ADVERTISEMENT

മാളികപ്പുറം സിനിമയിലെ കുസൃതി കുരുന്നുകളാണ് ഇപ്പോൾ സിനിമാപ്രേമികൾക്കിടയിൽ സംസാര വിഷയം. ദേവനന്ദയും ശ്രീപതുമായിരുന്നു മാളികപ്പുറം എന്ന സിനിമയുടെ ആത്മാവായ കുട്ടികളായി അഭിനയിച്ചത്. കണ്ണൂരുകാരായ അധ്യാപക ദമ്പതികൾ രജീഷിന്റെയും രസ്നയുടെയും മകനായ ശ്രീപത് നാലാം ക്‌ളാസ് വിദ്യാർഥിയാണ്. ടിക് ടോക് വിഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട ശ്രീപത് മ്യൂസിക്ക് ആൽബം, ഡോക്യൂമെന്ററി അഭിനയത്തിലൂടെ സിനിമയിൽ എത്തുകയായിരുന്നു. കുമാരിയിലെ ചൊക്കൻ എന്ന കഥാപാത്രത്തിന് ശേഷം മാളികപ്പുറത്തിലെ പീയൂഷുണ്ണി ആയെത്തിയ ശ്രീപതിന്റെ നർമരസം തുളുമ്പുന്ന ശരീരഭാഷയും ഡയലോഗുകളും പ്രേക്ഷകരെ ഏറെ ആകർഷിച്ചു. വലുതാകുമ്പോൾ പൊലീസ് ആകണം എന്ന് പറയുന്ന ശ്രീപതിന്റെ ഏറ്റവും വലിയ ആഗ്രഹം മമ്മൂക്ക പൃഥ്വിരാജ് എന്നിവരോടൊപ്പം അഭിനയിക്കുക എന്നുള്ളതാണ്. മാളികപ്പുറത്തിലെ പീയൂഷുണ്ണിയുടെ വിശേഷങ്ങളുമായി ശ്രീപത് മനോരമ ഓൺലൈനിൽ.        

 

അഭിനയത്തിലേക്ക് 

vishnu-unni

 

ഞാൻ ടിക്ക്ടോക് വിഡോയോകൾ ചെയ്യാറുണ്ടായിരുന്നു. ബ്ലൂടൂത്ത് എന്ന മ്യൂസിക് ആൽബത്തിൽ ആണ് ആദ്യമായി അഭിനയിക്കുന്നത്. പ്രവീൺ കൂട്ടുമഠം ആണ് അത് സംവിധാനം ചെയ്തത്.  കേരളത്തിലും തമിഴ്‌നാട്ടിലും ആ ആൽബം ഹിറ്റായിരുന്നു. കപ്പേളയുടെ അസ്സിസ്റ്റന്റ ഡയറക്ടറായ ഫ്രാൻസിസ് ജോസഫ് സംവിധാനം ചെയ്ത  "ത തവളയുടെ ത" എന്ന സിനിമയിലൂടെയാണ് സിനിമയിലേക്ക് വരുന്നത്. അതിനു ശേഷം നിർമൽ സഹദേവ് ചെയ്ത കുമാരി എന്ന സിനിമയിലെ ചൊക്കൻ ആയി അഭിനയിച്ചു. മണിയറയിലെ അശോകന്റെ സംവിധായകനായ ഷംസു സോയ്‌ബ സംവിധാനംചെയ്ത 'വാനിലുയരെ' എന്ന ഒരു ഡോക്യൂമെന്ററിയിൽ അഭിനയിച്ചിരുന്നു. അതിനു മുന്നേ അദ്ദേഹത്തിന്റെ ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചിരുന്നു. ആ ഡോക്യൂമെന്ററി കണ്ടിട്ടാണ് മാളികപ്പുറം എന്ന ചിത്രത്തിന്റെ ഓഡിഷന് വിളിക്കുന്നത്. ഓഡിഷന് നന്നായി അഭിനയിച്ചു കാണിക്കാൻ കഴിഞ്ഞു. അങ്ങനെ മാളികപ്പുറത്തിലെ പീയൂഷുണ്ണി ആയി.    

sreepath-actor

 

ശബരിമലയിൽ ആദ്യം

sreepath-malikappuram

 

sreepath-3

ശബരിമലയെക്കുറിച്ച് കേട്ടിട്ടുണ്ട് അവിടുത്തെ പ്രത്യേകതകളൊക്കെ അച്ഛനോടും മുത്തശ്ശിയോടും ചോദിച്ച് അറിഞ്ഞിട്ടുണ്ട്. അതിനു ശേഷമാണു മാളികപ്പുറം എന്ന സിനിമയിലേക്ക് വിളിച്ചത്. ശബരിമലയിൽ കയറാമല്ലോ എന്നാണു ആദ്യമായി മനസ്സിൽ തോന്നിയത്. നാൽപത്തിയൊന്ന് ദിവസം വ്രതമെടുത്താണ് മലയ്ക്ക് പോയത്. സിനിമയിൽ അഭിനയിക്കുന്ന 52 ദിവസത്തോളം വ്രതത്തിലായിരുന്നു. ശരണം വിളിച്ചതും പേട്ട തുള്ളിയതും കാട്ടിലൂടെ ഉള്ള നടപ്പും മല കയറിയതുമൊക്കെ നല്ല അനുഭവമായിരുന്നു.

