വനിത ചതിച്ചു; പ്രണയമെന്നത് കള്ളക്കഥ: തുറന്നടിച്ച് റോബര്‍ട്ട്
Mail This Article
നടി വനിത തന്നെ ചതിക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി നൃത്തസംവിധായകന്‍ റോബര്‍ട്ട് രംഗത്ത്. വനിതയും താനും തമ്മില്‍ പ്രണയത്തിലാണെന്നുള്ള വാര്‍ത്ത തെറ്റാണെന്നും വനിത തന്നെ പറഞ്ഞുണ്ടാക്കിയതാണെന്നും റോബര്‍ട്ട് ആരോപിക്കുന്നു. തമിഴ് നടനും കൊറിയോഗ്രാഫറുമാണ് റോബർട്ട്.
‘ഞാനും വനിതയും ഒരുമിച്ച് ഒരു സിനിമ നിര്‍മിച്ചിരുന്നു. എംജിആർ രജനി കമൽ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ഞങ്ങളായിരുന്നു പ്രധാനവേഷത്തിൽ എത്തിയതും. സിനിമ വിജയിക്കാന്‍ ഞങ്ങള്‍ തമ്മില്‍ പ്രണയമാണെന്ന് ഗോസിപ്പ് പരത്തിയത് വനിതയാണ്. സിനിമ ഇറങ്ങി വിജയിച്ചുകഴിഞ്ഞാല്‍ ജനങ്ങള്‍ ഇതെല്ലാം മറക്കുമെന്നും വനിത പറഞ്ഞു. എന്നാൽ ഈ വാര്‍ത്ത വന്നതോടെ കുടുംബജീവിതത്തില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചു. എന്റെ ഭാര്യ വനിതയുമായി വഴക്കിട്ടു.’– റോബര്‍ട്ട് പറയുന്നു.
ജനശ്രദ്ധ നേടാന്‍ എന്ത് പച്ചക്കള്ളം പറയാനും വനിതയ്ക്ക് മടിയില്ല. 15–20 വര്‍ഷമായി വനിത മറ്റൊരാളുമായി പ്രണയത്തിലാണ്. അത് മറച്ചുവെച്ചുകൊണ്ടാണ് താന്‍ ഒറ്റയ്ക്കാണെന്ന് പരിപാടിയില്‍ പറയുന്നതെന്നും റോബര്‍ട്ട് പറയുന്നു.
ബിഗ് ബോസ് തമിഴ് മൂന്നാം പതിപ്പിലെ മത്സരാര്‍ഥിയാണ് വനിത വിജയകുമാര്‍. ബിഗ് ബോസിലെ വിവാദനായികയും വനിത തന്നെയാണ്. മുൻ ഭർത്താവ് നൽകിയ പരാതിയിൽ വനിതയെ ചോദ്യം െചയ്യാൻ തെലങ്കാന പൊലീസ് എത്തിയതിനെത്തുടർന്നു ഇതേ സെറ്റിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയിരുന്നു. പരസ്പര ധാരണയോടെ പിരിഞ്ഞ സമയത്തെ കരാറിനു വിരുദ്ധമായി മകളെ കാണാൻ തന്നെ അനുവദിക്കുന്നില്ലെന്നു കാണിച്ചാണു വനിതയുടെ മുൻ ഭർത്താവ് ആനന്ദ് രാജൻ പരാതി നൽകിയത്. അതേസമയം, അമ്മയ്ക്കൊപ്പം കഴിയാനാണു താൽപര്യമെന്നു മകൾ പൊലീസിനെ അറിയിച്ചതായാണു സൂചന. പ്രമുഖ താര ദമ്പതികളായ വിജയകുമാർ- മഞ്ജുള ദമ്പതികളുടെ മകളാണു വനിത. നടൻ അരുൺ വിജയ്, വനിതയുടെ സഹോദരനാണ്. ഹിറ്റ്‌ലർ ബ്രദേഴ്സ് എന്ന ചിത്രത്തിലൂടെ മലയാളികൾക്കും സുപരിചിതയാണ് നടിയെ.
വിവിധ മേഖലയിൽ നിന്നുള്ള 15 പ്രമുഖർ 100 ദിവസം പുറംലോകവുമായി ബന്ധമില്ലാതെ ഒരു വീട്ടിൽ താമസിക്കുന്ന റിയാലിറ്റി ഷോയാണു ബിഗ് ബോസ്. ഇപ്പോൾ നടക്കുന്ന മൂന്നാം എപ്പിസോഡിലെ മൽസരാർഥിയാണു വനിത. ചെമ്പരമ്പാക്കത്തെ ഇവിപി ഫിലിം സിറ്റിയിലാണു സെറ്റൊരുക്കിയിരിക്കുന്നത്. സെറ്റിൽ പ്രവേശിച്ചാൽ പിന്നീട് ഷോയിൽ നിന്നു പുറത്താകാതെ മൽസരാർഥികൾ പുറത്തു വരാറില്ല.
കേസുമായി ബന്ധപ്പെട്ട് വനിതയുടെ മൊഴി രേഖപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നും അറസ്റ്റുണ്ടാകില്ലെന്നും പൊലീസ് അറിയിച്ചു. അതിനാൽ, വനിത ബിഗ് ബോസിൽ തുടരും. കോടതി വിധി പ്രകാരം ഭർത്താവിനൊപ്പമായിരുന്നു മകൾ. കഴിഞ്ഞ മാസം മകളെ കാണാനെത്തിയ വനിത, ആനന്ദ് രാജ് അറിയാതെ മകളെ തനിക്കൊപ്പം കൊണ്ടുവന്നു. ഇതിനെത്തുടർന്നാണ് ആനന്ദ് പൊലീസിൽ പരാതി നൽകിയത്.