‘അപ്പനെ’ ക്രൂരനാക്കിയ ക്യാമറാമാൻ; വിനോദ് ഇല്ലംപള്ളി അഭിമുഖം
Mail This Article
അപ്പൻ എന്ന സിനിമ റിലീസ് ചെയ്ത് ആഴ്ചകൾ കഴിഞ്ഞും കാഴ്ചക്കാരെ നേടി മുന്നേറുകയാണ്. സ്വന്തം അപ്പൻ പെട്ടെന്ന് മരിച്ച് കിട്ടണം എന്ന് ഒരു മകൻ ആഗ്രഹിക്കുന്നെങ്കിൽ അപ്പനോട് അവനുള്ള രോഷം എന്തുമാത്രം ആയിരിക്കും? ഒരു തരത്തിലും അത്ര സന്തോഷകരമായ ദൃശ്യാനുഭവം അല്ല അപ്പൻ തരുന്നത്. പ്രേക്ഷകരെ അത്രത്തോളം ഒരു കഥാപാത്രത്തെ വെറുപ്പിക്കാൻ പരുവപ്പെടുത്തിയത് കെട്ടുറപ്പുള്ള തിരക്കഥയും മികച്ച സംവിധാനവും മാത്രമല്ല അപ്പന് പിന്നിൽ പ്രവർത്തിച്ച സാങ്കേതിക വിദഗ്ധരെയും എടുത്തു പറയേണ്ടതാണ്. അപ്പൻ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് വിനോദ് ഇല്ലംപള്ളി ആയിരുന്നു. ഛായാഗ്രാഹകൻ പപ്പു ആയിരുന്നു അപ്പന്റെ ക്യാമറ ചെയ്യാൻ തീരുമാനിച്ചിരുന്നത് അദ്ദേഹത്തിന് ചില ശാരീരിക ബുദ്ധിമുട്ടുകൾ വന്നപ്പോൾ താൻ ആ കടമ ഏറ്റെടുക്കുകയായിരുന്നു എന്ന് വിനോദ് ഇല്ലംപള്ളി പറയുന്നു. ഒരു വീടിനുള്ളിലും പരിസരത്തും മാത്രം ചിത്രീകരിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം വളരെ ചാലഞ്ചിങ് ആയിരുന്നു എന്നും സിനിമയുടെ വിജയത്തിൽ വളരെയധികം സന്തോഷമുണ്ടെന്നും വിനോദ് ഇല്ലമ്പള്ളി മനോരമ ഓൺലൈനിനോട് പറഞ്ഞു.
ഒട്ടും പ്രതീക്ഷിക്കാതെ വന്ന അപ്പൻ
മജു സംവിധാനം ചെയ്ത അപ്പൻ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് വളരെ യാദൃച്ഛികമായാണ്. പപ്പു ആണ് ചിത്രത്തിന്റെ ക്യാമറ ചെയ്യാനിരുന്നത്. പപ്പുവിന് ചെറിയ ആരോഗ്യപരമായ ബുദ്ധിമുട്ട് ഉള്ളതിനാൽ ഒരു പിന്തുണയ്ക്ക് എത്തണമെന്ന് പറഞ്ഞിരുന്നു, അതുകൊണ്ടു ഞാനും സെറ്റിൽ തന്നെ ഉണ്ടായിരുന്നു. ഏഴെട്ടു ദിവസത്തെ ഷൂട്ട് കഴിഞ്ഞപ്പോൾ പപ്പുവിന് ശാരീരിക അസ്വസ്ഥതകൾ കൂടി, അതുകൊണ്ടു പിന്നീടുള്ള ചിത്രീകരണം ഞാൻ തന്നെ ഏറ്റെടുക്കുകയായിരുന്നു. അങ്ങനെയാണ് അപ്പനിലേക്ക് ഞാൻ എത്തുന്നത്.
