പണമിടപാട് അക്കൗണ്ടുകൾ വഴി മാത്രം: നിർമാതാക്കൾക്കും പറയാനുണ്ട്
Mail This Article
കേരളത്തെ ഞെട്ടിച്ച സ്വർണക്കടത്തു കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനൊപ്പം സജീവമാണ് അതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും. കേസിലെ മുഖ്യ ആസൂത്രകനെന്ന് ആരോപിക്കപ്പെടുന്ന ഫൈസൽ ഫരീദിനെക്കുറിച്ച് പ്രചരിക്കുന്ന നിറം പിടിപ്പിച്ച കഥകളിൽ മലയാള സിനിമയും ഇടം നേടിയതോടെ ചർച്ചകൾ ആ വഴിക്കായി. അതോടെ പ്രതിരോധത്തിലായത് നിർമാതാക്കളാണ്. ഉന്നയിക്കപ്പെടുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി അവരിൽ പലരും രംഗത്തു വന്നെങ്കിലും സിനിമാതിരക്കഥയെ വെല്ലുന്ന സംഭവങ്ങളാണ് സത്യമെന്ന ലേബലിൽ പലരും പ്രചരിപ്പിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കാവുന്ന എളുപ്പമാർഗമായി സിനിമയെ ഇവർ അവതരിപ്പിക്കുമ്പോൾ യഥാർഥത്തിൽ പ്രതിസന്ധിയിലാകുന്നത് മലയാള സിനിമാവ്യവസായമാണെന്ന് കേരളത്തിലെ പ്രമുഖ നിർമാതാക്കൾ പറയുന്നു. പലയിടത്തു നിന്നും പലിശയ്ക്ക് എടുത്തും കടം വാങ്ങിയുമൊക്കെയാണ് നിർമാതാക്കളിൽ പലരും സിനിമ ചെയ്യുന്നത്. സത്യസന്ധമായി തുടർന്നുകൊണ്ടുപോകുന്ന മേഖലയെ തകര്‍ക്കുന്നതിന് തുല്യമാണ് ഈ ആരോപണങ്ങൾ. മലയാളത്തിലെ സിനിമാനിർമാണം വ്യക്തികളിൽ നിന്ന് ഏതാണ്ട് പൂർണമായും പ്രൊഡക്‌ഷൻ ഹൗസുകളിലേക്ക് മാറുന്ന ഈ കാലഘട്ടത്തിൽ ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ഇവരുടെ പക്ഷം. കേരളത്തെ ചൂടു പിടിപ്പിക്കുന്ന ഈ വിവാദങ്ങൾക്കിടയിൽ, സിനിമയിലെ പണമിടപാടുകളെക്കുറിച്ച് കേരളത്തിലെ പ്രമുഖ സിനിമാനിർമാതാക്കൾ മനോരമ ഓൺലൈനിൽ.
എന്തിനീ പുകമറ? പണമിടപാട് അക്കൗണ്ടുകൾ വഴി മാത്രം: ബി ഉണ്ണികൃഷ്ണൻ
ഏറ്റവും എളുപ്പത്തിൽ പഴി ചാരാവുന്ന ഒരു ഇൻഡസ്ട്രിയായി സിനിമ മാറുന്നുണ്ട്. അതിപ്പോൾ ഏതു വിഷയവും ആയിക്കൊള്ളട്ടെ. അധോലോകബന്ധം വന്നാൽ പറയും, സ്വർണക്കടത്ത് വന്നാൽ അതും പറയും... കള്ളപ്പണം വന്നാലും പറയും. കഴിഞ്ഞ 15 വർഷത്തെ കാര്യങ്ങൾ അവലോകനം ചെയ്താൽ ഒരു കാര്യം വ്യക്തമാണ്. മലയാളത്തിലെ ഒട്ടുമിക്ക നിർമാതാക്കളും പ്രൊഡക്ഷൻ ഹൗസ് എന്ന ആശയത്തിലേക്ക് മാറിക്കഴിഞ്ഞു. അവർ ഒരു കമ്പനി രൂപീകരിച്ച് ആണ് സിനിമ ചെയ്യുന്നത്. ഒറ്റയ്ക്കൊക്കെ വന്നു സിനിമ ചെയ്തു പോകുന്നവരുണ്ടാകാം. അതായത്, ഒരു നിർമാതാവ് വരുന്നു... ഒരു സിനിമ ചെയ്യുന്നു... പിന്നെ നമ്മൾ അവരെക്കുറിച്ച് കേൾക്കില്ല. പക്ഷേ, മേജർ പ്രൊഡക്‌ഷൻസ് എല്ലാം പ്രൊഡക്ഷൻ ഹൗസിന്റെ സ്വഭാവത്തിലേക്ക് മാറിക്കഴിഞ്ഞു.
