ADVERTISEMENT

ഇരിക്കാൻ നിലത്തെങ്കിലും ഇത്തിരി സ്ഥലം കിട്ടിയാൽ ഭാഗ്യം...ഒരു ഘട്ടത്തിൽ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ  ദക്ഷിണ കൊറിയൻ സംവിധായകൻ കിം കി ഡുക്കിന്റെ സിനിമകൾ പ്രദർശിപ്പിക്കുമ്പോൾ ഇതായിരുന്നു സ്ഥിതി. തിയറ്ററുകളിൽ സിനിമാപ്രേമികളുടെ വാഗൺ ട്രാജഡി തീർക്കുകയായിരുന്നു കിം കി ഡുക്ക്. അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ അസ്സഹനീയമായ ക്രൂരതയും രക്തച്ചൊരിച്ചിലും ലൈംഗിക അതിപ്രസരവും താങ്ങാനാകാതെ പലരും തലകറങ്ങി വീണു, ചിലർ അലറിക്കരഞ്ഞു, പിന്നെയും ഏറെപ്പേർ തിയേറ്റർ വിട്ടോടി. മനസ്സാന്നിധ്യമുള്ളവർ പിടിച്ചിരുന്നു, അവർ കിം കി ഡുക്കിനെ നെഞ്ചോടു ചേർത്തു വച്ചു. 

 

പതിനെട്ടാം രാജ്യാന്തര ചലച്ചിത്രമേളയിൽ വിശിഷ്ടാതിഥിയായെത്തിയ കിമ്മിനെ ഒന്നു കാണാൻ വേണ്ടി തിക്കിത്തിരക്കിയവരെക്കണ്ട് അദ്ഭുതസ്തബ്ധനായി നിന്നു പോയിട്ടുണ്ട് ആ സംവിധായകൻ. ലോകത്തിന്റെ ഒരു മൂലയ്ക്ക് കിടക്കുന്ന ഒരു സംസ്ഥാനത്ത് തനിക്ക് ഇത്രയേറെ ആരാധകരോ? തിരുവനന്തപുരത്ത് അതിരാവിലെ നടക്കാനിറങ്ങിയപ്പോൾ വഴിയോരത്തു വച്ചുപോലും പലരും പറയുന്നു–ദേ നോക്കിയേ കിം കി ഡുക്ക്! ഏതൊരു വിദേശ സംവിധായകനും ഞെട്ടിപ്പോകും, സ്വാഭാവികം. ഇംഗ്ലിഷ് പോലും ദ്വിഭാഷിയുടെ സൗകര്യത്തോടെ കൈകാര്യം ചെയ്യുന്ന കിം പക്ഷേ മലയാളി മേളപ്രേമികളുടെ സ്നേഹത്തിന്റെ ഭാഷയ്ക്കു മുന്നിൽ വിനീതനായിപ്പോയതും അതുകൊണ്ടാണ്.  

 

പക്ഷേ സ്പ്രിങ് സമ്മർ ഫോൾ വിന്റർ സ്പ്രിങ് പോലൊരു മനോഹര ചിത്രമൊരുക്കിയ കിമ്മിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാനാകാത്ത വിധമായിരുന്നു 2013ൽ ‘മൊബിയസി’ന്റെ വരവ്. തിരുവനന്തപുരം മേളയിൽ തിയേറ്റർ നിറച്ച കിം ചിത്രം.  പിന്നീടുള്ള തന്റെ സിനിമകളിൽ ഈ കയ്യൊപ്പ് പതിഞ്ഞോ എന്നു സംശയം ജനിപ്പിക്കുന്ന രീതിയിലായിരുന്നു പ്രേക്ഷക പ്രതികരണം. 2014ൽ വൺ ഓൺ വൺ എന്ന ചിത്രം കൂടി കിമ്മിന്റെ സംവിധാനത്തിലെത്തിയതോടെ പലരുടെയും മനസ്സു തകർന്നു. തിരുവനന്തപുരത്ത് വൺ ഓൺ വണ്ണിന്റെ അവസാനത്തെ ഷോ കാണാനുണ്ടായിരുന്നത് വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു. പക്ഷേ പിന്നീട് 2015ൽ സ്റ്റോപ്പ്, 2016ല്‍ നെറ്റ് എന്നീ ചിത്രങ്ങൾ രാജ്യാന്തര മേളയിൽ ചർച്ചാ വിഷയമാവുകയായിരുന്നു. ‘ദ് നെറ്റ്’ നിറഞ്ഞ കയ്യടികളോടെയാണ് ചലച്ചിത്രലോകം സ്വീകരിച്ചത്. കാൽ നൂറ്റാണ്ടിനോടടുത്ത ചലച്ചിത്ര ജീവിതത്തിനിടെ 24 ചിത്രങ്ങൾ മാത്രമാണ് അദ്ദേഹം ഒരുക്കിയത്. ഇനിയുമേറെ അദ്ഭുതങ്ങൾ കിമ്മിൽനിന്നു പ്രതീക്ഷിച്ചിരിക്കെയായിരുന്നു അപ്രതീക്ഷിതമായ വിടപറയൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com