മമ്മൂട്ടിയുടെ വില്ലനാകാൻ പറഞ്ഞു, തല മൊട്ടയടിച്ചു; ദുൽഖറിന്റെ ചേട്ടനായപ്പോഴോ?; മനോജ് കെ. ജയൻ അഭിമുഖം
Mail This Article
ഫാന്റം പൈലിയിലെ കണ്ണിച്ചോരയില്ലാത്ത എസ്.ഐ സെബാസ്റ്റ്യൻ, കാഴ്ചയിൽ പരുക്കനും അകമേ സൗമ്യനുമായ പ്രജയിലെ എസ്.പി ഡേവിഡ് എബ്രഹാം ഐ.പി.എസ്, തട്ടത്തിൻ മറയത്തിലെ ലോലനായ എസ്.ഐ പ്രേംകുമാർ... അങ്ങനെ എണ്ണിയെടുത്താൽ ഒട്ടനവധി പൊലീസ് വേഷങ്ങൾ മനോജ് കെ.ജയൻ തന്റെ കരിയറിൽ ചെയ്തിട്ടുണ്ട്. അവയ്ക്കൊപ്പം തലയെടുപ്പോടെ, കരുത്തോടെ നിൽക്കുന്ന പൊലീസ് വേഷമാണ് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ടിലെ മനോജ് കെ.ജയന്റെ അജിത് കരുണാകരൻ എന്ന കഥാപാത്രം. ഭരണകൂടത്തിന്റെ സമ്മർദ്ദങ്ങളോടു പട വെട്ടി നീതി നടപ്പാക്കുകയെന്ന ദുഷ്കരമായ ഉത്തരവാദിത്തം നിറവേറ്റേണ്ടി വരുന്ന ആ പൊലീസ് ഉദ്യോഗസ്ഥനെ ഏതെങ്കിലും ഒരു ഷെയ്ഡിൽ തളച്ചിടാനാവില്ല.
അജിത് കരുണാകരന്റെ കരുത്തും ആത്മസംഘർഷങ്ങളും നിസഹായതയും ദൗർബല്യങ്ങളും മനോജ് കെ.ജയൻ എന്ന നടന്റെ കയ്യിൽ ഭദ്രമായിരുന്നു. ഏതു കഥാപാത്രമായാലും അതിലേക്ക് മനോജ് കെ.ജയൻ നടത്തുന്ന ചില ഉൾച്ചേർക്കലുകളുണ്ട്. പ്രത്യേകിച്ചും പൊലീസ് വേഷമാകുമ്പോൾ! സല്യൂട്ടിലെ അജിത് കരുണാകരന്റെ ഗെറ്റപ്പിനെക്കുറിച്ചുമുണ്ട് മനോജ് കെ.ജയന് പങ്കുവയ്ക്കാൻ ഒരു കഥ. തന്റെ കരിയറിലെ ശ്രദ്ധേയമായ പൊലീസ് വേഷങ്ങളുടെ ലുക്കിനു പിന്നിലെ രസകരമായ ഓർമകളെക്കുറിച്ചും സല്യൂട്ട് ക്ലൈമാക്സിലെ വൈകാരികമായ ആ രംഗത്തെക്കുറിച്ചും മനസു തുറന്ന് മനോജ് കെ.ജയൻ മനോരമ ഓൺലൈനിൽ
മറക്കാനാവാത്ത ആ പൊലീസ് വേഷങ്ങളും ലുക്കും
മുമ്പും പൊലീസ് വേഷങ്ങൾ ധാരാളം ചെയ്തിട്ടുണ്ട്. തട്ടത്തിൻ മറയത്ത് എന്ന സിനിമയിൽ പ്രേമത്തെയും കമിതാക്കളെയും പിന്തുണയ്ക്കുന്ന പൊലീസുകാരനായിരുന്നു ഞാൻ. അതിനൊരു ലോലൻ ലുക്ക് വേണമെന്നു വിനീത് പറഞ്ഞു. ഞാനപ്പോൾ ആയിരുന്ന സ്റ്റൈൽ തന്നെ മതിയെന്ന് വിനീതാണ് നിർദേശിച്ചത്. അത് അങ്ങനെയൊരു ഗെറ്റപ്പ്. ഫാന്റം പൈലിയിൽ മമ്മൂക്കയ്ക്കൊപ്പം ടെറിഫിക് ആയ വില്ലൻ വേഷമാണ് ചെയ്തത്. അതിന്റെ ലുക്ക് ഇങ്ങനെയാകണമെന്ന് എന്റെ മനസിൽ ഒരു ആശയം തോന്നി ഞാൻ പോയി മൊട്ട അടിച്ചു.