10 വർഷമായി സംവിധായകൻ തൊട്ട് ലൈറ്റ് ബോയ് വരെയുള്ള ആളുകൾക്ക് അക്കൗണ്ടിലൂടെയാണ് പൈസ മാറുന്നത്. ക്യാഷ് ട്രാൻസാക്ഷൻ ഇല്ലായെന്നു തന്നെ പറയാം. പ്രത്യേകിച്ച് ജി.എസ്.ടി വരുമ്പോൾ ഇൻപുട് എടുക്കണമല്ലോ. കൃത്യമായ ജി.എസ്.ടി ബില്ലുകൾ വേണം. ഞാൻ വർക്ക് ചെയ്ത എല്ലാ സിനിമകളും ക്യാഷ് ട്രാൻസാക്ഷൻ സീറോ ആണ്. അതിനാൽ, ഇതിൽ അനധികൃത സോഴ്സിൽ നിന്നുള്ള പണമെന്നു പറയുന്ന സാധ്യത വിരളമാണ്. ഏതൊരു ഇൻഡസ്ട്രിയിൽ ഉള്ള പോലെ ചിലർ അങ്ങനെയുണ്ടാകാം. തീരെ ഇല്ല എന്നു പറയാനുള്ള വിവരം എനിക്കില്ല. പക്ഷേ, 90 ശതമാനം സിനിമകളും ഇപ്രകാരം പൂർണമായും അക്കൗണ്ട് ട്രാൻസാക്ഷൻ വഴി പണമിടപാട് നടക്കുന്ന സിനിമകളാണ്.
ഇതിൽ മറ്റൊരു ലോജിക്ക് ഉണ്ട്. അതായത്, നമുക്ക് റവന്യു കിട്ടുന്നു. സാറ്റലൈറ്റ് റൈറ്റ് , ഡിജിറ്റൽ, തിയറ്റർ തുടങ്ങിയവയിലൂടെ റവന്യു കിട്ടുന്നുണ്ട്. ഇതിനൊക്കെ രേഖയുണ്ട്. ഞാൻ പ്രൊഡക്ഷനിൽ അക്കൗണ്ടബിൾ അല്ലാത്ത പണം ഉപയോഗിച്ചാൽ ചിലവ് കുറഞ്ഞിരിക്കും. പക്ഷേ, വരുമാനം വളരെ കൂടുതലാകും. ഒരുപക്ഷേ, എന്റെ സിനിമ നഷ്ടമാണെങ്കിൽ പോലും നികുതി കൊടുക്കേണ്ട സാഹചര്യം വന്നേക്കാം. ആ റിസ്ക് ഒരു നിർമാതാവും എടുക്കില്ല. ഒരു നിർമാണത്തിന് ഇറങ്ങുമ്പോൾ ഒരു പങ്കാളിയെ തിരഞ്ഞെടുക്കുകയാണെങ്കിൽ തീർച്ചയായും അയാളുടെ പശ്ചാത്തലം ഒന്ന് അന്വേഷിക്കും. രണ്ടു ദശാബ്ദത്തിലേറെയായി ഞാൻ മലയാളം സിനിമയിലുണ്ട്. ഇത്തരത്തിൽ ഒരു അനുഭവം എനിക്കുണ്ടായിട്ടില്ല. കാരണം, എന്റെ സിനിമയിൽ ഞാൻ ക്യാഷ് ട്രാൻസാക്ഷൻ അനുവദിക്കില്ല.
