ADVERTISEMENT

നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ദീപു കരുണാകരൻ അഭിനയത്തിലും ഒരു കൈ നോക്കാൻ തയാറെടുക്കുകയാണ്.  ദീപു കരുണാകരൻ ഒരു പ്രധാന വേഷം കൈകാര്യം ചെയ്ത് ഷെബി സംവിധാനം ചെയ്ത കാക്കിപ്പട എന്ന ചിത്രം റിലീസിനെത്തി കഴിഞ്ഞു.  പ്രിയദര്‍ശന്റെ സംവിധാന സഹായിയായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ദീപു കരുണാകരൻ വിന്റര്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനാവുന്നത്.  തുടർന്ന്  ക്രേസി ഗോപാലന്‍, തേജഭായി ആന്റ് ഫാമിലി, ഫയര്‍മാന്‍, കരിങ്കുന്നം സിക്‌സ് എസ് തുടങ്ങി നിരവധി ചിത്രങ്ങളാണ് ദീപുവിന്റെ കയ്യൊപ്പ് പതിഞ്ഞെത്തിയത്.  പൃഥ്വിരാജ് നായകനായെത്തുന്ന റയിൽവേ ഗാർഡ് ആണ് അടുത്തതായി ദീപു സംവിധാനം ചെയ്യുന്ന ചിത്രം.  സിനിമ തന്നെ എന്നും പ്രചോദിപ്പിച്ചിട്ടുള്ള മാധ്യമമാണെന്നും സിനിമയുടെ എല്ലാ മേഖലയിലും പ്രവർത്തിക്കാനുള്ള താല്പര്യമാണ് ഇപ്പോൾ ഒരു നടനായി അരങ്ങേറാൻ കാരണമായതെന്നും ദീപു പറയുന്നു. ബേസിലിന്റെ സിനിമ ഉൾപ്പെടെ രണ്ടുമൂന്ന് ചിത്രങ്ങളിൽ കൂടി ദീപു അഭിനയിക്കുന്നുണ്ട്. സംവിധായകൻ നടനായെത്തുന്ന വിശേഷം പങ്കുവച്ച് ദീപു മനോരമ ഓൺലൈനിനിൽ. 

 

ആദ്യമായി അഭിനയിച്ചത് ചൈനാ ടൗണിൽ 

 

ഞാൻ ആദ്യമായിട്ടല്ല ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ചൈനാ ടൗൺ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്.  അതിനു ശേഷം ഇപ്പോഴാണ് അഭിനയിക്കുന്നത്.  ഞാൻ ചെയ്ത ഒരു പരസ്യചിത്രത്തിൽ വർക്ക് നടക്കുമ്പോൾ കാക്കിപ്പടയുടെ സംവിധായകൻ ഷെബി അവിടെ വന്നിരുന്നു. സംസാരിച്ചിരുന്ന കൂട്ടത്തിൽ ഷെബി ഈ ചിത്രത്തിൽ ഒരു കഥാപാത്രം ചെയ്യണം എന്ന് എന്നോട് പറഞ്ഞു.  ഞാൻ പറഞ്ഞു ചെയ്യാം, പക്ഷേ നിങ്ങൾ മറ്റൊരു ഓപ്‌ഷൻ കൂടി മനസ്സിൽ കണ്ടേക്കു കാരണം ഞാൻ ചെയ്തിട്ട് ശരിയായില്ലെങ്കിലോ. അങ്ങനെയാണ് ഈ ചിത്രത്തിൽ എത്തുന്നത്.  കാക്കിപ്പടയിൽ ഒരുപാട് കഥാപാത്രങ്ങളുണ്ട്.  എല്ലാവർക്കും പ്രാധാന്യമുള്ള ചിത്രമാണ് അതിൽ ഒരു കഥാപാത്രത്തെയും മാറ്റി വച്ച് സിനിമയെക്കുറിച്ച്  ചിന്തിക്കാൻ കഴിയില്ല. എന്റെ കഥാപാത്രവും ഒരു പ്രധാനപ്പെട്ട കഥാപാത്രമാണ്.

deepu

 

ഒരുപാടു പേരെ ക്യാമറയ്ക്ക് മുന്നിലെത്തിച്ചയാൾ ക്യാമറയ്ക്കു മുന്നിലെത്തിയപ്പോൾ 

 

