ADVERTISEMENT

മമ്മൂട്ടി–അമൽനീരദ് കൂട്ടുകെട്ടിൽ പിറന്ന ഭീഷ്മപർവം മലയാള സിനിമയുടെ ബോക്സോഫീസ് റെക്കോർഡുകളെല്ലാം തകർത്ത് മുന്നേറുകയാണ്. മൈക്കിളപ്പന്റെ അഞ്ഞൂറ്റി കുടുംബത്തിലെ ഓരോ അംഗത്തെയും മലയാളികള്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു. മൈക്കിളപ്പന്റെ സഹോദരിയുടെ മകൾ റേച്ചൽ അഞ്ഞൂറ്റിക്കാരന്റെ പ്രണയമാണ് സിനിമയുടെ കഥാഗതി മാറ്റിമറിക്കുന്നത്. ശ്രീനാഥ് ഭാസി അവതരിപ്പിച്ച ‘അമി’ യെ പ്രണയിച്ച റേച്ചൽ അ‍ഞ്ഞൂറ്റിക്കാരനായെത്തി മലയാളികളുടെ ഹൃദയം കവരുകയാണ് അനഘ എൽ.കെ. മരുതോറ.  ‘പറുദീസ’യെന്ന ഗാനത്തിൽ അനഘയുടെയും ശ്രീനാഥ് ഭാസിയുടെയും കിടിലൻ ചുവടുകളും ‘ആകാശം പോലെ’യെന്ന ഗാനത്തിലെ പ്രണയവും മലയാളികൾ ആവർത്തിച്ചുകണ്ടുകൊണ്ടിരിക്കുകയാണ്.

 

കോഴിക്കോട്ടെ മലയോരഗ്രാമമായ തൊട്ടിൽപ്പാലത്തു ജനിച്ചുവളർന്ന് മലയാളിപ്രേക്ഷകരുടെ പ്രിയതാരമായ മാറിയ അനഘ തമിഴിലും തെലുങ്കിലും തിരക്കേറിയ അഭിനേത്രിയായി മാറിക്കഴിഞ്ഞു. തന്റെ സിനിമകളെക്കുറിച്ച്, തന്റെ കോഴിക്കോടിനെക്കുറിച്ച് അനഘ മനസ്സു തുറക്കുന്നു:

 

anagha-5

എവിടെനിന്നാണ് അനഘയുടെ തുടക്കം?

 

shane-anagha

∙ കുറ്റ്യാടിക്കു സമീപം തൊട്ടിൽപ്പാലത്താണ് ‘മരുതോറ’യെന്ന എന്റെ വീട്. ഞാൻ വളർന്നതും പഠിച്ചതുമെല്ലാം ഇവിടെയാണ്. അച്ഛൻ കുട്ടിക്കൃഷ്ണനും അമ്മ ലീലയും കാവിലുംപാറയിലെ ഗവ. സ്കൂളിൽ അധ്യാപകരായിരുന്നു. ഡിഗ്രി പഠനത്തിനായി കുറച്ചുകാലം പുറത്തുപോയതൊഴിച്ചാൽ പഠനകാലം പൂർണമായും ഇവിടെയായിരുന്നു. വീട്ടിൽ അച്ഛനും അമ്മയും ചേച്ചിയുമാണുള്ളത്. കുട്ടിക്കാലം തൊട്ടേ അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. കോഴിക്കോടുനിന്ന്, പ്രത്യേകിച്ച് കുറ്റ്യാടി തൊട്ടിൽപ്പാലം പോലുള്ള മേഖലയിൽനിന്ന് ഒരാൾക്ക് സിനിമയിൽ എത്തിപ്പെടാൻ‍ ഏറെ ബുദ്ധിമുട്ടാണ്. അത്രയേറെ പരിശ്രമം വേണം.

 

സിനിമയിലേക്ക് വന്നത് എങ്ങനെയാണ്?

