ADVERTISEMENT

മമ്മൂട്ടി എന്ന താരം തന്റെ ജീവിതത്തെ മാറ്റിമറിച്ച കഥ പറഞ്ഞ് ‘ഭീഷ്മപര്‍വം’ തിരക്കഥാകൃത്ത് ദേവദത്ത് ഷാജി. സിനിമയിൽ എത്തും മുമ്പ് 2018ൽ താൻ ചെയ്ത ഹ്രസ്വചിത്രം കണ്ട ശേഷം മമ്മൂട്ടി പറഞ്ഞ മറുപടി ജീവിതത്തില്‍ തന്ന ഊർജം ചെറുതല്ലെന്നും ഈ സംഭവം ഇപ്പോഴും അദ്ദേഹത്തോട് പറഞ്ഞിട്ടില്ലെന്നും ദേവദത്ത് പറയുന്നു.

 

ദേവദത്ത് ഷാജിയുടെ വാക്കുകൾ:

 

‘2018 ജനുവരി... ഏറ്റവും ഒടുവിൽ ചെയ്ത ‘എന്റെ സ്വന്തം കാര്യം’ ഷോർട്ട് ഫിലിം യുട്യൂബിൽ റിലീസായിരിക്കുന്ന സമയം. ആലുവയിലെ റൂമിൽ രാത്രി സുഹൃത്തുക്കളുമായി ഇരിക്കുന്നു. കാഴ്ചക്കാർ നല്ല അഭിപ്രായം പറയുന്നുണ്ടെങ്കിലും വ്യൂസ് കേറുന്നില്ല എന്നുള്ള പരിഭവത്തിലാണ് എല്ലാവരും. കോണ്ടാക്ടിൽ ഉള്ളവർക്കെല്ലാം ഷോർട്ട് ഫിലിം ലിങ്ക് ഫോർവേഡ് ചെയ്തുകൊണ്ടിരിക്കുന്നു. പെട്ടെന്നാണ് ക്യാമറാമാൻ, പ്രിയ സഹോദരൻ ഹരികൃഷ്ണൻ ലോഹിതദാസ് തന്റെ മൊബൈൽ സ്ക്രീൻ എന്റെ മുന്നിലേക്ക് നീട്ടുന്നത്. ഷോർട്ട് ഫിലിമിന് ആരോ ‘നന്നായി’ എന്ന് റിപ്ലൈ ചെയ്തിരിക്കുന്നു. ചാറ്റ് ബോക്സിന്റെ മുകളിൽ മെസ്സേജ് അയച്ച ആളുടെ പേര് കണ്ട് ഞെട്ടി. "മമ്മൂക്ക".

 

വർഷങ്ങൾ കഴിഞ്ഞു. ഭീഷ്മപർവത്തിൽ കൂടെ വർക്ക്‌ ചെയ്തവരിൽ ഒരാൾ കോൾ ചെയ്തു, ‘നിന്നെ അമൽ സർ അന്വേഷിക്കുന്നുണ്ട്. മമ്മൂക്കയുടെ റൂമിലേക്ക്...’. കുടിച്ചുകൊണ്ടിരുന്ന ചായ പകുതിയാക്കി അവിടേക്ക് ഓടി. ചെല്ലുമ്പോൾ മമ്മൂട്ടി സർ, അമൽ നീരദ് സർ, അബു സലീമിക്ക, ജോർജേട്ടൻ തുടങ്ങിയവരുണ്ട്. മമ്മൂട്ടി സർ വലതുകൈ കൊണ്ട് എന്നെ നോക്കി മാസ്ക്ക് മാറ്റാനായി ആക്‌ഷൻ കാണിച്ചു. 

 

അമൽ സർ എന്നെ പരിചയപ്പെടുത്തി. മമ്മൂട്ടി സർ വിശേഷങ്ങൾ ചോദിച്ചു. ഞാൻ കൈകൾ പിന്നിൽ കെട്ടി തിരുമ്മുന്നു. നല്ലവണ്ണം കൈകൾ വിറയ്ക്കുന്നത് ശ്രദ്ധിച്ചിട്ടാവണം ജോർജേട്ടൻ പതിയെ പിന്നിൽ കൂടി വന്ന് കൈകളിൽ മുറുക്കെ പിടിച്ചു. വിശേഷങ്ങളുടെ കൂട്ടത്തിൽ അന്നത്തെ ഷോർട്ട് ഫിലിം കണ്ടുള്ള മറുപടിയെ പറ്റി പറയണം എന്നുണ്ടായിരുന്നു. എന്തുകൊണ്ടോ സാധിച്ചില്ല. പിന്നീട് മാസങ്ങളോളം നീണ്ട ‘ഭീഷ്മപർവം’ ചിത്രീകരണത്തിന് ഇടയിലും, ശേഷം കണ്ടപ്പോഴും ഒന്നും ഈ കാര്യം പറയാനുള്ള അവസരമോ ധൈര്യമോ ലഭിച്ചില്ല..

 

പ്രിയപ്പെട്ട മമ്മൂട്ടി സർ, ആ ‘നന്നായി’ തന്ന ഊർജം വാക്കുകൾക്കും മേലെയാണ്...’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com