ADVERTISEMENT

കോഴിക്കോട്∙ സി. ശങ്കരൻ നായരുടെ ജീവിതം പ്രമേയമായി ഹിന്ദി സിനിമ നിർമിക്കാനൊരുങ്ങി ബോളിവുഡ് താരസംവിധായകൻ കരൺ ജോഹർ. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയാണ് സി. ശങ്കരൻ നായർ. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ കാരണക്കാരനായ ജനറൽ മൈക്കിൾ ഡയറിനെതിരെയും ക്രൂരമായ മാർഷൽ നിയമത്തിനെതിരെയും കേസ് വാദിച്ചിരുന്നു സി. ശങ്കരൻ നായർ. സി ശങ്കരൻ നായരുടെ കോടതിപോരാട്ടങ്ങളുടെ കഥയാണ് സിനിമയാകുന്നതെന്ന് കരൺജോഹർ ട്വീറ്റ് ചെയ്തിട്ടുണ്ട്.

 

ബ്രിട്ടീഷ് ഭരണത്തിന് എതിരെ പോരാടിയ സി.ശങ്കരൻ നായരുടെ, കൊച്ചുമകനായ രഘു പാലാട്ടും പുഷ്‍പ പാലാട്ടും ചേർന്ന് എഴുതിയ ‘ദ് ഷേക്ക് ദാറ്റ് ഷൂക്ക് ദ് എംപയർ’ എന്ന പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സിനിമ. 

 

തിരക്കഥാകൃത്തും നിർ‍മാതാവുമായ കരൺസിങ് ത്യാഗിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദിയിലെ ഏറ്റവും വലിയ നിർമാണകമ്പനികളിലൊന്നായ ധർമ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. സിനിമയുടെ ചിത്രീകരണം ഉടൻ തുടങ്ങും. സിനിമയിലെ അഭിനേതാക്കളെ പ്രഖ്യാപിച്ചിട്ടില്ല.

 

∙ ആരാണ് സി.ശങ്കരൻനായർ

 

പാലക്കാട് മങ്കരയിലെ ചേറ്റൂർ തറവാട്ടിൽ മന്മയിൽ രാമുണ്ണിപ്പണിക്കരുടെയും ചേറ്റൂർ പാർവ്വതിയമ്മയുടെയും മകനായി ജനിച്ച ശങ്കരൻനായർ. കോഴിക്കോട്ടും മദ്രാ‍സിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1879ൽ നിയമബിരുദം നേടി അഭിഭാഷകനായ അദ്ദേഹം പിന്നീട് മുൻസിഫ് ആയും ജോലി നോക്കി. മദ്രാസ് സർക്കാരിന്റെ മലബാർ അന്വേഷണ കമ്മിറ്റിയംഗം, മദ്രാസ് നിയമസഭാംഗം, മദ്രാസ് ഹൈക്കോടതി ജഡ്ജി, ഇൻ‌ഡ്യൻ യൂണിവേഴ്സിറ്റി കമ്മിഷൻ അംഗം, സൈമൺ കമ്മിഷനുമായി സഹകരിക്കാ‍നുള്ള ഇന്ത്യൻ സെൻ‌ട്രൽ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 

 

1904ൽ കമാൻഡർ ഓഫ് ഇൻ‌ഡ്യൻ എമ്പയർ എന്ന ബഹുമതിയും 1912ൽ സർപദവിയും നൽകി ബ്രിട്ടീഷ് സർക്കാർ ആദരിച്ചു. 1897ലെ അമരാവതിസമ്മേളനത്തിൽ അധ്യക്ഷത വഹിച്ച സി. ശങ്കരൻ നായർ ആ പദവിയിലെത്തുന്ന ഏക മലയാളിയാണ്. 1919ൽ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ തുടർന്ന് അദ്ദേഹം വൈസ്രോയിയുടെ എക്സിക്യൂട്ടിവ് കൗൺസിലിൽനിന്ന് രാജിവച്ചു. ജാലിയൻവാലാബാഗ് സംഭവത്തിന്റെ ഉത്തരവാദിയായ ജനറൽ മൈക്കിൾ ഡയറിനെതിരെയും ക്രൂരമായ മാർഷൽ നിയമത്തിനെതിരെയും ചേറ്റൂർ ശങ്കരൻ നായർ ഇംഗ്ലണ്ടിൽ ചെന്ന് കേസ് വാദിച്ചു. ഗാന്ധിജിയുടെ നിലപാടുകളെയും നിസ്സഹകരണപ്രസ്ഥാനങ്ങളെയും അദ്ദേഹം നിശിതമായി വിമർശിച്ചു. 1934 ഏപ്രിൽ 22നാണ് അദ്ദേഹം ഓർമയായത്.

 

ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യ സമരമായി കണക്കാക്കുന്നതിന് എതിരെ നിലകൊണ്ട ആളാണ് സി ശങ്കരൻ നായർ. ഗാന്ധിയുടെ നിയമലംഘനസമരമുറയെ ശങ്കരൻ നായർക്ക് അംഗീകരിക്കാനായില്ല. ഭരണഘടനാധിഷ്ഠിത മാർഗ്ഗങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ മമത. ഗാന്ധി ആൻഡ് അനാർക്കി (Gandhi and Anarchy) എന്ന പേരിൽ എഴുതിയ ഗ്രന്ഥത്തിൽ ഗാന്ധിയൻ രീതികളെ ശക്തിയായി വിമർശിച്ചിരിക്കുന്നു. മഹാത്മജിയുടെ നിസ്സഹകരണ സമരത്തെയും ഖിലാഫത്ത്‌ സമരം സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെടുത്തിയതിനെയും രൂക്ഷമായി ഈ പുസ്തകത്തിൽ ശങ്കരൻനായർ വിമർശിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com