ഇങ്ങനെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ വരുന്നത് സിനിമാനിർമാണത്തെ ബാധിക്കും. ഈ ഇൻഡസ്ട്രിയിലേക്ക് പണം മുടക്കാൻ വരുന്നവർ രണ്ടാമതൊന്നു ആലോചിക്കും. വെറുതെ ഞാനെന്തിനാണ് ഈ പൊല്ലാപ്പ് എടുത്ത് തലയിൽ വയ്ക്കുന്നതെന്ന്! പല മാധ്യമങ്ങളും പേര് പറയാതെയും എന്നാൽ എല്ലാവർക്കും മനസിലാകുന്ന തരത്തിൽ പല സിനിമകളെക്കുറിച്ചും പറയുന്നുണ്ട്. ഇതെല്ലാം വളരെ ക്രഡിബിൾ ആയ പ്രൊഡ്യൂസേഴ്സ് ചെയ്ത പടങ്ങളാണ്. ഇത്തരത്തിലുള്ള വാർത്തകൾ പുകമറയാണ് സൃഷ്ടിക്കുന്നത്. കോവിഡ് മൂലം വലിയ പ്രതിസന്ധിയിലാണ് ഇപ്പോൾ മലയാളം സിനിമ. ഈ വ്യവസായത്തോട് അൽപമെങ്കിലും സ്നേഹം ഉള്ളവർ ഈ വിഷയം അവധാനതയോടെ റിപ്പോർട്ട് ചെയ്യണം. ഇൻഡസ്ട്രിയിൽ ചായ എടുത്തുകൊടുക്കുന്ന, ഡ്രൈവ് ചെയ്യുന്ന, ലൈറ്റ് പിടിച്ചു കൊടുക്കുന്ന, ഭക്ഷണം ഉണ്ടാക്കുന്ന ... അങ്ങനെയുള്ള ആളുകൾ മുതൽ മോഹൻലാൽ വരെയുണ്ട്. എത്രയോ തരത്തിലുള്ള ആളുകളുണ്ട് ഇവിടെ! അവരെയെല്ലാവരെയും സംശയത്തിന്റെ പുകമറയ്ക്കുള്ളിൽ നിറുത്തുക എന്നു പറയുന്നത് ഒട്ടും അഭിലഷണീയമായ സംഗതിയല്ല.
ഹവാല പണം ഇല്ലെന്ന് പറയാൻ പറ്റില്ല: സുരേഷ് കുമാർ
ഹവാല പണം ഉപയോഗിച്ച് നിർമിച്ച സിനിമകൾ മലയാളത്തിൽ വന്നിട്ടില്ലെന്ന് പറയാൻ കഴിയില്ല. പക്ഷേ, അതു കുറഞ്ഞിട്ടുണ്ട്. ഒരു കാലഘട്ടിൽ പകുതി ബ്ലാക്കും പകുതി വൈറ്റും ഒക്കെയാണ് വാങ്ങിച്ചുകൊണ്ടിരുന്നത്. കുറെക്കാലം മുൻപത്തെ കാര്യമാണ് ഞാൻ പറയുന്നത്. അത് ആർക്കും നിഷേധിക്കാൻ പറ്റില്ല. നോട്ടുനിരോധനത്തിനു ശേഷം ഇന്ത്യ ഡിജിറ്റൽ പണമിടപാടിലേക്ക് മാറിയപ്പോൾ അത് സിനിമാമേഖലയിലും പ്രതിഫലിച്ചു. ടെക്നീഷ്യൻസിനു ബാറ്റ പോലും അക്കൗണ്ട് വഴിയാണ് ഇപ്പോൾ കൊടുക്കുന്നത്. പിന്നെ, ഹവാല പണം ഇല്ലെന്ന് പറയാൻ പറ്റില്ല. ഒത്തിരി പേർ പുറത്തു നിന്നൊക്കെ വന്നു സിനിമയിൽ മുതൽമുടക്കുന്നവരുണ്ട്. വരുന്ന നിർമാതാക്കൾ ആരെന്ന് അറിയുന്നില്ല. അവരുടെ ആധാർ കാർഡും മറ്റു വിവരങ്ങളുമൊക്കെ കാണും. ‘ടൂറിസ്റ്റ് പ്രൊഡ്യൂസേഴ്സ്’ എന്നാണ് ഇവരെ പറയുന്നത്. ഇവർക്ക് സിനിമയോട് കമ്മിറ്റ്മെന്റ് ഇല്ല. സിനിമയുടെ ഗ്ലാമർ കണ്ടിട്ടാണ് പലരും വരുന്നത്. ഇവരിൽ 95 ശതമാനം ആളുകളും നഷ്ടം സഹിച്ചാണ് തിരിച്ചു പോകുന്നത്.