 

chokkan
കുമാരി സിനിമയിൽ ശ്രീപത്

ഉണ്ണിച്ചേട്ടനെ ആദ്യം പേടിയായിരുന്നു പിന്നെ കൂട്ടായി 

 

sreepath-4

ഉണ്ണി മുകുന്ദൻ ചേട്ടനോടൊപ്പമാണ് അഭിനയിക്കേണ്ടത് എന്നറിഞ്ഞപ്പോൾ ആദ്യം പേടിയായിരുന്നു. അച്ഛാ ഉണ്ണിച്ചേട്ടൻ എന്ത് പറയും എന്ന് അച്ഛനോട് ചോദിക്കുമായിരുന്നു.  പക്ഷേ ഉണ്ണിച്ചേട്ടനെ കണ്ടപ്പോൾ പേടി എല്ലാം പോയി. വളരെ സ്നേഹത്തോടെ ആണ് ഉണ്ണിച്ചേട്ടൻ പെരുമാറിയത്. അഭിനയിക്കാൻ പറ്റാത്ത ഭാഗങ്ങൾ എങ്ങനെ ചെയ്യണമെന്ന് ഉണ്ണിച്ചേട്ടൻ പറഞ്ഞു തന്നു. അങ്ങനെ സംശയമൊക്കെ ഉണ്ണിച്ചേട്ടനോട് ചോദിച്ചാണ് ചെയ്തത്. പിന്നെ അഭിനയിച്ചു നടന്നാൽ മാത്രം പോരാ നന്നായി പഠിക്കണം എന്നും പറയും. 

തിരക്കഥാകൃത്ത് അഭിലാഷ് ചേട്ടനും സംവിധായകൻ വിഷ്ണു ചേട്ടനുമൊക്കെ വളരെ സ്നേഹമായിരുന്നു. മകനിൽ നല്ലൊരു നടനുണ്ട് എന്ന് അച്ഛനോട് അവർ പറയാറുണ്ട്.  ഒരു കോമഡി താരം പോലും വേണ്ട മോന്റെ എക്സ്പ്രഷൻ കൊണ്ട് തന്നെ ആളുകളിൽ ചിരി വരുന്നുണ്ട് എന്നും  അവർ പറയാറുണ്ട്.

sreepath-family
മാളികപ്പുറം സംവിധായകൻ വിഷ്ണു ശങ്കറിനൊപ്പം ശ്രീപതിന്റെ മാതാപിതാക്കളും കുഞ്ഞനുജത്തിയും

 

പ്രതികരണങ്ങൾ 

sreepath-mammootty

 

സിനിമ കണ്ടിട്ട് പ്രതികരണം അറിയിക്കാൻ അച്ഛന്റെ ഫോണിലേക്ക് എന്നും കോളും മെസ്സേജും വരാറുണ്ട് .  വിളിക്കുമ്പോൾ ദേവനന്ദയും ഞാനും ഒരുപോലെ നന്നായി എന്ന് പറയും.  ദേവനന്ദയുടെ  അച്ഛനെ വിളിക്കുന്നവരും രണ്ടുപേരെയും അഭിനന്ദിക്കാനാണ് വിളിക്കുന്നത്. മാളികപ്പുറത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. നന്നായിരുന്നു എന്ന് എല്ലാവരും പറയുന്നത് കേൾക്കുമ്പോൾ സന്തോഷമുണ്ട്.

 

അട്ടയെ പേടി 

 

കൊടും കാട്ടിൽ ആയിരുന്നു കുറച്ചു ദിവസം ഷൂട്ടിങ്. അവിടെയുള്ള ഏറ്റവും വലിയ ബുദ്ധിമുട്ട് അട്ട കടിക്കും എന്നതായിരുന്നു. കാലിൽ കയറിയിരുന്നു ചോരകുടിച്ച് വലുതാകുന്ന അട്ട. അട്ടയെ കാണുമ്പോൾ പേടിച്ചോടും, പിന്നെ പിന്നെ വിഷ്ണു ചേട്ടൻ അട്ട എന്ന് പറഞ്ഞു കളിയാക്കാൻ തുടങ്ങി. കുറച്ചു ദിവസമായപ്പോൾ അത് ശീലമായി മാറി.