 

anagha-4

∙ ഗോകുലം സ്കൂളിലും ശ്രീശൈലം സത്യസായി വിദ്യാപീഠത്തിലുമായാണ് സ്കൂൾ പഠനം നടത്തിയത്. ചെങ്ങന്നൂരിലാണ് ബിടെക് പൂർത്തിയാക്കിയത്. കോഴിക്കോട് എൻഐടിയിൽ എംടെക് പൂർത്തിയാക്കി. എംടെക് ചെയ്യുന്ന കാലത്താണ് ഇന്റേൺഷിപ്പ് ചെയ്യാൻ കൊച്ചിയിലേക്ക് വന്നത്. കൊച്ചിയിൽ താമസിക്കുമ്പോഴാണ് സിനിമകളുടെ ഓഡിഷനുകളിൽ പങ്കെടുത്തുതുടങ്ങിയത്.

 

anagha-2

ആദ്യസിനിമ?

 

∙ ആദ്യമായി ഓഡിഷനിൽ പങ്കെടുത്ത സിനിമയും ആദ്യം ഷൂട്ട് ചെയ്ത സിനിമയും ‘പറവ’യാണ്. സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവയിൽ ഷെയ്ൻ  നിഗമിന്റെ പെയർ ആയാണ് എത്തിയത്. എന്നാൽ ആദ്യം റിലീസ് ചെയ്ത സിനിമ രഞ്ജൻ പ്രമോദ് സാർ സംവിധാനം ചെയ്ത ‘രക്ഷാധികാരി ബൈജു’വാണ്. അതിലെ ‘റോസി’യെന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. നട്പ് തുണൈ പോലുള്ള സിനിമകളിലൂടെയാണ് തമിഴിൽ തുടക്കമിട്ടത്. ഇതുവകെ എട്ടുസിനിമകളുടെ ഭാഗമായി. ഒരു തമിഴ് സിനിമയുടെയും ഒരു തെലുങ്ക് സിനിമയുടെയും ഷൂട്ട് നടക്കുന്നുണ്ട്.

 

മലയാളത്തിലെ അടുത്ത സിനിമ?

 

∙ മമ്മൂക്കയുടെ ഭീഷ്മപർവം പോലെയൊരു വലിയ സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ  ഏറെ സന്തോഷമുണ്ട്. ഇത്രയും  വലിയ ഹിറ്റായി മാറിയതുതന്നെ ത്രില്ലടിപ്പിക്കുന്നുണ്ട്. മലയാളത്തിൽ ഇനിയും മികച്ച സിനിമകളും മികച്ച കഥാപാത്രങ്ങളും ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഞാൻ. 

 

നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രതികരണം?

 

∙ എംടെക്കൊക്കെ കഴിഞ്ഞ ഒരാൾ സിനിമയ്ക്കുപിറകെ നടക്കുന്നതു കണ്ടപ്പോൾ ബന്ധുക്കളും നാട്ടുകാരുമടക്കം എല്ലാവർക്കും ആദ്യമൊക്കെ സംശയമായിരുന്നു. സിനിമയെന്നൊക്കെ പറഞ്ഞ് ചുമ്മാ തെണ്ടിത്തിരിഞ്ഞു നടക്കുകയല്ലേ. പക്ഷേ ഒരു സിനിമ സക്സസ് ആവുമ്പോഴാണ് എല്ലാവരും ആ വ്യക്തിയെ തിരിച്ചറിയുക. ഭീഷ്മപർവം വൻഹിറ്റായപ്പോൾ എനിക്കതൊരു അനുഗ്രഹമായാണ് അനുഭവപ്പെട്ടത്.  

 

ഈ വിഷുക്കാലത്തെ ആഘോഷം എങ്ങനെയാണ്?

 

∙ വിഷുക്കാലമാണ് വരുന്നത്.നാട്ടിലുള്ളപ്പോൾ പടക്കം പൊട്ടിക്കലും മറ്റുമൊക്കെയായി രസമായിരുന്നു. ഇപ്പോൾ ചെന്നൈയിലാണ് താമസിക്കുന്നത്. ഇവിടെ വിഷുവൊന്നുമില്ലല്ലോ. ഉടനെ നാട്ടിലേക്ക് വരാനും പറ്റില്ല. അതുകൊണ്ട് ഇത്തവണ വിഷുക്കാലം ആഘോഷമൊന്നുമില്ലാത്ത ചെന്നൈക്കാലമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com