ഒരേ ലൊക്കേഷനിലെ ബോറടി മാറ്റാൻ
അപ്പൻ സിനിമയുടെ ഛായാഗ്രഹണം ഒരു ചാലഞ്ച് ആയിരുന്നു. തിരക്കഥയെ ഒട്ടും മുറിവേൽപ്പിക്കാതെ വേണമല്ലോ ഷൂട്ട് ചെയ്യേണ്ടത്. കൊറോണ സമയത്തായിരുന്നു ഷൂട്ടിങ്. നല്ല മഴയും വളരെ പ്രതികൂലമായ കാലാവസ്ഥയുമായിരുന്നു. തിരക്കഥയിൽ എഴുതിയിരുന്നത് അപ്പൻ കിടക്കുന്ന റൂം, വരാന്ത അടുക്കള, പുരയിടം ഒക്കെയാണ് ഉപയോഗിക്കേണ്ടതെന്നാണ്. വായിച്ചപ്പോൾ ഒരേ സ്ഥലത്ത് തന്നെ ഷൂട്ട് ചെയ്യുന്നത് സിനിമ കാണുന്നവർക്ക് ബോർ അടിക്കുമോ എന്നൊരു സംശയമുണ്ടായിരുന്നു. ആളുകളെ മടുപ്പിക്കാത്ത രീതിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഷിഫ്റ്റ് ചെയ്‌താൽ നന്നാകും എന്ന് തോന്നി. അമ്മയും റോസിയും പറമ്പിൽ പോയി നിന്ന് പണിയെടുക്കുന്ന സീൻ ശരിക്കും വരാന്തയിൽ ആണ് സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നത്. പക്ഷേ അത് പറമ്പിലേക്ക് മാറ്റിയാൽ മടുപ്പ് ഒഴിവാക്കാം, അപ്പൻ കിടക്കുന്ന മുറി കാണാം, അവർ സംസാരിക്കുന്നത് അപ്പനെക്കുറിച്ചാണ്, അയാൾക്ക് കേൾക്കാനും കഴിയില്ല ആ രീതിയിൽ ആണ് അത് സെറ്റ് ചെയ്തത്. സിനിമയിൽ ഇട്ടിയുടെ വീട് ഒരു കഥാപാത്രമാണ്. ശ്രദ്ധിച്ചാൽ അറിയാം ഏതു ഫ്രെയിം വച്ചാലും വീട് ബാക്ഡ്രോപ്പ് ആയി കാണും. റബ്ബർ തോട്ടത്തിൽ ഞ്ഞൂഞ്ഞും വർഗീസും നിൽക്കുമ്പോഴും ഒരു സീനിൽ എങ്കിലും വീട് കാണിച്ചിട്ടുണ്ട്. അവർ നിൽക്കുന്നത് വീടിന്റെ പരിസരം തന്നെയാണ് എന്ന് അറിയണം. ഷീലയുടെ വീട് കാണിക്കുമ്പോഴും അപ്പന്റെ വീട്ടിൽ നിന്നുള്ള വ്യൂ ആണ്. അതിനു വേണ്ട ലെൻസിങ് ആണ് ഉപയോഗിച്ചിരിക്കുന്നത്.
സിനിമ മുഴുവൻ കൂൾ ലൈറ്റിങ്
സിനിമയിൽ കൂടുതലും അതിരാവിലെ ഉള്ള ഷോട്ടുകളാണ് അല്ലെങ്കിൽ സന്ധ്യയ്ക്ക്. റബ്ബർ വെട്ടാൻ പോകുന്നത് വെളുപ്പിനെ ആണല്ലോ. അപ്പനെ വൃത്തിയാക്കുന്നത്, കിണറിനടുത്ത് കുഞ്ഞിനെ നിർത്തി കുളിപ്പിക്കുന്നത്, മൃഗങ്ങൾക്ക് തീറ്റ കൊടുക്കുന്നത്, അങ്ങനെ കുറെ കാര്യങ്ങൾ രാവിലെയോ വൈകിട്ടോ നടക്കുന്നതാണ്. സിനിമയുടെ മൂടും ഒട്ടും സന്തോഷകരമല്ലാത്തതു കൊണ്ട് കൂൾ ടോൺ പിടിച്ചതാണ്. സിനിമ മുഴുവൻ ഡാർക്ക് ആണല്ലോ. പിന്നെ ഇടതൂർന്നു നിൽക്കുന്ന റബ്ബർ തോട്ടത്തിൽ സൂര്യപ്രകാശം കിട്ടുക അപൂർവമാണ്. പക്ഷേ റബ്ബർ തോട്ടത്തിലെ സീനുകൾ നല്ല സൂര്യപ്രകാശം ഉള്ള രീതിയിൽ ആണ് നമ്മൾ ഇതുവരെ കണ്ടിട്ടുള്ളത്. നമ്മുടെ സിനിമയിൽ റബ്ബർ തോട്ടത്തിൽ സൂര്യപ്രകാശം വീഴണ്ട എന്ന് തീരുമാനിച്ചു. പണ്ടൊക്കെ ഫിലിമിൽ ഷൂട്ട് ചെയ്യുമ്പോൾ ഡേ ഫോർ നൈറ്റ് ഷൂട്ട് ചെയ്യുമ്പോൾ സൺലൈറ്റ് വേണം അല്ലെങ്കിൽ ലൈറ്റ് പമ്പ് ചെയ്തിട്ടൊക്കെയാണ് ലൈറ്റ് കിട്ടാൻ ബുദ്ധിമുട്ടുള്ള റബ്ബർ തോട്ടത്തിലൊക്കെ ഷൂട്ട് ചെയ്യുന്നത്. അപ്പൻ സിനിമ ഷൂട്ടിങ് നടക്കുമ്പോൾ മഴക്കാറ് കൊണ്ട് സൂര്യപ്രകാശം ഒട്ടുമില്ലായിരുന്നു. രാത്രിയിൽ കോഴിയെ കൊല്ലുന്ന സീനിൽ ഹെഡ്‌ലൈറ്റിന്റെ ലൈറ്റ് മാത്രമേ ഉള്ളൂ. വെളുപ്പാൻകാലത്തെ നിലാവിന് വലിയ ലൈറ്റുകൾ ഉപയോഗിച്ചിട്ടുണ്ട്.
