അന്ന് ബാഹുബലിയിൽ ആരും എന്നെ കണ്ടില്ല: നടൻ ജോൺ കൊക്കെൻ
Mail This Article
തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി എത്തി സാർപട്ടെ പരമ്പരൈയിലൂടെ പ്രേക്ഷകർക്കു പ്രിയങ്കരനായ താരമാണ് ജോൺ കൊക്കെൻ. ഇപ്പോഴിതാ ബാഹുബലി സിനിമയിലെ തന്റെ ചെറിയൊരു കഥാപാത്രത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. കാലകേയൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കൂട്ടത്തിലെ ഒരാളായാണ് ജോൺ ബാഹുബലിയിൽ അഭിനയിച്ചത്.
‘വളരെ ചെറിയൊരു വേഷമായിരുന്നു എന്റേത്. അന്ന് സെറ്റില്‍ എന്റെ പേര് പോലും ആർക്കും അറിയില്ല. ഒരിക്കൽ ഞാനും മുൻനിര താരങ്ങളുെട ഒപ്പമെത്തി എന്റെ പേരും എല്ലാവരും അറിയുമെന്ന് അന്ന് സ്വയം പറയാറുണ്ടായിരുന്നു. സാർപട്ടൈ പരമ്പരൈയിലൂടെ ആ ദിവസമെത്തി.’
‘ഇന്ന് ഏറെ അഭിമാനത്തോടെയാണ് ഞാൻ ഈ ചിത്രം പങ്കുവയ്ക്കുന്നത്. അജിത് സർ പറഞ്ഞ കാര്യം ഇവിടെ പറയാൻ ആഗ്രഹിക്കുന്നു. നമ്മുടെ ജീവിതത്തിൽ ഉയർച്ചയും താഴ്ചയും ഉണ്ടാകും. എന്നാൽ നിന്നിലുള്ള വിശ്വാസത്തെ നഷ്ടപ്പെടുത്തരുത്. സമയത്തിനു വേണ്ടി കാത്തിരിക്കുക. നിന്റെ കഴിവ് തിരിച്ചറിയുന്ന സമയം വന്നെത്തും.’–ബാഹുബലിയിൽ നിന്നുള്ള തന്റെ ചിത്രം പങ്കുവച്ച് ജോണ്‍ കുറിച്ചു.
ആര്യ നായകനായി എത്തിയ സാർപട്ടെ പരമ്പരൈയിൽ വെമ്പുലി എന്ന വില്ലൻ കഥാപാത്രത്തെയാണ് ജോൺ അവതരിപ്പിച്ചത്. 2007 മുതൽ സിനിമാലോകത്തുള്ളയാളാണ് ജോൺ കൊക്കൻ. കളഭം എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി. ഐജി, അലക്സാണ്ടർ ദി ഗ്രേറ്റ്, വീരം, ബാഹുബലി ദി ബിഗ്നിങ്, ജനതാ ഗ്യാരേജ്, ടിയാൻ, കെജിഎഫ് ചാപ്റ്റർ 1, മഹർഷി തുടങ്ങി നിരവധി സിനിമകളിൽ മുമ്പ് അഭിനയിച്ചിട്ടുണ്ട്.