ADVERTISEMENT

സാര്‍പട്ടൈ പരമ്പരൈയില്‍ വെമ്പുലിയായി വന്ന് പ്രേക്ഷകരുടെ മനം കവര്‍ന്ന ജോണ്‍ കൊക്കന്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരാധകരുമായി രസകരമായ മത്സരം നടത്തുകയാണ്. മുന്‍പ് അഭിനയിച്ചതും എന്നാല്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കാതെ പോയതുമായ തന്റെ പഴയകാല വില്ലന്‍വേഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ആ സിനിമകള്‍ ഏതെന്നു കണ്ടുപിടിക്കാന്‍ പ്രേക്ഷകരെ സ്നേഹപൂര്‍വം ക്ഷണിക്കുകയും ചെയ്യുക. 

 

ഒരു ഡയലോഗ് പോലുമില്ലാതെ സ്ക്രീനില്‍ വന്നു പോയ വേഷങ്ങള്‍ മുതല്‍ മസില്‍ പെരുപ്പിച്ച് കണ്ണുരുട്ടി വില്ലനിസം കാണിച്ച വേഷങ്ങള്‍ വരെ പ്രേക്ഷകര്‍ക്കു മുന്‍പില്‍ ജോണ്‍ പങ്കുവച്ചു. എന്നാല്‍, ജോണിനെപ്പോലും ഞെട്ടിച്ചു കൊണ്ട് ഒരു പഴയ ചിത്രം താരത്തിന്റെ ഇന്‍ബോക്സിലെത്തി. ജോണ്‍ കൊക്കന്‍ ആദ്യമായി അഭിനയിച്ച ടെലിവിഷന്‍ സീരിയലില്‍ നിന്നുള്ള ഒരു ഫോട്ടോ. രണ്ടായിരത്തിന്റെ പകുതികളില്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ച അവള്‍ രക്തരക്ഷസ് എന്ന സീരിയലില്‍ ആയിരുന്നു ആദ്യമായി ജോണ്‍ കൊക്കന്‍ ഒരു ക്യാമറയ്ക്ക് മുന്‍പില്‍ കഥാപാത്രമായി പ്രത്യക്ഷപ്പെട്ടത്. ആ ചിത്രത്തിനു പിന്നിലെ കഥകള്‍ ജോണ്‍ കൊക്കന്‍ മനോരമ ഓണ്‍ലൈനുമായി പങ്കുവച്ചു. 

sarpattai-parambarai-review

 

"എനിക്ക് ഒരു ആരാധകന്‍ അയച്ചു തന്നതാണ് ഈ ഫോട്ടോ. ഇതു ഞാന്‍ തന്നെയാണോ എന്ന് അദ്ദേഹത്തിന് സംശയം. അങ്ങനെയാണ് എനിക്ക് ഈ ഫോട്ടോ കിട്ടുന്നത്. തൊണ്ണൂറുകളില്‍ ജനിച്ചവര്‍ക്ക് ഒരുപക്ഷേ ആ സീരിയല്‍ ഓര്‍മ കാണും... അവള്‍ രക്തരക്ഷസ്. അതില്‍ ഒരു മന്ത്രവാദിയുടെ വേഷമായിരുന്നു. ആ കാലത്ത് നല്ല റേറ്റിങ് ഉണ്ടായിരുന്ന പരമ്പരയായിരുന്നു അത്. പിന്നീട് കോളജ് ഡെയ്സും ടിയാനുമൊക്കെ സംവിധാനം ചെയ്ത കൃഷ്ണകുമാര്‍ ആയിരുന്നു ആ പരമ്പര സംവിധാനം ചെയ്തത്. 2006ലാണ് അതു സംപ്രേഷണം ചെയ്തത്. ചില പരസ്യചിത്രങ്ങളില്‍ അഭിനയിക്കാന്‍ വേണ്ടി കേരളത്തിലെത്തിയപ്പോഴാണ് കൃഷ്ണകുമാറിനെ കാണുന്നതും പരിചയപ്പെടുന്നതും. ഇങ്ങനെയൊരു വേഷമുണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, എനിക്ക് അഭിനയിക്കാന്‍ അറിയില്ല എന്ന്. കൃഷ്ണകുമാര്‍ എനിക്ക് ധൈര്യം തന്നു. അങ്ങനെയാണ് ഞാന്‍ ആ വേഷം ചെയ്യുന്നത്. ശരിക്കും എന്റെ ആക്ടിങ് സ്കൂള്‍ ആയിരുന്നു ആ സീരിയല്‍," ജോണ്‍ ഓര്‍ത്തെടുത്തു.

john00shikar
ശിക്കാർ എന്ന സിനിമയിൽ ജോൺ

 

