ADVERTISEMENT

ഷൈലോക്ക് എന്ന മമ്മൂട്ടി സിനിമ വലിയ വിജയം നേടി മുന്നേറുമ്പോൾ വലിയൊരു ആശ്വാസത്തിലാണ് സംവിധായകൻ അജയ് വാസുദേവും നിർമാതാവ് ജോബി ജോർജും. അമിത പ്രതീക്ഷ ഇല്ലാതെ പോയാൽ ഇഷ്ടപ്പെടും എന്ന് ആരും പറഞ്ഞില്ല മറിച്ച് എല്ലാവരുടെയും പ്രതീക്ഷകൾ കാക്കാനായി എന്നതു തന്നെയാണ് അവരുടെ ആശ്വാസത്തിനു കാരണവും. സിനിമയുടെ ടെൻഷനുകൾ ഇല്ലാതെ ഇരുവരും മനോരമ ഒാൺലൈനിനായി ക്യാമറയ്ക്കു മുന്നിൽ ഒന്നിച്ചപ്പോൾ. 

 

ജോബി: കോട്ടയത്ത് ഒരു സിനിമ രണ്ടാഴ്ച ഓടിയാൽ ആ സിനിമ മഹാ വിജയമാണെന്ന് പണ്ടു മുതലേ ഒരു സംസാരം ഉണ്ട്. അന്നു മുതൽ നമ്മുടെ സിനിമ വരുമ്പോൾ, ദൈവമേ കോട്ടയത്ത് രണ്ടാഴ്ച ഓടണേ എന്ന് പ്രാർഥിക്കാറുണ്ട്. ഷൈലോക്ക് എന്ന ഞങ്ങളുടെ സിനിമയ്ക്ക് കോട്ടയത്ത് ഇപ്പോഴും ആളുണ്ട് അതിനു ഞാൻ നന്ദി പറയുന്നത് അജയ്ക്കാണ്. കാരണം ടെക്നിക്കലി പണം മുടക്കുന്നത് പ്രൊഡ്യൂസർ ആണെങ്കിലും സിനിമയുടെ കപ്പിത്താൻ ഡയറക്ടറാണ്. അതിന് ഞാൻ നിങ്ങളോട് ഒരു സ്പെഷൽ താങ്ക്സ് പറയുന്നു. 

 

അജയ്: ക്യാപ്റ്റനായിരുന്നിട്ട് കാര്യമില്ല‌, കപ്പൽ പോകണമെങ്കിൽ ഇന്ധനം വേണം. ജോബി ചേട്ടൻ ആദ്യമായിട്ടാണ് താൻ നിർമിക്കുന്ന ഒരു സിനിമയുടെ കഥ കേൾക്കുന്നത്. ഒരു പക്കാ ബിസിനസ്സുകാരനാണെങ്കിൽ കഥ കേൾക്കേണ്ട, ബ‍‍ജറ്റ് അറിഞ്ഞാൽ മതി. പക്ഷേ കഥ കേട്ടു കഴിഞ്ഞിട്ട് ജോബി ചേട്ടൻ പറഞ്ഞു എവിടെയൊക്കെയോ എന്റെ കണ്ണു നിറഞ്ഞു എന്ന്‌. ‌ഒരു കഥ കേട്ടു കഴിഞ്ഞാൽ എങ്ങനെയാണോ നമ്മൾ മനസ്സിൽ ഉദ്ദേശിക്കുന്നത് അതു മനസ്സിലാക്കാൻ പറ്റുന്ന ഒരാളാണ് അദ്ദേഹം എന്ന് എനിക്ക് അപ്പോൾ മനസ്സിലായി. എന്തുകൊണ്ടാണ് ജോബി ചേട്ടൻ സിനിമയുടെ കഥയൊന്നും കേൾക്കാത്തത്?

ajai-vasudev-joby-george

 

