പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം; ‘ജയിംസ്’ ട്രെയിലർ എത്തി
Mail This Article
അന്തരിച്ച പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം ‘ജയിംസ്’ ട്രെയിലർ റിലീസ് ചെയ്തു. ചേതൻ കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ആക്‌ഷൻ ത്രില്ലറാണ്. പുനീതിന്റെ മരണശേഷം തിയറ്ററുകളിലെത്തുന്ന ചിത്രം കൂടിയാണിത്.
പ്രിയ ആനന്ദ്, അനു പ്രഭാകർ, ശ്രീകാന്ത്, ശരത് കുമാർ, മുകേഷ് റിഷി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രം മാർച്ച് പതിനേഴിന് തിയറ്ററുകളിലെത്തും.
പുനീത് ബാക്കിവച്ച ഭാഗങ്ങൾക്കു സിനിമയിൽ ശബ്ദം നൽകിയിരിക്കുന്നത് സഹോദരനും നടനുമായ ശിവരാജ് കുമാർ ആണ്.
‘എന്റെ സഹോദരന്റെ ചിത്രത്തിന് ഡബ്ബ് ചെയ്യുമ്പോൾ, മനസ് വല്ലാതെ വിങ്ങിപ്പൊട്ടുകയായിരുന്നു. വല്ലാത്തൊരു വൈകാരിക നിമിഷമായിരുന്നു അത്. സ്‌ക്രീനിൽ അപ്പുവിനെ കണ്ടപ്പോൾ എനിക്ക് താങ്ങാനായില്ല. അവന്റെ ശബ്ദവുമായി എന്റെ ശബ്ദം പൊരുത്തപ്പെടാൻ അൽപം ബുദ്ധിമുട്ടായിരുന്നു. രണ്ടര ദിവസമെടുത്താണ് ഞാൻ ഡബ്ബിങ് പൂർത്തിയാക്കിയത്. എന്റെ പരമാവധി ഞാൻ ശ്രമിച്ചിട്ടുണ്ട്. പ്രേക്ഷകർ എങ്ങനെ ഇത് ഏറ്റെടുക്കുമെന്ന് അറിയില്ല’.–ശിവരാജ് ഒരഭിമുഖത്തിൽ പറഞ്ഞു.
പുനീതിന്റെ ജന്മദിനമായ മാർച്ച് 17നാണ് ജയിംസ് തിയറ്ററിലെത്തുക. താരത്തോടുള്ള ആദരസൂചകമായി കർണാടകയിൽ ഒരാഴ്ച പുതിയ കന്നഡ ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്ന് ചലച്ചിത്ര പ്രവർത്തകരും വിതരണക്കാരും തീരുമാനിച്ചിട്ടുണ്ട്. മാർച്ച് 17 മുതൽ 23 വരെ ജയിംസ് സോളോ റിലീസായി തിയറ്ററിലുണ്ടാകും. കന്നഡയിലെ ‘പവർസ്റ്റാർ’ എന്നറിയപ്പെട്ടിരുന്ന പുനീത് രാജ്കുമാർ കഴിഞ്ഞ ഒക്ടോബറിലാണ് ഹൃദയാഘാതം വന്ന് മരണപ്പെട്ടത്.