്കുമാർ (ഈട– 2018). റോമിയോ ആൻഡ് ജൂലിയറ്റ് എന്ന ആഗോള പാഠപുസ്തകത്തിന്റെ സ്വതന്ത്ര അവലംബത്തിലൂടെ ശ്രദ്ധേയമായ ചില സിനിമകളാണ് ഇതൊക്കെ.എന്നാൽ, 55 വർഷങ്ങൾക്കു മുൻപ്, അതേ പേരിൽത്തന്നെ പുറത്തിറങ്ങിയ ‘റോമിയോ ആൻഡ് ജൂലിയറ്റി’ന്റെ മറ്റൊരു ചലച്ചിത്രാവലംബം വീണ്ടും വാർത്തകളിൽ നിറയുന്നത്, വിവാദത്തിന്റെ പേരിൽ, കൃത്യമായി പറഞ്ഞാൽ സിനിമയിലെ ഒരു ഇന്റിമേറ്റ് രംഗത്തിന്റെ പേരിലാണ്. ടീൻ ന്യൂഡിറ്റിയും ടീൻ ഇന്റിമേറ്റ് രംഗങ്ങളും റോമിയോ ആൻഡ് ജൂലിയറ്റിലൂടെ വീണ്ടും ചർച്ചയാകുമ്പോൾ, ലോക സിനിമയിലും ഇന്ത്യയിലും വിവാദത്തിനു വഴിമരുന്നിട്ട ഇത്തരം ചില ചിത്രങ്ങളെക്കുറിച്ചൊന്നു പരിശോധിച്ചാലോ? 18 വയസ്സ് തികയുന്നതിനു മുൻപ് അഭിനയിച്ച ചില ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ച് വർഷങ്ങൾക്കു ശേഷം അഭിനേതാക്കൾ നടത്തിയ തുറന്നുപറച്ചിലുകള്‍ എന്തൊക്കെയെന്നും നോക്കാം.