മിക്സിങിൽ പുലിയാണ് സുജിത് ശ്രീധർ !
Mail This Article
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ മിക്സിങ് എൻജിനീയർമാരിൽ ഒരാളാണ് ചെന്നൈയിലെ 2 ബാർ ക്യു സ്റ്റുഡിയോയുടെ സ്ഥാപകനായ സുജിത് ശ്രീധർ. പത്തുവർഷത്തിലേറെയായി സംഗീതലോകത്ത് പ്രവർത്തിക്കുന്ന അദ്ദേഹം ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിയെയും പ്രശസ്ത സംഗീതജ്ഞരുമായി പ്രവർത്തിച്ചിട്ടുണ്ട്. സംഗീതത്തിന് പുറമെ മികച്ച ഒരു നർത്തകനും മൃദംഗം കലാകാരനുമാണ് സുജിത് ശ്രീധർ. വിഷ്ണു വിജയ് സംഗീതം ഒരുക്കിയ അമ്പിളി, നായാട്ട് എന്നീ സിനിമകളിൽ പ്രവർത്തിച്ച അദ്ദേഹം ആരാധികേ, ഞാൻ ജാക്സൺ അല്ലടാ എന്ന ഗാനങ്ങളുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
നായാട്ടാണ് സുജിത്തിന്റെ ഏറ്റവും പുതിയ വർക്ക്. നായാട്ടിലെ അപ്പലാളെ എന്ന ഗാനത്തിന്റെ റിഥവും ടൈറ്റിൽ ട്രാക്കും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. അമ്പിളിയുടെയും നായാട്ടിന്റെയും പ്രൊഡക്‌ഷനും മിക്സിങ്ങും മാസ്റ്ററിങ്ങും ചെയ്തത് സുജിത്തിന്റെ 2 ബാർ ക്യു സ്റ്റുഡിയോയിലായിരുന്നു.
സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശത്താൽ അദ്ദേഹം 2017 ഡിസംബർ 14 ന് ചെന്നൈയിൽ 2 ബാർ ക്യു സ്റ്റുഡിയോ സ്ഥാപിക്കുകയും ഇന്ന് ഈ മേഖലയിൽ മികച്ച സേവനം നൽകുന്ന സ്ഥാപനങ്ങളിൽ ഒന്നായി 2 ബാർ ക്യു സ്റ്റുഡിയോ മാറുകയും ചെയ്തു. മിക്ക ഇന്ത്യൻ ഭാഷകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച സുജിത്ത് ഈയിടെ മലയാള സിനിമാഗാന രംഗത്തും അവിഭാജ്യ ഘടകമായി മാറി.
തിരുവല്ലയിലെ കവിയൂർ എന്ന ഗ്രാമത്തിൽ ജനിച്ച സുജിത് ശ്രീധർ വളരെ ചെറുപ്പത്തിൽ തന്നെ കലയോട് താല്പര്യം കാണിച്ചിരുന്നു. ഭരതനാട്യവും കുച്ചിപ്പുടിയും ശാസ്ത്രീയമായി അഭ്യസിച്ച സുജിത്ത് ഒരു മികച്ച മൃദംഗം കലാകാരനും ഒരു പുല്ലാങ്കുഴൽ വാദകനുമാണ്. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ എല്ലാത്തരം കലാമത്സരങ്ങളിലും പങ്കെടുത്തിരുന്ന അദ്ദേഹം ഏറെ തവണ കലാപ്രതിഭയായി. എൻജിനീയറിങ് ബിരുദം നേടിയതിനു ശേഷം സംഗീതത്തോടുള്ള അടങ്ങാത്ത താല്പര്യം സുജിത്തിനെ ചെന്നൈയിലെ സൗണ്ട് ഇൻസ്റ്റിറ്റ്യൂട്ട് ആയ സൗണ്ട് അറ്റ് മീഡിയയിൽ എത്തിച്ചു. ബാച്ചിലെ ടോപ്പറും ഗോൾഡ് മെഡൽ വിന്നറുമായിരുന്നു അദ്ദേഹം.
പഠനം കഴിഞ്ഞു അദ്ദേഹം പാലക്കാട് സോപാനം സ്റ്റുഡിയോസിൽ ജോലിക്കു കയറി. ശേഷം ചെന്നൈയിലേക്ക് തന്നെ മടങ്ങിയെത്തിയ സുജിത്ത് ചെന്നൈയിലെ പ്രശസ്തമായ സ്റ്റുഡിയോകളിലെല്ലാം ജോലി നോക്കിയിരുന്നു. അപ്പോഴും സ്വന്തമായി ഒരു സംരംഭം എന്ന ആഗ്രഹം സുജിത്തിന്റെ ഉള്ളിൽ ശക്തമായി വരികയായിരുന്നു .ഇതിനിടയിൽ തന്നെ കന്നഡ സംഗീത ലോകത്ത് സുജിത്ത് തന്റെ കയ്യൊപ്പ്പതിപ്പിച്ചിരുന്നു. ചരൺ രാജ്, അജെനീഷ്, ലോകനാഥ്, തുടങ്ങിയ കന്നഡ കംപോസർമാരും മറ്റു സ്വതന്ത്ര ബാൻഡുകളും സുജിത്തിനെത്തന്നെ തേടിവരുകയായിരുന്നു. സ്വന്തമായി ഒരു പ്രസ്ഥാനം എന്ന സുജിത്തിന്റെ സ്വപ്നം ഇപ്പോൾ ചെന്നൈയിലെ 2 ബാർ ക്യു സ്റ്റുഡിയോ വരെ എത്തി നിൽക്കുന്നു.
2 ബാർ ക്യു സ്റുഡിയോസിന്റെ മൂന്നാമത്തെ ആനിവേഴ്സറിക്ക് സുജിത്തും സുഹൃത്തുക്കളും ചേർന്ന് പോക്കറ്റ് ഗ്രന്ഥ പബ്ലിക്കേഷൻസ് എന്ന ഓഡിയോ ബുക്കുകളുടെ പുബ്ലിക്കേഷനും ആരംഭിച്ചു. പുതിയ ഓഡിയോ എൻജിനിയേർസിന് സഹായകമായ വിധത്തിൽ ഇൻസ്റ്റാഗ്രാമിലൂടെ ടിപ്സും സുജിത്തിന്റെ വകയായി നൽകുന്നുണ്ട്. ഒരു എൻജിനീയറിനു സൂക്ഷിക്കാൻ കഴിയുന്ന പോക്കറ്റ്റ് ബുക്ക് പോലെയാണ് ഇവ നൽകുന്നത്. സുജിത്തും സുഹൃത്ത് ദീപേഷ് കൃഷ്ണമൂർത്തിയും ആര്യ ദക്ഷൻ എന്ന പേരിൽ ഐ ലവ് യു എന്ന കന്നഡ സിനിമക്ക് വേണ്ടി കമ്പോസ് ചെയ്ത സംഗീത ആൽബം 2018 ലെ ടോപ് ടെൻ പാട്ടുകളിൽ ഉൾപ്പെട്ടിരുന്നു. ഇതിനോടകം തന്നെ ഇന്ത്യൻ സംഗീത ലോകത്ത് അറിയപ്പെടുന്ന മിക്സിങ് എൻജിനീയർമാരിൽ ഒരാളായി സുജിത് ശ്രീധർ മാറിയിട്ടുണ്ട്.