തിരക്കുള്ള ഒരു ആർടിസ്റ്റ് തല മൊട്ടയടിക്കുക എന്നു പറയുന്നത് നിസാര കാര്യമല്ല. അങ്ങനെ ആരും ആവശ്യപ്പെടാറില്ല. പക്ഷേ, മറയൂരിൽ ആ സെറ്റിൽ ചെന്നിട്ട് ഞാൻ തന്നെ തീരുമാനം എടുത്താണ് തല മൊട്ടയടിച്ചത്. ഡയറക്ടറോട് ഇക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹം അദ്ഭുതപ്പെട്ടു. 'തല മൊട്ടയടിച്ചാൽ ആ ലുക്ക് കലക്കും' എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഫാന്റം പൈലിയിലെ പൊലീസ് ഓഫിസർക്ക് ആ ലുക്ക് വന്നത്.
പ്രജയിൽ മോഹൻലാലിന്റെ കൂടെ വന്നപ്പോൾ ഞാൻ മീശയെടുത്തു. അതിലും ഞാൻ പൊലീസാണ്. മീശയെടുത്ത്, മുടി ക്രോപ്പ് ചെയ്തിട്ടാണ് ആ കഥാപാത്രം ചെയ്തത്. എപ്പോഴും മുറുക്കി നടക്കുന്ന കഥാപാത്രമായിരുന്നു അത്. ഡേവിഡ് എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്. സ്ഥിരം ഒരേ രൂപത്തിലുള്ള പൊലീസ് വേഷങ്ങൾ ചെയ്യാൻ ഞാൻ ഒരു കാലത്തും ശ്രമിച്ചിട്ടില്ല. ഇത് റോഷൻ ആൻഡ്രൂസ്, ദുൽഖർ, ബോബി–സഞ്ജയ് എന്ന അതുല്യ കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രമായതുകൊണ്ട് ഞാനിതു വരെ ചെയ്യാത്ത ഗെറ്റപ്പിലുള്ള പൊലീസ് ഓഫിസർ ആയിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു.
അജിത് കരുണാകരന്റെ ലുക്കിന് പിന്നിൽ
സല്യൂട്ടിലേക്ക് വന്നപ്പോൾ റോഷൻ പറഞ്ഞു, 'ചേട്ടാ... നമുക്ക് ഒരു നല്ല ലുക്ക് പിടിക്കണം' എന്ന്. ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞതല്ലാതെ ആ ലുക്ക് എങ്ങനെയാകണം എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. ഈ പടത്തിന് വിളിക്കുമ്പോൾ ഞാൻ യുകെയിലായിരുന്നു. കോവിഡ് കാലം ആയതുകൊണ്ട് എല്ലാവരെയും പോലെ ഞാനും താടിയും മുടിയുമൊക്കെ വളർത്തിയൊരു ലുക്കിലായിരുന്നു അപ്പോൾ. അങ്ങനെ, ഈ സിനിമയ്ക്കു വേണ്ടി ഞാൻ തിരുവനന്തപുരത്തെത്തി. അന്ന് ഒരാഴ്ച നിർബന്ധിത ക്വാറന്റീനുണ്ട്. അതു കഴിഞ്ഞ് ഷൂട്ടിന് ജോയിൻ ചെയ്യുന്നതിന്റെ തലേദിവസം ഞാനെന്റെ പേഴ്സനൽ ബാർബറെ വിളിച്ചു വരുത്തി ചെയ്തതാണ് സല്യൂട്ടിലെ അജിത് കരുണാകരന്റെ ലുക്ക്.
റോഷൻ എന്താകും മനസിൽ കണ്ടിരിക്കുക എന്നൊരു ഊഹം എനിക്കുണ്ടായിരുന്നു. അതിനുശേഷം രാത്രിയിൽ ഞാൻ റോഷന് രണ്ടു മൂന്നു സെൽഫിയെടുത്ത് അയച്ചു കൊടുത്തു. ഇപ്പോൾ ഞാനിരിക്കുന്നത് ഇങ്ങനെയാണ് എന്നു പറഞ്ഞുകൊണ്ടാണ് ആ ഫോട്ടോകൾ അയച്ചു കൊടുത്തത്. എന്നാൽ, ഇന്നലെ ഞാൻ ഇങ്ങനെയായിരുന്നെന്ന് പറഞ്ഞ് എന്റെ പഴയ ലുക്കിലുള്ള അതായത് നല്ല താടിയും മുടിയുമുള്ള ഫോട്ടോയും അയച്ചു കൊടുത്തു. ഫോട്ടോ കണ്ടപ്പോൾ റോഷന് വലിയ സന്തോഷമായി. 'ചേട്ടാ, ഒന്നും പറയാനില്ല... ഇതു തന്നെയായിരുന്നു എന്റെ മനസിൽ' എന്ന് റോഷന്റെ മറുപടിയും വന്നു. ഇതാണ് എന്റെ ഗെറ്റപ്പിന് പിന്നിലെ കഥ.