ഞാൻ സിനിമകൾ സംവിധാനം ചെയ്തിട്ടുള്ളതുകൊണ്ടു തന്നെ അഭിനയിക്കാൻ ചെല്ലുമ്പോൾ ടെൻഷനായിരുന്നു, ഷൂട്ടിങ് ഓർഗനൈസ് ചെയ്യേണ്ടേ, ആ ഷോട്ട് റെഡി ആയോ, എല്ലാ കാര്യങ്ങളും നന്നായി നടക്കുന്നുണ്ടോ, എന്നൊക്കെ ഇടയ്ക്കിടെ മനസ്സിൽ തോന്നും. എവിടെയാണ് ഷോട്ട് വയ്ക്കുന്നത് ഇത് ഇങ്ങനെ ചെയ്താൽ എങ്ങനെ വരും എന്നൊക്കെ ആലോചിക്കും. സംവിധായകൻ ആരെയാണ് പ്രോമിനന്റായി വയ്ക്കുന്നത് എന്നൊക്കെ മനസിലാകുമല്ലോ അതുകൊണ്ട് കറക്ടായി റെസ്പോണ്ട് ചെയ്യാൻ കഴിയും.  ഷെബി എന്റെ സുഹൃത്തായതുകൊണ്ട് ഞങ്ങൾ തമ്മിലുള്ള ആശയവിനിമയം എളുപ്പമായിരുന്നു.

 

സിനിമയെ ഇഷ്ടപ്പെടുന്നതുകൊണ്ട് തുടർന്നും അഭിനയിക്കും 

 

കാക്കിപ്പട ചെയ്തു കഴിഞ്ഞ് ഞാൻ ബേസിൽ ജോസഫ് നായകനാകുന്ന കഠിനകഡോരം ഈ അണ്ഡകടാഹം എന്ന ചിത്രത്തിലും അഭിനയിച്ചു. അതിലും ശ്രദ്ധിക്കപ്പെടുന്ന വേഷമാണ് ചെയ്തത്. ഇപ്പോൾ ഞാൻ തിമിംഗല വേട്ട എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നു. ഒരു സംവിധായകൻ സിനിമയുടെ എല്ലാ മേഖലയിലും കൈവയ്ക്കാൻ പ്രാപ്തനായിരിക്കണം. ഒരു അഭിനേതാവ് എന്ന നിലയിൽ നിൽക്കുമ്പോഴാണ് നമ്മുടെ എഴുത്തിൽ തന്നെ ഒരുപാട് കാര്യങ്ങൾ മാറ്റാനുണ്ട് എന്ന് ഞാൻ തിരിച്ചറിയുന്നത്.  സിനിമ എനിക്ക് എന്നും പ്രചോദനമായ ഒരു കലയാണ്. ഇതുവരെ എഴുത്ത് സംവിധാനം എന്നതായിരുന്നു ചെയ്തിരുന്നത്. ഇപ്പോൾ ഒരു പുതിയ ഫയർ മനസ്സിൽ വീണിരിക്കുകയാണ്.  ഈ ഫയർ എന്നെ കൂടുതൽ പ്രചോദിപ്പിക്കുന്നു. അതുകൊണ്ട് ഇനി വേഷങ്ങൾ കിട്ടിയാൽ ഉറപ്പായും ചെയ്യും. സിനിമയിലെ ഏതു ജോലിയാണെങ്കിലും വളരെ സന്തോഷത്തോടെയാണ് ചെയ്യുന്നത്.  

 

അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് എന്നാണ് 

 

2019 ൽ പൃഥ്വിരാജ് നായകനാകുന്ന റെയിൽവേ ഗാർഡ് എന്ന ചിത്രം പ്രഖ്യാപിച്ചതാണ്. അതൊരു ബിഗ് ബജറ്റ്‌ സിനിമയാണ്. അത് അന്ന് പ്ലാൻ ചെയ്യുമ്പോൾ തന്നെ നല്ല സമയമെടുത്തെ ചെയ്യാൻ കഴിയൂ എന്നറിയാമായിരുന്നു. ചിത്രത്തിന്റെ ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് കോവിഡ് വരുന്നത്. പിന്നെ ഉടനെ ആ ചിത്രം ചെയ്യാൻ സാധിക്കില്ല എന്ന് മനസ്സിലായി. അങ്ങനെ ചിത്രം മാറ്റിവച്ചതാണ്. അതിനു ശേഷം ഇൻഡസ്ട്രി ഒരുപാട് മാറിയിട്ടുണ്ട്. പുതിയ കാലത്തിനനുസരിച്ചു വേണം ഇനി സിനിമ ചെയ്യാൻ. ഇപ്പോൾ വീണ്ടും ആ ചിത്രം ചെയ്യാനുള്ള തയാറെടുപ്പിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com