ജോബി: ഞാനൊരു ബിസിനസ് മൈൻഡ് ഉള്ള ആളാണ്. എന്നെ അങ്ങനെ ആക്കിയത് സമൂഹവും എന്റെ സാഹചര്യങ്ങളും ആണ്. എന്നെപ്പറ്റി എല്ലാവരും പറയുന്നത് ഇവൻ ഒരു സ്ഥലത്തും അടങ്ങിയിരിക്കുന്നവനല്ല എന്നാണ്. അങ്ങനെയുള്ള ഞാൻ ഒരു കഥ കേൾക്കാൻ വേണ്ടി സമയം കളയാൻ താൽപര്യപ്പെടാത്ത ആളാണ്. പക്ഷേ ആരോടും പറയാത്ത ഒരു കാര്യം ഞാൻ അജയ്‌യോട് പറയാം. 1984–ൽ ഏറ്റുമാനൂർ ഉപജില്ല കലോത്സവത്തിൽ ഞാൻ അഭിനയിച്ച പൗലോസ് എന്ന നാടകത്തിന് അവാർഡ് ലഭിച്ചിട്ടുണ്ട്. അതുപോലെ മോണോ ആക്ട്, മിമിക്രി ഇതിനൊക്കെ എനിക്ക് സമ്മാനം കിട്ടിയിട്ടുണ്ട്. അപ്പോള്‍, കഥ കേട്ടാൽ മനസ്സിലാക്കാനുള്ള കഴിവൊക്കെയുണ്ട്. എന്റെ അച്ഛനും അമ്മയ്ക്കും ഞാൻ ഒറ്റ മോനാണ്. എല്ലാവരും എന്നെ ശ്രദ്ധിക്കണമെന്ന് എനിക്കുണ്ടായിരുന്നു. മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാനായി, സ്കൂളിൽ പഠിക്കുന്ന കാലത്ത് രണ്ട് ഡൈനാമോ വച്ച സൈക്കിൾ ഓടിക്കുക, കോളജിൽ പോകുമ്പോൾ കൈനറ്റിക് ഹോണ്ടയുടെ ഹെഡ് ലൈറ്റ് തിരിച്ചു വയ്ക്കുക അങ്ങനെയൊക്കെ ചെയ്യുമായിരുന്നു. കഥ കേൾക്കാനിരിക്കുമ്പോൾ ഞാൻ നിങ്ങളെ ബോറടിപ്പിക്കുമോ, സിനിമ നല്ലതാകുമോ ചീത്തയാകുമോ എന്നൊക്കെയുള്ള കൺഫ്യൂഷൻ വരുമോ എന്നൊക്കെയുള്ളതു കൊണ്ടാണ് കേൾക്കാത്തത്. ബിസിനസ്സിൽ കൂട്ടിക്കുറച്ചു നോക്കുമ്പോൾ 15 കോടി രൂപ ബജറ്റിൽ ചെയ്യുന്ന ഒരു സിനിമയുടെ കണക്കുകളും ചെലവുകളും ഒരു കോടി രൂപയുടെ അന്തരത്തിൽ ആണെങ്കിൽ നമുക്ക് റിസ്കെടുക്കാം. എന്റെ സാഹചര്യം കൊണ്ട് ഞാൻ കുറച്ചു റിസ്കേ എടുക്കൂ. കാരണം എനിക്കു പിന്നിൽ പ്രളയമല്ല. എനിക്കു പിന്നിൽ മൂന്ന് മക്കളും അമ്മയും ഭാര്യയും ഉണ്ട്. 

 

അജയ്: നാടകത്തിൽ ബെസ്റ്റ് ആക്ടറായ ചേട്ടൻ എന്തുകൊണ്ടാണ് ഞാൻ ഈ സിനിമയിൽ അഭിനയിക്കാൻ വിളിച്ചപ്പോഴൊക്കെ കോട്ടയത്തേക്ക് മുങ്ങിക്കളഞ്ഞത് ?

 

ജോബി: എന്നിലെ എന്തെങ്കിലും പോരായ്മകള്‍ കാരണം ഒരു ദിവസം കൂടി ഷൂട്ട് നീണ്ടു പോകരുത് എന്നു കരുതിയിട്ടാണ്. 

 

അജയ്: ബെസ്റ്റ് ആക്ടർ അവാർഡ് കിട്ടിയ വിവരം നേരത്തെ അറിഞ്ഞിരുന്നെങ്കിൽ കോട്ടയത്ത് വന്നു പിടിച്ചു കൊണ്ടു വന്നേനെ. 