ക്ലൈമാക്സിലെ ഇമോഷനൽ രംഗം
തിരക്കഥ വായിച്ചപ്പോൾ തന്നെ ക്ലൈമാക്സിലെ ആ ഇമോഷനൽ രംഗം മനസിലുടക്കിയിരുന്നു. അനുജൻ അരവിന്ദ് ആയി അഭിനയിക്കുന്ന ദുൽഖറിനൊപ്പം ആ വരാന്തയിലെ ബെഞ്ചിലിരിക്കുന്ന രംഗം. ഓരോ സീനും ഓരോ നിമിഷവും എങ്ങനെ ആകണമെന്ന് റോഷന്റെ മനസിൽ കൃത്യമായ ധാരണയുണ്ട്. ആ സീൻ എടുക്കുന്നതിനു മുൻപ് റോഷൻ പറഞ്ഞു, 'ചേട്ടാ... വളരെ സൂക്ഷ്മമായി ചെയ്താൽ മതി. മുഖത്ത് ഒരു ചലനം പോലും ആവശ്യമില്ല. വെറുതെ കണ്ണു നിറഞ്ഞിരുന്നാൽ മതി' എന്നു പറഞ്ഞു. എന്തോ സാങ്കേതിക പ്രശ്നം മൂലം ആ ഷോട്ട് രണ്ടോ മൂന്നോ തവണ പോകേണ്ടി വന്നു.
അതിൽ വലിയൊരു നഷ്ടം സംഭവിച്ചു. കാരണം, ആദ്യത്തെ ടേക്ക് പോയപ്പോൾ ഞാൻ ശരിക്കും കരഞ്ഞു പോയി. റോഷന് വളരെ ഇഷ്ടപ്പെട്ട ഷോട്ടായിരുന്നു അത്. പക്ഷേ, എന്തോ ടെക്നിക്കൽ പ്രശ്നം മൂലം ആ ടേക്ക് ഉപയോഗിക്കാൻ പറ്റുമായിരുന്നില്ല. ലൈറ്റിന്റെയോ ക്യാമറയുടെയോ എന്തോ ഒരു പ്രശ്നം മൂലം ആ ഷോട്ട് റീടേക്ക് ആയി. ഇപ്പോൾ എല്ലാവരും നന്നായെന്നു പറയുന്ന ആ ഷോട്ടിനെക്കാളും പത്തു മടങ്ങ് നല്ലതായിരുന്നു ആദ്യ ഷോട്ട്. സിനിമ എന്നു പറയുന്നത് അതാണല്ലോ! ക്യാമറയും ലൈറ്റും എല്ലാം പക്കാ ആകുമ്പോൾ അഭിനേതാക്കളുടെ പ്രശ്നം കൊണ്ട് റീടേക്ക് പോകേണ്ടി വരാം. തിരിച്ചും സംഭവിക്കാം. എല്ലാം ഒത്തു വരണം. എങ്കിലേ ഒരു ഷോട്ട് മനോഹരമാകൂ. ആ ഷോട്ട് മിസ് ആയതിൽ റോഷന് നല്ല സങ്കടം ഉണ്ടായിരുന്നു. വലിയ മിസ് ആയി അതെന്ന് അദ്ദേഹം എപ്പോഴും പറയും.
