ADVERTISEMENT

ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പിലൂടെ മലയാളത്തിനൊരു യുവ കാസ്റ്റിങ് ഡയറക്ടറെക്കൂടിയാണ് ലഭിച്ചിരിക്കുന്നത്. കുറുപ്പിനുവേണ്ടി ബോളിവുഡില്‍ നിന്ന് ശോഭിത ധുലിപാലയെ ഉള്‍പ്പെടെ കാസ്റ്റിങ് നടത്തിയത് മലയാളിയായ കാസ്റ്റിങ്ങ് ഡയറക്ടര്‍ ഷനീം സഈദ് ആണ്. യുഎഇയില്‍ മൂവി അവാര്‍ഡ്‌സ്, സെലിബ്രിറ്റി മാനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഷനീം മലയാള സിനിമക്ക് അത്ര പരിചിതമല്ലാത്ത കാസ്റ്റിങ് ഡയറക്ടര്‍ എന്ന മേഖലയില്‍ കുറിപ്പിലൂടെ ചുവടുവെച്ചിരിക്കുകയാണ്. 

 

ഒടിടി പ്ലാറ്റ്ഫോമുകള്‍ സജീവമായതോടെ മലയാള ചിത്രങ്ങളും പാന്‍ ഇന്ത്യന്‍ സ്വീകാര്യത നേടുമ്പോള്‍ ബോളിവുഡിലും തെലുങ്കിലും തമിഴിലും താരമൂല്യമുള്ള മികച്ച അഭിനേതാക്കളെ മലയാളത്തിലെത്തിക്കാനും നിര്‍മ്മാതാക്കള്‍ തയ്യാറായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കാസ്റ്റിങ്ങ് ഡയറക്ടര്‍മാരുടെ സാധ്യതകളും വര്‍ദ്ധിക്കുന്നത്. തിയേറ്ററുകളില്‍ ഒരിടവേളക്കുശേഷം ആളെക്കൂട്ടി 50 കോടി ക്ലബും പിന്നിട്ട് മുന്നേറുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കുറുപ്പ്' ന്റെ വിജയഘടകങ്ങളില്‍ പ്രധാനമായത് മികച്ച കാസ്റ്റിങ്ങ് കൂടിയാണെന്ന് വിലയിരുത്തപ്പെടുന്നു.

 

കുറുപ്പിനെ ഹിറ്റാക്കിയ ലുക്ക് ടെസ്റ്റ്

kurup-teaser

 

കാലഘട്ടങ്ങളും കഥയില്‍ നിറഞ്ഞുനില്‍ക്കുന്ന സിനിമയായതിനാല്‍ അതിനോട് യോജിക്കുന്ന ലുക്കില്‍ അഭിനേതാക്കളെ കണ്ടെത്തുകയും പാകപ്പെടുത്തുകയും ചെയ്യുകയെന്നത് വെല്ലുവിളിയായിരുന്നുവെന്ന് ഷനീം സെയ്ദ് പറയുന്നു. കുറുപ്പിലെ ഓരോ കഥാപാത്രങ്ങളെയും കൃത്യമായ ലുക്ക് ടെസ്റ്റുകള്‍ നടത്തിയാണ് തിരഞ്ഞെടുത്തതെന്ന് ഷനീം മനോരമയോട് പറഞ്ഞു.

 

shaneem-1

2018ല്‍ തന്നെ കുറുപ്പിലെ കഥാപാത്രങ്ങള്‍ക്കനുസരിച്ചുള്ള അഭിനേതാക്കളെ അന്വേഷിക്കാന്‍ ആരംഭിച്ചിരുന്നു. സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് ചിത്രത്തില്‍ ദുല്‍ഖറിന് പുറമേയുള്ള ഓരോ അഭിനേതാക്കളെയും കണ്ടെത്തുന്നത്. ലുക്ക് ടെസ്റ്റ് നടത്തുകയെന്നതായിരുന്നു ആദ്യ പടി. ചിത്രത്തിലെ കഥാപാത്രങ്ങളുടെ എല്ലാ വശങ്ങളും നോക്കി തൃപ്തി വരുത്തിയാണ്് ലുക്ക് ടെസ്റ്റ് നടത്തിയത്. പലരെയും ടെസ്റ്റിന് ശേഷം അനുയോജ്യമല്ലാത്തതിനാല്‍ വേണ്ടെന്ന് വെച്ചു. 

