സിനിമ ശ്വാസമാകുന്നതെങ്ങനെയെന്നു മനസ്സിലാക്കി തന്ന ജോൺ അങ്കിൾ!
Mail This Article
ജോൺ പോൾ ഒരു തിരക്കഥാകൃത്ത് മാത്രമല്ല വലിയൊരു മനുഷ്യസ്നേഹിയും ഞങ്ങളുടെയെല്ലാം ഗുരുവുമായിരുന്നു. ഞങ്ങളുടെയൊക്കെ തുടക്കകാലത്ത് ഒരുപാട് പ്രചോദിപ്പിച്ചിരുന്ന മനുഷ്യനാണ് ജോൺ പോൾ അങ്കിൾ. സിനിമ എന്നത് നമ്മുടെ ശ്വാസമാകുന്നത് എങ്ങനെയെന്നു മനസ്സിലായത് അദ്ദേഹത്തെപ്പോലെയുള്ള ഒരു തിരക്കഥാകൃത്തിനെയും എഴുത്തുകാരനെയും പരിചയപ്പെട്ടപ്പോഴാണ്.
1985 മുതൽ അങ്കിളിനെ അടുത്തറിയാം. ഭരതേട്ടന്റെ ചാമരം, മർമ്മരം, വിടപറയും മുൻപേ ഒക്കെ കണ്ടു കഴിഞ്ഞപ്പോഴാണ് ക്രിയേറ്റീവ് റൈറ്റർ എന്നാൽ എന്താണെന്നു മനസ്സിലാകുന്നത്. ജോൺ അങ്കിള്‍, ഭരതേട്ടന്‍, സേതുമാധവൻ സർ, ശശി ഏട്ടൻ, മോഹൻ സർ തുടങ്ങിയവരൊക്കെയുള്ള കൂട്ടായ്മ മലയാള സിനിമയുടെ നിത്യഹരിതമായ കൂട്ടുകെട്ടായിരുന്നു.
ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആരോരുമറിയാതെ, അറിയാത്ത വീഥികൾ പോലെയുള്ള സിനിമകൾ സ്ഥിരമായുള്ള നർമ്മത്തിൽ നിന്ന് വ്യത്യസ്തമായുള്ള പാറ്റേണിൽ ഉള്ളവയായിരുന്നു. അദ്ദേഹത്തിന്റെ മരണം സിനിമാമേഖലയ്ക്കു മാത്രമല്ല, വ്യക്തിപരമായി എന്റെ കൂടി നഷ്ടം കൂടിയാണ്.