ഒടിടി റിലീസ് ഗുണകരമായി
സല്യൂട്ടിന് നല്ലത് ഒടിടി പ്ലാറ്റ്ഫോം തന്നെ ആയിരുന്നവെന്നാണ് എനിക്കിപ്പോൾ തോന്നുന്നത്. പ്രേക്ഷകർക്ക് വളരെ റിലാക്സ് ആയി ഇരുന്ന് കാണാൻ അതിലൂടെ കഴിയും. ഒരു ഹോളിവുഡ് ചിത്രം കാണുന്ന ഫീൽ സല്യൂട്ടിന്റെ പല ഭാഗങ്ങളും കാണുമ്പോൾ തോന്നും. പ്രത്യേകിച്ചും ചിത്രത്തിന്റെ പശ്ചാത്തലസംഗീതം. ജേക്സ് ബിജോയ് അസാധ്യമായി അതു ചെയ്തിട്ടുണ്ട്. ഭയങ്കര ഫീലാണ്. ഒരു ശതമാനം പോലും ചടുലത വരുത്താതെ മുഴുവൻ സിനിമയും ഒരേ താളത്തിൽ ഇങ്ങനെ പോയി അവസാനം ആ കാറ്റിൽ പേപ്പർ പറന്നു പോയി നിൽക്കുന്നതു വരെ ഒരേ വേഗതയിലാണ് സിനിമ പോകുന്നത്. അത് അങ്ങനെ കൊണ്ടുപോകാൻ കഴിഞ്ഞത് സംവിധായകന്റെ ബ്രില്യൻസാണ്. വളരെ സങ്കീർണമായ തിരക്കഥയാണ് ഇത്. അനുഭവസമ്പത്തില്ലാത്ത ഒരു സംവിധായകന് അതു തൊടാൻ പോലും കഴിയില്ല.
എംടി സാറിന്റെ സ്ക്രിപ്റ്റ് ചെയ്യണമെങ്കിൽ ഹരിഹരൻ സർ വേണമെന്നു പറയാറില്ലേ? കാരണം, ആ തിരക്കഥയുടെ ആഴവും സങ്കീർണതയും മനസിലാക്കി ചെയ്യുന്ന സംവിധായകനായാൽ മാത്രമേ അതിലെ കഥാപാത്രങ്ങളെ ആ തരത്തിൽ വികസിപ്പിച്ച് കൊണ്ടു വരാൻ കഴിയൂ. ഉദാഹരണത്തിന്, സല്യൂട്ടിലെ ഒരു ഷോട്ട് പറയാം. 'കല്യാണത്തിന് നീ വരില്ലേ' എന്ന് ഫോണിൽ എന്റെ കഥാപാത്രം ദുൽഖറിനോട് ചോദിക്കുന്നുണ്ട്. ആ ചോദിക്കുന്നിടത്ത് അജിത് കരുണാകരന് അനുജൻ വരണമന്നൊന്നും ഇല്ല.
വന്നാൽ അതു കുഴപ്പമാകുമോ എന്നൊരു പേടിയും അയാൾക്കുണ്ട്. അതെല്ലാം ആ ഡയലോഗിലും ആ സമയത്തെ ഭാവത്തിലുമുണ്ട്. അതുപോലെ, ദുൽഖറും കാമുകിയും വീട്ടിൽ ആദ്യമായി ഒരുമിച്ച് വന്ന് ഇരുന്നു കഴിയുമ്പോൾ കുടുംബാംഗങ്ങളുമായി സംസാരിക്കുന്ന രംഗമുണ്ട്. സംസാരിക്കുന്നത് മറ്റു കുടുംബാംഗങ്ങൾ ആണെങ്കിലും അജിത് കരുണാകരൻ വളരെ സൂക്ഷ്മമായി സംശയത്തോടെ അവരെ വീക്ഷിക്കുന്നുണ്ട്. കുശാഗ്രബുദ്ധിയുള്ള ഒരു പൊലീസുകാരന്റെ നോട്ടമാണത്.
അനുഭവസമ്പത്തുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് അജിത് കരുണാകരൻ. നാട്ടിലെ വ്യവസ്ഥകളെക്കുറിച്ച് നല്ല ബോധ്യം അയാൾക്കുണ്ട്. പാർട്ടിയും നേതാക്കന്മാരും അടക്കി ഭരിക്കുന്ന ഒരു സിസ്റ്റത്തിലാണ് പൊലീസുകാർ ജീവിച്ചു പോകുന്നത്. സത്യസ്ഥിതി ബോധിപ്പിച്ചതുകൊണ്ടോ നിജസ്ഥിതി വ്യക്തമാക്കിയതുകൊണ്ടോ ഒരു കാര്യവുമില്ല. അനുജനോട് അയാൾക്ക് വാത്സല്യമുണ്ട്. പക്ഷേ, പ്രൊഫഷണൽ കാര്യങ്ങളിൽ കേറി ഇടപെടുമ്പോഴാണ് അയാൾ പ്രതികരിക്കുന്നത്. അയാൾക്ക് നെഗറ്റീവ് ഷേഡുണ്ടെന്ന് ആ കഥാപാത്രത്തെ അറിയാത്ത ആളുകളാണ് പറയുക. എന്തായാലും, എന്റെ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചതിൽ അതിയായ സന്തോഷം.