"ആ സമയത്ത് ഞാന്‍ മുംബൈയിലാണ് താമസം. ഷൂട്ട് കേരളത്തിലും. സീരിയലില്‍ ദിവസ വേതനമാണല്ലോ. അതുകൂടാതെ എനിക്ക് മുംബൈയില്‍ നിന്ന് നാട്ടിലേക്കു വരാനുള്ള തീവണ്ടിക്കൂലിയും തരും. ഷൂട്ടിങ് ഡേറ്റുകള്‍ നേരത്തെ അറിഞ്ഞിരുന്ന സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്തൊക്കെ വരും. ചിലപ്പോള്‍ ടിക്കറ്റ് കിട്ടില്ല. അപ്പോള്‍ ലോക്കല്‍ കംപാര്‍ട്ട്മെന്റ് ആണ് ആശ്രയം. 32 മണിക്കൂര്‍ യാത്രയുണ്ട്. രാത്രിയില്‍ ഉറങ്ങാനാണ് ബുദ്ധിമുട്ട്. പലപ്പോഴും പത്രം വെറും നിലത്ത് വിരിച്ച് കിടന്നുറങ്ങിയിട്ടുണ്ട്. ചില സമയത്ത് ലഗേജ് വയ്ക്കുന്ന റാക്കില്‍ കിടക്കാന്‍ സ്ഥലം കിട്ടും. അങ്ങനെ കുറേയേറെ ബുദ്ധിമുട്ടിയാണ് ആ ഷൂട്ടിനു വേണ്ടി വന്നുകൊണ്ടിരുന്നത്. എങ്ങനെയെങ്കിലും നല്ല ഒരു നടനാകാണം എന്നു മാത്രമേ അന്ന് മനസിലുള്ളൂ. അതുകൊണ്ട് ഈ പ്രയാസങ്ങളൊന്നും ഒരു പ്രശ്നമായി തോന്നിയില്ല."

 

"എന്നെപ്പോലെ അഭിനയമോഹം കൊണ്ടു നടക്കുന്ന എത്രയോ ചെറുപ്പക്കാര്‍ ഉണ്ടാകും. ആദ്യമൊക്കെ ചെറിയ സീനിലും ഡയലോഗ് പോലും ഇല്ലാതെയുമൊക്കെയാകും സ്ക്രീനില്‍ മുഖം കാണിക്കാന്‍ അവസരം ലഭിക്കുക. ഞാനും അങ്ങനെയായിരുന്നു. അതുകൊണ്ടാണ് എന്റെ അത്തരം വേഷങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ ഞാന്‍ പങ്കുവയ്ക്കുന്നതും," ജോണ്‍ പറഞ്ഞു. 

 

"പലപ്പോഴും നല്ല അനുഭവങ്ങള്‍ ആയിരിക്കില്ല ലഭിക്കുക. അഭിനേതാവ് എന്ന നിലയില്‍ എന്റെ സ്പിരിറ്റ് നശിപ്പിച്ച ചിത്രമായിരുന്നു ശിക്കാര്‍. എനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്നു പറഞ്ഞിട്ടാണ് അതില്‍ എന്റെ റോള്‍ വെട്ടിക്കുറച്ചത്. ഒടുവില്‍ എന്റെ പേര് സിനിമയുടെ തുടക്കത്തില്‍ സ്പെഷല്‍ അപ്പിയറന്‍സ് എന്ന പേരില്‍ കൊടുക്കാമെന്ന് തീരുമാനിക്കപ്പെട്ടു. ഞാന്‍ പറഞ്ഞു ആ റോള്‍ മൊത്തം കട്ട് ചെയ്തു കളഞ്ഞോളൂ എന്ന്. പക്ഷേ, ഞാന്‍ പറഞ്ഞത് അവര്‍ കേട്ടില്ല. സ്പെഷല്‍ അപ്പിയറന്‍സ് എന്ന പേരിലാണ് എന്റെ പേരും ക്രെഡിറ്റില്‍ നല്‍കിയത്. എന്തായാലും അതു നന്നായി. ഒടുവില്‍ എനിക്ക് റിയല്‍ ആയി തന്നെ സ്പെഷല്‍ അപ്പിയറന്‍സ് ലഭിച്ചു, സാര്‍പട്ടൈ പരമ്പരൈയില്‍." 

 

"എന്നെപ്പോലെ എത്രയോ ആളുകള്‍ കാണും. അഭിനയമോഹവുമായി ഇറങ്ങുന്നവര്‍. ഞാനും അങ്ങനെയൊരു മോഹവുമായിട്ടാണ് ഇറങ്ങിത്തിരിച്ചത്. പല പ്രതിസന്ധികളും നേരിടേണ്ടി വന്നെങ്കിലും ഞാനൊരിക്കലും തോറ്റു പിന്മാറിയില്ല. എന്റെ യാത്ര പലര്‍ക്കും പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ് ഞാനിതു തുറന്നു പറയുന്നത്," ജോണ്‍ കൊക്കന്‍ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com