നിർമാതാവിന് വോയ്സ് ഇല്ല എന്ന രീതിയിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്. ആരാണ് പ്രൊഡ്യൂസർ എന്നു ചോദിച്ചാൽ പല ആർടിസ്റ്റിനും അറിയില്ല. അവർക്ക് പ്രൊഡക്‌ഷൻ മാനേജർമാരെയാണ് പരിചയം. അവരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. നിർമാതാവിനെ സെറ്റിൽ കാണാറു പോലുമില്ല. പണ്ടൊക്കെ നിർമാതാക്കൾ ആർടിസ്റ്റുകളോട് നേരിട്ട് സംസാരിച്ചാണ് പ്രതിഫലം ഉറപ്പിക്കുക. ഇപ്പോൾ സംസാരിക്കുന്നത് പ്രൊഡക്‌ഷൻ മാനേജരാണ്. അവരാണ് പ്രൊജക്ട് ഉണ്ടാക്കുന്നത്. നിർമാതാവിന് അഞ്ചു രൂപ ലാഭം കിട്ടുന്നത് അവിടെ പോയിക്കിട്ടും. ചുരുക്കം ആളുകളെ നിർമാതാക്കൾ നേരിട്ട് സംസാരിച്ച് കാര്യങ്ങൾ ശരിയാക്കുന്ന രീതി പിന്തുടരുന്നുള്ളൂ.
സിനിമാ നിർമാണരംഗത്തേക്ക് വരുന്നവരുടെ പക്കൽ നിന്ന്, പൊലീസ് വെരിഫിക്കേഷൻ വാങ്ങാറുണ്ട്. അവർക്ക് ക്രിമിനൽ ബന്ധമില്ലെന്ന ക്ലിയറൻസ് ആണ് വേണ്ടത്. അതിലൂടെ കുറേയൊക്കെ അവരുടെ പശ്ചാത്തലത്തെക്കുറിച്ച് അറിയാൻ കഴിയും. ഈ പറയുന്ന പോലെ അധോലോകമൊന്നും ഇതിനകത്ത് ഇല്ല. ഹവാല പണം വന്നിട്ടുണ്ടോ എന്നു ചോദിച്ചാൽ ഉണ്ടെന്ന് തന്നെ ഞാൻ പറയും. അത് വ്യക്തമായി എനിക്കറിയാം. പല രീതിയിലും പല ആൾക്കാരും പൈസ ഇറക്കിയിട്ടുണ്ട്. ഫൈനാൻസ് ചെയ്യുന്ന ആളുകൾ കുറേപ്പേരുണ്ട്. അവരിൽ പലരും ബ്ലാക്ക് കൊടുക്കാറുണ്ട്. ഇത്തരം വിവാദങ്ങൾ ഉണ്ടാകുമ്പോൾ സിനിമയിൽ മുതൽമുടക്ക് നടത്താൻ പലരും ഒന്നു മടിക്കും. പിന്നെ, ഇപ്പോൾ എല്ലാവർക്കും മാന്ദ്യകാലമാണ്. സ്വന്തം നില സുരക്ഷിതമാക്കാനേ ആരും ശ്രമിക്കൂ. സിനിമയിൽ പണം മുടക്കുന്നത് റിസ്ക് ആയതിനാൽ സുരക്ഷിതമായ നിക്ഷേപങ്ങളാകും പലരും തിരഞ്ഞെടുക്കുക. സിനിമ എന്നത് ആരുടെയും ഫസ്റ്റ് ചോയ്സ് അല്ല. അതിനാൽ തീർച്ചയായും സിനിമയിൽ മുതൽമുടക്ക് നടത്തുന്നവർ കുറയും.