 

shahrukh-shaneem

കൃഷ്ണദാസ് എന്ന കഥാപാത്രം ഇന്ദ്രജിത്ത്് തന്നെ ചെയ്യണമെന്ന് ആദ്യ ഘട്ടത്തില്‍ തന്നെ ഉറപ്പിച്ചിരുന്നു. 2019ല്‍ തന്നെ ശാരദ എന്ന കഥാപാത്രത്തിനുവേണ്ടി ശോഭിത ധൂലിപാലയോട് സംസാരിച്ചു. കഥ ഇഷ്ടപ്പെട്ട അവര്‍ ഡെയിറ്റും നല്‍കി. രമണ്‍ രാഘവിലെ അവരുടെ കഥാപാത്രമാണ് കാസ്റ്റിങ്ങിന് അവരിലേക്ക് ഞങ്ങളെ അടുപ്പിച്ചത്. ഷൈന്‍ ടോം ചാക്കോയുടെ ഭാസി പിള്ള എന്ന കഥാപാത്രം തിയറ്ററില്‍ കൈയ്യടി നേടുമ്പോള്‍ വലിയ സന്തോഷമുണ്ടെന്നും ഷനീം പറഞ്ഞു. ഭാസി പിളളയെന്ന റോളിന് ഷൈന്‍ ടോമിനെ കാസ്റ്റ് ചെയ്യുമ്പോള്‍ അണിയറപ്രവര്‍ത്തകര്‍ക്കെല്ലാം പൂര്‍ണ തൃപ്തിയായിരുന്നു. ആ തിരഞ്ഞെടുപ്പ് തിയറ്ററില്‍ അത് കൃത്യമായി ഏല്‍ക്കുകയും ചെയ്തു.

 

shaneem-aishwarya

അരവിന്ദ് സ്വാമിയും, കെ.കെ. മേനോനും

 

ഇന്ദ്രജിത്തിന് മറ്റ് സിനിമകളുടെ ഷൂട്ടിങ് കാരണം ഡേറ്റ് ക്ലാഷ് വന്നപ്പോള്‍ കുറുപ്പിലെ കൃഷ്ണദാസായി അരവിന്ദ് സ്വാമിയെ ആലോചിച്ചിരുന്നു. അദ്ദേഹത്തിനും ഡേറ്റ് ക്ളാഷ് പ്രശ്‌നമായി. ഇതേ റോളിന് പിന്നെ കെ.കെ. മേനോനെയും നോക്കി. എന്നാല്‍ ഇന്ദ്രജിത്തിന്റെ നേരത്തേ തീരുമാനിച്ച ഒരു ചിത്രം നീട്ടിവെച്ചതോടെ ആ റോള്‍ ഇന്ദ്രജിത്തിലേക്ക് തന്നെ വന്നു. ദുല്‍ഖറിന്റെ സീനിയര്‍ ഓഫിസറായി എത്തിയ സത്യനാരാണയന്‍ തമിഴില്‍ അജിത്ത്, വിജയ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ്. മലയാളവും, തമിഴും ഇംഗ്ലിഷും സംസാരിക്കുന്ന അഭിനാതാവിനെ തേടിയപ്പോഴാണ് സത്യനാരായണനിലേക്ക് കാസ്റ്റിങ്ങ് എത്തിയത്. കുറുപ്പില്‍ ഒരുപാട് പുതുമുഖങ്ങളുണ്ട്. അവരെയെല്ലാം കൃത്യമായി ഓഡിഷന്‍ നടത്തിയാണ് തിരഞ്ഞെടുത്തതെന്നും ഷനീം വ്യക്തമാക്കുന്നു. മലയാളത്തില്‍ മുമ്പെങ്ങുമില്ലാത്തൊരു കാസ്റ്റിങ് ചിത്രത്തിനുണ്ടാകണമെന്ന് ശ്രീനാഥിന് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും ഷനീം പറഞ്ഞു.

 

ഒറ്റ് അടക്കം പുതിയ സിനിമകള്‍

 

