ADVERTISEMENT

വിവാഹവുമായി ബന്ധപ്പെട്ട് നടി ശ്രീധന്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വാക്കുകൾ വൈറലാകുന്നു. പെണ്‍കുട്ടികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ വിമര്‍ശിക്കുന്ന താരം അവർ അനുഭവിക്കുന്ന വിവേചനങ്ങളെക്കുറിച്ചും തുറന്നു പറയുന്നു.

 

നമ്മുടെ പെൺകുട്ടികളെ കെട്ടിച്ച്‌  ‘അയയ്ക്കാതിരിക്കാം’. കല്ല്യാണം കഴിച്ചു ‘കൊടുക്കാതിരിക്കാം’. വിഡിയോ കാണാതെ അഭിപ്രായം പറയുന്ന സഹോദരങ്ങളോട്‌ (കല്ല്യാണം കഴിക്കരുത്‌ എന്നല്ല പറഞ്ഞത്‌.  വേണ്ടവർ കല്ല്യാണം കഴിക്കട്ടെ - മക്കളെ കൊടുക്കൽ, അയയ്ക്കൽ മനോഭാവം നിർത്തിക്കൂടെ): വിഡിയോയ്ക്ക് അടിക്കുറിപ്പായി നടി പറയുന്നു.

 

ശ്രീധന്യയുടെ വാക്കുകള്‍: ആദ്യമായിട്ടാണ് ഞാന്‍ ഒരു അഭിപ്രായം പറയാനായി വിഡിയോ ചെയ്യുന്നത്. കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയിലും ചാനലിലും ഒക്കെ കല്യാണം കഴിച്ച പെണ്‍കുട്ടികള്‍ക്കെതിരെ ഒരുപാട് മോശപ്പെട്ട വാര്‍ത്തകള്‍ ആണ് വരുന്നത്. കൊലപാതക ആത്മഹത്യാ വാര്‍ത്തകളും നമ്മള്‍ കേള്‍ക്കുന്നുണ്ട് അല്ലെ. ചെറുപ്പം മുതല്‍ കേള്‍ക്കുന്ന ഒരു വാക്കാണ്, എന്റെ മകളെ കെട്ടിച്ചു അയയ്ക്കുമ്പോൾ, കല്യാണം കഴിച്ചു അയയ്ക്കുമ്പോള്‍ അല്ലെങ്കില്‍ നാട്ടുകാര്‍ ചോദിക്കും, മകളെ കെട്ടിച്ചു കൊടുക്കുന്നില്ലേ, കല്യാണം നോക്കുന്നില്ലേ എന്ന്. ഇത് പെണ്‍കുട്ടികളുടെ കാര്യത്തില്‍ മാത്രമാണ് കേള്‍ക്കുന്നത്. ആണ്‍കുട്ടികളുടെ കാര്യത്തില്‍ ഇത് കേള്‍ക്കാറില്ല. ഈ ഒരു വിവേചനം പെണ്‍കുട്ടികളോട് മാത്രമാണ്.

 

എനിക്ക് തന്നെ ഇത് ഉണ്ടായിട്ടുണ്ട്. അന്ന് ആറോ ഏഴോ വയസ്സുള്ള സമയം. അമ്മയുടെ സുഹൃത്ത് എന്റെ വീട്ടിൽ വന്നിരുന്നു. അവരൊരു ടീച്ചറാണ്. അന്ന് അമ്മ ഞങ്ങളുടെ റൂം അവർക്ക് കാണിച്ചു കൊടുത്തു. മകളുടെ റൂം താഴെയും മകന്റെ റൂം മുകളിലുമാണെന്ന് പറഞ്ഞു. അതുകേട്ട് അവർ പറഞ്ഞത് എനിക്ക് അന്ന് അതിന്റെ അർഥം മനസിലായില്ലെങ്കിലും മനസിനെ വേദനിപ്പിച്ചിരുന്നു. മകളുടെ റൂം ഇവിടല്ലല്ലോ ചെന്നു കേറുന്നിടത്തല്ലേ എന്നായിരുന്നു അവർ പറഞ്ഞത്. എന്റെ അച്ഛനും അമ്മയും ഒരിക്കലും പെരുമാറിയിട്ടില്ലെങ്കിലും സമൂഹത്തിന്റെ കാഴ്ചപ്പാട് ഇങ്ങനെയാണ്.

 

ആണ്‍കുട്ടി ആയാലും പെണ്‍കുട്ടി ആയാലും, അവര്‍ പഠിച്ചു ഒരു ജോലി ഒക്കെ നേടി സ്വന്തം കാലില്‍ നില്‍ക്കട്ടെ. അത്രമാത്രമേ അച്ഛനും അമ്മയ്ക്കും ഉത്തരവാദിത്വം ഉള്ളൂ. അല്ലാതെ അവര്‍ക്കു വേണ്ടി സ്വര്‍ണമോ സ്വത്തോ അല്ല കരുതേണ്ടത്. നോര്‍ത്ത് ഇന്ത്യയില്‍ തന്നെ പെണ്‍കുട്ടികള്‍ ജനിച്ചുവീഴുമ്പോള്‍ അന്യന്റെ സ്വത്ത് എന്നാണ് പറയുന്നത്. സമയം ആകുന്ന വരെ നോക്കി വളര്‍ത്തും, സമയം ആകുമ്പോള്‍ പറഞ്ഞുവിടും എന്നാണ് അവര്‍ പറയാറ്.

 

നമ്മുടെ ഒക്കെ നാട്ടില്‍ പശുക്കള്‍ പ്രസവിച്ചാല്‍ പശുക്കിടാവ് ആണെങ്കില്‍ വീട്ടില്‍ നിര്‍ത്തും. മൂരിക്കുട്ടന്‍ ആണെങ്കില്‍ ഒരു സമയം കഴിയുമ്പോള്‍ വില്‍ക്കും. മൂരിക്കുട്ടി ആണ് എന്ന് അറിയുമ്പോള്‍ തന്നെ നമ്മള്‍ അതാണ് തീരുമാനിക്കുന്നത്. എന്നാല്‍ ആ രീതി പെണ്‍കുട്ടികളില്‍ പരീക്ഷിക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com