സിനിമാമേഖലയെ തകർക്കരുത്: ആന്റോ ജോസഫ്
തെറ്റിദ്ധാരണകള്‍ പടർത്തുന്ന വാർത്തകളാണ് മലയാളസിനിമയ്ക്കെതിരെ വന്നുകൊണ്ടിരിക്കുന്നത്. പലയിടത്തു നിന്നും പലിശയ്ക്ക് എടുത്തും കടം വാങ്ങിയുമൊക്കെയാണ് നിർമാതാക്കളിൽ പലരും സിനിമ ചെയ്യുന്നത്. സത്യസന്ധമായി തുടർന്നുകൊണ്ടുപോകുന്ന മേഖലയെ തകര്‍ക്കുന്നതിന് തുല്യമാണ് ഇങ്ങനെയുള്ള ആരോപണങ്ങൾ.
ആരോ ഒരാൾ സിനിമയില്‍ അഭിനയിച്ചു, കൂടെ നിന്നു ഫോട്ടോ എടുത്തുന്നു എന്നതൊക്കെയാണ് ഇതിന് തെളിവുകളായി പറയുന്നത്. കോവിഡ് പ്രതിസന്ധിയിൽ നിസ്സഹായരായി നിൽക്കുന്ന നിർമാതാക്കളെ ഒന്നുകൂടി മാനസികമായി തളർത്തുകയാണ് ഇത്തരം ആരോപണങ്ങൾ.
ചെയ്തവർ ശിക്ഷ അനുഭവിക്കട്ടെ: സാബു ചെറിയാൻ
ഇന്ന് മലയാളസിനിമയിൽ മുടക്കുന്ന എഴുപതുശതമാനം ഫണ്ടും വിദേശത്തുനിന്നുള്ള നിക്ഷേപമാണ്. എന്നാൽ ആ പണത്തിന്റെ സോഴ്സോ മറ്റ് വിവരങ്ങളോ എല്ലാവർക്കും കൃത്യമായി അറിഞ്ഞുകൊള്ളണമെന്നുമില്ല. പൈസ മുടക്കുന്ന ആളുകളുടെ പശ്ചാത്തലമോ അല്ലെങ്കിൽ പങ്കാളികളാകുന്നവരുടെ ചരിത്രമോ ആരും അന്വേഷിച്ച് പോകാറുമില്ല. അറിഞ്ഞുകൊണ്ട് ആരും ഇങ്ങനെയുള്ള തെറ്റ് ചെയ്യുമെന്ന് തോന്നുന്നില്ല. ഇനി അറിഞ്ഞുകൊണ്ട് ആരെങ്കിലും ഇതിന് കൂട്ടുനിന്നിട്ടുണ്ടെങ്കിൽ അവർ നിയമപരമായ ശിക്ഷ അനുഭവിക്കുക തന്ന വേണം.
പണം കടം കൊടുക്കാൻ ഇനി ആളുകൾ മടിക്കും: സന്തോഷ് ടി കുരുവിള (മൂൺഷോട്ട് എന്റർടെയിൻമെന്റ്സ്)
സിനിമയെക്കുറിച്ച് ഇൗ മേഖലയ്ക്കു പുറത്തുള്ളവർക്ക് തെറ്റായിട്ടുള്ള പല ധാരണകളുമുണ്ട്. ലാഭത്തേക്കാൾ നഷ്ടത്തിന് സാധ്യതയുള്ള രംഗമാണ് ചലച്ചിത്ര മേഖല. പലർക്കും പണം നഷ്ടമാകാറാണ് പതിവ്. അതായത് സിനിമയിൽ റിസ്ക് ഫാക്ടർ കൂടുതലാണ്. അതിന്റെ കൂടെ ഇത്തരം അനാവശ്യ വിവാദങ്ങൾ കൂടി വന്നാൽ നിർമാതാക്കളുടെ മനസ്സു മടുക്കും. ബിസിനസ്സ് ചെയ്യുന്ന ആളുകൾ ചിലപ്പോൾ ബാങ്കുകളിൽ നിന്ന് ലോൺ എടുക്കും, അല്ലെങ്കിൽ ഷെയർ വഴി പണമുണ്ടാക്കും, അല്ലെങ്കിൽ മറ്റാരുടെയെങ്കിലും കയ്യിൽ നിന്ന് കടം വാങ്ങും. ഒരു മനുഷ്യന്റെ കയ്യിലും ആവശ്യത്തിൽ കൂടുതൽ പണം ഒരിക്കലും ഉണ്ടാകാറില്ല.
