മമ്മൂട്ടിയുടെ വാശിയും ‘കുറുപ്പിന്റെ’ വിജയവും: കെ.ടി. കുഞ്ഞുമോൻ പറയുന്നു
Mail This Article
ദുൽഖർ ചിത്രം ‘കുറുപ്പ്’ തിയറ്ററുകളിൽ റിലീസ് ചെയ്യാൻ കാരണമായത് മമ്മൂട്ടിയുടെ ധീരമായ തീരുമാനമായിരുന്നുവെന്ന് നിർമാതാവ് കെ.ടി. കുഞ്ഞുമോൻ. മമ്മൂട്ടിയുടെ ഇത്തരം വാശികൾ പലപ്പോഴും വിജയവും ശുഭ പര്യവസാനവും ആകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.ടി. കുഞ്ഞുമോന്റെ വാക്കുകൾ:
‘മമ്മൂട്ടിക്കും ദുൽക്കറിനും അഭിനന്ദനങ്ങൾ , ലാലിന് ആശംസകൾ !
ലോക്ഡൗണിന് ശേഷം തിയറ്ററിൽ റിലീസ് ചെയ്ത കുറുപ്പ് വൻ വിജയം നേടി പ്രദർശനം തുടരുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ഈ സിനിമാ പ്രേക്ഷകരെ തിയറ്ററുകലേക്ക് ആകർഷിച്ചതിലൂടെ മലയാള സിനിമാ വ്യവസായത്തിന് തന്നെ പുതിയ ഉന്മേഷവും ഉണർവുമാണ് ലഭിച്ചിരിക്കുന്നത്. നേരത്തേ ഈ സിനിമാ ഒടിടി റിലീസാണ് നിശ്ചയിച്ചിരുന്നത് എന്നും മമ്മൂട്ടിയുടെ നിർബന്ധ പ്രകാരമാണ് തിയറ്ററിൽ റിലീസ് ചെയ്തത് എന്നും കേട്ടിരുന്നു.
പലപ്പോഴും മമ്മൂട്ടിയുടെ ഇത്തരം വാശികൾ വിജയവും ശുഭ പര്യവസാനവും ആകാറുണ്ട്. അങ്ങനെ തന്നെ സംഭവിച്ചു. കുറുപ്പിന്റെ തിയറ്റർ റിലീസിനായി അദ്ദേഹം നടത്തിയ ഇടപെടലുകളിലൂടെ മഹാമാരി കാലത്ത് സിനിമക്ക് പുനർജന്മം ലഭിച്ചിരിക്കുകയാണ്. മറ്റു പലരും വ്യവസായത്തിന്റെ നന്മയ്ക്കായി നിൽക്കാതെ സ്വാർത്ഥരായി ഒടിടിക്കു പുറകേ പോകുമ്പോൾ വ്യവസായത്തിന്റെ നന്മ മാത്രം മുന്നിൽ കണ്ടു കൊണ്ട് സിനിമ തിയറ്ററിൽ റിലീസ് ചെയ്യാൻ പരിശ്രമിച്ച മമ്മൂട്ടിയും ദുൽക്കറും പ്രത്യേകം അഭിനന്ദിക്കപ്പെടേണ്ടവരാണ്... അവർക്ക് എന്റെ വ്യക്തിപരമായ നന്ദിയും അഭിനന്ദനങ്ങളും.
മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ടിന്റെ " മരക്കാർ അറബിക്കടലിന്റെ സിംഹവും " തിയറ്ററിൽ റിലീസ് ചെയ്യുകയാണല്ലോ? ഈ സിനിമയേയും പ്രേക്ഷകർ വിജയിപ്പിക്കണം ... ഇത് ഈ എളിയവന്റെ അഭ്യർത്ഥനയും പ്രാർത്ഥനയുമാണ്. ലാലിനും കൂട്ടർക്കും വൻ വിജയം ആശംസിക്കുന്നു.
ഒരു സാധാരണ പ്രേക്ഷകൻ എന്ന നിലയിലും സിനിമാ വിതരണക്കാരൻ , നിർമാതാവ് എന്നീ നിലയിലും ഞാൻ പറയട്ടെ. സിനിമ തിയറ്റിൽ അനുഭവിച്ച് ആസ്വദിക്കേണ്ട വിനോദമാണ്. അല്പ നേരത്തേക്കെങ്കിലും നമുക്ക് അനുഭൂതിയും ആശ്വാസവുമേകുന്ന ഏക ഇടം. അതു കൊണ്ട് സിനിമകൾ ആദ്യം തിയറ്ററിലേ റിലീസ് ചെയ്യാവൂ. അതാണ് വ്യവസായത്തിന്റെ നിലനിൽപ്പിനും നല്ലത്. അതിന് ശേഷം മാത്രമേ മറ്റു മാധ്യമങ്ങളിൽ റിലീസ് ചെയ്യാവൂ എന്നാണ് എന്റെ അഭിപ്രായം.
ഒരു ബിഗ് ബജറ്റ് സിനിമ നിർമിക്കാൻ സജ്ജമായിരിക്കുന്ന ഞാൻ സിനിമ തുടങ്ങി പൂർത്തിയാക്കിയാൽ മറ്റു പ്ലാറ്റ്ഫോമുകളെ ആശ്രയിക്കേണ്ടി വരും എന്നതു കൊണ്ടാണ് എന്റെ " ജെന്റിൽമാൻ 2 " വിന്റെ ഷൂട്ടിങ് തന്നെ തുടങ്ങാതിരിക്കുന്നത്. എന്റെ സിനിമകൾ തിയറ്ററിൽ തന്നെ റിലീസ് ചെയ്യണം എന്ന ഉറച്ച തീരുമാനം എനിക്കുണ്ട്. കാരണം ഈ വ്യവസായം എന്റെ ദൈവമാണ്, ജീവനാണ്, ജീവിതമാണ്. അതു കൊണ്ട് ഈ എളിയവൻ വീണ്ടും അഭ്യർഥിക്കുന്നു. എന്ത് പ്രതിസന്ധി വന്നാലും സിനിമ തിയറ്ററുകളിൽ പ്രദർശിപ്പിക്കുക... തിയറ്ററുർ വ്യവസായം വളരട്ടെ. സിനിമാ വ്യവസായവും വളരട്ടെ.... നന്ദി.’