ADVERTISEMENT

‘വിധി’ എന്ന സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനു ശേഷം അനൂപ് മേനോൻ നായകനാകുന്ന ചിത്രമാണ് 21 ഗ്രാംസ്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന, പ്രേക്ഷകര്‍ക്ക് സ്ഥിര-പിരിചിതമല്ലാത്ത രീതിയിൽ കഥ പറയാനൊരുങ്ങുന്ന 21 ഗ്രാംസിൽ ഡിവൈഎസ്പി നന്ദകുമാർ എന്ന കഥാപാത്രത്തിന്റെയും പുതിയ ചിത്രത്തിന്റെയും വിശേഷങ്ങളുമായി മനോരമാ ഓൺലൈനിനൊപ്പം ചേരുകയാണ് അനൂപ് മേനോൻ.

 

സീരിയലിൽ നടന്‍ എന്ന ലേബൽ

 

ആദ്യകാലത്ത് ഈ ഒരു പ്രശ്നം നല്ല രീതിയിൽ തന്നെയുണ്ടായിരുന്നു. എന്നാൽ പിന്നീടു സിനിമകൾ വന്നു തുടങ്ങുകയും മുന്നോട്ടു പോവുകയും ചെയ്തു. സീരിയലിൽ നിന്നും സിനിമയിലേക്കുള്ള ആ യാത്ര ഇപ്പോൾ 85 സിനിമകൾ പിന്നിട്ടിരിക്കുകയാണ്.

 

എല്ലാവർക്കും അവരുടേതായ പ്രതിസന്ധികൾ അവരവരുടേതായ മേഖലകളിൽ ഉണ്ടായിട്ടുണ്ടാകും. എന്നാൽ അതിനെ നമ്മൾ എങ്ങനെ നേരിടുന്നു എന്നതനുസരിച്ചാണ് കാര്യങ്ങൾ. ചിലർ പരിശ്രമം പാതിവഴിയിൽ ഉപേക്ഷിച്ചു പോയേക്കാം. സത്യത്തിൽ ഇത്തരം കാര്യങ്ങളെയെല്ലാം നമ്മള്‍ മുന്നോട്ടുള്ള നടത്തത്തിനു വിഘാതമായി കാണുന്നതുകൊണ്ടാണ് പ്രശ്നം. നമ്മൾ ഓടികൊണ്ടേയിരിക്കണം. അവിടെ നമ്മൾ നമ്മുടെ വിഘാതങ്ങളെകുറിച്ചു  ചിന്തിക്കരുത്. നമ്മളെ തളർത്തുന്ന നെഗറ്റീവ് ആയിട്ടുള്ളതൊന്നിനും ചെവികൊടുക്കാതിരിക്കുക. നമ്മൾ നമ്മളെ തന്നെ പോസിറ്റീവായി വെയ്ക്കുക. നമ്മളോർക്കും നമുക്കു ചുറ്റുമുള്ള ലോകം നമ്മളെ കാര്യമായി വീക്ഷിക്കുന്നുണ്ടെന്നു. അതൊരു തെറ്റായ ധാരണയാണ്. പോവുന്ന പോക്കില്‍ അവർ നമ്മളെയൊന്നു ശ്രദ്ധിച്ചേക്കാം. അതിനപ്പുറം ലോകത്തിനു ലോകത്തിന്റേതായ പണിയുണ്ട്. ഞാൻ എന്റെ കരിയറിൽ  എന്തു ചെയ്യുന്നു എന്നത് അവരുടെ വിഷയമേയല്ല. അവർ ചിന്തിക്കുന്നത്, അവർക്കു ആസ്വദിക്കാന്‍ കഴിയുന്നുണ്ടോ? അവർക്കു നല്ല സിനിമകൾ നൽകുന്നുണ്ടോ എന്നു മാത്രമാണ്. 

 

ജയസൂര്യ–അനൂപ് മേനോൻ കൂട്ടുകെട്ട്

 

ഹോട്ടൽ കാലിഫോർണിയ ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് ഞങ്ങൾ തന്നെ എടുത്ത തീരുമാനമാണ് അടുത്ത രണ്ടു വർഷത്തേക്കു ഒന്നിച്ചു സിനിമ ചെയ്യുന്നില്ല എന്നത്. അതിനു കാരണം എനിക്കു എന്റേതായ ഒരു യാത്രയും അയാൾക്കു അയാളുടേതായ യാത്രയും അനിവാര്യമായതുകൊണ്ടാണ്. ഒരു കോമ്പോ –ജേർണിയല്ല ഞങ്ങൾക്കു വേണ്ടത് എന്ന തിരിച്ചറിവുകൊണ്ടാണ്. അതു ശരിയായ തീരുമാനവുമായിരുന്നു. കാരണം ഞാനും ജയനും (ജയസൂര്യയും) ഇതിനോടകം വളരെയധികം സിനിമകളുടെ ഭാഗമായി. അതിനുശേഷം ഞങ്ങള്‍ ഓരോ വര്‍ഷം കാണുമ്പോളും അടുത്ത പടം ചെയ്യുന്നതിനെ പറ്റി ആലോചിക്കും. എന്നാൽ അതിതുവരേ നടന്നില്ല. 