 

ajai-vasudev-shylock-mammootty

ജോബി: ഈ വിവരം 23 സിനിമകൾ കഴിഞ്ഞിട്ടും ഞാൻ ആരോടും പറഞ്ഞിട്ടില്ലല്ലോ. എന്തുകൊണ്ട് ഞാൻ താങ്കളോട് പറഞ്ഞു എന്നു ചോദിച്ചാൽ താങ്കൾ എനിക്ക് അത്രയും പ്രിയങ്കരനാണ്. എനിക്കുള്ള ഒരു സംശയം, എന്തു കൊണ്ടാണ് ഇൗ സിനിമയിൽ അജയ് അധികം സ്കോർപിയോ ഉപയോഗിക്കാഞ്ഞത് ?

 

അജയ്: ഉപയോഗിച്ചിട്ടുണ്ടല്ലോ. പക്ഷേ പൊളിച്ചിട്ടില്ല. 

 

ജോബി: എന്താണ് അജയ്‌യ്‌ക്ക് സ്കോർപിയോ ഇത്ര വീക്നെസ് ?

 

അജയ്: അങ്ങനെയൊന്നുമില്ല. നമ്മൾ സിനിമകളിൽ കണ്ടിട്ടുണ്ടല്ലോ, സ്കോർപിയോ വില്ലൻമാർ ഉപയോഗിക്കുന്നത്. അത് ഫൈറ്റിൽ യൂസ് ചെയ്യുന്നു. അങ്ങനെ വന്നതാണ്. 

 

ജോബി: അല്ലാതെ സ്കോർപിയോ പണ്ട് കിട്ടാതിരുന്നിട്ടോ അതിനോട് വിരോധമുണ്ടായിട്ടോ അല്ല. അല്ലേ ? 

 

അജയ് : അങ്ങനെയൊന്നുമില്ല.  

 

ജോബി: എല്ലാവരുടെയും സംശയം ക്ലൈമാക്സിലെ ഫൈറ്റിൽ മമ്മൂക്ക കാലു പൊക്കുന്നത് െചയ്തിരിക്കുന്നത് ഡ്യൂപ്പാണോ എന്നാണ്. അത് ഡ്യൂപ്പല്ല. അതെങ്ങനെയാണ് നിങ്ങൾ ഷൂട്ട് ചെയ്തത് ?  

 

അജയ്: രാജാധിരാജ മുതലുള്ള സിനിമകളിൽ ഫൈറ്റിനെ എങ്ങനെ അപ്രോച്ച് ചെയ്തോ അതുപോലെ തന്നെയാണ് ഇതിലും ചെയ്തിരിക്കുന്നത്. ഈ സിനിമയിൽ എല്ലാവരും ചർച്ച ചെയ്തത് ക്ലൈമാക്സിലെ ഫൈറ്റാണ്. മമ്മൂക്ക അത്രയും റിസ്കെടുത്ത് ചെയ്ത ആ ഫൈറ്റിനാണ് ഏറ്റവും കൂടുതൽ ശ്രദ്ധ കിട്ടിയത്.

 

ജോബി: സംഭവമൊക്കെ ശരിയാണ്. പക്ഷേ എന്റെ 75 ലക്ഷം രൂപ കൂടി പോയി ഇൗ ഫൈറ്റെല്ലാം ചെയ്തപ്പോൾ. 

 

അജയ്: പ്രൊഡ്യൂസർ എന്ന നിലയിൽ ജോബി ചേട്ടൻ നമ്മൾ പറയുന്ന കാര്യങ്ങളിൽ ഒരിക്കലും ഇടപെട്ടിട്ടില്ല. എന്തെങ്കിലും ആവശ്യം പറയുമ്പോൾ വേണ്ട എന്നു പറഞ്ഞിട്ടില്ല. അതു താങ്കളുടെ വലിയൊരു നന്മയായാണ് ഞാൻ കരുതുന്നത്. 