അപ്പന്റെ മുറിയിലെ ഷൂട്ടിങ് പരിമിതി
അപ്പന്റെ മുറി വളരെ സ്ഥലപരിമിതിയുള്ള മുറി ആയിരുന്നു. ആ റൂം ഒന്നുകൂടി സ്ഥലം കൂട്ടി എടുക്കണം എന്നുണ്ടായിരുന്നു. പക്ഷേ അത് അവർ സമ്മതിച്ചില്ല. ആദ്യമേ കണ്ട വീട് വലിയൊരു റബ്ബര്‍ തോട്ടത്തിന്റെ നടുക്കായിരുന്നു. ലൊക്കേഷൻ നോക്കി രണ്ടുദിവസം കഴിഞ്ഞു ചെന്നപ്പോൾ ആ റബ്ബർ എല്ലാം വെട്ടിക്കളഞ്ഞു. കിട്ടിയ ലൊക്കേഷനിൽ ഉള്ള പരിമിതികളിൽ ആണ് ഷൂട്ട് ചെയ്തത്. അപ്പന്റെ റൂമിൽ ഒരേ ആംഗിളിൽ തന്നെ ഷൂട്ട് ചെയ്‌താൽ മടുപ്പുളവാക്കുമല്ലോ, ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്തു, ഒടുവിൽ ആ പരിമിതികളിൽ നിന്ന് ചെയ്തപ്പോൾ അതിനു വേറെ തരത്തിലുള്ള ഭംഗി കിട്ടി. അപ്പൻ കാണുന്ന രീതിയിൽ അധികം ചിത്രീകരിച്ചിട്ടില്ല അത് അങ്ങനെ തന്നെയായിരുന്നു തിരക്കഥയിൽ. അപ്പൻ പിടിച്ചു പൊങ്ങുന്ന കയർ വളരെ പ്രധാനപ്പെട്ടതായിരുന്നു. അതിന്റെ ബലത്തിലാണല്ലോ അയാളുടെ ബഹളം. കയർ എപ്പോഴും കാണിക്കുന്നുണ്ട്. കഥ വായിച്ചപ്പോൾ ഇങ്ങനെ ഒരു അപ്പനുണ്ടോ ഉണ്ടാകാൻ പാടില്ല എന്നാണു എനിക്ക് തോന്നിയത്. അലൻസിയർ, പോളി ചേച്ചി, സണ്ണി, അനന്യ, രാധിക, അനിൽ ശിവറാം തുടങ്ങി അഭിനയിച്ച എല്ലാവരും വളരെ നന്നായി.