 

തിരക്കഥകൾ സെറ്റിലിരുന്നെഴുതാനാണിഷ്ടം

 

ഒരിക്കലും എഴുതിവച്ച തിരക്കഥയല്ല ചെയ്യുക. പലപ്പോഴും സെറ്റിലിരുന്നെഴുതാനാണ് എനിക്കിഷ്ടം. തിരക്കഥയെഴുത്ത് എപ്പോഴും നമ്മള്‍ അതെഴുതുന്നയിടത്തെ അന്തരീക്ഷത്തിനെ അനുസരിച്ചിരിക്കും. താരങ്ങളോടൊത്തു ഷൂട്ടിങ്ങ് സെറ്റിലിരുന്നു തിരക്കഥയെഴുതാനാണ് ഞാൻ എപ്പോഴും താൽപര്യപ്പെടുന്നത്. സിനിമയുടെ ഒരു വണ്‍ലൈന്‍ കയ്യിൽ കാണും. സീന്‍ ഓര്‍ഡറും കൈയിൽ കാണും. ശേഷം എഴുത്തു തുടങ്ങും. അതൊരിക്കലും നല്ലൊരു പ്രവണതയല്ല. തിരക്കഥ നേരത്തേ എഴുതി വയ്ക്കുന്നതു തന്നെയാണ് നല്ലത്. 

 

ഞാൻ സത്യത്തിൽ വളരെ പെട്ടന്നു സിനിമകള്‍ ചെയ്യുന്ന ആളാണ്. സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ പദ്മ അത്തരത്തിൽ ഞാൻ എഴുതിയ തിരക്കഥയാണ്. ആ സിനിമയുടെ വൺലൈൻ മാത്രമാണ് എന്റെ കയ്യിലുണ്ടായിരുന്നത്. ആ വണ്‍ലൈന്‍ പതിനഞ്ച് – ഇരുപത് ദിവസംകൊണ്ടു തിരക്കഥയായി മാറുകയായിരുന്നു. 

 

അഭിനയിക്കാനാണ് എളുപ്പം

 

ഏറ്റവും എളുപ്പമുള്ള പണി അഭിനയമാണ്. ഏറ്റവും സുഖവും അതുതന്നെ. ഏറ്റവും ബുദ്ധിമുട്ടുള്ള പണിയാകട്ടെ തിരക്കഥാ രചനയും. തിരക്കഥാകൃത്താണ് ഏറ്റവും ഏകാകിയായ മനുഷ്യൻ. സംവിധായകനെ സഹായിക്കാൻ ഒരുപാടു പേരുണ്ടാവും. പക്ഷെ തിരക്കഥാകൃത്തിന്റെ കാര്യം വരുമ്പോള്‍ അങ്ങനെയല്ല.

 

അതുപോലെ സൂപ്പർ സ്റ്റാർ സിനിമകളുടെ ഭാഗമാകുമ്പോളാണെങ്കിലും അല്ലെങ്കിലും എനിക്ക് ചെറിയ റോളുകൾ ചെയ്യാനാണ് താല്‍പര്യം. ആംഗ്രി ബേബീസ് പോലുള്ള സിനിമകൾ ചെയ്യാനാണ് ഏറ്റവും ഇഷ്ടം. ഫിലോസഫിക്കൽ സിനിമകളുടെ ഭാഗമാകാൻ യാതൊരു താൽപര്യവുമില്ല. കഥയുണ്ടോ എന്നാണ് ഞാൻ ആദ്യം നോക്കുക. കഥാപാത്രത്തിന്റെ വലിപ്പചെറുപ്പം എനിക്കൊരു പ്രശ്നമല്ല.

 

എല്ലാവരും സേതുരാമയ്യർമാരാകുന്ന സിനിമ

 

അഞ്ചാം പാതിരയ്ക്കു ശേഷം മലയാളത്തില്‍ ഇറങ്ങുന്ന ഒരു ത്രില്ലറാണ് 21 ഗ്രാംസ്. നൂറു ശതമാനം ആളുകളേയും ഉൾക്കൊണ്ടുകൊണ്ടു തിയറ്ററുകളിൽ ഇരുന്നുകൊണ്ടുള്ള ഒരു ഗസ്സിങ് ഗെയിം ആയിരിക്കും ഈ സിനിമ. ത്രില്ലറുകൾ പൊതുവേ അങ്ങനെയാണല്ലോ. ഒരു സിബിഐ ഡയറിക്കുറിപ്പ് കാണുമ്പോൾ നമ്മളെല്ലാം അതിനിടയില്‍ സേതുരാമയ്യർ സിബിഐമാരായി മാറാറുണ്ട്.  അതുപോലെ എല്ലാവരും സേതുരാമയ്യർമാരാകുന്ന സിനിമയായിരിക്കും 21 ഗ്രാംസ്. 

 

ദ് ഫ്രണ്ട് റോ പ്രൊ‍ഡക്‌ഷൻസിന്റെ ബാനറിൽ നിർമിച്ചിട്ടുള്ള ചിത്രം എഴുതി, സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായകനായ ബിബിന്‍ കൃഷ്ണയാണ്. ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍ എന്നിവരെല്ലാം 21 ഗ്രാംസിന്റെ ഭാഗമായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com