 

ജോബി:  നമ്മൾ ഒരു ബജറ്റിട്ടു പോയി കഴിഞ്ഞാൽ നിങ്ങളുടെ ക്രിയേറ്റിവിറ്റിയിൽ ഞാൻ കേറി തലയിടുന്നത് വിഡ്ഢിത്തരമാണ്. നിങ്ങളുടെ തലയിൽ ഇരിക്കുന്ന ഒരു ഐഡിയയാണ് ഒരു സിനിമയായി ക്യാമറയിൽ ഒപ്പി എടുക്കുന്നത്. അവിടെ ഞാൻ അഭിപ്രായം പറയുന്നത് ശരിയല്ല. അത് ഒന്നാമത്തെ കാര്യം. രണ്ടാമത്, ഞാൻ വരേണ്ട ആവശ്യം ടെക്നിക്കലി അവിടെ ഇല്ല. പിന്നെ അവിടെവന്ന് കാലിന്മേൽ കാൽ കയറ്റി വച്ച് ആളു കളിക്കാൻ എനിക്ക് താൽപര്യവുമില്ല. അതുകൊണ്ടാണ് വരാത്തത്. പക്ഷേ നിങ്ങൾ എല്ലാ കാര്യങ്ങളും അറിയിക്കുന്നുണ്ട്. ഞാൻ എല്ലാം അറിയുന്നുമുണ്ട്. അതു മതി. പൈസ മുടക്കുന്ന ആളെ നിങ്ങൾ എന്നും രാവിലെ വിളിച്ച് സംസാരിക്കുന്നു. ഇത്ര കാര്യങ്ങളൊക്കെയാണ് ചെയ്യാൻ പോകുന്നത്. അല്ലെങ്കിൽ ഞാനിതൊക്കെ ചെയ്തു എന്നു പറയാൻ കാണിക്കുന്ന മാന്യത. അതാണ് നിങ്ങളുടെ ഏറ്റവും വലിയ ഒരു ക്വാളിറ്റി.

 

അജയ്: ഷൈലോക്കിന്റെ ഏറ്റവും വലിയ വിജയം മമ്മൂക്കയുടെ ക്യാരക്ടറാണ്. നമ്മൾ എന്താണ് ഉദ്ദേശിച്ചതെന്ന് കറക്ടായിട്ട് മമ്മൂക്കയുമായി കമ്യൂണിക്കേറ്റ് ചെയ്യാനായി. ഈ സിനിമയുടെ സെക്കൻഡ് പാർട്ടിനെപ്പറ്റി ഇതു വരെ ചിന്തിച്ചിട്ടില്ല. ഷൈലോക്കിന്റെ റൈറ്റേഴ്സ് അനീഷ് ഹമീദും ബിപിൻ ജോർജും പുതിയ ആൾക്കാരാണ്. അനീഷ് ചങ്ക്സ് എന്ന സിനിമയുടെ കോ–റൈറ്റർ ആയിരുന്നു. ബിപിനെ ഈ സിനിമയിലൂടെയാണ് പരിചയപ്പെടുന്നത്. നല്ല കഴിവുള്ളവരാണ്. പുതിയ സിനിമകളുടെ ചർച്ചകൾ നടക്കുന്നുണ്ട്. ‌

 

ജോബി: സെക്കൻഡ് പാർട്ട് എടുക്കുക എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്.  നല്ല കഥകളും സാഹചര്യവും ഒത്തു വരുകയും മമ്മൂക്ക സമ്മതിക്കുകയും ചെയ്താൽ നമുക്കൊരു സെക്കൻഡ് പാർട്ടെടുക്കാം. പക്ഷേ ഒരു കാര്യം വ്യക്തമായി പറയാം, ഞാനൊരു വലിയ ബിസിനസുകാരനാണ്. ഞാൻ ഒരു വല എറിഞ്ഞു വച്ചിട്ടുണ്ട്. അതിൽ ഒരു സ്രാവ് ഇരിപ്പുണ്ട്. പക്ഷേ മലയാള സിനിമയിൽ ഒരു പ്രത്യേകതയുണ്ട്. പലരും വന്ന് ഈ വല മുറിക്കും. ആ സ്രാവ് വളരെ കംഫർട്ടായിട്ടാണ് അവിടെ ഇരിക്കുന്നത്. ആരും വന്ന് ആ വല മുറിച്ചില്ലെങ്കിൽ ആ സ്രാവുമായി നമ്മൾ ഒരു വരവു വരും. 

 

Watch on youtube

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com