അരവിന്ദ് സ്വാമി വീണ്ടും മലയാളത്തില്‍ നായകനായെത്തുന്ന ഒറ്റ് എന്ന സിനിമയുടെ കാസ്റ്റിങ്ങ് ഡയറക്ടറും ഷനീം ആണ്. കുഞ്ചാക്കോ ബോബനടക്കമുള്ള താരങ്ങളും ഒറ്റിലുണ്ട്. പുതിയ സിനിമയുടെ ചര്‍ച്ചയ്ക്കായി ഷാരൂഖ് ഖാന്‍, ആഷിക് അബുവുമായും ശ്യാംപുഷ്‌കരനുമായും ചര്‍ച്ച നടത്തിയപ്പോള്‍ ആ കൂടിക്കാഴ്ചില്‍ ഷാരൂഖിനൊപ്പം ഷനീമും ഉണ്ടായിരുന്നു. 2022ല്‍ ഷാറൂഖുമായി ചര്‍ച്ച നടത്തുമെന്നും, ഷാരൂഖിന് സ്‌ക്രിപ്റ്റ്് ഇഷ്ടമായാല്‍ ആഷിഖ് അബു-കിങ്ങ് ഖാന്‍ ചിത്രം സംഭവിക്കുമെന്നും ഷനീം പറഞ്ഞു. ബോളിവുഡിലെ സുഹൃത്തുക്കള്‍ക്കൊപ്പം സീത എന്ന ഹ്രസ്വചിത്രവും ഷനീം സഈദ് നേരത്തേ നിര്‍മ്മിച്ചിരുന്നു. ശ്രദ്ധേയനായ ഹിന്ദി ടെലിവിഷന്‍ താരമായ ഷഹീര്‍ ഷൈഖിനെ നായകനാക്കി ഷനീം ഒരുക്കുന്ന ഹ്രസ്വ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇപ്പോള്‍ മൂന്നാറില്‍ ആരംഭിച്ചിരിക്കുകയാണ്.

 

ഇനി കാസ്റ്റിങ് ഡയറക്ടര്‍മാരുടെ കാലം

 

മലയാളത്തില്‍ ഇനിയും കാസ്റ്റിങ് ഡയറക്ടര്‍മാരും ഏജന്‍സികളുമുണ്ടാവുമെന്ന് ഷനീം പറയുന്നു. ബയോപിക്ക്, പിരിയോഡിക്ക് ചിത്രങ്ങളുടെ ഒരു ട്രെന്‍ഡ് നിലനില്‍ക്കുമ്പോള്‍ ഇതിന്റെ സാധ്യതയും ഏറെയാണ്. സംവിധായകന്‍ എല്ലാം തീരുമാനിച്ച് ചെയ്യുന്ന കാലം മാറിയിരിക്കുകയാണ്. സൂക്ഷ്മ തലത്തില്‍ ഓരോ മേഖലയും കൈകാര്യം ചെയ്യാന്‍ ആളുകളെത്തുന്നതോടെ സംവിധായകനും കൂടുതല്‍ തൃപ്തികരമായ നിലയില്‍ ഇപ്പോള്‍ സിനിമ ഒരുക്കാന്‍ സാധിക്കുന്നു. ഹോളിവുഡിലും ബോളിവുഡിലുമെല്ലാം കാസ്റ്റിങ് ഏജന്‍സി എന്നത് നേരത്തേ തന്നെ വലിയൊരു തൊഴില്‍ മേഖലയാണ്. മലയാള സിനിമാരംഗവും ആ മാറ്റം ഏറ്റെടുത്തുകഴിഞ്ഞു. കുറുപ്പ് ഇതിന് വലിയൊരുദാഹരണമാണ്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വേളയില്‍ തന്നെ സ്‌ക്രിപ്റ്റ് പൂര്‍ണരൂപത്തില്‍ വായിക്കാന്‍ അവസരം ലഭിക്കുന്നവരില്‍ ഒരാള്‍ കാസ്റ്റിങ് ഡയറക്ടര്‍ ആണ്. ലീഡ് ആക്ടര്‍ മുതല്‍ ചെറു റോളുകളിലേക്ക് വരെ ചിലപ്പോള്‍ കാസ്റ്റിങ് നടത്തേണ്ടി വന്നേക്കാമെന്നും ഷനീം പറയുന്നു.

 

ദുബൈയില്‍ ഏഷ്യാവിഷന്‍ ഫാമിലി മാഗസിനില്‍ സബ് എഡിറ്ററായി കരിയറാരംഭിച്ച ഷനീം തുടര്‍ന്ന് മാഗസിന്റെ് എഡിറ്ററായി. ഏഷ്യാവിഷന്‍ മൂവി അവാര്‍ഡ്‌സിന്റെ പ്രമുഖ സംഘാടകനുമായിരുന്നു ഷനീം. വിവിധ അവാര്‍ഡ് നൈറ്റുകളില്‍ ഐശ്വര്യ റായ്, കരീന കപൂര്‍, രണ്‍വീര്‍ സിങ്, ദീപിക പദുക്കോണ്‍ തുടങ്ങിയവരുടെ സെലിബ്രിറ്റി ഇവന്റ് മാനേജറായും ഷനീം പ്രവര്‍ത്തിച്ചിട്ടുണ്ട്. മഞ്ചേരി സ്വദേശീയായ മുഹമ്മദ് സെയ്ദ്, സക്കീന ദമ്പതികളുടെ മകനാണ് ഷനീം. ഷിഫ, സഫിയ എന്നിവര്‍ സഹോദരിമാരാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com