ജോസഫ് ഹിന്ദിയിൽ; ജോജുവിന്റെ വേഷത്തിൽ സണ്ണി ഡിയോൾ
Mail This Article
ജോസഫ് എന്ന പൊലീസുകാരന്റെ അന്തഃസംഘർഷങ്ങൾ അവതരിപ്പിച്ച് വിസ്മയിപ്പിക്കുകയും വൻ വിജയമാക്കുകയും ചെയ്ത സംവിധായകൻ എം.പത്മകുമാർ ‘ജോസഫ്’ ഹിന്ദിയിൽ അവതരിപ്പിക്കുന്നു. സണ്ണി ഡിയോൾ നായകനും ബംഗാളി നടി തനുശ്രീ ചക്രവർത്തി നായികയുമായി ഇനിയും പേരിട്ടിട്ടില്ലാത്ത ഹിന്ദി സിനിമയുടെ ചിത്രീകരണം രാജസ്ഥാനിലെ ജയ്പൂരിലും ഉദയ്പൂരിലുമായി പുരോഗമിക്കുകയാണ്. ജോസഫിന്റെ തമിഴ് പതിപ്പ് ആറിന് തീയറ്ററുകളിലെത്തുകയാണ്. രാജസ്ഥാനിൽ ഒറ്റ ഷെഡ്യൂളിലെ ചിത്രീകരണ തിരക്കിനിടയിലും ബോളിവുഡ് വിശേഷങ്ങളും തന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളും എം.പത്മകുമാർ പങ്കുവയ്ക്കുന്നു.
എങ്ങനെയായിരുന്നു ബോളിവുഡിലേക്കുള്ള പ്രവേശനം
ജോസഫിന്റെ വൻ വിജയം തന്നെയാണ് ഈ സിനിമ ഹിന്ദിയിൽ ചെയ്യാൻ അവസരം ഒരുക്കിയത്. ജോസഫിന്റെ ഇമോഷണൽ ത്രില്ലർ ട്രാക്ക് കണ്ടാണു മറ്റു ഭാഷകളിൽ നിർമാണ കമ്പനികൾ അവകാശം വാങ്ങിയത്. അതിൽ തമിഴ്, ഹിന്ദി നിർമാതാക്കാൾ ഞാൻ തന്നെ സംവിധാനം ചെയ്യണമെന്നു പറഞ്ഞു. അങ്ങനെയാണ് തമിഴിൽ വിസിത്തിരൻ എന്ന പേരിൽ സിനിമ ചെയ്തത്. തമിഴ് സംവിധായകനായ ബാലയാണ് ഈ സിനിമ നിർമിച്ചിരിക്കുന്നത്. ആർ.കെ.സുരേഷ് നായകനാകുന്ന ഈ സിനിമയിൽ ഷംന കാസിമാണ് നായിക.വിസിത്തിരൻ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് ഹിന്ദി പതിപ്പിലേക്കു കടന്നത്.
ഹിന്ദിയിലെ അണിയറ പ്രവർത്തകർ
എല്ലാവരും ബോളിവുഡിൽ നിന്നുള്ളവർ തന്നെയാണ്. മലയാളിയായ ബോളിവുഡിലെ പ്രശസ്ത ക്യാമറാമാൻ സന്തോഷ് തുണ്ടിയിലാണ് ഛായാഗ്രഹണം എന്നത് ഏറെ സഹായകമാണ്.
ഹിന്ദി ജോസഫിൽ എന്തെങ്കിലും മാറ്റം
കഥയിൽ വലിയ മാറ്റങ്ങളൊന്നുമില്ല. പിന്നെ ഹിന്ദി സിനിമയ്ക്കു വേണ്ട ചില ചേരുവകളെല്ലാം ഉണ്ടാകും. കുറിച്ചു കൂടി കളർഫുൾ ആയിരിക്കും. കൂടുതൽ പാട്ടുകളുണ്ടാവും.
മലയാളത്തിൽ
കോവിഡിനു മുൻപ് തുടങ്ങിയെങ്കിലും നീണ്ടു പോയ ‘പത്താംവളവ്’ 13 നു തിയറ്ററിൽ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ഈ സിനിമയിൽ അദിതി രവി, സ്വാസിക എന്നിവരും പ്രധാനവേഷങ്ങളിലുണ്ട്. ഫാമിലി ത്രില്ലർ ആയ ഈ സിനിമയുടെ സംഗീത സംവിധാനം രഞ്ജിൻ രാജാണ്.