 

അധ്യാപകരുടെ പിന്തുണ 

 

ഷൂട്ടിങ്ങിനു പോകുമ്പോൾ സ്കൂളിൽ പോകാൻ പറ്റില്ല.  കുമാരി സിനിമക്ക് വേണ്ടി മുടി വളർത്തിയിരുന്നു.  പക്ഷേ സ്കൂളിൽ അത്രയും മുടി വളർത്തി പോകാൻ പറ്റില്ല. അച്ഛൻ അത് അധ്യാപകരോട് പറഞ്ഞപ്പോൾ അത് കുഴപ്പമില്ല അവന്റെ നല്ല ഭാവിക്ക് വേണ്ടിയല്ലേ എന്നാണ് പറഞ്ഞത്. പിന്നെ മാളികപ്പുറത്തിലും ആ ലുക്ക് തന്നെയായിരുന്നു. ക്ലാസ്സിൽ അന്നന്നുള്ള നോട്ടുകൾ അച്ഛനും അമ്മയും എഴുതിയെടുക്കും. അച്ഛനും അമ്മയും അധ്യാപകർ ആയതുകൊണ്ട് അതാത് ദിവസത്തെ പാഠഭാഗങ്ങൾ അവർ തന്നെ പഠിപ്പിക്കും. സംശയം ഉണ്ടെങ്കിൽ ടീച്ചർമാർ പറഞ്ഞു തരും. സ്കൂളിലെ അധ്യാപകർ നല്ല സപ്പോർട്ട് ആണ് തരുന്നത്. സ്കൂളിൽ ഇതുവരെയും ഫുൾ എ പ്ലസ് ഉണ്ട്.   

 

കുടുംബം 

 

കണ്ണൂർ ജില്ലയിൽ പയ്യന്നൂരിനടുത്തുള്ള പേരൂൽ എന്ന സ്ഥലത്താണ് എന്റെ വീട്.  മാതമംഗലം ജിഎൽപി എസിൽ നാലാം ക്ലാസ്സിലാണ് പഠിക്കുന്നത്. അച്ഛൻ രജീഷും അമ്മയും രസ്നയും സ്കൂൾ അധ്യാപകരാണ്. മൂന്നു വയസ്സുള്ള അനിയത്തിക്കുട്ടി ഉണ്ട്. കുഞ്ഞുന്നാൾ മുതൽ അച്ഛൻ പറയുന്നത് അനുകരിച്ചു കാണിക്കും. അതിനു ശേഷം ടിക്ക്ടോക് ചെയ്തു തുടങ്ങി. നടൻ ദിലീപും കാവ്യാ മാധവനും ടിക്ക് ടോക് കണ്ടിട്ട് വളരെ നന്നായിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു.  സിനിമ കണ്ടിട്ട് ഞങ്ങളുടെ നാട്ടുകാരും എന്റെ കൂട്ടുകാരുമൊക്കെ നന്നായിട്ടുണ്ട് എന്ന് പറഞ്ഞു.  

 

മമ്മൂക്കയോടൊപ്പം അഭിനയിക്കണം

 

ആദ്യമായി അഭിനയിച്ച "ത തവളയുടെ ത" എന്ന സിനിമ ഉടൻ തന്നെ റിലീസ് ആകും. കുട്ടികൾക്ക് പ്രാധാന്യമുള്ള സിനിമയാണ്. സെന്തിൽ കൃഷ്ണയാണ് പ്രധാന താരം, കുറെ കുട്ടികളും അഭിനയിക്കുന്നുണ്ട്.  അടുത്തായി രണ്ടു സിനിമകളിൽ അഭിനയിക്കാൻ പോവുകയാണ്. സൈജു കുറുപ്പ് അങ്കിളിന്റെ മകൻ ആയി ഒരു സിനിമ, രുധിരം എന്ന സിനിമയിലും അഭിനയിക്കുന്നുണ്ട്. രണ്ടും ജനുവരിയിലും ഫെബ്രുവരിയിലുമായി ഷൂട്ടിങ് ഉണ്ട്. എനിക്ക് വലുതാകുമ്പോൾ പൊലീസ് ആകാൻ ആണ് ആഗ്രഹം. പഠിക്കുന്നതിനൊപ്പം സിനിമയിലും അഭിനയിക്കണം. മമ്മൂക്ക അങ്കിൾ, പൃഥ്വിരാജ് അങ്കിൾ എന്നിവരോടൊപ്പം അഭിനയിക്കണം എന്നതാണ് ഏറ്റവും വലിയ ആഗ്രഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com