പുനീതിന്റെ സാമൂഹിക സേവനം തുടരാൻ വിശാൽ: 1800 കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കും
Mail This Article
അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാർ പഠനച്ചെലവു വഹിച്ചിരുന്ന 1800 കുട്ടികളുടെ തുടർവിദ്യാഭ്യാസം ഏറ്റെടുത്ത് തമിഴ് സൂപ്പർതാരം വിശാൽ. പുതിയ ചിത്രമായ ‘എനിമി’യുടെ പ്രീ റിലീസ് പരിപാടിയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
‘പുനീത് രാജ്കുമാറിന്റെ വിയോഗം സിനിമാ ഇൻഡസ്ട്രിയുടെ മാത്രം നഷ്ടമല്ല. സമൂഹത്തിനു തന്നെ തീരാനഷ്ടമാണ്. 1800 കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ അദ്ദേഹം ഏറ്റെടുത്തിരുന്നു. അതു ഞാൻ തുടരുമെന്ന് ഇന്ന് പ്രതിജ്ഞ ചെയ്യുന്നു. അദ്ദേഹത്തിനായി അവരുടെ വിദ്യാഭ്യാസം ഞാൻ ഏറ്റെടുക്കും.’–വിശാൽ പറഞ്ഞു.
‘പുനീത് നല്ലൊരു നടൻ മാത്രമല്ല, സുഹൃത്ത് കൂടിയായിരുന്നു. സൂപ്പർസ്റ്റാറുകളിൽ ഇത്രയും വിനയം വച്ചുപുലർത്തുന്ന മറ്റൊരു നടനെ ഞാൻ കണ്ടിട്ടില്ല. സാമൂഹികപ്രതിബദ്ധതയുള്ള ഒരുപാട് കാര്യങ്ങൾ അദ്ദേഹം ചെയ്തു. ഞാനും അതു തുടരും.’–വിശാൽ വ്യക്തമാക്കി.
വിശാൽ–ആര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന ആക്‌ഷൻ ത്രില്ലറാണ് ‘എനിമി’. മംമ്ത മോഹൻദാസ്, മൃണാളിനി രവി, പ്രകാശ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രം നവംബർ നാലിന് തിയറ്ററുകളിൽ റിലീസ് ചെയ്യും.
ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു പുനീത് രാജ്കുമാർ. കർണാടകയിലെ ജനതയ്ക്ക് നിരവധി സഹായങ്ങളാണ് അദ്ദേഹം നൽകിയിരുന്നത്. 26 അനാഥാലയങ്ങൾ, 25 സ്കൂളുകൾ, 16 വൃദ്ധ സദനങ്ങള്‍, 19 ഗോശാലകൾ, 1800 വിദ്യാർഥികളുടെ വിദ്യാഭ്യാസം തുടങ്ങി നിരവധി സാമൂഹിക സേവനങ്ങളാണ് അദ്ദേഹം ചെയ്തിരുന്നത്. നിരാലംബരായ സ്ത്രീകളുടെ പുനരധിവാസത്തിനും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി മൈസൂരുവിൽ ശക്തിദാമ എന്ന പുനരധിവാസ കേന്ദ്രവും നടത്തുന്നു.