വർഗീസിന്റെ മരണം
വർഗീസിന്റെ മരണം കാണിക്കാതെ കാണിച്ചത്തിലെ ബ്രില്യൻസ് തിരക്കഥയുടെ കെട്ടുറപ്പ് കാരണമാണ്. ഇട്ടിയുടെ റബ്ബർ തോട്ടത്തിന് അപ്പുറത്താണ് വർഗീസിന്റെ വീടെന്നു ആദ്യമേ പറഞ്ഞു വച്ചിട്ടുണ്ട്. വർഗീസ് മരിച്ചു എന്നുപറയുമ്പോൾ ആ വീടിനെ സൂചിപ്പിക്കാൻ ഒരു ലോങ്ങ് ഷോട്ട് ഉണ്ട്. വീട്ടുകാരെല്ലാം പോവുന്നതും , ഇട്ടി തൂങ്ങി എന്ന് റോസി പറയുന്നതും, ഞ്ഞൂഞ്ഞിന്റെ വേദനയും എല്ലാം കൊണ്ട് വർഗീസിന്റെ മരണത്തിന്റെ ഭീകരത വീട് മുഴുവൻ പ്രതിഭലിപ്പിച്ചു. വർഗീസ് ആയി അഭിനയിച്ച അനിൽ ശിവറാം എനിക്ക് വളരെ ഇഷ്ടമുള്ള ഒരു താരമാണ്. ഷൂട്ടിങ്ങിനു വന്നപ്പോൾ അദ്ദേഹത്തിന് കാലിനു അത്ര സുഖമില്ലായിരുന്നു. റബ്ബർ തോട്ടത്തിൽ ഇറങ്ങി നടക്കുന്നതും കയറി വരുന്നതും ഒക്കെ അദ്ദേഹത്തിന് വലിയ ബുദ്ധിമുട്ടായിരുന്നു, അദ്ദേഹത്തിന്റെ കംഫർട്ട് നോക്കിയാണ് ഞാൻ ആ സീനുകൾ ഒക്കെ ചെയ്തത്. അപ്പന്റെ വിജയാഘോഷ വേളയിൽ അനിൽ അത് എടുത്തുപറഞ്ഞിരുന്നു. മജുവിന് വലിയൊരു പ്രത്യേകത ഉള്ളത് നല്ല സ്ക്രിപ്റ്റ് സെൻസ് ഉണ്ടെന്നുള്ളതാണ്. അതുപോലെ തന്നെ താരങ്ങളെ മോൾഡ് ചെയ്യാൻ അദ്ദേഹത്തിന് നന്നായി അറിയാം. തണ്ണീർ മത്തൻ ദിനങ്ങൾ ചെയ്ത ഗിരീഷ് എ.ഡി.ക്കും ഈ രണ്ടു കഴിവുമുണ്ടെന്ന് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.
ഒടിടിയിലെ സ്കിപ് ഓപ്‌ഷൻ കാരണം സാങ്കേതിക വിദഗ്ധരെ ആരും തിരിച്ചറിയുന്നില്ല
സിനിമ ഒടിടിയിൽ റിലീസ് ചെയ്യുമ്പോൾ സ്കിപ് ഓപ്‌ഷൻ ഉള്ളതിനാൽ സിനിമയിൽ പ്രവർത്തിച്ച സാങ്കേതിക വിദഗ്ധരെ പലരും അറിയുന്നില്ല. നമ്മൾ ചെയ്ത പടം തന്നെ " എടോ അപ്പൻ എന്നൊരു പടം ഇറങ്ങിയിട്ടുണ്ട് നല്ല പടമാണ് ഒന്ന് കണ്ടു നോക്കൂ" എന്ന് സുഹൃത്തുക്കൾ വിളിച്ചു പറയുന്നത് ഒന്ന് ആലോചിച്ചു നോക്കൂ. വളരെ കുറച്ചു പേരാണ് ഞാൻ ആണ് അപ്പൻ ചെയ്തതെന്ന് തിരിച്ചറിഞ്ഞത്. ജിസ് ജോയ് അടുത്തിടെ വിളിച്ചപ്പോൾ പറഞ്ഞു "എടാ ഞാൻ ആദ്യം സിനിമയെപ്പറ്റി എഴുതിയപ്പോൾ നിന്റെ പേര് എഴുതിയില്ല പിന്നെയാണ് നീയാണ് ഇത് ചെയ്തതെന്ന് അറിഞ്ഞത്, സോറി" എന്ന് പറഞ്ഞു.
പുതിയ ചിത്രങ്ങൾ
ഒരുപാട് ചിത്രങ്ങൾ വരുന്നുണ്ട്, വളരെ ശ്രദ്ധിച്ചാണ് ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. വെബ് സീരീസുകൾ ചർച്ചയിലുണ്ട് ഒന്നും തീരുമാനിച്ചിട്ടില്ല. 'പട' എന്ന ചിത്രം സംവിധാനം ചെയ്ത കമൽ കെ. എമ്മി.ന്റെ ഒരു ചിത്രം ചെയ്യാൻ പോവുകയാണ്. അതാണ് ഇനി വരുന്ന പ്രോജക്റ്റ്.