90 ശതമാനം ചിത്രീകരണം പൂർത്തിയാകുമ്പോഴായിരിക്കാം എന്തെങ്കിലും കാരണം കൊണ്ട് നിർമാതാവിന്റെ കയ്യിലെ പണം തീരുന്നത്. സിനിമ തീർക്കാൻ വേണ്ടി അയാൾ പിന്നെ കടം വാങ്ങും . ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന എന്റെ സിനിമയ്ക്ക് ഷൂട്ട് ആരംഭിക്കും മുമ്പ് കണക്കു കൂട്ടിയതിനെക്കാൾ ബജറ്റ് കൂടിപ്പോയി ഷൂട്ട് അവസാനിച്ചപ്പോൾ. പക്ഷേ ഇത്തരം കാര്യങ്ങൾ നേരത്തെ മനസ്സിൽ കണ്ട് ആ രീതിക്ക് ഒരുങ്ങിയതിനാൽ എനിക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല. അല്ലെങ്കിൽ ഉറപ്പായും കടം വാങ്ങേണ്ടി വന്നേനെ. ഇത്തരം വിവാദങ്ങൾ വരുന്നതോടെ നിർമാതാക്കൾക്ക് പണം കടം കൊടുക്കാൻ ഇനി ആളുകൾ മടിക്കും. ഇൗ അനാവശ്യ വിവാദങ്ങൾ സിനിമ എന്ന പ്രസ്ഥാനത്തെ എല്ലാ രീതിയിലും ബാധിക്കും.
നിർമാതാക്കളെ അടച്ചാക്ഷേപിക്കുന്നത് ദൗർഭാഗ്യകരം: ജോബി ജോർജ് (ഗുഡ്‌വിൽ എന്റെർടെയിൻമെന്റ്സ്)
ഗുഡ്‌വിൽ എന്റെർടെയിൻമെന്റ്സ് എന്ന എന്റെ കമ്പനിയുടെ എല്ലാ പണമിടപാടുകളും ബാങ്ക് വഴിയാണ് നടക്കുന്നത്. സർക്കാരിനു കൊടുക്കാനുള്ള എല്ലാ നികുതികളും കൊടുത്ത് എല്ലാ നിയമങ്ങളും പാലിച്ചാണ് സിനിമ നിർമിക്കുന്നത്. ആരെങ്കിലും ഒരാൾക്കെതിരെ എന്തെങ്കിലും ഒരു ആരോപണം വന്നാലുടനെ അതിനെ പൊതുവൽക്കരിക്കുന്ന രീതി ശരിയല്ല. എല്ലാവരും അങ്ങനെയാണെന്നു ധരിക്കുന്നത് മോശമാണ്. നേരായ വഴിയിൽ കാര്യങ്ങൾ നടത്തുന്ന എന്നെ പോലുള്ള നിർമാതാക്കൾക്ക് അതു വലിയ വിഷമം ഉണ്ടാക്കും.
പല ബിസിനസ്സുകൾ ഞാൻ ചെയ്തിട്ടുണ്ട്. പക്ഷേ ഹവാലാ പണം കൊണ്ട് എങ്ങനെയാണ് സിനിമ പിടിക്കുന്നതെന്ന് എനിക്കറിയില്ല. അതു കൊണ്ട് അത്തരം വാദങ്ങളിൽ കഴമ്പില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായം. പക്ഷേ ഒരാളെയും അടച്ചു കുറ്റം പറയുന്നത് ശരിയല്ല. സിനിമയുടെ ലാഭത്തെ ഒരു ബ്രഡ് ആയി കണക്കാക്കിയാൽ അതിന്റെ അവസാനത്തെ കഷ്ണമാണ് നിർമാതാവ് വീട്ടിൽ കൊണ്ടു പോകുന്നത്. നഷ്ടമുണ്ടായാൽ മറ്റാർക്കും ഒന്നും സംഭവിക്കില്ല. നിർമാതാവിനു മാത്രമായിരിക്കും. അങ്ങനെ കഷ്ടപ്പെടുന്നവരെ ഇങ്ങനെ ആക്ഷേപിക്കുക കൂടി ചെയ്യരുതെന്നാണ് എന്റെ അപേക്ഷ.
തയാറാക്കിയത്: സീന ആന്റണി, നിഖിൽ സ്കറിയ കോര, ടോണി മാത്യു